ഭക്ഷ്യമരുഭൂമികള്‍ ഉണ്ടാകുന്നത്

ഭക്ഷ്യമരുഭൂമികള്‍ ഉണ്ടാകുന്നത്

ലോകത്തിലെ ഏറ്റവും വലിയ റസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്സ് ഫുഡ്ഡില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ 30 ദിവസം (2003 ഫെബ്രുവരി ഒന്നുമുതല്‍ മാര്‍ച്ച് രണ്ട് വരെ) പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കഴിച്ച കഥപറയുന്ന ഡോക്യുമെന്ററിയാണ് Super Size Me. ഫാസ്റ്റ് ഫുഡ് വ്യവസായം തന്റെ ശരീരത്തിലും മനസ്സിലും ഒരൊറ്റ മാസം കൊണ്ട്് എന്തെന്തു മാറ്റങ്ങളുണ്ടാക്കി എന്ന് ലോകസമക്ഷം അറിയിക്കാന്‍, ഇങ്ങനെ സ്വയം ഗിനിപന്നി ആയി മാറിയത് അമേരിക്കന്‍ ഡോക്യുമെന്ററി സംവിധായകനായ മോര്‍ഗന്‍ സ്പിര്‍ലോക്(Morgan Spurlock) ആണ്. ഏറ്റവും നല്ല കഥേതര ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിന് വേണ്ടി നോമിനേറ്റ് ചെയ്യപ്പെടുക എന്ന ബഹുമതിയും റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ ഏറ്റവും മികച്ച ഡോക്യുമെന്ററി തിരക്കഥയ്ക്കുള്ള അവാര്‍ഡും മറ്റു പ്രമുഖ പുരസ്‌കാരങ്ങളും 'എന്നെ പൊണ്ണത്തടിയനാക്കുക' നേടുകയുണ്ടായി. നിരവധി ആളുകള്‍ കണ്ടതുവഴി ഏറ്റവും കൂടുതല്‍ സാമ്പത്തിക വരുമാനവും ഉണ്ടാക്കിയ കഥേതരചിത്രം കൂടിയായിരുന്നു ഇത്.

18 വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍ ആഷ്ലി പെള്‍മാന്‍, ജാസ്ലിന്‍ ബ്രാഡ്ലി(Ashley Pelman, Jazlyn Bradley) എന്നിവര്‍ ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയിലെ ജില്ലാ കോടതിയില്‍ മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്റിനും അതിന്റെ ഉടമയായ മക്ഡൊണാള്‍ഡ്സ് കോര്‍പ്പറേഷനും എതിരെ, ഇവരുടെ ഭക്ഷണസാധനങ്ങള്‍ തങ്ങളെ പൊണ്ണത്തടിക്കാരും രോഗികളും ആക്കിമാറ്റി എന്ന് കേസുകൊടുത്ത സംഭവം വലിയ കോളിളക്കമുണ്ടാക്കിയതിനെതുടര്‍ന്നാണ് മോര്‍ഗന്‍ സ്പിര്‍ലോക് അമേരിക്കന്‍ ജീവിതത്തിന്റെ സര്‍വ്വതലങ്ങളെയും പുനര്‍ നിര്‍മിക്കുകയും കീഴടക്കുകയും ചെയ്ത ഫാസ്റ്റ് ഫുഡ് വ്യവസായത്തെ ചലച്ചിത്രമാക്കുന്നത്. 30 ദിവസത്തെ മക്ഡൊണാള്‍ഡ്സ് ഭക്ഷണം ആ 32 വയസ്സുകാരനില്‍ 11.1 കിലോഗ്രാം ഭാരം കൂട്ടി; കൊളസ്ട്രോള്‍ നില വര്‍ദ്ധിപ്പിച്ചു; മനോനില വിഷാദാവസ്ഥയിലെത്തിച്ചു; ലൈംഗികശേഷി തളര്‍ത്തി; കരളില്‍ കൊഴുപ്പ് സംഭരിക്കപ്പെട്ടു. അയാളുടെ തളര്‍ച്ചയും തലവേദനയും മക്ഡൊണാള്‍ഡ്സ് ഭക്ഷണം കഴിക്കുമ്പോള്‍ കുറഞ്ഞതുകണ്ട് അയാള്‍ ഈ ഭക്ഷണത്തിന് അഡിക്റ്റഡ് ആയി എന്ന് ഡോക്ടര്‍ വിലയിരുത്തി. ഇരുപത്തിയൊന്നാം ദിവസമായപ്പോള്‍ തന്നെ അയാളുടെ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടു, അയാള്‍ ഈ ഭക്ഷണശീലം നിര്‍ത്തണമെന്ന് ഡോക്ടര്‍ ഉപദേശിച്ചെങ്കിലും, സ്പിര്‍ലോക്ക് അത് കൂട്ടാക്കാതെ 30 ദിവസം പൂര്‍ത്തിയാക്കുകതന്നെ ചെയ്തു. ഒടുവില്‍, മക്ഡൊണാള്‍ഡ്സ് ഭക്ഷണം തന്നില്‍ നിക്ഷേപിച്ച വിഷമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനായി ബദല്‍ ഭക്ഷണ ചികിത്സയിലൂടെ ദീര്‍ഘകാലം അയാള്‍ കടന്നുപോയി രോഗവിമുക്തി നേടുന്നു.

Super Size Me
Super Size Me

ഈ സിനിമ വരുന്നതിന് പത്തുവര്‍ഷം മുമ്പ്, 1994ല്‍ ഇന്ത്യയിലും, ആദ്യമായി മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്റുകള്‍ ആരംഭിച്ചു. 2003 ലെ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ മാസത്തില്‍ 100തവണ ഭക്ഷണം കഴിക്കുന്ന ഒരാള്‍, അതില്‍ 97 തവണ വീട്ടില്‍ നിന്നും മൂന്നെണ്ണം മാത്രം പുറത്തുനിന്നും കഴിച്ചിരുന്നെങ്കില്‍, 2014 ആയപ്പോള്‍ പുറത്തുനിന്നും കഴിക്കുന്നത് പത്തു തവണയെങ്കിലും ആയി ഉയര്‍ന്നിട്ടുണ്ടു. മക്ഡൊണാള്‍ഡ്സിനു മാത്രം ഇവിടെ വര്‍ഷത്തില്‍ 320 ദശലക്ഷം ഉപഭോക്താക്കളെ കിട്ടിയിരിക്കുന്നു. അവര്‍ക്കൊപ്പം കെ എഫ് സി, ഡോമിനോസ് പിസ, ഡങ്കിന്‍ ഡോ നട്സ്, ബര്‍ഗര്‍ കിംഗ് എന്നീ ആഗോള ഭക്ഷണ വ്യവസായ കോര്‍പ്പറേറ്റുകളും ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ഭക്ഷണത്തോടുള്ള മാനുഷികമായ കാഴ്ചപ്പാടിനെതന്നെ ദശകങ്ങള്‍ കൊണ്ട് കോര്‍പറേറ്റ് ഭക്ഷണ വ്യവസായം മാറ്റിമറിച്ചിരിക്കുന്നു. അത് ഭക്ഷണത്തെ കാലിത്തീറ്റയും കോഴിത്തീറ്റയും പോലെ വെറും 'മനുഷ്യത്തീറ്റ'യാക്കി നമ്മുടെ അബോധതലത്തില്‍ പുനര്‍നാമകരണം ചെയ്തു

ഭക്ഷ്യമരുഭൂമികള്‍ (Food Deserts)

ഇംഗ്ലീഷ് ഭാഷയില്‍ 'ഭക്ഷ്യ മരുഭൂമി' എന്ന പ്രയോഗം വന്നുചേരുന്നത് 1990കളുടെ ആദ്യത്തിലാണ്. പോഷകസമ്പന്നമായ ഭക്ഷണം, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും തവിടോടുകൂടിയ ധാന്യങ്ങളും കിട്ടുന്ന പലചരക്ക്കടകള്‍ ഇല്ലാത്ത പ്രദേശങ്ങളെയാണ് ഭക്ഷ്യ മരുഭൂമികള്‍ എന്നു പറയുന്നത്. ഭക്ഷ്യ മരുഭൂമികളില്‍ താമസിക്കുന്നവര്‍ക്ക് കിട്ടുന്നത് മധുരം, കൊഴുപ്പ് എന്നിവ കലര്‍ന്നതും പൊണ്ണത്തടി, ഇതര ആധുനിക സ്ഥിര രോഗങ്ങള്‍ ഉണ്ടാക്കുന്നതുമായ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളാണ്. ഫാസ്റ്റ് ഫുഡും ജങ്ക്ഫുഡും മാത്രം കിട്ടുന്ന ഇത്തരം സ്ഥലങ്ങളെ ഭക്ഷ്യ ചതുപ്പുകള്‍(Food Swamps) എന്നും പറയുന്നു. 2010 ല്‍ യു.എസ്. കൃഷിവകുപ്പ് കണക്കാക്കിയത് അമേരിക്കയിലെ 23.5 ദശലക്ഷം ആളുകള്‍ ഭക്ഷ്യ മരുഭൂമികളില്‍ താമസിക്കുന്നു എന്നാണ്. അതായത് നഗരങ്ങളില്‍ ഒരു മൈലിനുള്ളിലും ഗ്രാമപ്രദേശങ്ങളില്‍ പത്തു മൈലിനുള്ളിലും പോഷകസുലഭമായ ഭക്ഷ്യവസ്തുക്കള്‍ വില്ക്കുന്ന സാധാരണ പലചരക്ക് കടകള്‍ ഇല്ലായെങ്കില്‍ അവിടെ ആളുകള്‍ താമസിക്കുന്നത് ഭക്ഷ്യ മരുഭൂമിയിലാണ്. നേരെമറിച്ച് എവിടെയാണോ പഴങ്ങളും പച്ചക്കറികളും എല്ലാം ഉള്‍ക്കൊള്ളുന്ന പോഷകസമ്പുഷ്ഠമായ ഭക്ഷണം സുലഭമായി വാങ്ങാന്‍ കിട്ടുന്നത് ആ പ്രദേശം ഭക്ഷ്യമരുപ്പച്ച(Food Oasis )യത്രേ. അവിടെ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ പുതുമയോടെ ലഭ്യമാകുമെങ്കില്‍ നൂറു കുടുംബങ്ങള്‍ താമസിക്കുന്നതിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പലചരക്ക്കട പോലും ഇല്ലെങ്കില്‍ അവര്‍ താമസിക്കുന്നത് ഭക്ഷ്യ മരുഭൂമിയിലോ അഥവാ ഭക്ഷ്യചതുപ്പിലോ ആണെന്ന് മറ്റു ചില പഠനങ്ങള്‍ കാണിക്കുന്നു.

നഗരത്തിലെ ഉള്‍പ്രദേശങ്ങള്‍, ഗ്രാമീണ മേഖല എന്നിവിടങ്ങളിലെ താഴ്ന്ന വരുമാനക്കാരായ ആളുകളാണ് ഏറെയും ഭക്ഷ്യ മരുഭൂമികളില്‍ കഴിയുന്നത്. ഇത്തരം സ്ഥലങ്ങളില്‍ തന്നെയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ദീര്‍ഘകാല രോഗങ്ങള്‍ പൊണ്ണത്തടി, ഹൃദ്രോഗം,കാന്‍സര്‍ എന്നിവയെല്ലാം കൂടുതലായി ഉള്ളതും.(The Public Health Effestc of Food Desetsr : Workshop Summary, National Research Council (US) 2009 ). അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 64 ശതമാനം ജനങ്ങളും പറഞ്ഞത് അവര്‍ക്ക് ദിവസവും വേണ്ടത്ര അളവില്‍ പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കിട്ടുന്നില്ല എന്നാണ്. ഇത്തരം ആളുകള്‍ എല്ലാം തന്നെ പോഷക പദാര്‍ത്ഥങ്ങള്‍ വേണ്ടത്ര കിട്ടാതെ ആരോഗ്യം ക്ഷയിച്ചവരുമത്രേ. അമേരിക്കക്കാരില്‍ 88%ത്തില്‍ ഏറെപേരും അധികഭാരം ഉള്ളവരോ പൊണ്ണത്തടിക്കാരോ ആണ്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ആവശ്യത്തിനുമാത്രം ശരീരഭാരം ഉള്ളവര്‍ മിക്കവാറും 5% വരും. വികലമായ ഈ ഭക്ഷണസംസ്‌കാരം അമേരിക്കന്‍ ജനതയെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ശാരീരിക അനാരോഗ്യമുള്ളവര്‍ മാത്രമല്ല അവരില്‍ അഞ്ചിലൊരാളെ മാനസിക അപഭ്രംശത്തിലേക്കും എത്തിച്ചിരിക്കുന്നു(Joel Furhman MD. The Hidden Dangers of Ftsa and Processed Food).

വിലകുറഞ്ഞ ഭക്ഷണം ഒരു മിഥ്യയാണ്. അങ്ങനെയൊന്നില്ല. അതിന്റെ യഥാര്‍ത്ഥ വില മറ്റെവിടെയോ നമ്മള്‍ കൊടുക്കുന്നുണ്ട്. പണമായി നമ്മുടെ കയ്യില്‍ നിന്ന് നേരിട്ട് കൊടുക്കുന്നില്ലെങ്കിലും, പരിസ്ഥിതിനാശം, പൊതു സബ്സിഡി, ആരോഗ്യ ചെലവ് എന്നീ രൂപത്തിലെല്ലാം മറുവഴിക്ക് നമ്മില്‍ നിന്ന് തന്നെ ഈടാക്കുന്നുണ്ട്.
Super Size Me
Super Size Me Netflix

മനുഷ്യത്തീറ്റ

ഭക്ഷണത്തോടുള്ള മാനുഷികമായ കാഴ്ചപ്പാടിനെതന്നെ ദശകങ്ങള്‍ കൊണ്ട് കോര്‍പറേറ്റ് ഭക്ഷണ വ്യവസായം മാറ്റിമറിച്ചിരിക്കുന്നു. അത് ഭക്ഷണത്തെ കാലിത്തീറ്റയും കോഴിത്തീറ്റയും പോലെ വെറും 'മനുഷ്യത്തീറ്റ'യാക്കി നമ്മുടെ അബോധതലത്തില്‍ പുനര്‍നാമകരണം ചെയ്തു കഴിഞ്ഞു. റീട്ടെയില്‍ വ്യാപാര കേന്ദ്രങ്ങള്‍ വഴി ഭക്ഷണം, നോക്കുന്നിടത്തൊക്കെ ജനങ്ങള്‍ക്ക് കൈയെത്താവുന്നത്ര അടുത്താക്കി, വാഹനത്തിലിരുന്ന് പോലും കഴിക്കാന്‍ പാകത്തില്‍ ഉള്ളതാക്കി, ഭക്ഷണം കഴിക്കല്‍ എന്ന 'സമയംകൊല്ലി' ചടങ്ങ് തന്നെ ഇല്ലാതാക്കിയിട്ടുണ്ട്. അതിനേക്കാളുപരി ഭക്ഷണത്തെ എത്രത്തോളം കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സാധിക്കുമോ അത്രത്തോളം ചീപ് ഫുഡ് ആക്കി മാറ്റിയിരിക്കുന്നു. മക് ഡൊണള്‍ഡ്സിന്റെ ബര്‍ഗര്‍, ഫ്രൈസ്, ഡ്രിങ്ക് എന്നിവ ചേര്‍ന്ന 'ബിഗ് മക്മീലി'ന് 5.99 ഡോളര്‍ മാത്രം മതി. ഈ ഭക്ഷണം നിര്‍മിക്കാനാവശ്യമായ കാര്‍ഷിക വിഭവങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കമ്പനികള്‍ക്ക് കിട്ടാന്‍ പാകത്തില്‍ കാര്‍ഷികമേഖലയെ അടിമുടി അവിടെ പരിഷ്‌കരിച്ചിരിക്കുന്നു. കാര്‍ഷിക കമ്പനികള്‍ ആവശ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ടണ്‍കണക്കിന് നല്‍കുന്ന വലിയ കൃഷിക്കളങ്ങളാക്കി, കര്‍ഷകരുടെ എണ്ണം മൂന്ന് ശതമാനത്തില്‍ താഴെ ആക്കിയിരിക്കുന്നു. മാത്രമല്ല സര്‍ക്കാര്‍ കാര്‍ഷിക സബ്സിഡിയുടെ സിംഹഭാഗവും കര്‍ഷകരേക്കാള്‍ കൂടുതലായി അഗ്രിബിസിനസ് കമ്പനികളിലേക്കാണ് ചെന്നുചേരുന്നത്. The Real Ctos of Cheap Food (2011) എന്ന തന്റെ പുസ്തകത്തില്‍ മൈക്കള്‍ കരോളന്‍ (Michael Carolan) തുറന്നുകാട്ടുന്നു: കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങള്‍ ധൂര്‍ത്തടിച്ചു രാസവിഷങ്ങള്‍ വന്‍തോതില്‍ ചൊരിഞ്ഞ് പരിസ്ഥിതി വിഷമയമാക്കിയും കാര്‍ഷിക ആവാസവ്യവസ്ഥയ്ക്ക് അതിശോഷണം വരുത്തിയും മനുഷ്യാരോഗ്യത്തിന് അപരിഹാര്യമായ ദുരന്തതുടര്‍ച്ചകള്‍ സമ്മാനിച്ചും പൊതുഖജനാവില്‍നിന്ന് സബ്സിഡി രൂപത്തില്‍ ധനം ദുര്‍വ്യയം ചെയ്തും ഭക്ഷ്യകമ്പനികള്‍ കുറഞ്ഞവിലയ്ക്ക് മാര്‍ക്കറ്റില്‍ എത്തിക്കുന്ന കൃത്രിമ രുചിക്കൂട്ടുകളുടെ മനുഷ്യത്തീറ്റ യഥാര്‍ത്ഥത്തില്‍ ഇന്നലെയും ഇന്നും മാത്രമല്ല നാളെക്കു വേണ്ടിയും മാനവരാശി കാത്തുസൂക്ഷിക്കുന്ന എല്ലാവിധ സമ്പാദ്യങ്ങളും കോര്‍പ്പറേറ്റ് ആസ്തികള്‍ ആക്കി മാറ്റി, വലിയ തോതിലുള്ള സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക ബാധ്യതകളാണ് വരുത്തിവെയ്ക്കുന്നത്. അതുകൊണ്ടാണ് അമേരിക്കന്‍ ഭക്ഷണപോരാളിയായ മൈക്കിള്‍ പോളന്‍ (Michael Pollan) പറഞ്ഞത്, വിലകുറഞ്ഞ ഭക്ഷണം ഒരു മിഥ്യയാണ്. അങ്ങനെയൊന്നില്ല. അതിന്റെ യഥാര്‍ത്ഥ വില മറ്റെവിടെയോ നമ്മള്‍ കൊടുക്കുന്നുണ്ട്. പണമായി നമ്മുടെ കയ്യില്‍ നിന്ന് നേരിട്ട് കൊടുക്കുന്നില്ലെങ്കിലും, പരിസ്ഥിതിനാശം, പൊതു സബ്സിഡി, ആരോഗ്യ ചെലവ് എന്നീ രൂപത്തിലെല്ലാം മറുവഴിക്ക് നമ്മില്‍ നിന്ന് തന്നെ ഈടാക്കുന്നുണ്ട്.

Representative image of farmers Credit: Public Domain
Representative image of farmers Credit: Public Domain

ഭക്ഷണം അധിനിവേശം

അയല്‍രാഷ്ട്രങ്ങളായ മെക്സിക്കോ, കാനഡ എന്നിവയുമായി ചേര്‍ന്ന് 1994 ല്‍ അമേരിക്ക ഉണ്ടാക്കിയ കരാറോടെ(North American Free Trade Agreement)കോര്‍പ്പറേറ്റ് വിതരണ ശൃംഖലകള്‍ മെക്സിക്കോയില്‍ അധിനിവേശം നടത്തി. ഇന്ന് വാള്‍മാര്‍ട്ട് ആണ് അവിടുത്തെ ഭക്ഷണ വില്പനയെ അടക്കി ഭരിക്കുന്ന ഏറ്റവും വലിയ ചെറുകിട വ്യാപാര കമ്പനി. വെള്ളത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ മെക്സിക്കോകാര്‍ക്ക് കൊക്കക്കോള കിട്ടുന്നുണ്ട്. ആഗോള കാര്‍ഷിക ഭീമന്‍മാരായ കാര്‍ഗില്‍ പോലുള്ള അമേരിക്കന്‍ കമ്പനികള്‍ മെക്സിക്കന്‍ കൃഷിഭൂമിയില്‍ പ്രവേശിച്ചതോടെ ദശലക്ഷക്കണക്കിന് കൃഷിക്കാര്‍ കാര്‍ഷികവൃത്തി സാധ്യമാകാതെ തൊഴില്‍ തേടി നഗരങ്ങളിലേക്ക് പലായനം ചെയ്തു. യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഇടം നേടിയ മെക്സിക്കന്‍ ഭക്ഷണ പാചക ശൈലി കയ്യൊഴിഞ്ഞ് ഈ അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ ചീപ് ഫുഡ് അനുശീലിക്കുന്നവരായി മാറ്റപ്പെട്ടു. അനേകായിരങ്ങള്‍ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടു വാഗ്ദത്ത ഭൂമിയായ യു.എസില്‍ ചേക്കേറുന്നതിനായി അതിര്‍ത്തികളില്‍ തിക്കിത്തിരക്കി. നിയോലിബറല്‍ നയങ്ങളാല്‍ അകത്തുകയറിയ കോര്‍പ്പറേറ്റ് ഭക്ഷണം അമേരിക്കക്കാര്‍ ക്കെന്നപോലെ, പൊണ്ണത്തടിയും ആയുഷ്‌ക്കാല രോഗങ്ങളും മെക്സിക്കോകാര്‍ക്ക് നല്‍കിയപ്പോള്‍ ജങ്ക് ഫുഡും കോളയും18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിരോധിക്കാന്‍ മെക്സിക്കന്‍ സംസ്ഥാനമായ ഓക്സാക്കക്ക് തീരുമാനിക്കേണ്ടിയും വന്നു. മെക്സിക്കന്‍ ഗ്രന്ഥകര്‍ത്താവായ അലിഷ്യ ഗാല്‍വേസ്(AIyshia Galv--ez ) തന്റെ Eating NAFTA Trade, Food Policies, and the Dtseruction of Mexico എന്ന കൃതിയില്‍, 'വ്യവസായവല്‍കൃത ഭക്ഷണത്തിന്റെ ഉല്‍പന്നമാണ് പ്രമേഹം. 'എന്നു തുറന്നു പറയുന്നുണ്ട്. സ്വതന്ത്ര വ്യാപാര കരാറുകള്‍ രാഷ്ട്രങ്ങള്‍ക്കു മേല്‍ പിടിമുറുക്കിയതോടെ ഉദാരവല്‍ക്കരണത്തിന്റെ പോഷക ശൂന്യവും അത്യധികം സംസ്‌കരിക്കപ്പെട്ടതുമായ കോര്‍പ്പറേറ്റ് നിര്‍മിത മനുഷ്യത്തീറ്റ പടിഞ്ഞാറന്‍ നാടുകളില്‍ എന്നപോലെ ചൈനയിലും ഇന്ത്യയിലും ഇതര വികസ്വരരാജ്യങ്ങളിലും പൊണ്ണത്തടി രോഗബാധ പടര്‍ത്തിക്കൊണ്ടിരിക്കുന്നതായി ഹാര്‍വാഡിലെ ടി.എച്ച്. ചാന്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തെ മുന്‍ നിര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് എഴുതി.

ഇന്ത്യയെന്ന വമ്പന്‍ ഇര

2010 ല്‍ 35 കോടി ആയി ഉയര്‍ന്ന ഇന്ത്യയിലെ നഗരവാസികള്‍ അമേരിക്കയുടെ ജനസംഖ്യയേക്കാള്‍ കൂടുതലും, 2030 ല്‍ ഇവര്‍ യൂറോപ്യന്‍ യൂണിയനിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലുമാകുന്നതിനാല്‍ ഇത്ര ഗംഭീര ഭക്ഷണ മാര്‍ക്കറ്റ് ലോകത്ത് മറ്റെങ്ങും കിട്ടാനില്ല. 1971 ല്‍ ഇന്ത്യയിലെ ഭക്ഷണ ചെലവില്‍ നാലിലൊന്നു നഗരവാസികളുടേതാണെങ്കില്‍ 2006 ല്‍ ഇത് മൂന്നിലൊന്നായി ഉയര്‍ന്നിട്ടുണ്ട്്. മാത്രമല്ല ഈ ഭക്ഷണം മുഴുവന്‍ നല്‍കിയത് ആഭ്യന്തര ഉത്പാദനത്തിലൂടെ ഇന്ത്യന്‍ ഭക്ഷ്യ സമ്പദ്ഘടനയുടെ 93% വും നിയന്ത്രിക്കുന്ന ചെറുകിട കച്ചവടക്കാരുടെ(പരമ്പരാഗത ഭക്ഷ്യസംസ്‌കരണം, കടകള്‍, ചന്തകള്‍, ഗ്രാമീണതല ഇടത്തട്ടുകാര്‍ മുതലായ) സ്വകാര്യമേഖലയാണ്. ഒരു വശത്ത് ഇന്ത്യക്കാര്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ മണ്ണിലിറങ്ങുന്ന നിത്യവൃത്തിക്കാരായ ദശലക്ഷക്കണക്കിന് ചെറുകര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള്‍ വാങ്ങുന്ന ഗ്രാമതല ബ്രോക്കര്‍മാര്‍, അവ സംസ്‌കരിക്കുന്ന ലക്ഷക്കണക്കിനു കുടില്‍/ചെറുകിട വ്യവസായക്കാര്‍, അരി മുതല്‍ അരി മുറുക്കുവരെ വില്ക്കുന്ന ചെറു വ്യാപാരി സമൂഹം, മത്സ്യ മാംസ മാര്‍ക്കറ്റുകള്‍, തെരുവോരത്തും വാഹനത്തിലും തലച്ചുമടായും വഴി നീളെ വന്ന് വീട്ടുപടിയ്ക്കലും ഭക്ഷ്യവിഭവങ്ങള്‍ തരുന്ന വാണിഭക്കാര്‍ ഇങ്ങനെ ഇന്ത്യന്‍ ജനതയുടെ 70 ശതമാനവും ജീവനോപാധിയായി ആശ്രയിക്കുന്ന ഏറ്റവും വിപുലവും വൈവിധ്യപൂര്‍ണവുമായ ഇടമാണ് നമ്മുടെ കാര്‍ഷികഭക്ഷ്യ സമ്പദ്ഘടന.

ഗ്രാമ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 135.26 കോടി വരുന്ന ഉപഭോക്തൃ ജനത; വരുമാനത്തിന്റെ 46% വും ഭക്ഷണത്തിനു ചെലവാക്കുന്നവര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ്, അരി, പാല്‍, പഴം, പച്ചക്കറി ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം; മുട്ടയില്‍ അഞ്ചാം സ്ഥാനം; മത്സ്യത്തില്‍ ആറാം സ്ഥാനം. ഇത്രയധികം വിഭവങ്ങളും ഉപഭോക്താക്കളും ഒരേപോലെ, ഒരേ സ്ഥലത്ത് തയ്യാറാക്കി വെച്ചിരിക്കുന്നതും എല്ലാ കാലത്തും വൈവിധ്യ സമ്പന്നമായ ഉല്പന്നങ്ങള്‍ വിളയുന്നതുമായ ഒരു വിപുല ഭൂമിക ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് ഭക്ഷ്യ വിതരണ ശൃംഖലകള്‍ക്ക് ലോകത്ത് മറ്റ് എവിടെ കിട്ടാനാണ്? അതിനാല്‍ ഭക്ഷണാധിനിവേശത്തിന്റെ ഈ റൂട്ട്മാര്‍ച്ച് കാല്‍ നൂറ്റാണ്ട് മുമ്പേ ആരംഭിച്ചു കഴിഞ്ഞു. 2001-2010 കാലത്ത് വര്‍ഷംതോറും 49% കണ്ടാണ് ഭക്ഷ്യ വില്‍പ്പനയില്‍ വലിയ കമ്പനികളുടെ റീട്ടെയില്‍ രംഗം വളര്‍ന്നത്. ഭക്ഷണ സേവന വ്യവസായ(റസ്റ്റോറന്റ്, ഫാസ്റ്റ് ഫുഡ്, റെഡിമേഡ് ഫുഡ്, കഫേ/ബാറുകള്‍, ഭക്ഷണശാലകള്‍, കൗണ്ടറുകള്‍) ത്തില്‍ 2001-2006 ല്‍ തന്നെ കുത്തകകളുടെ വളര്‍ച്ചയാകട്ടെ കൊല്ലത്തില്‍ 9% വീതമാണ്. ഇതേപോലെ ഭക്ഷ്യസംസ്‌കരണ രംഗത്തെ വര്‍കിട നിക്ഷേപത്തിന്റെ വളര്‍ച്ച 2002-2006ല്‍ 7%ത്തിലായിരുന്നു. കാര്‍ഷികോല്പന്ന സംഭരണത്തിലും തൊണ്ണൂറുകളില്‍ തന്നെ വന്‍ കമ്പനികള്‍ ചുവടുറപ്പിക്കുന്നുണ്ട്.(1996-2006 കാലത്ത് ഇവരുടെ കടന്നുകയറ്റം 7% മെന്ന് റിസര്‍വ്വ് ബാങ്ക് പറയുന്നു).

courtesy: the quint

പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍

ഈയിടെ കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളുടെയും യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്ന് നമ്മെ അറിയിക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് 2011 ല്‍തന്നെ പുറത്തുവന്നിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു(ഐ.എഫ്. പി. ആര്‍. ഐ.) വേണ്ടി തോമസ് റിയര്‍ഡനും ബാര്‍ട്ട്മിന്റെനും (Thomas Reardon and Bart Minten) ചേര്‍ന്ന് തയ്യാറാക്കിയ 'ഇന്ത്യയിലെ ഭക്ഷ്യ വിതരണ ശൃംഖലയിലെ നിശബ്ദ വിപ്ലവം'( The Quiet Revolution in India's Food Supply Chains ) എന്ന ഈ റിപ്പോര്‍ട്ടിന്റെ സാരാംശം ഇതാണ്. 1990 കള്‍ മുതല്‍ ഇന്ത്യയിലെ പരമ്പരാഗത ഭക്ഷ്യ വിതരണ ശൃംഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അവ പ്രധാനമായും താഴെ പറയുന്ന തരത്തിലാണ്.

1) ഇന്ത്യയില്‍ വലിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണ സമ്പ്രദായം നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍

പോലും വര്‍ഷത്തില്‍ 49%എന്ന കണക്കിന് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

2) വന്‍കിട ഭക്ഷ്യ സംസ്‌കരണ വ്യവസായവും വളരെ പെട്ടെന്നാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.

3) പരമ്പരാഗത രീതിയില്‍ കൃഷിക്കാരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ എടുക്കുന്ന ഇടത്തട്ടുകാരായ ചെറുകിട വ്യാപാരികളെയും മണ്ഡി (Mandi Public Wholesale Markste) കളെയും മാറ്റിക്കൊണ്ട് അത്യാധുനിക ഭക്ഷ്യ സംഭരണ വിതരണ സംവിധാനങ്ങളുമായി , മൊത്തക്കച്ചവടക്കാരായ വലിയ കമ്പനികള്‍ കാര്‍ഷികമേഖലയില്‍ പ്രവേശിച്ച്, കൃഷിക്കാരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. മാത്രമല്ല ഈ കമ്പനികള്‍ കൃഷിക്കാര്‍ക്ക് വായ്പകള്‍ നല്‍കുന്നതുവഴി ഭാവിയില്‍ കൃഷിക്കാരുടെ കഷ്ടപ്പാടുകളും മാറും.

4) ഭക്ഷ്യ വിതരണ ശൃംഖലയില്‍ ഈ പുത്തന്‍ വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പോകുന്നത് സ്വകാര്യമേഖലയാണ്.

5)ഭക്ഷ്യവസ്തുക്കള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ഭക്ഷ്യ സമ്പദ്ഘടനയില്‍ ഇന്ന് ഗവണ്‍മെന്റിന്റെ പങ്ക് വെറും ഏഴു ശതമാനം മാത്രമായതിനാല്‍ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ തീരുമാനിക്കുന്നതില്‍ സ്വകാര്യമേഖലയാണ് നിര്‍ണായകം.

6) ഭാവിയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ ചെറുകിട വ്യാപാരം, ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യോല്‍പന്ന സംഭരണ വിതരണങ്ങള്‍ ഈ മൂന്നു മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന വലിയ സ്വകാര്യകമ്പനികളെ പ്രോത്സാഹിപ്പിക്കണം.

7) നിലവിലുള്ള കാര്‍ഷിക നയങ്ങളും നിയന്ത്രണങ്ങളും മാറ്റിക്കൊണ്ട് സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിധത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പണം മുടക്കിയാലേ ഈ പുത്തന്‍ ഭക്ഷ്യ വിതരണ ശൃംഖലകള്‍ വളരുകയുള്ളൂ.

ഇപ്പോള്‍ നിയമമാക്കിയ മൂന്നു കാര്‍ഷിക ബില്ലുകളും മേല്‍പ്പറഞ്ഞ ഗീതോപദേശങ്ങളെ അതേപടി അനുസരിക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല ഈ റിപ്പോര്‍ട്ട് സൂചിപ്പിച്ചതനുസരിച്ച് കാര്‍ഷിക രംഗത്തെ നയപരമായ ഇത്തരം ചുവടു മാറ്റങ്ങള്‍ ആരംഭിക്കുന്നത് 1990കളിലാണ്. 30 വര്‍ഷം മുമ്പ് അടിത്തറയിട്ട പൊളിച്ചു പണികളുടെ ഏറ്റവും സുപ്രധാനമായ നയനിര്‍മാണമാണ് ഇപ്പോള്‍ നടന്നത്. ഇന്ത്യന്‍ ഭക്ഷ്യ സമ്പദ് വ്യവസ്ഥയിലേക്ക് കോര്‍പ്പറേറ്റ് അധിനിവേശത്തിനുള്ള വഴി വെട്ടലുകളുടെ ആദ്യ നടപടികളിലൊന്നായിരുന്നു 2008 ല്‍ ഭക്ഷ്യസംഭരണത്തിനുള്ള കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യത്തിനായി വിദേശകമ്പനികള്‍ക്ക് റഫ്രിജറേഷന്‍ ഉപകരണങ്ങള്‍ക്ക് നികുതി ഒഴിവാക്കി കൊടുത്തതും ഈ മേഖലയില്‍ 100% വിദേശ നിക്ഷേപം അനുവദിച്ചതും. മറ്റൊന്ന് ഭക്ഷ്യസംസ്‌കരണ കമ്പനികള്‍ക്ക് 100% വിദേശനിക്ഷേ

പത്തിന് അംഗീകാരം നല്‍കിയതും ഇത്തരം കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പാടാക്കിയതുമാണ്. ഇതോടൊപ്പം ചെറുകിട വ്യാപാര മേഖലയിലെ 12 ദശ ലക്ഷത്തിലേറെ വരുന്ന സാധാരണ കച്ചവടക്കാരെ തൃണവല്‍ഗണിച്ചുകൊണ്ടാണ് റീട്ടെയില്‍ മേഖലയിലും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വന്‍കമ്പനികളെ കുടിയിരുത്തി വര്‍ഷം 180 ബില്യന്‍ ഡോളറിന്റെ മാര്‍ക്കറ്റ് തരപ്പെടുത്തി കൊടുത്തത്.

ഭക്ഷ്യവസ്തുക്കളുടെ മേലുള്ള മിനിമം സംഭരണവില ഇല്ലാതാക്കുക, ചരക്കുകളുടെ മേലുള്ള അന്തര്‍സംസ്ഥാന നികുതി ഒഴിവാക്കുക, കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് കമ്പനികള്‍ക്ക് വില്‍ക്കാന്‍ സൗകര്യം ഉണ്ടാക്കുക, കാര്‍ഷിക ഭൂമിയുടെ പരിധി നിയമം എടുത്തുകളഞ്ഞ് വന്‍കിട കൃഷിക്കളങ്ങള്‍ ആക്കി മാറ്റുക, ചരക്ക് ഗതാഗതം ഏറ്റവും സുഗമമാക്കുന്നതിനു വേണ്ടി സൂപ്പര്‍ ഹൈവേകളും തുറമുഖങ്ങളും അതിദ്രുതം നിര്‍മിക്കാന്‍ പൊതുപണം എത്രയും കൂടുതല്‍ വിനിയോഗിക്കുക, കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടിയുള്ളതും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതുമായ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികള്‍

നിര്‍വീര്യമാക്കുക, അവശ്യ ഭക്ഷ്യവസ്തു നിയമം എടുത്തുകളഞ്ഞ് കമ്പനികള്‍ക്ക് ഇഷ്ടാനുസരണം കാര്‍ഷിക വിഭവങ്ങള്‍ വാങ്ങി സംഭരിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നിങ്ങനെ ആഗോള കാര്‍ഷികഭക്ഷ്യ വിതരണ കമ്പനികള്‍ ആവശ്യപ്പെടുന്ന എല്ലാ നയപരമായ മാറ്റങ്ങളും ഘട്ടംഘട്ടമായും ഒടുവില്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലൂടെയും ഇന്ത്യന്‍ ഭരണകൂടം നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.

ആധുനിക ഭക്ഷ്യ വിതരണ ശൃംഖലകള്‍

ലോക പട്ടിണി പട്ടികയില്‍ (Global Hunger ypndex 2020 ) ഇന്ത്യയുടെ സ്ഥാനം, 117 രാജ്യങ്ങളുടെ ലിസ്റ്റില്‍ 102 ആണ്. അരനൂറ്റാണ്ട് മുമ്പ്, പുത്തന്‍ ശാസ്ത്രസാങ്കേതിക വിദ്യകളോടെ, കാര്‍ഷികോല്പാദനം കൂട്ടി എല്ലാ ഇന്ത്യക്കാര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടി ഹരിതവിപ്ലവം കൊണ്ടുവന്നു, ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ ഗോഡൗണുകളില്‍ കുമിഞ്ഞുകൂടി ഉപയോഗശൂന്യമായി പോയിട്ടും ജനസംഖ്യയില്‍ 30.3% പേരും ഇന്നും പട്ടിണിക്കാരായി തുടരുന്നു. അതുകൊണ്ട് സ്വകാര്യ കമ്പനികളുടെ വലിയ മുതല്‍മുടക്കോടെ ആധുനിക ഭക്ഷ്യ വിതരണ ശൃംഖലകള്‍ വഴി ഭക്ഷ്യവസ്തുക്കള്‍ ഒട്ടുപോലും പാഴായി പോകാതെ ഉപയോഗിച്ചാല്‍ മാത്രമേ നമ്മുടെ പട്ടിണി മാറ്റാന്‍ പറ്റൂ എന്നാണ് നമ്മെ ഇക്കാര്യത്തില്‍ ഉപദേശിക്കുന്ന ഐ. എഫ്. പി. ആര്‍. ഐ. എന്ന അന്താരാഷ്ട്ര എന്‍.ജി.ഒ.യും ആ ചൊല്‍പ്പടിക്കൊത്ത് ഇന്ത്യാഗവണ്‍മെന്റും തീരുമാനിച്ചിരിക്കുന്നത്. അതിന് ആധുനിക ഭക്ഷ്യ വിതരണ ശൃംഖലകളുടെ ഘടനയും പ്രവര്‍ത്തന രീതിയുമെങ്ങനെയെന്ന് ആദ്യം പരിശോധിക്കേണ്ടതുണ്ട്. കൃഷിക്കാരന്‍ ഉല്പാദിപ്പിക്കുന്ന വിഭവങ്ങള്‍, മൊത്തക്കച്ചവടക്കാര്‍, അവരില്‍നിന്ന് ചെറുകിട വ്യാപാരികള്‍, അവിടെനിന്ന് ഉപഭോക്താക്കളിലേക്കും എത്തുന്ന നിലവിലുള്ള തികച്ചും ലളിതമായ സംവിധാനമല്ല ആധുനിക ഭക്ഷ്യ വിതരണ ശൃംഖലകള്‍. താഴെപ്പറയുന്നവയാണ് ഇതിന്റെ പ്രത്യേകതകള്‍.

1) അത്യാധുനിക യന്ത്രസാമഗ്രികള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, ഭക്ഷ്യവസ്തു പരിചരണ സാങ്കേതിക വിദ്യകള്‍ എന്നിവ വഴി ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ സംഭരിക്കുന്ന സംവിധാനങ്ങള്‍ .

2) വിപണിയുടെ ആവശ്യത്തിനനുസരിച്ചുള്ള ഏതാനും ഭക്ഷ്യവിഭവങ്ങള്‍ വന്‍തോതില്‍ കൃഷിക്കാരെക്കൊണ്ട് കൃഷി ചെയ്യിക്കുകയും അവ വന്‍കിടകമ്പനികള്‍ കൃഷിക്കാരില്‍ നിന്ന് കരാറടിസ്ഥാനത്തില്‍ നേരിട്ടു വാങ്ങുകയും ചെയ്യുന്ന രീതി.

3) ഈ കമ്പനികള്‍ ആകുന്ന ചങ്ങലക്കണ്ണിയില്‍ നിന്നും വിഭവങ്ങള്‍ ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ക്ക് ലോകത്ത് എവിടേക്കും എത്തിച്ചുകൊടുക്കുന്ന ലോജിസ്റ്റിക്സ് കമ്പനികള്‍.

4) ഇവര്‍ എത്തിക്കുന്ന വിഭവങ്ങള്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന ഭക്ഷ്യവ്യവസായശാലകളാകുന്ന കണ്ണികള്‍.

5) ഒടുവില്‍ ഭക്ഷ്യവിഭവങ്ങളും ഭക്ഷണസാധനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ചെറുകിട വ്യാപാരത്തിന്റെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ .

അതായത് കൃഷിക്കാരന്‍, ഉപഭോക്താവ് എന്നീ രണ്ടറ്റങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിധം സംഭരണം, സംസ്‌കരണം, വിനിമയം, വിതരണം എന്നിങ്ങനെയുള്ള കണ്ണികള്‍ രൂപപ്പെടുത്തുകയും അവ ആഗോളതലത്തിലുള്ള വ്യാപാരവും വ്യവസായവുമാക്കി വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് സംവിധാനമാണ് ആധുനിക ഭക്ഷ്യവിതരണ ശൃംഖലകള്‍.

മനുഷ്യജീവിയുടെ ഒന്നാമത്തെ ഉല്‍പാദനഉപഭോഗ പ്രക്രിയകളാകുന്ന കൃഷിയും ആഹാരവും സമ്പൂര്‍ണ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ പിടിയിലാക്കിയ ഒരു നവവ്യവസ്ഥയാണ് ആധുനിക ഭക്ഷ്യ വിതരണ ശൃംഖല. എന്നാല്‍ നമ്മുടെ ഇന്നോളമുള്ള മറ്റു ഉല്‍പാദനഉപഭോഗ മേഖലകളില്‍നിന്ന് തികച്ചും വിഭിന്നമായ ഒരു ലോകമാണ് കൃഷിയും ഭക്ഷണവും പ്രതിനിധീകരിക്കുന്നത്. ഒരു കമ്പനിയില്‍ ഫാന്‍ നിര്‍മിക്കുന്നത് പോലെയോ അതിന്റെ കാറ്റേറ്റ് നമ്മള്‍ ഉറങ്ങുന്നതു പോലെയോ, ടെലിവിഷന്‍, മോട്ടോര്‍ വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ അസംഖ്യം സാധനങ്ങള്‍ ഉണ്ടാക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് പോലെയോ ഉള്ള ഉല്‍പ്പാദനവും ഉപഭോഗവുമല്ല കൃഷിഭക്ഷണങ്ങള്‍. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ സര്‍വ സന്നാഹങ്ങളും (മന:ശാസ്ത്രം ഉള്‍പ്പെടെ) അതിവിദഗ്ധമായി സമാഹരിച്ചും അതികണിശമായി ചിട്ടപ്പെടുത്തിയും ലാഭവും വളര്‍ച്ചയും കേന്ദ്രമാക്കി സദാ ചലനാത്മകമായിരിക്കുന്ന കോര്‍പ്പറേറ്റ് വിതരണ ശൃംഖലകള്‍ ഇതര മേഖലകളില്‍ എന്നപോലെ കൃഷിഭക്ഷണങ്ങളിലേക്ക് ആധിപത്യം ഉറപ്പിക്കുന്നത്, വേറിട്ട വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

ഒരുവശത്ത് നിത്യ സചേതനമായ മണ്ണ്, മറുവശത്ത് അനുക്ഷണം കര്‍മനിരതമായ മനുഷ്യശരീരം, ഇവ രണ്ടും കൃഷിഭക്ഷണങ്ങളാല്‍ കണ്ണി ചേര്‍ക്കപ്പെടുന്ന ജൈവശൃംഖലയാണ്. കാര്‍ഷികോല്പാദനവും ഭക്ഷണോപഭോഗവും. മണ്ണ് എന്ന ആവാസവ്യവസ്ഥയില്‍ ഉല്‍പ്പാദനം നടത്തി അതിന്റെ അനുബന്ധമായ മനുഷ്യശരീരം എന്ന മറ്റൊരു ആവാസവ്യവസ്ഥയിലെ ഉപഭോഗ പ്രക്രിയയില്‍ അവസാനിക്കുന്ന ജീവ പ്രകൃതിയുടെ താളമുണ്ടതിന്. അതുകൊണ്ടുതന്നെ പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിങ്ങനെ സാമ്പത്തികശാസ്ത്രത്തിന്റെ സാമ്പ്രദായിക അളവുഭാഷ കൊണ്ട് മനസ്സിലാക്കുന്നതിനപ്പുറത്തുള്ള, ഗുണപരമായ മൂല്യമുള്ള ജീവന്റെ സുസ്ഥിതിയുടെ ആണിക്കല്ലാണ് ഭക്ഷണത്തിന്റെ ഉത്പാദനഉപഭോഗ വ്യവസ്ഥ. രാഷ്ട്രത്തിന്റെ സാമ്പത്തികാഭിവൃദ്ധി, ഭക്ഷ്യ സുരക്ഷ, തൊഴിലുറപ്പ് എന്നിവയൊക്കെ ഒരു പരിധിവരെ എത്തിപ്പിടിക്കാനായാലും അവയൊക്കെ അനുഭവിച്ച് എല്ലാവര്‍ക്കും ജീവിതാനന്ദം പ്രാപ്യമാകണമെങ്കില്‍ മണ്ണ്, മനുഷ്യശരീരം എന്നീ നിര്‍ണായക പരിസ്ഥിതി ലോലമേഖലകള്‍ അതീവ സൂക്ഷ്മതയോടെ ഗുണപരമായി തന്നെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

എന്നാല്‍, ഇന്ത്യയിലെ 135 കോടിയിലേറെ വരുന്ന ജനങ്ങളെ എല്ലാവരെയും ബാധിക്കുന്ന കാതലായ ഒരു വിഷയത്തെ, അതിന്റെ മര്‍മത്തില്‍ തൊടാതെ, കാര്‍ഷികമേഖലയെ ബാധിക്കുന്ന ഒരു വിഷയം എന്ന രീതിയില്‍, സാമ്പ്രദായികമായ സമര പരിപാടിയായി, ബഹുജന പങ്കാളിത്തമോ പിന്തുണയോ വേണ്ടത്ര ഇല്ലാതെ ഏകപക്ഷീയമാക്കി മാറ്റുന്നുണ്ട്. ഭക്ഷണം ജീവന്റെ അടിസ്ഥാനാവശ്യമായിരിക്കെ, കാര്‍ഷിക പ്രശ്നത്തെ എല്ലാവരെയും ബാധിക്കുന്ന നിലനില്‍പ്പിന്റെ ആരോഗ്യവിഷയമായി നാം ഒന്നാമത് മനസ്സിലാക്കേണ്ടതുണ്ട്. കൃഷി, പ്രകൃതിയുമായുള്ള മനുഷ്യന്റെ ആദ്യത്തെ നേര്‍ക്കുനേരെ നില്‍പ്പ് ആയതിനാല്‍, കാര്‍ഷികവേല അടിസ്ഥാനപരമായ പാരിസ്ഥിതിക വിഷയമെന്ന രീതിയിലും ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കൃഷിയില്‍ വരുത്തുന്ന ഏതൊരു മാറ്റവും കര്‍ഷകരെയോ തൊഴിലിനെയോ സമ്പത്തിനെയോ ബാധിക്കുന്ന വിഷയം എന്നതിലുപരി മനുഷ്യപരിസ്ഥിതിയെ സാരമായി ബാധിക്കുന്ന ഇടപെടല്‍ എന്ന തരത്തില്‍ വേണം വിലയിരുത്തേണ്ടത്.

90 കോടിയിലേറെ ഇന്ത്യന്‍ ജീവിതങ്ങള്‍ അവരുടെ ജീവിതവൃത്തി കണ്ടെത്തുന്ന കാര്‍ഷിക ഭക്ഷ്യമേഖലയെ സമ്പൂര്‍ണമായി സ്വദേശിവിദേശി ഭേദമെന്യേ കോര്‍പ്പറേറ്റ് വിശപ്പിന്റെ ഭ്രാന്തമായ ആര്‍ത്തിക്ക് വെള്ളിപ്പാത്രത്തില്‍ വെച്ച് കൊടുക്കുന്ന രാജ്യദ്രോഹമാണ് 3 കാര്‍ഷിക ബില്ലുകള്‍ നിയമമാക്കിക്കൊണ്ട് കര്‍ഷകക്ഷേമത്തിനെന്ന വ്യാജേന കേന്ദ്ര ഗവണ്‍മെന്റ് ചെയ്തു വെച്ചിരിക്കുന്നത്. തല്‍ഫലമായി അമേരിക്കയിലെയും മെക്സിക്കോയിലെയും എന്നപോലെ, ഭക്ഷ്യ സമ്പദ്ഘടനയില്‍ നിന്ന് 1990കള്‍ മുതല്‍ തൊഴില്‍രഹിതരായി നഗരങ്ങളിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. ഈ നഗര ദരിദ്ര സമൂഹങ്ങള്‍ക്ക് വേണ്ടി മക്ഡൊണാള്‍ഡ്സും വാള്‍മാര്‍ട്ടും വിലകുറഞ്ഞ ജങ്ക് ഫുഡ് പൊതികള്‍ വിതരണം ചെയ്ത്, അവരെ ആഗോള ഭക്ഷണത്തിന്റെ നവരുചികളില്‍ ആറാടിച്ച്, ഇന്ത്യന്‍ ഭക്ഷ്യസുരക്ഷക്ക് പുതിയ മാനങ്ങള്‍ ചമച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും രോഗാതുരമായ സമൂഹമാക്കി മാറ്റും. പക്ഷേ ഒരൊറ്റ 'ജയ്ശ്രീറാം' വിളിയുടെ വന്‍മതിലുകൊണ്ട് എല്ലാ ആതുരതകളെയും ഭരണകൂടം മറച്ചു കളയും. ഇനി ഭക്ഷ്യ മരുഭൂമികളുടെയും ഭക്ഷ്യ ചതുപ്പുകളുടെയും നടുവിലിരുന്നു നമ്മള്‍ ആഗോള പട്ടിണി പട്ടികയില്‍ 102ല്‍ നിന്ന് ഒടുവിലത്തെ 117 ല്‍ എത്തി നില്‍ക്കും. അപ്പോഴേക്കും അന്താരാഷ്ട്ര കാര്‍ഷിക ഭക്ഷ്യഭീമന്മാരായ കാര്‍ഗിലും ടൈസണും കോണ്‍ടിനെന്റല്‍ ഗ്രെയിനും എ.ഡി.എമ്മും എ.ജി.പി.യും ബഞ്ചും ക്രാഫ്റ്റും കെല്ലോഗ്സും യൂണിലിവറും മൊണ്‍സാന്റോബെയറും അവരുടെ ജി.എം ചോളം സോയകളും നെസ്ലേയും റിലയന്‍സും ഐ.ടി.സി.യും അവരുടെ ഭക്ഷ്യ വിതരണ ശൃംഖലകള്‍ കൊണ്ട ഇന്ത്യയെ പരിപൂര്‍ണമായും വരിഞ്ഞുമുറുക്കി കഴിഞ്ഞിരിക്കും.

ആഗോള കോര്‍പ്പറേറ്റുകളുടെ നിക്ഷേപങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട ആധുനിക ഭക്ഷ്യവിതരണ ശൃംഖലകള്‍ ജൈവപ്രകൃതികള്‍ തന്നെയായ മണ്ണിനോടും മനുഷ്യശരീരത്തോടും സാമ്പത്തികശാസ്ത്രത്തിന്റെ ലാഭാധിഷ്ഠിത നിയമങ്ങളുമായി ഇടപെടുമ്പോള്‍ പാരിസ്ഥിതികമായി സംഭവിക്കുന്ന ആഘാതങ്ങളാണ് സവിശേഷമായി പഠനം നടത്തേണ്ടത്. അതായത്, കേന്ദ്ര ഗവണ്‍മെന്റ് പാസാക്കിയ മൂന്നു കാര്‍ഷിക ബില്ലുകള്‍ നമ്മുടെ കാര്‍ഷിക ആവാസവ്യവസ്ഥയിലും 135 കോടി ജനങ്ങളുടെ ശരീരത്തിലും എന്തു പാരിസ്ഥിതികാഘാതങ്ങളാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്? ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ ആഗോള കോര്‍പ്പറേറ്റുകളാല്‍ സംവിധാനം ചെയ്യപ്പെട്ട് മനുഷ്യശരീരം എന്ന ആവാസ വ്യവസ്ഥയിലേക്ക് നിക്ഷേപിക്കപ്പെടുന്ന ഭക്ഷ്യ-ഭക്ഷണ വിഭവങ്ങള്‍ കാര്‍ഷികരംഗത്തെ സാമൂഹ്യ സാമ്പത്തിക പ്രശ്നം എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിന്റെ ആരോഗ്യപരിസ്ഥിതിയില്‍ എന്തെന്തു പ്രത്യാഘാതങ്ങളാണ് നാളെ സൃഷ്ടിക്കാന്‍ പോകുന്നത്? കോര്‍പ്പറേറ്റ് ഭക്ഷണ ഉല്‍പ്പാദന വ്യവസ്ഥയായ ഭക്ഷ്യവിതരണ ശൃംഖലകള്‍, ഇന്ത്യയില്‍ പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞിന്റെയും ആരോഗ്യഭാവിയെ നിര്‍ണയിക്കുന്നത് എങ്ങനെയെന്ന, മുഖ്യധാരാ സാമ്പത്തികശാസ്ത്രം ചര്‍ച്ച ചെയ്യാത്ത മൗലികമായ ചോദ്യം ഉന്നയിക്കുമ്പോള്‍ മാത്രമേ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരങ്ങള്‍ ജനാരോഗ്യ പ്രക്ഷോഭമായി വളര്‍ന്നു കരുത്തുനേടി കോര്‍പ്പറേറ്റ് ഭക്ഷണ വിതരണാധിപത്യത്തെ തഴയുന്ന ജനകീയ കൂട്ടായ്മകളുടെ ഹ്രസ്വ വിതരണ ശൃംഖലകള്‍ (Shotsr Supply Chains) സ്ഥാപിച്ചു ബദല്‍ ശക്തിയായി വളരൂ.

കപട ദേശസ്നേഹവും മത ശത്രുതയും ദളിത് പീഡനവും കൈമുതലാക്കിയ ജനാധിപത്യവിരുദ്ധമായ ഭരണ വര്‍ഗത്തിനു മാത്രമേ ഇടതുവലതു കക്ഷികളേക്കാള്‍ അതിശീഘ്രം എല്ലാ എതിര്‍പ്പുകളെയും നിഷ്‌കരുണം കണ്ടില്ലെന്ന് നടിച്ച് ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് ഓശാന പാടാന്‍ കഴിയൂ എന്ന് കോര്‍പ്പറേറ്റ് ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലം തൊട്ടേ തികച്ചും ഉത്തമബോധ്യമുള്ളതാണ്. കാരണം അവരാണ് ഈ മതാധിഷ്ഠിത രാഷ്ട്രീയ ബോധത്തെ ഇന്ത്യന്‍ മണ്ണില്‍ വെള്ളം ഒഴിച്ചുകൊടുത്തു വളര്‍ത്തി വലുതാക്കിയത്. നമ്മുടെ ഇടതുവലതു ജനാധിപത്യ കക്ഷികള്‍ ആകട്ടെ ഉദാരവല്‍ക്കരണത്തിന്റെ മൂലധന കുത്തൊഴുക്കിനെതിരെ ആശയപരമായി തന്നെ പരാജയപ്പെട്ടു, ഉള്ളാലെ അതിന്റെ ആരാധകവൃന്ദമായി അഭിരമിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൃഷിയുടെയും ഭക്ഷണത്തിന്റെയും ജനാരോഗ്യത്തിന്റെയും പുതിയ സര്‍ഗാത്മക രാഷ്ട്രീയം ബദല്‍ ശക്തിയായി വളര്‍ന്നു വരാതെ നിര്‍വാഹമില്ല. നാട്ടുകൃഷിയെയും ഭക്ഷണ സംസ്‌കാരത്തെയും നാട്ടുചന്തകളെയും, അവയുടെ സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ മൂല്യം തിരിച്ചറിഞ്ഞു കൊണ്ട്, ആഗോള ഭക്ഷ്യ വിതരണ ശൃംഖലകള്‍ക്കു പകരം ജനകീയമായ ലഘുഭക്ഷ്യ വിതരണ ശൃംഖലകള്‍ കൃഷിക്കാരുടെയും ചെറു കച്ചവടക്കാരുടെയും ഉപഭോക്താക്കളുടെയും കൂട്ടായ്മയില്‍ രാജ്യത്തുടനീളം രൂപപ്പെടേണ്ടതുണ്ട്. അമേരിക്കയില്‍ ഉള്‍പ്പെടെ പല രാജ്യങ്ങളിലും കോര്‍പ്പറേറ്റ് ഭക്ഷണാധിപത്യത്തിന്റെ പാരിസ്ഥിതിക സാമൂഹ്യസാമ്പത്തിക അനീതികള്‍ക്കെതിരെ അത്തരമൊരു മുന്നേറ്റം ശക്തമാകുന്നുണ്ടിന്ന്. പ്രാദേശിക, ദേശീയ അന്തര്‍ദേശീയമായ തലങ്ങളിലെല്ലാം കര്‍ഷക ഉപഭോക്തൃ കൂട്ടായ്മകള്‍ ചേര്‍ന്ന് ആഗോളീകൃത ഫാസ്റ്റ്ഫുഡ് ശൃംഖലക്കു പകരം ലോക്കല്‍സ്ലോഫുഡ് മൂവ്മെന്റുകളുടേതാകണം ഭാവിലോകം.

ഭക്ഷണാധിനിവേശ കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയെയും ഇന്ത്യന്‍ സാധ്യതകളെയും ആധികാരികമായി പഠിക്കുകയും, ഇനി എങ്ങനെ കരുത്താര്‍ജിച്ചു മുന്നേറണമെന്ന് അവരെ ഉപദേശിക്കുകയും, അതിന് ഗവണ്‍മെന്റിന്റെ കാര്‍ഷികഭക്ഷ്യ നയങ്ങളില്‍ എന്ത് മാറ്റങ്ങള്‍ ആണ് കൊണ്ടുവരേണ്ടതെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്ന, കോര്‍പ്പറേറ്റ് ധനസഹായത്താല്‍ ചലിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആഗോള കാര്‍ഷികഭക്ഷണ കോര്‍പ്പറേറ്റ് എന്‍.ജി.ഒ. നടത്തിയ ഗവേഷണ രേഖയാണ് The Quiet Revolution in India's Food Supply Chains.

(കടപ്പാട്-ചന്ദ്രിക ആഴ്ചപ്പതിപ്പ്)

No stories found.
The Cue
www.thecue.in