ട്രംപിന്റെ മരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ ഞങ്ങൾ വകവയ്‌ക്കുന്നില്ല

ട്രംപിന്റെ മരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ ഞങ്ങൾ വകവയ്‌ക്കുന്നില്ല

വെനെസ്വേലയിൽ നടന്ന ദേശീയ സഭാ (നാഷണൽ അസംബ്ലി) തെരഞ്ഞെടുപ്പിന് തലേദിവസം രാത്രി പ്രസിഡന്റ് നിക്കൊളാസ് മദൂരോ കരാക്കാസിലെ മിറാഫ്‌ളോറെസ് കൊട്ടാരത്തിൽ ഒരു കൂട്ടം സന്ദർശകരുമായി സംസാരിച്ചു. വെനെസ്വേലയുടെ രാഷ്‌ട്രീയ വ്യവസ്ഥയ്ക്ക് നിയമപരമായ ചട്ടക്കൂട് ഒരുക്കിയ, 1999-ൽ രൂപീകൃതമായ ഭരണഘടനാ സഭയിൽ താൻ അംഗമായിരുന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ദേശീയ സഭകളിൽ (യഥാക്രമം 2000-2005, 2005-2010) താൻ അംഗമായിരുന്നുവെന്നും രണ്ടാമത്തെ ദേശീയ സഭയുടെ പ്രസിഡന്റായിരുന്നു താനെന്നും വിദേശകാര്യമന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത് വരെ ആ സ്ഥാനത്ത് തുടർന്നുവെന്നും മദൂരോ സന്ദർശകരോട് പറഞ്ഞു. നാലാമത്തെ ദേശീയ സഭയിലേയ്‌ക്കുള്ള (2015-2020) തെരഞ്ഞെടുപ്പിൽ അദ്ദേഹം നയിക്കുന്ന യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനെസ്വേലയ്ക്ക് (പി‌എസ്‌യുവി) ദേശീയ സഭയിലെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ‘ഞങ്ങൾ തെറ്റുകൾ വരുത്തിയതിനാലാണത്. അക്കാര്യം നാം വ്യക്തമായി മനസ്സിലാക്കണം’, അദ്ദേഹം എന്നോട് പറഞ്ഞു.

നാലാമത്തെ നാഷണൽ അസംബ്ലി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിനെ മദൂരോ സർക്കാരിനെയും ബൊളിവാറിയൻ വിപ്ലവത്തെയും അട്ടിമറിക്കാനുള്ള ഉപകരണമായി അമേരിക്കൻ സർക്കാരും വെനെസ്വേലൻ വലതുപക്ഷത്തിന്റെ ഒരു വിഭാഗവും ഉപയോഗിച്ചു. ദേശീയ സഭയ്‌ക്കുള്ളിൽ നിന്നു തന്നെ യുഎസ് സർക്കാരും വെനെസ്വേലൻ പ്രതിപക്ഷത്തിലെ തീവ്ര വിഭാഗങ്ങളും ചേർന്ന് അധികമാരുമറിയാത്ത ഹുവാൻ ഗ്വായിഡോ എന്ന രാഷ്‌ട്രീയക്കാരനെ അടർത്തിയെടുത്ത് വെനെസ്വേലയുടെ രാഷ്ട്രീയത്തെ അസാധുവാക്കാനുള്ള ആയുധമാക്കി. ഗ്വായിഡോയെ വെനെസ്വേലയുടെ പ്രസിഡന്റായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് “നിയമിക്കുന്ന” വിചിത്രമായ കാഴ്‌ച നമ്മൾ കണ്ടു. ഗ്വായിഡോയുടെ “അധികാര”ത്തിന്റെ അടിസ്ഥാനം ഏതാണ്ടു പൂർണ്ണമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പെയോയുടെ പ്രഖ്യാപനങ്ങളാണ്. പ്രസിഡന്റ് മദൂരോയുടെ സർക്കാരിനെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. പക്ഷേ യുഎസ് സർക്കാർ ഉപരോധം തീവ്രമാക്കുകയും വെനെസ്വേലയ്‌ക്കു പുറത്തുള്ള വെനെസ്വേലൻ സർക്കാരിന്റെ സ്വത്തുക്കൾ പലതും പിടിച്ചെടുക്കുകയും ചെയ്തത് വെനെസ്വേലയിലെ ജനങ്ങളെയും സ്വന്തം പരമാധികാരം പൂർണമായും വിനിയോഗിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെയും സാരമായി ബാധിച്ചു.

‘ഏകപക്ഷീയമായ യുഎസ് ഉപരോധം വെനെസ്വേലൻ ജനതയെ വിനാശകരമായി ബാധിച്ചു. ഉപരോധത്തിന്റെ ലക്ഷ്യം നിറവേറിയിട്ടുമില്ല.’ രോഹാസ് പറഞ്ഞു. 1998-ൽ ഊഗോ ചാവേസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ വെനെസ്വേലയിൽ ഇടതുഭരണം അട്ടിമറിക്കാൻ യുഎസ് സർക്കാർ സങ്കരയുദ്ധ വിദ്യകൾ (hybrid war techniques) പ്രയോഗിച്ചുവരികയാണ്.
നിക്കൊളാസ് മദൂരോ
നിക്കൊളാസ് മദൂരോ

വെനെസ്വേലൻ ഭരണഘടനയനുസരിച്ച് നാലാമത്തെ ദേശീയ സഭയുടെ കാലാവധി 2020 ഡിസംബറിൽ അവസാനിച്ചു. അതായത് അഞ്ചാമത്തെ ദേശീയ സഭ ചേരാൻ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടായിരുന്നു. ഡിസംബർ 6-നാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് മദൂരോയുടെ സർക്കാരിനെ എതിർക്കുകയും ദേശീയ സഭാ തെരഞ്ഞെടുപ്പിൽ പി‌എസ്‌യുവി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുകയും ചെയ്യുന്ന നിരവധി രാഷ്ട്രീയ നേതാക്കളെ ഞാൻ കരാക്കാസിൽ വച്ച് കണ്ടു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇത്. “ഞങ്ങൾ അദൃശ്യ പ്രതിപക്ഷമാണ്”, Acción Democrática (AD)-യുടെ നേതാവ് പെഡ്രോ ഹൊസേ രോഹാസ് എന്നോടു പറഞ്ഞു. Comité de Organización Política Electoral Independiente (COPEI)-യും Acción Democrática-യും രാജ്യത്ത് മുമ്പ് നിലവിലിരുന്ന രാഷ്‌ട്രീയ വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളാണ്. ഈ പാർട്ടികൾ സർക്കാരിനെതിരാണ്, പക്ഷേ അവർ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് എതിരല്ല. ഗ്വായിഡോയുടേതുപോലെ തീവ്രമായ എതിർപ്പിനോ ഭരണമാറ്റത്തിനായുള്ള യുഎസ് ശ്രമത്തിനോ ഇവർ അനുകൂലമല്ല.

‘ഏകപക്ഷീയമായ യുഎസ് ഉപരോധം വെനെസ്വേലൻ ജനതയെ വിനാശകരമായി ബാധിച്ചു. ഉപരോധത്തിന്റെ ലക്ഷ്യം നിറവേറിയിട്ടുമില്ല.’ രോഹാസ് പറഞ്ഞു. 1998-ൽ ഊഗോ ചാവേസ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ വെനെസ്വേലയിൽ ഇടതുഭരണം അട്ടിമറിക്കാൻ യുഎസ് സർക്കാർ സങ്കരയുദ്ധ വിദ്യകൾ (hybrid war techniques) പ്രയോഗിച്ചുവരികയാണ്. ഈ ശ്രമത്തിന്റെ ഭാഗം തന്നെയാണ് ഉപരോധവും. 'ഉപരോധം രാജ്യത്തെ ഭയാനകമായ രീതിയിൽ ബാധിച്ചു', COPEI നേതാവായ ഹുവാൻ കാർലോസ് അൽവരാദോ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും ജനാധിപത്യമാർഗമാണ് മുന്നോട്ടുള്ള ഏക പോംവഴി എന്ന് വിശ്വസിക്കുന്നതുമായ പ്രതിപക്ഷം മുഴുവൻ പറയുന്നത്, യുഎസ് ഉപരോധത്തിന്റെ കെടുതികൾ വെനെസ്വേലയിലെ മുഴുവൻ ജനങ്ങളെയും എങ്ങനെയാണ് ബാധിച്ചതെന്ന് അന്വേഷിക്കുവാൻ ഒരു കമ്മീഷൻ രൂപീകരിക്കുന്നതിനായി 2021-ൽ പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നാണ്.

ഡിസംബർ 6-നു നടന്ന തെരഞ്ഞെടുപ്പ് കൃത്രിമമായിരുന്നുവെന്ന് അമേരിക്കൻ സർക്കാരിനും യൂറോപ്യൻ യൂണിയനുമൊപ്പം ഗ്വായിഡോയും തീവ്രനിലപാടുകാരുംജനാധിപത്യവിരുദ്ധരുമായ പ്രതിപക്ഷവും തെരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ വാദിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അതിനെ അപലപിച്ചുകൊണ്ടുള്ള പഴഞ്ചൻ പ്രസ്താവനകൾ യുഎസുംയൂറോപ്യൻ യൂണിയനുംആവർത്തിക്കുകയും ചെയ്തു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തെരഞ്ഞെടുപ്പിൽ പലതവണ ഇടപെട്ടിട്ടുണ്ട്. ദേശീയ തെരഞ്ഞെടുപ്പ് കൗൺസിലിന്റെ (CNE) പ്രസിഡന്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തിക്കൊണ്ടും തെരഞ്ഞെടുപ്പ് കൃത്രിമത്തെക്കുറിച്ചുള്ള തെളിയിക്കപ്പെടാത്ത ആരോപണങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ള കഥകൾ മെനഞ്ഞുമൊക്കെ ഈ ഇടപെടൽ അവർ മുന്നോട്ടു കൊണ്ടുപോയി. ഈ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടില്ലെന്നും സാധാരണഗതിയിൽ ഉയരാറുള്ള ചില പരാതികൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും Avanzada Progresista കക്ഷിയുടെ ബ്രൂണോ ഗായ്യോ, Cambiemos-ന്റെ തിമോത്തെയോ സാംബ്രാനോ തുടങ്ങിയ പ്രതിപക്ഷ രാഷ്ട്രീയക്കാർ എന്നോട് പറഞ്ഞു. സർക്കാർ മാധ്യമങ്ങൾ നിലവിലുള്ള ഭരണത്തെ അനുകൂലിക്കുകയും എന്നാൽ സ്വകാര്യ മാധ്യമങ്ങൾ പ്രതിപക്ഷത്തെ അനുകൂലിക്കുകയും ചെയ്യുന്നതുപോലുള്ള രീതികളെപ്പറ്റിയാണ് അവർ സൂചിപ്പിച്ചത്. കൃത്രിമം കണ്ടെത്താനായി സി‌എൻ‌ഇയെ താൻ പത്ത് വർഷത്തോളം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ടെന്ന് ഗായ്യോ എന്നോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കൗൺസിലിനെ ദുർബലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടുകൂടിയായിരുന്നു ഈ ഉദ്യമം. പക്ഷേ തുടർച്ചയായ കൃത്രിമങ്ങൾക്ക് തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് നേരായ വിധമുള്ള തെരഞ്ഞെടുപ്പായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘തെരഞ്ഞെടുപ്പ് നടക്കുന്നതിന് വളരെ മുമ്പുതന്നെ തങ്ങൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കുന്നില്ലെന്ന് യുഎസ് പറഞ്ഞു’, മദൂരോ എന്നോട് മിറാഫ്‌ളോറസിൽ വച്ച് പറഞ്ഞു. എന്നിട്ടദ്ദേഹം കൂട്ടിച്ചേർത്തു, ‘ഡോണൾഡ് ട്രംപിന്റെ മരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ ഞങ്ങൾ വകവയ്‌ക്കുന്നില്ല’.

ഡിസംബർ 6 രാത്രിയോടെ ഫലം വന്നു. വലതുപക്ഷവും ഇടതുപക്ഷ പ്രതിപക്ഷവും മൂന്നിലൊന്ന് വോട്ടുകൾ നേടിയെങ്കിലും പി‌എസ്‌യുവി ഭൂരിപക്ഷം സീറ്റുകളും വിജയിച്ചു. കരാക്കാസിലെ അതിമനോഹരമായൊരു ഡിസംബർ ദിനത്തിൽ രാജ്യത്തൊട്ടാകെയുള്ള പോളിംഗ് കേന്ദ്രങ്ങളിൽ 50 ലക്ഷത്തിലധികം ആളുകൾ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കല്ലാത്ത ഒരു തെരഞ്ഞെടുപ്പിൽ32 ശതമാനത്തിനടുത്തുള്ള പോളിംഗ് ശരാശരിയാണ്. പ്രത്യേകിച്ചും മഹാമാരിയും ഗതാഗതത്തെ തടസ്സപ്പെടുത്തും വിധമുള്ള ഇന്ധനക്ഷാമവും തീവ്ര വലതുപക്ഷത്തിന്റെ ബഹിഷ്കരണാഹ്വാനങ്ങൾ സൃഷ്ടിച്ച ഭയത്തിന്റെ അന്തരീക്ഷവുമൊക്കെ നിലനിൽക്കുമ്പോൾ. താരതമ്യങ്ങൾക്കു മുതിർന്നാൽ, അതേ ദിവസം റോമനിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ 30 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ കോസ്റ്റാ റിക്കയിൽ നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 34 ശതമാനം വോട്ടർമാർമാരാണ് വോട്ട് ചെയ്‌തത്. വെനെസ്വേലയിൽ അക്രമങ്ങൾ ഉണ്ടായില്ല. കൃത്രിമത്തെക്കുറിച്ചുള്ള ഗൗരവതരമായ ഏതെങ്കിലും പരാതി സി‌എൻ‌ഇ-ക്ക് ലഭിച്ചിട്ടുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത പ്രഭാതത്തിൽ വെനെസ്വേലയുടെ വിദേശകാര്യമന്ത്രി ഹോർഹെ അരിയാസ തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചും വോട്ടിംഗിനെക്കുറിച്ചും പറഞ്ഞതിങ്ങനെയാണ്, “വെനെസ്വേല സമാധാനപരമായ ഒരു യാത്ര പൂർത്തിയാക്കിയിരിക്കുകയാണ്. ജനാധിപത്യവും വെനെസ്വേലൻ ജനതയും ഈ യാത്രയിൽ വിജയശ്രീലാളിതരായിരിക്കുകയാണ്.”

César Mosquera / Utopix (Venezuela), War Media, 2020
César Mosquera / Utopix (Venezuela), War Media, 2020

1998-ൽ ഊഗോ ചാവേസ് നേതൃത്വം കൊടുത്ത ജനകീയപ്രസ്ഥാനം നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം വെനെസ്വേലയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കും വ്യത്യസ്തമായൊരു ഭാവി ഉണ്ടാകാനുള്ള സാധ്യതയ്‌ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും ഒരു സങ്കര യുദ്ധം ആരംഭിച്ചു. ‘സങ്കര യുദ്ധം’ (Hybrid War) എന്ന പ്രയോഗം ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ ഞങ്ങളുടെ പഠനങ്ങളുടെ ഒരു പ്രധാന വിഷയമായിട്ടുള്ള സങ്കല്പനമാണ്. യുഎസ് അധികാരത്തെ വെല്ലുവിളിക്കുന്ന ഏതൊരാൾക്കെതിരെയും അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പ്രയോഗിക്കുന്ന നിരവധി പുതിയ യുദ്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിന്റെ 2021 ജനുവരിയിലെ ദോസിയർ നിലവിലെ ലോകസാഹചര്യത്തെക്കുറിച്ചുള്ള വിശകലനം അവതരിപ്പിക്കുകയും സങ്കര യുദ്ധമെന്ന സങ്കല്പനത്തെ ശരിയായി വികസിപ്പിക്കുകയും ചെയ്യും.

തങ്ങളുടെ എതിരാളികൾക്കെതിരെ നേരിട്ടുള്ള സൈനിക ആക്രമണം നടത്തുന്നതിനുപകരം നയതന്ത്രം, ആശയവിനിമയം, വ്യാപാരം, വാണിജ്യം തുടങ്ങിയ അച്ചുതണ്ടുകളിലൂടെയുള്ള യുദ്ധത്തിലേക്ക് യുഎസ് കടന്നിരിക്കുകയാണ്. ഉദാഹരണത്തിന്, ലോകകാര്യങ്ങളെപ്പറ്റിയുള്ള ആഖ്യാനം രൂപപ്പെടുത്തുന്ന യുഎസ് മാധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം വെനെസ്വേലയെപ്പോലെയുള്ള യുഎസിന്റെ എതിരാളികൾക്കെതിരായ ആയുധമായി ഉപയോഗിക്കപ്പെടുന്നു. ഇത്തരം സർക്കാരുകളെ വിശേഷിപ്പിക്കാൻ ഈ മാധ്യമങ്ങൾ ഉപയോഗിക്കുന്ന വാക്ക് 'regime' (ഭരണകൂടം) എന്നാണ്, 'government' (സർക്കാർ) എന്നല്ല. അതീവ സങ്കീർണ്ണമായ ലോകത്തിൽ ഈ സർക്കാരുകൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രയാസങ്ങൾക്കു മുഴുവൻ സർക്കാർ നയങ്ങളെയോ ‘അഴിമതി’യെയോ ഒക്കെയാണ് ഈ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നത്. കോളനിഭരണത്തിന്റെ ആഘാതവും അസമത്വം രൂക്ഷമാക്കുന്ന മുതലാളിത്ത ലോകവ്യവസ്ഥയും ഉപരോധങ്ങൾ ഉൾപ്പടെയുള്ള സാമ്രാജ്യത്വ ആക്രമണങ്ങളുമൊന്നും അവർ കാണുന്നതേയില്ല.

സങ്കര യുദ്ധത്തിന്റെ പ്രവർത്തന മുഖങ്ങളിൽ ഒന്നായ ഈ വിവരയുദ്ധത്തിന്റെ ഭാഗമായി വെനെസ്വേലയുടെ രാഷ്ട്രീയ സംസ്കാരത്തെ അസാധുവാക്കുകയും അങ്ങനെ ഈ തെരഞ്ഞെടുപ്പിനെ തള്ളിക്കളയുകയും ചെയ്യേണ്ടത് യുഎസിനും യൂറോപ്യൻ യൂണിയനും പ്രധാനമാണ്. യൂറോപ്യൻ യൂണിയനും യുഎസും പുറത്തുവിട്ട പ്രസ്താവനകൾ യഥാർത്ഥ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് എഴുതിയതാകണം. കാരണം ഡിസംബർ 6-ന് നടന്ന സംഭവങ്ങളെ അവ പ്രതിഫലിപ്പിക്കുന്നതേയില്ല. യൂറോപ്യൻ യൂണിയൻ വെനെസ്വേലയിലേയ്ക്ക് നിരീക്ഷകരെ അയച്ചതേയില്ല. അതിനാൽത്തന്നെ താഴേത്തട്ടിൽ നിന്നുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾക്ക് പകരം സ്വന്തം മുൻവിധികളെ അടിസ്ഥാനമാക്കിയുള്ള പ്രസ്താവനകളാണ് അവർ നൽകിയത്. സി‌എൻ‌ഇ-യ്‌ക്കു വേണ്ടി തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു ഞാൻ. എന്റെ വ്യക്തിപരവും പ്രൊഫഷണലുമായ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നതിന് യാതൊരു തെളിവും കണ്ടില്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പിൽ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് എന്നോട് വ്യക്തമായിപ്പറഞ്ഞ പ്രതിപക്ഷ നേതാക്കളുടെ കാഴ്ചപ്പാടും ഇതുതന്നെയാണ്.

തെരഞ്ഞെടുപ്പിന്റെ സാധുത യുഎസ് നിഷേധിക്കുമെന്നും വെനെസ്വേലൻ ജനത നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ അജണ്ട മുന്നോട്ട് വയ്ക്കുന്നതിൽ നിന്ന് വെനെസ്വേലൻ രാഷ്ട്രീയ പ്രതിനിധികളെ തടയുമെന്നും വെനെസ്വേലൻ ജനത പ്രതീക്ഷിക്കുന്നതായി തെരഞ്ഞെടുപ്പിന് തലേദിവസം രാത്രി പ്രസിഡന്റ് മദൂരോ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് നടക്കുന്നതിന് വളരെ മുമ്പുതന്നെ തങ്ങൾ തെരഞ്ഞെടുപ്പ് ഫലങ്ങൾ അംഗീകരിക്കുന്നില്ലെന്ന് യുഎസ് പറഞ്ഞു’, മദൂരോ എന്നോട് മിറാഫ്‌ളോറസിൽ വച്ച് പറഞ്ഞു. എന്നിട്ടദ്ദേഹം കൂട്ടിച്ചേർത്തു, ‘ഡോണൾഡ് ട്രംപിന്റെ മരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ ഞങ്ങൾ വകവയ്‌ക്കുന്നില്ല’.

ട്രംപ് കൃത്രിമം ആരോപിച്ച തെരഞ്ഞെടുപ്പിനെത്തുടർന്ന് അമേരിക്കയിൽ അധികാരക്കൈമാറ്റം നടക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ്, ജനുവരി 5-ന്, വെനെസ്വേലയിൽ പുതിയ ദേശീയ സഭ സ്ഥാനമേൽക്കും. ‘വെനെസ്വേലയിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നത് യുഎസ് അല്ല തീരുമാനിക്കുക,’ മദൂരോ പറഞ്ഞു. അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമായി നോക്കിയാൽ ശരിയാണ്. എന്നാൽ ധനകാര്യ വ്യവസ്ഥയുടെ സുപ്രധാന മേഖലകളിലും അന്താരാഷ്‌ട്ര വ്യാപാരത്തിനായും മറ്റും പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ മേലും യുഎസിന് നിയന്ത്രണമുണ്ട്. ഇതുവഴി വിവരസംബന്ധവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്കു മേൽ യുഎസിന് ആധിപത്യമുള്ളതിനാൽ വെനെസ്വേലൻ സർക്കാരിന് തങ്ങളുടെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനുള്ള സാധ്യതയെ യുഎസ് ഞെരുക്കുന്നുണ്ട്. ഊഗോ ചാവേസ് പറയാറുണ്ടായിരുന്നു, ‘വിവിറെമോസ് ഇ വെൻസെറെമോസ്’ (viviremos y venceremos) - “നമ്മൾ ജീവിക്കും, നമ്മൾ അതിജീവിക്കും” എന്നർത്ഥം. രാഷ്ട്രീയ ധാരകൾക്കതീതമായി വെനെസ്വേലയിലുള്ള വികാരം ഇതാണ്; അതാണ് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്.

(Tricontinental: Institute for Social Researchന്റെ എക്സിക്യൂട്ടീവ്ഡയറക്ടറാണ്ചരിത്രകാരനുംപത്രപ്രവർത്തകനുമായ വിജയ്പ്രഷാദ്. ട്രൈക്കോണ്ടിനെന്റലിന്റെ2020-ലെഅൻപതാമത്തെ Newsletter പരിഭാഷ.)

No stories found.
The Cue
www.thecue.in