ഷാനവാസ് എന്ന എഡിറ്റര്‍

ഷാനവാസ് എന്ന എഡിറ്റര്‍

ശവം സിനിമ ഷൂട്ട് കഴിഞ്ഞ് എഡിറ്റ് ചെയ്യാൻ ആളെ തേടിയ സമയത്ത് ഒന്നുരണ്ട് പേർ ഷാനവാസിന്റെ പേരു സജസ്റ്റ് ചെയ്തിരുന്നു. ഒരു സംവിധായകൻ ആയ ഷാനവാസ് ഒരു പുതിയ ആളുടെ സിനിമ എഡിറ്റ് ചെയ്യുമോ എന്നൊക്കെ സംശയം ഉണ്ടായിരുന്നെങ്കിലും ചോദിച്ചു നോക്കി. അദ്ദേഹം വളരെ താത്പര്യത്തിൽ മുന്നോട്ട് വന്നു. പ്രതിഫലമായ് കൊടുക്കാൻ വളരെ ചെറിയൊരു തുകയേ ഉണ്ടായിരുന്നൊള്ളൂ. "അതൊന്നും പ്രശ്നമില്ല, ഇനി പൈസ തന്നില്ലേലും കുഴപ്പമില്ല” എന്നാണു അന്ന് ഷാനവാസ് പറഞ്ഞത്. ഷൂട്ട് കഴിഞ്ഞ ഉടനെ ഞാൻ തനിയെ ഒരു കട്ട് ചെയ്തിരുന്നു. അത് റെഫറൻസ് ആയി വെച്ച് എഡിറ്റ്‌ ചെയ്യാൻ എടപ്പാൾ ഉള്ള ഷാനവാസിന്റെ സ്റ്റുഡിയോയിൽ ഫുട്ടേജ് ഏല്പിച്ചിട്ട് ഞാൻ ഒരു യാത്ര പോയി. തിരികെ വന്നപ്പോൾ ഷാനവാസ് എഡിറ്റ്‌ ചെയ്ത് വെച്ചിട്ടുണ്ട്. ഞാൻ കൊടുത്ത കട്ട് നോക്കിയില്ലെന്നും, താൻ ആ ഫുട്ടേജ് മാത്രം ആണ് നോക്കിയതെന്നും, അതിന്റെ ഉള്ളിൽ താൻ കണ്ട സിനിമ ആണ് എഡിറ്റ്‌ ചെയ്ത് വെച്ചതെന്നും പറഞ്ഞു. സ്വാഭാവികമായും അത് എനിക്ക് യോജിക്കാൻ പറ്റുന്ന ഒരു കട്ട് ആയിരുന്നില്ല. കാരണം ഞങ്ങൾ രണ്ടുപേരും ആ ഫുട്ടേജുകളിൽ കണ്ടത് രണ്ട് സിനിമകൾ ആയിരുന്നു. അല്പം കയൊട്ടിക്കായ ഷൂട്ട് ആയിരുന്നു ശവത്തിന്റേത്. പല സീനുകളുടേയും സമയം, സന്ദർഭം എന്നിവയൊക്കെ ഷൂട്ടിന്റെ സമയത്ത് ഇമ്പ്രോവൈസ് ചെയ്തിരുന്നു, പല സീനുകളും പുതിയതായി എഴുതിച്ചേർത്തു.. ആക്കാര്യങ്ങളാൽ തന്നെ ഷാനവാസിനു വായിക്കാൻ സ്ക്രിപ്ട് കൊടുത്തില്ല. ഒടുവിൽ ഞങ്ങൾ രണ്ടുപേരും ഇരുന്ന് രണ്ടുപേരുടെയും വേർഷൻസ് കാണുകയും ഒടുവിൽ രണ്ട് എഡിറ്റുകളിൽ നിന്നും അവശ്യം എന്ന് തോന്നിയതൊക്കെ നിലനിർത്തി മൂന്നാമതൊരു കട്ട് ഉണ്ടാക്കുകയും ചെയ്തു. കൂടെയിരുന്ന് ഉറക്കമൊക്കെ ഇളച്ച് വർക്ക് ചെയ്തപ്പോൾ അദ്ദേഹത്തിലെ സിനിമ എന്ന മീഡിയത്തോടുള്ള പാഷനും ആത്മവിശ്വാസവും നേരിൽ കണ്ടു. കണ്ടിന്യുവിറ്റിയും മറ്റും എഡിറ്റിംഗ് റൂമിൽ നിർമ്മിച്ചെടുക്കുകയായിരുന്നു. ഒടുവിൽ 64 മിനിട്ടുള്ള ഒരു കട്ടിലെത്തി. അന്ന് ഷാനവാസ് പറഞ്ഞു, ആ സിനിമ അതിൽ കൂടുതൽ നീട്ടേണ്ട കാര്യം ഇല്ലെന്ന്. അത് ശരിയാണെന്ന് എനിക്കും തോന്നി.

ഒരു മലയാളസിനിമയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ഷോട്ടുകളും സംഭാഷണദൃശ്യങ്ങളുമൊക്കെ ആദ്യം തന്നെ വലിയ കൗതുകവും ബഹുമാനവും ആ സംവിധായകനോട് തോന്നിപ്പിച്ചിരുന്നു. സിനിമയോട് അയാൾക്കുള്ള കൂറും പഠിക്കാനുള്ള താത്പര്യവും വളരെ വ്യക്തമായിരുന്നു.

2015ൽ തന്നെ അദ്ദേഹം അടുത്ത സിനിമയുടെ പണിപ്പുരയിൽ കയറുകയും പിന്നെ പല തിരക്കുകളിൽ പെട്ട് ആ ബന്ധം മുറിയുകയും ചെയ്തു. സൂഫിയും സുജാതയും കണ്ടതിനുശേഷമാണു ഷാനവാസിനെ പിന്നീട് വിളിക്കുന്നത്. രണ്ട് മാസം മുൻപ് അട്ടപ്പാടിയിൽ ഇരുന്ന് ഫോണിൽ സംസാരിച്ചപ്പോഴും "നിങ്ങൾ പിന്നീടുള്ള സിനിമകളിൽ എഡിറ്റ്‌ ചെയ്യാൻ വിളിച്ചില്ല " എന്ന് പരാതി പറഞ്ഞു. അത് തമാശ ആണോ കാര്യമായി പറഞ്ഞതാണോ എന്ന് മനസിലായില്ല. ഈ പറഞ്ഞ രണ്ടാമത്തെ കാലഘട്ടമാകുമ്പോളേയ്ക്കും ഞങ്ങൾ തമ്മിൽ, കാലവും ആശയങ്ങളും ഉണ്ടാക്കിയ വ്യത്യാസങ്ങൾ ആവും കൂടുതൽ. ആ വ്യത്യാസങ്ങൾ എവിടെ നിന്ന് വരുന്നു എന്നത് ആലോചിച്ചു. ഷാനവാസിനെ ആദ്യം പരിചയപ്പെടുന്നത് കോഴിക്കോട് കരിയുടെ ഒരു സ്ക്രീനിങ്ങ് നടത്തിയപ്പോഴാണു. ഒരു മലയാളസിനിമയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ഷോട്ടുകളും സംഭാഷണദൃശ്യങ്ങളുമൊക്കെ ആദ്യം തന്നെ വലിയ കൗതുകവും ബഹുമാനവും ആ സംവിധായകനോട് തോന്നിപ്പിച്ചിരുന്നു. സിനിമയോട് അയാൾക്കുള്ള കൂറും പഠിക്കാനുള്ള താത്പര്യവും വളരെ വ്യക്തമായിരുന്നു. ആ സമയത്ത് ഷാനവാസ് കരി ആളുകളിൽ എത്തിക്കാൻ പണിപ്പെടുന്നത് കണ്ടിട്ടുണ്ട്. ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന ഒരു സിനിമ ആയിട്ടും ആവശ്യത്തിനു ശ്രദ്ധ ആ സിനിമയ്ക്ക് കിട്ടിയില്ല.

അദ്ദേഹവുമായുള്ള സംസാരത്തിൽ നിന്ന്, സൂഫിയും സുജാതയും എന്ന സിനിമയ്ക്ക് കിട്ടിയ സ്വീകരണത്തിൽ സംതൃപ്തനും എന്നാൽ പല കാര്യങ്ങളിലും വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നതിൽ അസ്വസ്ഥനും ആണെന്നാണു അന്ന് മനസിലായത്. അദ്ദേഹം അന്ന് പറഞ്ഞ വിട്ടുവീഴ്ചകൾ ഒരുപക്ഷേ, ആദ്യസിനിമ അതർഹിക്കുന്ന പരിഗണന നേടിയിരുന്നെങ്കിൽ ചെയ്യേണ്ടിവരില്ലായിരുന്നിരിക്കും. രണ്ടാമതും മൂന്നാമതും ഇഷ്ടമുള്ള രീതിയിൽ സിനിമ ചെയ്യുക എന്നത് മിക്ക സ്വതന്ത്രസംവിധായകർക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത ആഡംബരം ആണെന്നും അത് വലിയൊരു പ്രിവിലെജ്ഡ് ആയ പശ്ചാത്തലത്തിൽ നിന്ന് വരുന്നതിനാൽ മാത്രം സാധ്യമാകുന്നതാണെന്നും എനിക്കിന്നറിയാം. ഷാനവാസിനു ആ പ്രിവിലേജ് കിട്ടിയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in