ജിഷ്ണുവിന്റെ പിന്‍മുറയുടെ മുദ്രാവാക്യങ്ങള്‍ ഇടിമുറികളില്‍ കുടുങ്ങരുത്

ജിഷ്ണുവിന്റെ പിന്‍മുറയുടെ മുദ്രാവാക്യങ്ങള്‍ ഇടിമുറികളില്‍ കുടുങ്ങരുത്

‘നീ തന്ന സ്വാതന്ത്ര്യമല്ലേ സഖാവേ, ഞങ്ങൾ ശ്വസിക്കും വായുവിലും ഞങ്ങൾ ചുരുട്ടും മുഷ്ടിയും’

നെഹ്‌റു കോളേജിലെ വിദ്യാർഥികൾ വിളിക്കുന്ന ഈ മുദ്രാവാക്യത്തിലുണ്ട്‌ ജിഷ്‌ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തിന്റെ കരുത്ത്‌.

തടവറക്ക്‌ സമാനമായ ക്യാമ്പസ്‌ അന്തരീക്ഷത്തിൽ നിന്ന്‌ പേരിനെങ്കിലും മോചനം ആ വിദ്യാർഥി സമൂഹത്തിനു ലഭിച്ചത്‌ 2017 ജനുവരി ആറിനുണ്ടായ ജിഷ്‌ണുവിന്റെ ദുരൂഹ മരണത്തിനെ തുടർന്ന്‌‌ നടന്ന പ്രക്ഷോഭങ്ങളിലാണ്‌‌‌. ഒരു സ്വാശ്രയ കോളേജിലെ വിദ്യാർഥിയുടെ ‘മരണം’ എന്നതിനപ്പുറം ഈ സമരത്തിനു ലഭിച്ച പിന്തുണ ജിഷ്‌ണു അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ പ്രതിനിധിയായതിനാലാണ്‌. അതുകൊണ്ടാകണം‌ ജിഷ്ണു പ്രണോയ് എന്ന പേര് ഒരു രാഷ്ട്രീയമായി ഉയർന്നത്‌.

പരീക്ഷ ഹാളിൽ കോപ്പിയടിച്ചു എന്ന്‌ ആരോപിച്ച്‌‌ ജിഷ്ണുവിനെ നെഹ്‌റു മാനേജ്‌മെന്റ്‌ മർദ്ദിച്ചു. പിന്നാലെ കോളേജ്‌ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി‌. പിന്നീട്‌ നടന്ന അന്വേഷണങ്ങളിൽ കോപ്പിയടി കോളേജ്‌ അധികൃതരുടെ സൃഷ്ടിയാണെന്ന്‌ കണ്ടെത്തിയിരുന്നു. എതിർ സ്വരം ഉയർത്തുന്ന തങ്ങൾക്ക്‌ മുന്നിൽ ഭയപ്പാടില്ലാതെ നിൽക്കുന്നവരെ നേരിടാനുള്ള ആയുധങ്ങളാണ്‌ ഇന്ന്‌ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്റേണൽ മാർക്ക്‌ അടക്കമുള്ളവ. അതിന്റെ ഒരുപടി കടന്നുള്ള രൂപമാണ്‌ കോപ്പിയടി, അച്ചടക്കലംഘനം തുടങ്ങിയ അധികാരത്തിന്റെ ആയുധങ്ങൾ. നെഹ്‌റു കോളേജ്‌ അടക്കമുള്ള പല സ്വാശ്രയ സ്ഥാപനങ്ങളും ഭീമമായ ഫൈനും അവരുടേതായ ശിക്ഷാ വിധികളും അടങ്ങുന്ന സ്വതന്ത്ര റിപ്പബ്ലിക്കായാണ്‌ നടത്തി പോരുന്നത്‌. കോളേജ്‌ ഗേറ്റ് കടക്കുമ്പോൾ സ്വാഭാവികമായി‌ അവസാനിക്കുന്നതാണ്‌ ജനാധിപത്യമെന്ന അവകാശം.

ഇടിമുറികൾ തകർക്കുക തന്നെ ചെയ്യുമെന്ന വിദ്യാർഥി പ്രക്ഷോഭ മുദ്രാവാക്യങ്ങളിൽ തകർന്ന്‌ വീണത്‌ ഇവരുടെ സ്വതന്ത്ര്യ റിപ്പബ്ലിക്ക്‌ കൂടിയാണ്‌. കോളേജിന്റെ ചില്ലുകളും കെടിട്ടങ്ങളും എസ്‌എഫ്‌ഐയുടെ സമരത്തിൽ തകർന്ന്‌ വീണപ്പോൾ കോളേജിൽ അക്രമം എന്ന്‌ പലരും ബ്രേക്കിങ്‌ നൽകി. എന്നാൽ സോഷ്യൽ മീഡിയിൽ യുവത ആ ‘ആക്രമണ’ത്തിന്‌ ‘ലൈക്കും ലൗ’വും നിറച്ചത്‌ തങ്ങളുടെ അനുഭവ പരിസരത്തിൽ നിറഞ്ഞ്‌ നിൽക്കുന്ന ഓർമകളുടെ വേലിയേറ്റം കൊണ്ടാണ്‌. ജിഷ്‌ണുവിന്റെ മരണത്തിനു പിന്നാലെയുണ്ടായ തുറന്നു പറച്ചിലുകൾ കേരളത്തിലെ വിദ്യാഭ്യാസ ഇടങ്ങളിൽ നിന്ന്‌ ഇന്നുവരെ കേട്ട ഏറ്റവും ഭീതിതമായതായിരുന്നു. ശാരീരിക–- മാനസിക പീഡനങ്ങൾ നിറഞ്ഞ ഹിറ്റ്‌ലറുടെ തടങ്കൽപ്പാളയമായിരുന്നു കേരളത്തിലും തമിഴ്‌നാട്ടിലുമായി പടർന്ന്‌ പന്തലിച്ച ഇവരുടെ സ്ഥാപനങ്ങൾ. ഇവരുടെ അടച്ചടക്കവഴിയിൽ വിദ്യാർഥികളെ കൊണ്ടു വരാൻ ‘ഡിസിപ്ലിൻ ഇൻ ചാർജ്‌’ എന്ന പേരിൽ മർദിക്കാൻ ക്രമിനൽ സംഘങ്ങളെ നിയമച്ചു. കോളേജിൽ സധാസമയവും റോന്ത്‌ ചുറ്റുന്ന ഇവരാണ്‌ എതിർ സ്വരങ്ങളെ അടിച്ചമർത്തുന്നത്‌. ഇടിമുറികളുടെ താക്കോൽ സുക്ഷിപ്പുക്കാരനും ഇവർ തന്നെ.

എന്നാൽ ഒരു പ്രക്ഷോഭം കൊണ്ടോ സമരകാലം കൊണ്ടോ ഇവരുടെ രീതികൾ മാറില്ലെന്ന്‌ കാലം തെളിച്ച്‌ കഴിഞ്ഞു. ജിഷ്‌ണുവിനു ശേഷം നെഹ്‌റു കോളേജിൽ രണ്ടു വിദ്യാർഥികൾ ആത്മഹത്യക്ക്‌ ശ്രമിച്ചു. പരീക്ഷ പേപ്പറിൽ ആത്മഹത്യ കുറിപ്പ് എഴുതിയ വിദ്യാർഥിയും ഹാജർ നൽകാതെയിരുന്നതിനെതിരെ തുടർന്ന് വിഷം കഴിച്ച കുട്ടിയെയും പിന്നീട്‌ ഈ ക്യാമ്പസ്‌ സൃഷ്ടിച്ചു. പരീക്ഷയിൽ തോൽപ്പിച്ചും ഹാജർ നൽകാതെയുമുള്ള പീഡനങ്ങൾ, കേസിൽ സാക്ഷി പറയാതിരിക്കാനുള്ള ഭീഷണി. ഇതിനെതിരെ ഉയരുന്ന ശബ്ദങ്ങൾ- പണത്തിന്റെയും അധികാര ഇടനാഴികളിലെ ബലം‌ കൊണ്ടും ഇന്നും അവർ നേരിടുകയാണ്‌.

ജിഷ്‌ണുവിനു നീതിയെന്നത്‌ പൂർണമാക്കുക ഈ ജനാധിപത്യ വ്യവസ്ഥയിൽ വിദ്യാർഥി വിരുദ്ധ മുഖമുദ്രയാക്കി നിൽക്കുന്ന ഈ സംവിധാനം തകരുന്നതിലൂടെ മാത്രമാണ്‌. അതിനു നിലപാട്‌ സ്വീകരിക്കേണ്ടത്‌ നമ്മളാണ്‌. മരണ വാറന്റുകൾ പുറപ്പെടുവിക്കുന്ന ഇത്തരം ഇടങ്ങളല്ല പഠനത്തിന്‌ തെരഞ്ഞെടുക്കേണ്ടതെന്ന്‌ നമ്മൾ ഉറപ്പിക്കണം.

ജിഷ്‌ണുവിന്റെ നീതിക്കായി സാക്ഷി പറഞ്ഞവർക്ക്‌ പിന്നീട്‌ നെഹ്‌റു കോളേജിൽ നിന്നു പലായനം ചെയ്യേണ്ടി വന്നു. പരീക്ഷയിൽ തോൽപ്പിക്കുമെന്നതടക്കമുള്ള ഭീഷണിയും ജീവനിലുള്ള ഭയവും കാരണം വിദ്യാർഥികൾക്ക്‌ കോളേജിൽ നിന്ന്‌ ഓടി പോകേണ്ട അവസ്ഥയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിയുന്നുണ്ടോ. 25ലധികം പേരാണ്‌ ഇത്തരത്തിൽ കോളേജിൽ നിന്നു പോയത്‌. ജിഷ്ണു പ്രണോയ്‌ സമരത്തിനു നേതൃത്വം നൽകിയതിനാണ്‌ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി അതുൽ ജോസ്‌ അടക്കമുള്ളവരെ പ്രായോഗിക പരീക്ഷയിൽ കോളേജ്‌ മാർക്ക്‌ തിരുത്തി തോൽപ്പിച്ചത്‌. പരീക്ഷയെഴുതാൻ നിരന്തരം കോടതിയിൽ നിന്നു ഉത്തരവ്‌ വാങ്ങേണ്ട ഗതികേടിലേയ്ക്ക്‌ വിദ്യാർഥികൾ എത്തിപ്പെട്ടത്‌ നീതിക്കായി സംസാരിച്ചതിനാലാണ്‌.

ജിഷ്‌ണു മരിച്ച്‌ ഒരു മാസം തികയും മുമ്പാണ്‌ കോയമ്പത്തൂര്‍ നെഹ്‌റു കോളേജിൽ സമരത്തിനു നേതൃത്വം നൽകിയ വിദ്യാര്‍ത്ഥികളെ പുറത്ത്‌ നിന്നെത്തിയവരടങ്ങുന്ന സംഘം ക്യാമ്പസിനകത്ത് തല്ലി ചതച്ചത്. സമരത്തിന് നേതൃത്വം വഹിച്ച് കൂട്ടികളെ തല്ലാന്‍ കോളേജ് ഗെറ്റ് അടച്ച്‌ കൊടുത്ത്‌ മാനേജ്‌മെന്റ്‌ അവരുടെ നിലപാട്‌ പ്രഖ്യാപിച്ചു. രണ്ടാഴ്‌ചകാലത്തേക്ക്‌ കേരളത്തിലെ മാധ്യമങ്ങളെല്ലാം ലൈം ലൈറ്റിൽ നിർത്തിയ വിഷയത്തിൽ നിന്ന്‌ അവർ മറ്റൊന്നു തേടി പോയ ശേഷം നെഹ്‌റു കോളേജ്‌ വീണ്ടും പഴ കാലത്തേക്ക്‌ തന്നെ മടങ്ങുകയായിരുന്നു. ശാരീരിക പീഡനങ്ങളിൽ നിന്ന്‌ മാനസിക, അക്കാഡമിക്‌ പീഡനങ്ങളിലേക്ക്‌ മാറിയെന്ന്‌ മാത്രം. ലൈംലൈറ്റ് പ്രതിഷേധങ്ങൾക്കപ്പുറത്തേക്ക് നീങ്ങാതെ പോയ കാലത്ത് ജിഷ്ണുവിന്റെ ഓർമയ്‌ക്കയി സ്ഥാപിച്ച സ്മാരകം പോലും ഇന്നവിടെയില്ല. ജിഷ്ണുവിന്റെ ഓർമകളെ പോലും ഭയക്കുന്ന മാനേജ്‌മെന്റ്‌ അവരുടെ ശിങ്കിടികളെ ഉപയോഗിച്ച്‌ കോടതിയിൽ നിന്നു ഉത്തരവ്‌ മേടിച്ച്‌ പൊളിച്ച്‌ നീക്കി. ജിഷ്ണുവിന്റെ ഓർമക്കായി വിദ്യാർഥികൾ നടത്തുന്ന ടെക്ക്‌ ഫെസ്റ്റായ കോമോസിനു കോളേജിൽ അനുമതി നൽകിയില്ല. ഇങ്ങനെ മരണശേഷവും വേട്ട തുടരുകയാണ്‌‌.

അതേസമയം മാധ്യമങ്ങളടക്കം നൽകിയ പിന്തുണയിൽ (ധൈര്യം) പ്രതികരിക്കാൻ ഇറങ്ങിയ കുട്ടികളോടു നമ്മൾ ചെയ്‌ത നീതികേടിനെ കുറിച്ച്‌ ഒന്ന്‌ ചിന്തിക്കണം. ചുരുങ്ങിയ പക്ഷം എക്‌സ്‌ക്ലൂസീവുകൾക്കായി വിഷ്വലുകളും ബൈറ്റുകളും ഒപ്പിയെടുത്ത നമ്മൾ മാധ്യമ പ്രവർത്തകരെങ്കിലും. എത്രയത്ര വാർത്തകൾ, അവരുടെ ഭയാശങ്കകൾ നിറഞ്ഞ പ്രശ്‌നങ്ങൾ ജിഷ്ണുവിന്റെ പിൻമുറ പിന്നെയും വിളിച്ച്‌ പറഞ്ഞു. ‘മോൾഡിങ്‌ ട്രൂ സിറ്റിസൺസ്‌’ എന്ന നെഹ്‌റു ഗ്രൂപ്പിന്റെ പരസ്യ വാചകത്തിനു മുന്നിൽ പ്രസിദ്ധീകരണ യോഗ്യമല്ലാതെ പോയ ഇവയെക്കുറിച്ച്‌, നമ്മുടെ പ്രതിബന്ധതയെക്കുറിച്ച്‌ ഈ ദിവസമെങ്കിലും ഒന്ന്‌ ഓർക്കണം.

അതേസമയം സംഭവം നടന്ന രാത്രിയിൽ ഓടിയെത്തി റിപ്പോർട്ട്‌ ചെയ്‌ത ‌ റിപ്പോർട്ടർ ചാനലിലെ ശ്രീജിത്ത്‌ ശ്രീകുമാരനടക്കമുള്ള ചില മാധ്യമ പ്രവർത്തകരുടെ ഇടപെടലുകൾ, കൈരളി നടത്തിയ പ്രൈം ടൈം ചർച്ച തുടങ്ങിയവ കൂടിയാണ്‌ ജിഷ്ണുവിന്റെ നീതിക്കായുള്ള പോരാട്ടത്തിന്‌ കരുത്തേകിയത്‌. വിദ്യാർഥി ആത്മഹത്യ ചെയ്‌തുവെന്ന വാർത്തയിൽ സ്വകാര്യ കോളേജിന്റെ പേര്‌ പറയാൻ ചില മുഖ്യധാരാ മാധ്യമങ്ങൾക്ക്‌ എസ്‌എഫ്‌ഐ കോളേജ്‌ അടിച്ച്‌ തകർക്കേണ്ടി വന്നു. ജിഷ്‌ണുവിന്റെ ജീവത്യാഗത്തിന്‌ ഒരു മാസം തികയും മുമ്പ്‌ മാതൃഭൂമി‌ ‘വിദ്യാർഥി രാഷ്ട്രീയം സ്വതന്ത്ര്യ റിപ്പബ്ലിക്ക’ല്ലെന്ന്‌ വിമർശിച്ച്‌ എഡിറ്റോറിൽ എഴുതി. എന്നാൽ ജിഷ്‌ണുവിന്റെ മൃതദേഹം സൂക്ഷിച്ച ഒറ്റപ്പാലം ആശുപത്രിയിൽ രാത്രി എത്തിയ ചാനൽ എടുത്ത വീഡിയോ ഫൂട്ടേജുകൾ ഇപ്പോഴും പുറത്ത്‌ വന്നിട്ടില്ല. അന്ന്‌ തുടങ്ങിയ കപടത നിറഞ്ഞ ഇടപ്പെടലുകളാണ്‌ ഇന്നും തുടർന്ന്‌ കൊണ്ടിരിക്കുന്നത്‌. ജിഷ്‌ണു മരിച്ച ദിവസം രാത്രയിൽ കോളേജിന്‌ പുറത്തും പാമ്പാടിയിലും പോസ്റ്റർ ഒട്ടിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരോടു ‘നിനക്കൊന്നും വേറെ പണിയില്ലേ’ എന്ന്‌ ചോദിച്ച പഴയന്നൂർ പൊലീസുകാരുടെ മനോഭാവത്തിലേക്ക്‌ നമ്മളും പോയിരിക്കുന്നു. നിങ്ങളുടെ നിശബ്ദത/ കപടത വേട്ടക്കാരനുള്ള പിന്‍തുണയാണ്. അത്‌ കൊണ്ടാണ്‌ ‘മരണത്തില്‍ കുറഞ്ഞ ഞങ്ങളുടെ ഏതെങ്കിലും പ്രതിഷേധത്തോട് പൊതു സമൂഹം അനുഭാവം കാണിച്ചിട്ടുണ്ടോ?’ എന്ന്‌ നെഹ്‌റു കോളേജ്‌ വിദ്യാർഥികൾ വീണ്ടും ചോദ്യം ഉന്നയിച്ചു കൊണ്ടേയിരിക്കേണ്ടി വന്നത്‌‌.

ജിഷ്‌ണുവിനു നീതിയെന്നത്‌ പൂർണമാക്കുക ഈ ജനാധിപത്യ വ്യവസ്ഥയിൽ വിദ്യാർഥി വിരുദ്ധ മുഖമുദ്രയാക്കി നിൽക്കുന്ന ഈ സംവിധാനം തകരുന്നതിലൂടെ മാത്രമാണ്‌. അതിനു നിലപാട്‌ സ്വീകരിക്കേണ്ടത്‌ നമ്മളാണ്‌. മരണ വാറന്റുകൾ പുറപ്പെടുവിക്കുന്ന ഇത്തരം ഇടങ്ങളല്ല പഠനത്തിന്‌ തെരഞ്ഞെടുക്കേണ്ടതെന്ന്‌ നമ്മൾ ഉറപ്പിക്കണം. അവർ നൽകുന്ന ഓഫറുകൾക്കപ്പുറമാണ്‌ ജീവനെന്ന്‌ ചിന്തിക്കണം.

ജിഷ്‌ണു പ്രണോയിയുടെ രക്തസാക്ഷിത്വത്തിനു നാലു വർഷം തികയുമ്പോൾ തോന്നുന്നത് ചരിത്രത്തിൽ നിന്ന്‌ നമ്മൾ ഒന്നും പഠിച്ചിട്ടില്ലെന്നാണ്‌‌. ഈ നിഷ്‌കളങ്കതക്ക്‌ ഭാവിയിൽ നമ്മൾ കൊടുക്കേണ്ടി വരുക കനത്തവിലയാണെന്ന് പലവട്ടം നാം കണ്ടതുമാണ്‌. ജിഷ്‌ണു ഈ പട്ടികയിലെ ആദ്യ പേരല്ല, അവസാന പേരാകാൻ നമ്മൾ ഇടപ്പെടൽ തുടരേണ്ടതുണ്ട്‌. നീതിയ്‌ക്കായി സമരം ചെയ്‌തവരിൽ പലർക്കും കോളേജിൽ നിന്നു പലായനം ചെയ്യേണ്ടി വന്ന സമൂഹമാണിത്‌.

ഈ വ്യവസ്ഥയെ ഇല്ലാതെയാക്കും വരെ പോരാട്ടം തുടരേണ്ടത്‌ നമ്മളാണ്‌. ഹാഷ്‌ടാഗുകൾക്കും ഓർമകുറിപ്പുകൾക്കും അപ്പുറം സമരസപ്പെടാത്ത നിലപാട്‌ ആവശ്യമാണ്‌. ഇല്ലെങ്കിൽ ജിഷ്‌ണുവിൽ അവസാനിക്കാതെ ആ പട്ടിക നീളും. ജിഷ്‌ണുവിന്റെ പിൻമുറയുടെ മുദ്രാവാക്യങ്ങൾ ഇടിമുറികളിൽ തൊണ്ടയിൽ കുടുങ്ങി ‘ആത്മഹത്യ’ ചെയ്യും.

ജിഷ്ണുവിന്റെ പിന്‍മുറയുടെ മുദ്രാവാക്യങ്ങള്‍ ഇടിമുറികളില്‍ കുടുങ്ങരുത്
ട്രംപിന്റെ മരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ ഞങ്ങൾ വകവയ്‌ക്കുന്നില്ല
ജിഷ്ണുവിന്റെ പിന്‍മുറയുടെ മുദ്രാവാക്യങ്ങള്‍ ഇടിമുറികളില്‍ കുടുങ്ങരുത്
ദുരഭിമാനമല്ല, ഫാസിസത്തിന്റെ ജാത്യഹങ്കാരക്കൊല
No stories found.
The Cue
www.thecue.in