യുദ്ധം വേണ്ട, ഉപകാരപ്രദമായ ചികില്‍സാപദ്ധതിക്കാവണം പരിശ്രമം

യുദ്ധം വേണ്ട, ഉപകാരപ്രദമായ ചികില്‍സാപദ്ധതിക്കാവണം പരിശ്രമം

രോഗങ്ങളും ചികിത്സകളും സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ മനുഷ്യന്റെ അനാദിയായ വികാസ ചരിത്രത്തിലേക്കും അവരുല്‍പ്പാദിപ്പിച്ച ചിന്തകളിലേക്കും അനുബന്ധ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുചെല്ലേണ്ടതുണ്ട്. രോഗമെന്നത് ആദിമമനുഷ്യനെ സംബന്ധിച്ച് അവരുടെ അസ്വസ്ഥതകളോ വേദനകളോ ആയ അനുഭവമായിരുന്നു. ഓരോ സ്ഥലത്തും വ്യത്യസ്തകൂട്ടമായി നിലനിന്നിരുന്ന മനുഷ്യനെ സംബന്ധിച്ച് അവന്റെ രോഗചിന്തകള്‍ വ്യത്യസ്തവുമായിരുന്നു. അന്യോന്യം കൊടുക്കല്‍ വാങ്ങലുകള്‍ പിന്നീടാണുണ്ടായത്. അതിന് മുമ്പ് അതാത് സ്ഥലത്തെ അറിവുകളും ചികിത്സകളും മാത്രമേ അവരവര്‍ക്ക് അറിയുമായിരുന്നുള്ളൂ. ഓരോ സ്ഥലത്തെ ജീവിതത്തിനും സംസ്‌കാരത്തിനുമനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വന്നിട്ടുമുണ്ടാകും. പ്രാചീന സംസ്‌കാരങ്ങളുണ്ടായ സ്ഥലത്തൊക്കെയും വ്യത്യസ്തമായ ചികിത്സാ സമ്പ്രദായങ്ങളുണ്ടായിട്ടുണ്ട്. ചൈന, ഈജിപ്ത്, ഇന്ത്യ, ഗ്രീക്ക് എന്നീ സ്ഥലങ്ങളില്‍ വ്യത്യസ്തമായ ചികിത്സാരീതികളാണ് വളര്‍ന്ന് വികസിച്ചത്.

അമാനുഷികമായ കാരണങ്ങളാലാണ് രോഗങ്ങളുണ്ടാകുന്നത് എന്നാണ് പ്രചീനമനുഷ്യര്‍ കരുതിയിരുന്നത്. ദൈവകോപം കൊണ്ടോ ചെകുത്താന്റെ സാന്നിധ്യം കൊണ്ടോ രോഗങ്ങള്‍ ഉണ്ടാകുന്നു എന്നായിരുന്നു അവര്‍ കണക്കാക്കിയത്. അതിനെ ചികിത്സിക്കാന്‍ ആഭിചാരക്രിയകളും മന്ത്രവാദവും പ്രീതിപൂജയുമൊക്കെയാണ് നടത്തിയിരുന്നത്. ഗോത്രകാലത്തും മറ്റും ചികിത്സിക്കുന്നവര്‍ മന്ത്രവാദികളും പുരോഹിതന്മാരുമായിരുന്നു. സമൂഹത്തില്‍ അവര്‍ക്ക് ഉയര്‍ന്ന പദവിതന്നെയുണ്ടായിരുന്നു. വീണ്ടും മനുഷ്യസമൂഹം മുന്നോട്ടു ചരിക്കുന്നതിനിടയിലാണ് രോഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പാടവം കൈവന്നത്. പ്രകൃതിയില്‍ സസ്യങ്ങളും അവയുടെ ഭാഗങ്ങളും മൃഗങ്ങളുടെ സ്രവങ്ങളും, ഉച്ഛിഷ്ടങ്ങളും പല്ല്, കൊമ്പ്, രക്തം എന്നിവയും ഉപയോഗിച്ച് രോഗചികിത്സ നടത്താമെന്ന അറിവ് ആ കാലഘട്ടത്തോടെ രൂപംകൊണ്ടു. പിന്നീട് പ്രകൃതിയിലെ ലഭ്യമായ ചില ധാതുക്കളെടുത്തും ചികിത്സിക്കാന്‍ തുടങ്ങി. ഓരോ ഗോത്രങ്ങളും വംശങ്ങളും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഇത്തരം ചികിത്സാരീതികള്‍ സ്വായത്തമാക്കിയത്. തീ കണ്ടുപിടിച്ചതിനുശേഷമാണ് ആഹാരംപോലെ മരുന്ന് പാകം ചെയ്ത് തയ്യാറാക്കുന്ന തലത്തിലേക്ക് വികസിച്ചത്. അതാത് ഗോത്രങ്ങളിലും മറ്റും ഒതുങ്ങിക്കഴിഞ്ഞിരുന്ന മനുഷ്യര്‍ നിരന്തരം സഞ്ചരിച്ചുതുടങ്ങിയപ്പോള്‍, വ്യത്യസ്ത കൂട്ടങ്ങള്‍ തമ്മില്‍ ഇടപഴകാന്‍ തുടങ്ങിയപ്പോള്‍ ഈ ചികിത്സാ അറിവുകള്‍ അന്യോന്യം കൈമാറാന്‍ തുടങ്ങി. ഇതോടൊപ്പം മനുഷ്യരുടെ രോഗങ്ങളും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പകരാന്‍ തുടങ്ങി. ഇന്ത്യയില്‍ ആദ്യമായി വസൂരി എത്തിയത് ഈജിപ്തില്‍ നിന്നു ബി.സി ആയിരം കൊല്ലം മുന്‍പ് ആളുകള്‍ എത്തിയപ്പോഴായിരുന്നു. മനുഷ്യര്‍ മൃഗങ്ങളെ പോറ്റാന്‍ തുടങ്ങിയപ്പോഴാണ് പല മൃഗജന്യ രോഗങ്ങളും(ക്ഷയം, വസൂരി) മനുഷ്യരിലേക്ക് എത്തിയത്. ഇപ്പോള്‍ കോവിഡ് പോലുള്ള രോഗങ്ങള്‍ എത്തുന്നതും മൃഗങ്ങളും, ജന്തുക്കളുമായി മനുഷ്യരുടെ ഇടപെടലുകള്‍ മൂലമാണല്ലോ.

ഇന്ത്യ, ആഫ്രിക്ക, ഈജിപ്ത്, ചൈന എന്നിവിടങ്ങളിലും ഇങ്ങനെ ആളുകള്‍ പരസ്പരം അറിവുകള്‍ കൈമാറിയിട്ടുണ്ട്. അങ്ങനെ വികസിച്ചുവന്നതാണ് ഇന്ത്യയിലെ ആയുര്‍വേദവും സിദ്ധ ചികിത്സയും. ത്രിദോഷ സിദ്ധാന്തത്തില്‍ ഊന്നിയ ആയുര്‍വേദ സംഹിതകള്‍ ചരകനും സുശ്രുതനും രചിച്ചത് ബി.സി 1500 വേദകാലഘട്ടത്തിലാണ്. അറേബ്യന്‍ രാജ്യത്താണ് യുനാനി ഉണ്ടായത്. അക്യുപ്പങ്ചര്‍ ചൈനയിലുണ്ടായതാണ്. അങ്ങനെ ഓരോ നാട്ടിലും അവരവരുടെ ജീവിതത്തിലൂടെ അനുഭവിച്ചും പരീക്ഷിച്ചും വികസിച്ചും(ട്രയല്‍ ആന്റ്എറര്‍) സംസ്‌കാരത്തോടൊപ്പം രൂപംകൊണ്ടതാണ് വിവിധ ചികിത്സാരീതികള്‍.

വെറും രോഗാണുമാത്രമല്ല രോഗത്തിന് കാരണമെന്നും മറ്റ് പലതിന്റെയും അനുകൂലസാഹചര്യം ഉണ്ടാകണമെന്നുമുള്ള കാഴ്ചപ്പാട് പിന്നീടാണ് രൂപപ്പെട്ടത്. രോഗമുണ്ടാകാന്‍ വെറും രോഗാണുക്കള്‍ ഉണ്ടായാല്‍ മാത്രം പോര മറ്റ് അനുകൂല ഘടകങ്ങളും വേണ്ടതുണ്ട്.

ഇതിനുശേഷം ചികിത്സാചരിത്രത്തില്‍ ചിന്താപരമായ(cognitive)മുന്നേറ്റം രൂപംകൊണ്ടത് ഗ്രീക്ക് സംസ്‌കാരത്തിലാണ്. എന്തുകൊണ്ടാണ് എങ്ങനെയാണ്(Why,How)രോഗം വരുന്നത് എന്ന ചോദ്യത്തിലൂടെയാണ് അത്തരം ചിന്താപദ്ധതികള്‍ ഉയര്‍ന്നുവന്നത്. ഇഹലോകത്തിനപ്പുറത്തെ ശക്തികള്‍ കാരണമാണ് മനുഷ്യരില്‍ രോഗമുണ്ടാകുന്നത്(സൂപ്പര്‍ നേച്വറല്‍ തിയറി) എന്നതിനെ ആദ്യമായി ചോദ്യം ചെയ്യുന്നത് ഗ്രീക്ക് ജനതയാണ്. ബി.സി 500 ലൊക്കെ ചരിത്രരേഖകളില്‍ എസ്‌കുലേപ്പസ് എന്ന വൈദ്യനെക്കുറിച്ച് പറയുന്നുണ്ട്. അദ്ദേഹമാണ് ശാസ്ത്രീയമായ ചോദ്യമുന്നയിച്ചത്. മിത്തോളജിക്കലായി പറയുന്നത് അദ്ദേഹത്തിന് ഹൈജീയ, പനേസിയ എന്നീ രണ്ട് പെണ്‍മക്കളുണ്ടായിരുന്നുവെന്നാണ്. ഹൈജീയ രോഗപ്രതിരോധത്തിന്റെയും(preventive)പനേസിയ ചികിത്സയുടേയും(curative)ദേവതമാരാണ്(ക്യൂറേറ്റീവ് മെഡിസിന്‍) എന്നീ കഥകളുണ്ട്.

പിന്നീട് ബി.സി 400ല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്ന ഹിപ്പോക്രാറ്റസ് കടന്നുവരുന്നു. രോഗത്തിന്റെ കാരണമന്വേഷിച്ചുതുടങ്ങുന്നത് അദ്ദേഹമാണ്. രോഗമുണ്ടാകുന്നതിന് നമ്മുടെ കാലാവസ്ഥയ്ക്കും, പരിതസ്ഥിതിക്കും സ്വാധീനമുണ്ടോ എന്ന് അന്വേഷിക്കുന്നത് ഹിപ്പോക്രാറ്റസ് ആണ്. രോഗം പകരുന്നതിനെക്കുറിച്ചുള്ള 'കണ്ടേജിയസ് തിയറി' രൂപപ്പെടുന്നത് ഈ കാലത്താണ്. ഒരാള്‍ക്ക് രോഗം പകരുന്നത് രോഗിയുമായി , സമ്പര്‍ക്കമുണ്ടാകുന്നതിനാലാണ്, അല്ലെങ്കില്‍ രോഗി ഉപയോഗിച്ച വസ്തുക്കളോ മറ്റോ മറ്റൊരാള്‍ ഉപയോഗിക്കുമ്പോഴാണ്, ഭക്ഷണത്തിലൂടെയാണ് എന്ന തരത്തിലുള്ള തിയറികള്‍ ഇക്കാലത്താണ് ഉണ്ടായത്. ഫ്രക്കറ്റോറിയസ് എന്ന വൈദ്യനാണ് ആ തിയറിയുടെ ഉപജ്ഞാതാവ്. നേരിട്ടോ പരോക്ഷമായോ ഉള്ള ഇടപഴകലിലൂടെയാണ് രോഗം പകരുന്നതെന്ന തിയറി അദ്ദേഹം കൊണ്ടുവന്നു. മലേറിയക്ക് ആ പേര് വന്നത് മോശം വായുവഴി പകരുന്ന ആമറ മശൃ(മാല്‍ എയര്‍) എന്ന അര്‍ത്ഥത്തിലാണ്. പിന്നീട് മലമ്പനി പകര്‍ത്തുന്നത് രോഗാണുവായ പ്ലാസ്‌മോഡിയം കൊതുകുകള്‍ വഴിയാണെന്ന് റൊണാള്‍ഡ് റോസ് കണ്ടെത്തുന്നത് 1897 ലാണ്.

എ.ഡി 500 മുതല്‍ 1500 വരെ അറിവുകളുടെ ഇരുണ്ട കാലഘട്ടമെന്നാണ് അറിയപ്പെടുന്നത്. മതത്തിന്റെ അമിത ഇടപെടലിലൂടെ ശാസ്ത്രത്തിന് അധികം വികസിക്കാന്‍ കഴിയാതെ പോയകാലം. എ.ഡി 1500 ന് ശേഷമാണ് ശാസ്ത്രീയമായ ആധികാരിക ചിന്തകള്‍ ഉടലെടുത്തത്. ആയതിനാല്‍ ആധുനിക ചികിത്സാപദ്ധതി എന്ന മുന്നേറ്റത്തിന് വളരെ അധികം പഴക്കമില്ലെന്ന് പറയാം. കാര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്ന ശാസ്ത്രചിന്ത ഉടലെടുക്കുന്നതുമുതലാണ് ആധുനിക ശാസ്ത്രത്തിന്റെ ഉദയം എന്നുപറയാം. ഭൂമിക്കു ചുറ്റുമാണ് എല്ലാം കറങ്ങുന്നതെന്നാണ് ഒരിക്കല്‍ വിശ്വസിച്ചിരുന്നത്. അത് മാറി. സൂര്യന് ചുറ്റുമാണ് ഭൂമി അടക്കം എല്ലാ ഗ്രഹങ്ങളും കറങ്ങുന്നതെന്ന കണ്ടെത്തലുണ്ടാകുന്നതും അപ്പോഴാണല്ലോ. ഭൂമി പരന്നതാണെന്നത് മാറി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതും ആ കാലഘട്ടത്തിലാണ്. കോപ്പര്‍നിക്കസും ഗലീലിയോയുമൊക്കെ ഈ സമയത്താണ് ഉയര്‍ന്നുവരുന്നത്. അതുവരെ ചികിത്സാരംഗത്ത് കണ്ടേജിയസ്(സാംക്രമിക രോഗാണു)തിയറിക്ക് ലഭിച്ചിരുന്ന മേധാവിത്വം മാറിമറിയുന്നത് ലൂയിപാസ്ചറിന്റെ വരവോടെയാണ്. 1870ല്‍ അദ്ദേഹം ജെംതിയറി (ഏലൃാവേലീൃ്യ)മുന്നോട്ടുവെക്കുന്നു. രോഗങ്ങളുണ്ടാകുന്നത് രോഗാണു കാരണമാണെന്നതാണ് ഈ തിയറിയുടെ അന്തസത്ത. അതുവരെ കരുതിയത് മോശമായ അന്തരീക്ഷമുള്ളതിനാലോ ചത്ത വസ്തുക്കളിലൂടെയോ വെള്ളത്തിലൂടെയോ പകരുന്നതിനാലോ ആണ് രോഗങ്ങളുണ്ടാകുന്നത് എന്നാണ്. അണുബാധമൂലമാണ് രോഗമുണ്ടാകുന്നതെന്ന വിപ്ലവാത്മകമായ മാറ്റത്തിന് കാരണമായത് ലൂയിപാസ്റ്ററിലൂടെയാണ്. മൈക്രോബ്‌സ് അതായത് സൂക്ഷ്മജീവികളാണ് രോഗത്തിന് കാരണമെന്നാണ് കണ്ടെത്തിയത്. മൈക്രോസ്‌കോപ്പ് കണ്ടുപിടിച്ചതിലൂടെ രോഗാണുവിനെ നേരിട്ടു കാണാനും തുടങ്ങി. അതേ കാലഘട്ടത്തില്‍ത്തന്നെ റോബര്‍ട്ട് കോക്ക്(Robert Koch)എന്ന ശാസ്ത്രജ്ഞന്‍ 1877ല്‍ ആന്ത്രാക്‌സ് രോഗത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. ആന്ത്രാക്‌സ് രോഗാണു തന്നെയാണോ പശുവിന്റെ മരണകാരണമെന്ന് പരീക്ഷിക്കാന്‍ മറ്റ് മൃഗങ്ങളിലും മരിച്ച പശുവിന്റെ നീര്‍ എടുത്തു പരീക്ഷിച്ചു നോക്കുകയായിരുന്നു റോബര്‍ട്ട് കോക്ക്. രോഗബാധയുള്ള ഭാഗത്തെ സ്രവം മറ്റു പശുക്കളില്‍ കുത്തിവെച്ചപ്പോള്‍ അവയിലും അതേ രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാനും അവയുടെ ശരീരത്തിലെ വ്രണങ്ങളില്‍നിന്നും രോഗാണുവിനെ വേര്‍തിരിച്ചു എടുക്കാനും പറ്റി. അങ്ങനെയാണ് 'കോക്‌സ് പോസ്റ്റുലൈറ്റ്‌സ്' ഉണ്ടായത്. സൂക്ഷ്മാണുക്കളാണ് രോഗമുണ്ടാക്കുന്നതെന്നതിന് കൂടുതല്‍ സ്ഥിരീകരണം നല്‍കാന്‍ ഇത് സഹായിച്ചു.

വെറും രോഗാണുമാത്രമല്ല രോഗത്തിന് കാരണമെന്നും മറ്റ് പലതിന്റെയും അനുകൂലസാഹചര്യം ഉണ്ടാകണമെന്നുമുള്ള കാഴ്ചപ്പാട് പിന്നീടാണ് രൂപപ്പെട്ടത്. രോഗമുണ്ടാകാന്‍ വെറും രോഗാണുക്കള്‍ ഉണ്ടായാല്‍ മാത്രം പോര മറ്റ് അനുകൂല ഘടകങ്ങളും വേണ്ടതുണ്ട്. സാമൂഹ്യസാഹചര്യം, ശുചിത്വക്കുറവ്, പോഷകാഹാരക്കുറവ്, ദാരിദ്ര്യം എന്നിവകളും അനുകൂല ഘടകങ്ങള്‍ ആണെന്നും ഇവ രോഗവ്യാപനത്തിന് ആവശ്യമാണെന്നും കണ്ടെത്തി. അങ്ങനെയാണ് മള്‍ട്ടിഫാക്ടറല്‍ തിയറി (വിവിധ കാരണങ്ങള്‍)രൂപപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് ഈ സിദ്ധാന്തം വരുന്നത്. രോഗമുണ്ടാകുന്നത് രോഗാണുമൂലമാണെങ്കിലും അതിന് കാരണമാകുന്നതിന് വ്യക്തിപരവും, സാമൂഹ്യ പരവുമായ വിവിധതരം റിസ്‌ക് ഫാക്ടറുകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.

അതേ കാലഘട്ടത്തില്‍ 1870ല്‍ത്തന്നെ ബ്രിട്ടനില്‍ വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് താഴെക്കിടയില്‍ ഉള്ളവരില്‍, തൊഴിലാളികളില്‍ പ്ലേഗ് പടര്‍ന്നുപിടിക്കുന്നു. അവരില്‍ തന്നെ കോളറ, ടി.ബി എന്നിവയും വരുന്നു. ധനികരില്‍ രോഗം വരുന്നത് കുറവുമാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാലും വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്നതിനാലും ദാരിദ്ര്യമുള്ളതിനാലുമാണ് രോഗം വരുന്നതെന്ന നിഗമനത്തിലെത്തി. സാനിറ്റേഷന്‍ പ്രക്രിയ നന്നായി ശ്രദ്ധിച്ചാല്‍ രോഗം വരില്ലെന്ന നിഗമനത്തിലെത്തുന്നു. 'സാനിറ്റേഷന്‍ എവെയ്ക്കനിങ്ങ്' എന്ന തിയറിയുമായി ചാര്‍ഡ്‌വിക്ക് (Chadwick)എന്ന അഭിഭാഷകന്‍ കടന്നുവരുന്നത് അപ്പോഴാണ്. ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, ശുചിത്വം ഉറപ്പാക്കുക, വീടും കുടിവെള്ള വിതരണവും ലഭ്യമാക്കുക എന്നിവ നടപ്പാക്കിക്കൊണ്ടാണ് പാശ്ചാത്യരാജ്യങ്ങള്‍ പകര്‍ച്ച വ്യാധികളെ നിയന്ത്രിച്ചത്. ആരോഗ്യത്തിന്റെ സാമൂഹ്യ നിര്‍ണയ ഘടകങ്ങള്‍ ഇങ്ങനെയാണ് തിരിച്ചറിഞ്ഞത്.

ലൂയിപാസ്ചറുടെ രോഗാണു കണ്ടെത്തലിന് വളരെ വര്‍ഷം മുമ്പുതന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോളറ വന്ന് ആളുകള്‍ മരിക്കുന്നുണ്ടായിരുന്നു(1845 -1855). മരിച്ചവരുടെ വ്യക്തമായ കണക്കെടുക്കുന്ന സമ്പ്രദായം(രജിസ്റ്ററുകള്‍) അന്നേ അവിടെ നിലവിലുണ്ടായിരുന്നു. ലണ്ടനില്‍ ഡോ. ജോണ്‍സ്‌നോ അത്തരം കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഒരു പ്രത്യേക പ്രദേശത്ത്, പൈപ്പില്‍നിന്ന് വെള്ളമെടുത്തവരാണ് കോളറ മൂലം കൂടുതലും മരിച്ചതെന്ന് കണ്ടെത്തി. അക്കാലത്ത് തന്നെ അവിടങ്ങളില്‍ പൈപ്പിലൂടെ കുടിവെള്ള വിതരണം എന്ന പദ്ധതികളുണ്ടായിരുന്നു. തെംസ് നദിയുടെ മുകള്‍ ഭാഗത്തെ പൈപ്പ് പോയിന്റില്‍നിന്ന് വരുന്ന വെള്ളം കുടിച്ചവര്‍ക്ക് രോഗം നന്നെ കുറവും താഴെ ഭാഗത്തുനിന്ന് വെള്ളമെടുത്തവരില്‍ രോഗവും മരണനിരക്കും കൂടുന്നതായും കണ്ടു. രണ്ടും വ്യത്യസ്ത കമ്പനികള്‍ രണ്ട് സ്ഥലത്തുനിന്നാണ് സപ്ലൈ ചെയ്യുന്നത്. അതിനാല്‍ കൂടുതല്‍ മരണനിരക്ക് കണ്ട ഭാഗത്തെ പൈപ്പ് അടപ്പിച്ചു. തുടര്‍ന്നു രോഗം കുറയുന്നതായി കണ്ടു. ഇങ്ങനെ കോളറ ബാധയുടെ ബാക്ടീരിയയെ കണ്ടെത്തുന്നതിനുമുമ്പേ തന്നെ കോളറ പടരുന്നത് വെള്ളത്തിലൂടെയാണെന്ന് അവര്‍ക്ക് ബോധ്യമായി നിയന്ത്രണം നടത്താനായത് മെഡിക്കല്‍ ചരിത്രത്തില്‍ ഉണ്ട്.

1796ല്‍ത്തന്നെ എഡ്വേര്‍ഡ് ജെന്നര്‍ സ്‌മോള്‍ പോക്‌സിന്റെ വാക്‌സിന്‍ കണ്ടെത്തിയിരുന്നു. ആ കണ്ടുപിടുത്തത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാകും. മൂവായിരം വര്‍ഷം മുമ്പുതന്നെ ഇന്ത്യയിലെയും ചൈനയിലെയും സാധാരണ മനുഷ്യര്‍ പരീക്ഷിച്ച ചില രീതികളുടെ സ്വാധീനം ഈ കണ്ടുപിടുത്തത്തിന് പിന്നിലുണ്ടെന്നതാണ് അത്. മനുഷ്യരിലെ സ്‌മോള്‍പോക്‌സ് പോലെ പശുക്കളില്‍ ഉണ്ടാകുന്ന രോഗമാണ് കൗപോക്‌സ്. ഇത് ഉണ്ടാകുന്ന പശുവിന്റെ ശരീരത്തിലെ 'ചലം'/ പൊറ്റ ക്ഷീരകര്‍ഷകരും മറ്റും സ്വന്തം ശരീരത്തില്‍ കുത്തിവെച്ചിരുന്നു. അങ്ങനെ കുത്തിവെച്ചവരില്‍ പിന്നീട് സ്‌മോള്‍പോക്‌സ് വന്നിരുന്നില്ല എന്നവര്‍ മനസ്സിലാക്കിയിരുന്നു. ഈ ധാരണയുടെ കൂടി അടിസ്ഥാനത്തിലാണ് ജന്നര്‍ പശുവിന്റെ പഴുപ്പില്‍ നിന്നെടുത്തത് കുത്തിവെച്ച് വാക്‌സിന്‍ കണ്ടുപിടിച്ചത്. ഇത്തരം വാക്‌സിന്റെ കണ്ടെത്തലിനൊക്കെ അതിനുമുമ്പേയുള്ള മനുഷ്യരുടെ അറിവ് നിര്‍ണായകമായും സ്വാധീനിച്ചിട്ടുണ്ട്. പഴയതില്‍നിന്നുള്ള അറിവ് പുതുക്കികൊണ്ടുതന്നെയാണ് ആധുനിക ആരോഗ്യശാസ്ത്രവും മറ്റു പല ശാസ്ത്രശാഖയുമെന്നപോലെ വികസിച്ചത്. അതിനാല്‍ ആധുനിക ശാസ്ത്രം പോലെ ആധുനിക ചികിത്സാ ശാഖയ്ക്ക് അത്രയധികം പ്രായമുണ്ടെന്ന് പറയാനാകില്ല. 1930കളിലാണ് അലക്‌സാണ്ടര്‍ ഫ്‌ളെമിങ് പെന്‍സിലിന്‍ കണ്ടുപിടിക്കുന്നത്. 90 കൊല്ലത്തെ പഴക്കമേ ഇപ്പോഴത്തെ 'മാജിക് ബുള്ളറ്റുകള്‍' എന്നു വിളിക്കുന്ന ആന്റിബയോട്ടിക്കുകളുടെ ചരിത്രത്തിനുള്ളൂ. നിരന്തരം ചോദ്യം ചെയ്തും പുതിയ അന്വേഷണം നടത്തിയുമാണ് ആധുനിക ശാസ്ത്രം മുന്നോട്ട് പോകുന്നത്. ആദ്യകാലത്ത് അതാത് ദേശത്ത് അവരുടേതായ ചികിത്സാസമ്പ്രദായം ഉണ്ടായിട്ടുണ്ട്. അതില്‍നിന്നെല്ലാമുള്ള വികാസമാണ് ആധുനിക വൈദ്യശാസ്ത്രം. യുനാനി, സിദ്ധ എന്നിവയ്‌ക്കെല്ലാം ശേഷം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ജര്‍മനിയില്‍ ഹോമിയോ ഉണ്ടാകുന്നത്.

വ്യവസായ വിപ്ലവത്തിനുശേഷം ശാസ്ത്രത്തില്‍ പുതിയ പല കണ്ടുപിടുത്തങ്ങളുണ്ടായി. അതിന്റെ ഭാഗമായി ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്നിവയെല്ലാം വലിയതോതില്‍ വളര്‍ന്നു. ഇതിന്റെയെല്ലാം അറിവ് സ്വാംശീകരിച്ചാണ് ആധുനിക വൈദ്യശാസ്ത്രം വികസിച്ചത്. ബുദ്ധമതത്തിന് സ്വാധീനമുണ്ടായിരുന്ന ആദ്യകാലത്ത് ശരീരം കീറിമുറിക്കാനൊന്നും അനുവാദമുണ്ടായിരുന്നില്ല. പിന്നീട് മനുഷ്യന്റെയും മൃഗങ്ങളുടെയും ശരീരഘടന നേരിട്ട് കണ്ടുപഠിച്ചു. അനാട്ടമിയുടെ പഠനം മെച്ചപ്പെട്ടു. ബയോകെമിസ്ട്രിയും ഫിസിയോളജിയും കെമിസ്ട്രിയുമൊക്കെ വലിയ വികാസം പ്രാപിച്ചു. ഇത്തരം അറിവുകളെ സ്വാംശീകരിച്ചുകൊണ്ടാണ് ആധുനിക വൈദ്യശാസ്ത്രം വികസിച്ചത്. ഇതിനെ അലോപ്പതി(മഹഹീുമവ്യേ)എന്ന് വിളിച്ച് ക്ലാസിഫൈ ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു. സാമുവല്‍ ഹാനിമാന്‍ ആണ് ഈ പേരിടുന്നത്. അലോസ്(allos,other)sഎന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്നും പതോസ് എന്നു പറഞ്ഞാല്‍ ചികിത്സ എന്നുമാണ് അര്‍ത്ഥം. അതുകൊണ്ടാണ് ഇതിനെ അലോപ്പതി എന്ന് വിളിക്കാന്‍ ഞാന്‍ തയ്യാറാകാത്തത്. ആയുര്‍വേദവും, സിദ്ധയും, യുനാനിയും വളരെ മുന്‍പുള്ള ചികിത്സാസമ്പ്രദായമാണ്. അവയിലൊക്കെ മനുഷ്യരുടെ അറിവുകള്‍ക്ക് അനുസരിച്ചും ശാസ്ത്ര പുരോഗതിക്ക് അനുസരിച്ചും വലിയ വികാസം നടന്നിട്ടുള്ളതായി അറിവില്ല. മുന്‍പേയുള്ള രീതികളെ ശാസ്ത്രീയമായ സാധ്യതകള്‍ ഉണ്ടെങ്കില്‍ അവയൊക്കെ കണ്ടെത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ എങ്ങനെ സമന്വയിപ്പിക്കാം, വികസിപ്പിക്കാം എന്നാണ് ഇനി നോക്കേണ്ടത്. അല്ലാതെ കണ്ണടച്ച് കൂട്ടിക്കലര്‍ത്തുകയല്ല വേണ്ടത്; പാടെ ഉപേക്ഷിക്കുകയുമല്ല. ചൈനയടക്കം പല രാജ്യങ്ങളും പുതിയ കണ്ടെത്തലുകള്‍ക്കൊപ്പം 'തനതു ചികിത്സകളെ' ഗവേഷണത്തിലൂടെ നവീകരിച്ചു സമന്വയിപ്പിക്കുന്നുണ്ട്.

ഈ മേഖലയിലെ അറിവുകള്‍ ഒരിക്കലും പൂര്‍ണമാകുന്നില്ല, വീണ്ടും വീണ്ടും കണ്ടെത്തി ചേര്‍ത്ത് നവീകരിച്ചുകൊണ്ടിരിക്കയാണ്. ഇനി മനുഷ്യരിലെ രോഗം(ശഹഹില)ൈഎന്താണെന്ന് പരിശോധിക്കാം. ആരോഗ്യം എന്നത് ശാരീരികവും, മാനസികവും, സാമൂഹ്യവുമായ സന്തുഷ്ടാവസ്ഥയാണല്ലോ. ഇതില്‍ നിന്നുള്ള വ്യതിയാനമാണ് രോഗങ്ങള്‍. മനുഷ്യന്റെ വേദനകളാണ്, സഹനങ്ങളാണ് രോഗങ്ങള്‍. അത് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളുമാകാം. ഇവ ചിലപ്പോള്‍ ആത്മനിഷ്ഠമായിരിക്കാം. ചിലപ്പോള്‍ ഒരാളിന്റെ തോന്നലുകള്‍ തന്നെയാകാം രോഗം. ആദ്യകാലത്ത് രോഗലക്ഷണങ്ങളാണ് രോഗമായി കരുതിയിരുന്നത്. ഉദാ: ചൂട് തോന്നുന്നു തണുപ്പ് തോന്നുന്നു, ശരീരത്തില്‍ ഇഴയുന്നതായി തോന്നുന്നു. ഒരാള്‍ വേദന അനുഭവിക്കുമ്പോള്‍ ശരീരത്തിനകത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയേണ്ടതുണ്ട്/അല്ലെങ്കില്‍ എന്താണ് ഈ വേദനക്കു കാരണം എന്ന് അറിയേണ്ടതുണ്ട്. വിവിധതരം തോന്നലുകളുണ്ട്. അതിലൊന്നാണ് സൈക്കോസൊമാറ്റിക്. രോഗങ്ങളെ മാനസിക രോഗം, ശാരീരിക രോഗം, സൈക്കൊസോമാറ്റിക് രോഗം എന്നിങ്ങനെ മൂന്ന് വിധങ്ങളായി കാണാം.

മാനസികരോഗവും (psychic) ശാരീരിക (സൊമാറ്റിക്) രോഗവുമുണ്ട്. എനിക്ക് ഈ രോഗമുണ്ട് എന്ന തോന്നലാണ് സൈക്കോസൊമാറ്റിക്. ഇതിനെയെല്ലാം വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ശരീരത്തിന് നോര്‍മല്‍ ആയി സഹജമായ ഒരു സ്വഭാവമുണ്ട്. അതില്‍ എന്തെങ്കിലും മാറ്റം വരുന്നതിനെ അതായത് ഡീവിയേഷന്‍സ് ഓഫ് നോര്‍മല്‍ സ്ട്രക്ചര്‍ അല്ലെങ്കില്‍ ഫങ്ക്ഷന്‍ ഉണ്ടാകുന്നതിനെയാണ് രോഗം എന്ന് വിളിക്കുന്നത്. അതു വ്യക്തിക്ക് അനുഭവപ്പെടുമ്പോള്‍ അതിനെ ഇല്‍നെസ്(ശഹഹില)ൈഎന്ന് പറയും. ഒരാള്‍ക്ക് ആത്മനിഷ്ഠമായി ലക്ഷണമില്ലാതെ രോഗം കണ്ടെത്തുന്നതിനെ ഡിസീസ് എന്നും പറയും. ഏതിനൊക്കെ ചികിത്സിക്കണം ചികിത്സിക്കേണ്ടതില്ല എന്നതിനെക്കുറിച്ച് അറിയേണ്ടതുണ്ട്. ഉദാഹരണമായി പനിയെ എടുക്കാം. സാധാരണ ഒരു മനുഷ്യശരീരത്തിന്റെ ചൂട് 98.4 ഡിഗ്രിയില്‍ കൂടുതലാകുമ്പോഴാണ് പനി എന്ന് പറയുന്നത്. ചിലപ്പോള്‍ 98.4ഡിഗ്രിയില്‍ താഴെ ആയാലും രോഗികള്‍ പനിയാണെന്ന് പറയാറുണ്ട്. അത് അവരുടെ തോന്നല്‍ മാത്രമാണ്. പനി എന്നത് ഇവിടെ യാഥാര്‍ത്ഥ്യമല്ല. ശരീരത്തിലെ താപനില പോലെ, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും, ഘടകങ്ങള്‍ക്കും എന്താണ് 'നോര്‍മല്‍' അവസ്ഥ എന്നു നിശ്ചയിച്ചാലേ രോഗത്തെ എന്താണെന്ന് തിരിച്ചറിയാന്‍ പറ്റുകയുള്ളൂ. (പള്‍സ് റേറ്റ് 72/മിനിട്ട്, മൂത്രത്തിന്റെ അളവ്, ഹീമോഗ്ലോബിന്‍ അളവ് 11 gram.etc). ഹിസ്‌റ്റോളജി, ബയോകെമിസ്ട്രി, ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ചികിത്സകന് അറിവുണ്ടായിരിക്കണം. എന്നാലേ യഥാര്‍ത്ഥ ശരീരത്തിന്റെ ഘടനയെന്തെന്നും അതില്‍ വരുന്ന ഇത്തരം മാറ്റമെന്തെന്നും മസ്സിലാക്കാനാകൂ. ഇത്തരം അറിവുണ്ടെങ്കിലേ ആധുനികചികിത്സയില്‍ വൈദ്യനാകാന്‍ കഴിയൂ.

ശാസ്ത്രീയതയുടെ പുതിയ കാലത്ത് മരുന്നുകളുടെ ഉപയോഗത്തിനു തെളിവുകള്‍ ആവശ്യമുണ്ട്. അത് എങ്ങനെയാണ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തെളിയിക്കണം. ആദ്യമായി ഒരു മരുന്ന് കണ്ടുപിടിച്ചാല്‍ അത് പരീക്ഷണമൃഗങ്ങളില്‍(ഗിന്നി പന്നികളിലോ എലികളിലോ) പരീക്ഷിക്കപ്പെടണം. ആനിമല്‍ എക്‌സ്പിരിമെന്റ് എല്ലാം വിജയകരമായാല്‍ അത് മനുഷ്യരില്‍ വിജയിക്കണമെന്നില്ല.

വിശ്വാസവും സംസ്‌കാരവുമായി കൂടിച്ചേര്‍ന്നുകിടക്കുന്നതാണ് ആദ്യകാലത്ത് രോഗം എന്ന അവസ്ഥ. പ്രേതബാധമൂലമാണ് അപസ്മാരം വരുന്നത് എന്നാണ് ആദ്യകാലങ്ങളില്‍ മനുഷ്യര്‍ വിശ്വസിച്ചുപോന്നിരുന്നത്. മുന്‍പ് മരിച്ചവരുടെ ആത്മാവ് ചെറുമക്കളിലേക്ക് കടന്നുവന്നു പ്രവര്‍ത്തിച്ചു രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് വിശ്വസിച്ചിരുന്നു. കുട്ടികളില്‍ വയറുവേദനയ്ക്ക് കൊതി കൂടുന്നതിന് മന്ത്രിച്ചുകെട്ടുന്ന അവസ്ഥയുണ്ടായിരുന്നു. അത്തരം രോഗാവസ്ഥകള്‍ പലതും ഇന്നില്ലാത്തത് ആധുനികശാസ്ത്രത്തിലൂടെ അതിനെ മറികടന്നതിലൂടെയാണ്. ആളുകളുടെ അതിലുള്ള വിശാസം ഇല്ലാതായപ്പോഴാണ്. ആളുകള്‍ കൂടുന്ന സമയത്ത് ഹിസ്റ്റീരിയല്‍ കണ്‍വേഴ്ഷന്‍ റിയാക്ഷന്‍ പോലെ പെട്ടെന്ന് കുഴഞ്ഞുവീഴുന്ന അവസ്ഥയൊക്കെ ഇന്ന് കുറവാണ്. മുന്‍പ് അതൊക്കെയും രോഗമായിരുന്നു. അതിനെ പ്രേതഭൂതബാധയുമായാണ് ബന്ധപ്പെടുത്തിയിരുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ടും രോഗാവസ്ഥയുണ്ട്. ഇതില്‍ സത്യമേത് അസത്യമേത് എന്ന് തിരിച്ചറിയണം. ചിലത് വ്യക്തിക്ക് വരുന്ന വേദനകളും/തോന്നലുകളും/അനുഭവങ്ങളും മറ്റും യഥാര്‍ത്ഥത്തില്‍ ശാരീരിക രോഗത്തിന്റെ ഫലമല്ലെന്ന് തിരിച്ചറിയണം. ഇത്തരം രോഗികളെ പ്രസ്തുത രോഗത്തിനായല്ല ചികിത്സിക്കേണ്ടത്. അതിനാല്‍ ലക്ഷണങ്ങളെ മാത്രം ചികിത്സിക്കുമ്പോള്‍ യഥാര്‍ത്ഥരോഗം എന്താണെന്ന് ശരിയായി തിരിച്ചറിയേണ്ടതുണ്ട്. ഇന്നാകട്ടെ ആരാണ് രോഗി എന്നതിന് ചിലപ്പോള്‍ രോഗി ലക്ഷണം പ്രകടമായി കാണിക്കണമെന്ന് നിര്‍ബന്ധമില്ല. പുതിയ രോഗ നിര്‍ണയരീതിയിലൂടെ ആളുകള്‍ക്ക് ലക്ഷണമില്ലെങ്കിലും രോഗത്തെ കണ്ടെത്താം. രോഗലക്ഷണത്തിന് പകരം ബയോക്കെമിക്കല്‍ മാറ്റത്തിലൂടെ രോഗിയെ തിരിച്ചറിയുന്നു. പ്രമേഹരോഗിയാണെന്ന് കണ്ടെത്തുന്നതിന് എപ്പോഴും ലക്ഷണങ്ങള്‍ കാണണമെന്നില്ല. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ഒരാളുടെ ഷുഗര്‍ 126ാ6mg/dl ആണ് വേണ്ടത്. (ഭക്ഷണം കഴിച്ചിട്ട് 200ാmg/dl) രക്തം പരിശോധിച്ചാല്‍ പ്രമേഹരോഗിയാണോ അല്ലയോ എന്ന് തിരിച്ചറിയാം. കിഡ്‌നിക്ക് അസുഖമുള്ളവരിലും പ്രത്യക്ഷമായ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തിലൊന്നും കാണാറില്ല. അതും രക്തപരിശോധനയിലൂടെ കണ്ടെത്താം. രക്തത്തിലെ യൂറിയ, ക്രിയാറ്റിന്റെ അളവ് കൂടുതലാണെങ്കില്‍ കിഡ്‌നി പ്രോബ്ലം ഉണ്ടെന്ന് അറിയാം. രോഗലക്ഷണങ്ങളല്ലാതെ ബയോകെമിക്കല്‍ ടെസ്റ്റിലൂടെ രോഗികളെ കണ്ടെത്തുന്നു. മുന്‍പ് നോര്‍മലായ അവസ്ഥയിലായിരുന്ന ശാരീരിക സ്ഥിതി ഇപ്പോള്‍ ചില പരിശോധനകളിലൂടെ ഒരാള്‍ അബ്‌നോര്‍മലായി/രോഗാവസ്ഥയായി മാറുന്നുമുണ്ട്. തൊണ്ടയിലെ മുഴയായ തൈറോയിഡ് വലിപ്പം മുന്‍പ് സൗന്ദര്യത്തിന്റെ ലക്ഷണമായിരുന്നു. ഡാവിഞ്ചി മോണാലിസയെ വരച്ചപ്പോള്‍ തൊണ്ടവീക്കം ഒരു സൗന്ദര്യലക്ഷണമായി വരച്ചിരുന്നു. എന്നാലിപ്പോള്‍ അത് 'ഗൊയിറ്റര്‍' അസുഖമാണ്. മുന്‍പ് കേരളത്തിലെ ഒരാളുടെ ആരോഗ്യം തടിച്ചിരിക്കുക എന്നതായിരുന്നു. ഇപ്പോള്‍ തടി പൊണ്ണത്തടിയെന്ന(obesity)രോഗമായി മാറി. നേരത്തെ രോഗമെന്ന് കരുതിയത് രോഗമല്ലാതായി മാറിയതുപോലെ രോഗമല്ലെന്ന് കരുതിയ അവസ്ഥ രോഗമായും മാറിയിട്ടുണ്ട് ഇപ്പോള്‍. സയന്‍സിന്റെ പുരോഗതിക്കനുസരിച്ച് രോഗനിര്‍ണയരീതിയിലും മാറ്റം വരുന്നുണ്ട്. സബ്ജക്ടീവ് ആയിട്ടല്ല ഒബ്ജക്ടീവായാണ് (വസ്തുതാപരം) രോഗനിര്‍ണയം. ഇവിടെ ഒരാള്‍ക്ക് രോഗം കണ്ടെത്തി നിര്‍ണയിക്കപ്പെട്ടാല്‍ അത് ലോകത്തിലെവിടെ പോയി പരിശോധിച്ചാലും അതേ രോഗ നിര്‍ണയം തന്നെയാകും. രോഗം വെറും സബ്ജക്ടീവ് അല്ല, തോന്നലുകളല്ല, സംസ്‌കാരവുമായി ബന്ധപ്പെട്ടതല്ല 'ശരിയായ രോഗം' സത്യം തന്നെ (REAL TRUTH) എന്നുവരുന്നു. അത് ശാസ്ത്രീയമായ ഒരു ശരിയായി മാറുകയാണ്. അതേ രോഗത്തിന്റെ ചികിത്സയുടെ അടിസ്ഥാനവും എല്ലായിടത്തും ഒന്നായിരിക്കും.

പുതുതായി കണ്ടുപിടിക്കപ്പെടുന്ന ചില രോഗങ്ങളെക്കുറിച്ച് പറയാം. മുന്‍പ് ആളുകള്‍ കാരണം അറിയാതെ കുഴഞ്ഞുവീണ് മരിക്കാറുണ്ട്. അത് ഹൃദയത്തകരാറ്‌കൊണ്ടോ മറ്റോ ആയിരിക്കാം. പലയാളും കുഴഞ്ഞുവീണ് മരിച്ചിരുന്നു എന്നുമാത്രം. ഇസിജി യന്ത്രം കണ്ടു പിടിച്ചതോടെ കുഴഞ്ഞുവീഴുന്നതിന് മുന്‍പേ ആ മനുഷ്യന്റെ രോഗാവസ്ഥ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദം സാധാരണയായി ഉള്ളവര്‍ക്ക് പുറമെ രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. രക്തസമ്മര്‍ദം അളക്കുന്ന ബി.പി അപ്പാരറ്റസ് വന്നതോടെ അതളന്നു രോഗം നിര്‍ണയിക്കാനായി. രക്തസമ്മര്‍ദം 140നും 90നു മുകളിലും എന്നതാണ് രക്തസമ്മര്‍ദത്തിന്റെ മാനദണ്ഡം. 140ല്‍ കൂടുതലാണെങ്കിലും 90ല്‍ കൂടുതല്‍ ആണെങ്കിലും രോഗിയാണെന്ന് കണ്ടെത്തുന്നു. ഇ.സി.ജി മെഷീന്‍ കണ്ടെത്തിയതോടെയാണ് ഹൃദയസംബന്ധമായ രോഗമുള്ളയാളെ മുന്‍കൂട്ടി കണ്ടെത്തിയത്. സ്‌കാനിംങ് മെഷീന്‍ കണ്ടെത്തിയതോടെ പുതിയ ട്യൂമറുകളെ(കാന്‍സര്‍) കണ്ടെത്താന്‍ കഴിയുന്നു. പനി ലക്ഷണമായി എത്തുന്നവരില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാണ് നിപ്പയും കോവിഡും ദേങ്ഗുവും തിരിച്ചറിയുന്നത്. പുതിയ രോഗനിര്‍ണയ കണ്ടുപിടുത്തങ്ങളോടെ പുതിയ രോഗങ്ങളെ കണ്ടെത്തുകയും രോഗികള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. രോഗവും ചികിത്സയും എപ്പോഴും സ്ഥിരമായ ഒരു അവസ്ഥയിലല്ല. നിരന്തരം മാറിക്കൊണ്ടേയിരിക്കുന്നുണ്ട്. മുന്‍കാലത്ത് ഗര്‍ഭവും പ്രസവവും ജൈവികമായ ശാരീരികമായ അവസ്ഥ തന്നെയായിരുന്നു (biological and Physiological). ചികിത്സ തേടേണ്ട രോഗമായിരുന്നില്ല. അങ്ങനെയാണോ ഇന്നത്തെ അവസ്ഥ? ഗര്‍ഭസംരക്ഷണവും പ്രസവങ്ങളും നടക്കുന്നത് ആശുപത്രികളിലാണ്. ഇതുമൂലം അമ്മമാരുടെയും, കുട്ടികളുടെയും ആരോഗ്യ സംരക്ഷണവും അനുബന്ധിച്ചുള്ള മാതൃ ശിശു മരണങ്ങള്‍ വളരെ കുറക്കാനും സാധ്യമാകുന്നുണ്ട്. അവ വിരളവുമാണ്. ഇതുകൊണ്ട് തികച്ചും നോര്‍മല്‍ ആയ ശാരീരിക/മാനസിക അവസ്ഥകളെ മുഴുവന്‍ ' മെഡിക്കലൈസ്' ചെയ്തു രോഗമാക്കി ചികിത്സിക്കാതിരിക്കാനും ജാഗ്രത വേണം. രോഗമില്ലാത്തവരെ രോഗികളായി പരിഗണിക്കപ്പെടുമ്പോള്‍(ലേബലിങ് ഇഫക്റ്റ്)ഉണ്ടാകുന്ന ആഘാതങ്ങള്‍ വലുതുമാണ്.

അപ്പോള്‍ ചികിത്സിക്കുന്നയാളും(സാധാരണക്കാരും)എന്താണ് രോഗം എന്തല്ല രോഗം എന്നറിഞ്ഞിരിക്കണം. എല്ലാ രോഗത്തിനും ചികിത്സ വേണ്ടതുണ്ടോ? ഏതൊക്കെ രോഗത്തിനാണ് ചികിത്സ വേണ്ടത്. ചില രോഗങ്ങള്‍ സ്വാഭാവികമായും മാറാവുന്നതേയുള്ളൂ. അത്തരം രോഗങ്ങള്‍ക്ക് വെറുതെ ചികിത്സിക്കുന്നത് രോഗിക്ക് ശാരീരികമായും സാമ്പത്തികമായും നഷ്ടമുണ്ടാക്കും. രോഗിയില്‍ ഒളിഞ്ഞിരിക്കുന്ന രോഗങ്ങള്‍ കണ്ടെത്താനും ചികിത്സിക്കാനും ചികിത്സകന്‍ അറിവുള്ളവരും ആകണം. ഇപ്പോള്‍ എല്ലാ ചികിത്സാമേഖലയും വ്യാപാരത്തിലേക്ക് മാറിയതിനാല്‍ ഇക്കാര്യത്തില്‍ നല്ല ധാരണ സമൂഹത്തില്‍ രൂപംകൊള്ളേണ്ടതുണ്ട്. എല്ലാ രോഗത്തിനും ചികിത്സ വേണ്ടതുണ്ടോ. ചിലത് തനിയെ ഭേദമാകുന്നതാണ്. ആരാണ് ഇത് നിര്‍ണയിക്കേണ്ടത് രോഗിയാണോ ശാസ്ത്രമാണോ. ശാസ്ത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആവശ്യമില്ലാതെ രോഗങ്ങള്‍ നിര്‍മിക്കുന്ന അവസ്ഥയുമുണ്ട് . സബ്ജക്ടീവ് ഫീലിങ്ങൊക്കെ രോഗമെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുന്നുമുണ്ട്. പരസ്യങ്ങള്‍ ചികിത്സ തിരഞ്ഞെടുപ്പുകളെയും, ഔഷധങ്ങളെയും നിര്‍ണയിക്കുമ്പോള്‍ ഇവിടെ ശാസ്ത്രീയ നൈതികതയ്ക്ക് തന്നെയാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. മനുഷ്യരിലെ രോഗലക്ഷണങ്ങള്‍ക്കുപരി അടിസ്ഥാന രോഗത്തെ കണ്ടെത്തി, അവയുടെ കാരണങ്ങളെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്ന രീതി തന്നെയാണ് ഒരാളിന്റെ/ഒരു ജനതയുടെ ശരിയായ തിരഞ്ഞെടുപ്പ്.

ഇനി രോഗ ചികിത്സകളിലെ ശാസ്ത്രീയതയെക്കുറിച്ച് അന്വേഷണമാകാം. എന്താണ് രോഗം എന്നതിനെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ ശരിയായി ചികിത്സിക്കാന്‍ കഴിയൂ. രോഗം മനുഷ്യനിലും ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന മാറ്റം എന്താണ് എന്ന് അറിയണം. എന്നാലേ അത് ചികിത്സിക്കാന്‍ പാടുള്ളൂ എന്നതാണ് ആധുനിക വൈദ്യശാസ്ത്രരീതി. ബയോകെമിക്കല്‍, അനാട്ടമിക്കല്‍, ഫിസിയോളജിക്കല്‍, പത്തോളജിക്കല്‍ മാറ്റം എന്താണ് എന്ന് അറിഞ്ഞിട്ടാണ് ചികിത്സ നല്‍കേണ്ടത്. എന്നാല്‍ ആദ്യകാലത്ത് ഇങ്ങനെ അറിഞ്ഞതിനുശേഷമായി രുന്നില്ല ചികിത്സിച്ചിരുന്നത്. ഇതിനുള്ള പ്രാഥമികമായ അറിവ് ലഭിച്ചിരുന്നില്ല. മറിച്ച് ചില സങ്കല്‍പ്പങ്ങള്‍/വിശ്വാസങ്ങള്‍ ആയിരുന്നു. ഫോക് ചികിത്സാരീതികള്‍/ നാട്ടറിവുകള്‍ എന്നത് ട്രയല്‍ ആന്റ് എറര്‍ എന്ന രീതിയിലായിരിക്കാം രൂപം പ്രാപിച്ചത്. ആദ്യം ഒന്നു ചെയ്യുന്നു; അത് ശരിയല്ലെങ്കില്‍ മറ്റൊന്നു മാറ്റി ചെയ്യുന്നു. പിന്നീടത് അടുത്ത തലമുറയ്ക്ക് കൈമാറുന്നു. അത്തരം ഫോക് രീതികള്‍ അതേപോലെ തന്നെ ശാസ്ത്രീയതയുടെ പിന്‍ബലമില്ലെങ്കില്‍/എതിരാണെങ്കില്‍ ഇന്ന് നിലനിര്‍ത്തേണ്ടതുണ്ടോ എന്നതാണ് ഉയര്‍ന്നുവരുന്ന ചോദ്യം. മനുഷ്യന് ഉപകാരപ്പെടുമെങ്കില്‍ നിലനിര്‍ത്താം. എന്നാല്‍ അതുതന്നെ ശാസ്ത്രീയമായി പരിശോധിച്ചശേഷമേ, ദോഷങ്ങള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയേ ഉപയോഗിക്കാവൂ എന്നാണ് ശരിയായ നിലപാട്. ഉദാഹരണത്തിന് എന്റെ കുട്ടിക്കാലത്ത് മുണ്ടിനീര് എന്ന അസുഖത്തിന് ആധുനികശാസ്ത്രത്തില്‍ ചികിത്സ ഉണ്ടായിരുന്നില്ല. പ്ലാത്താടി എന്ന മരുന്ന് അരച്ചിട്ട് പുരട്ടിക്കൊടുക്കുകയാണ് ചെയ്യുക. ഇതിന്റെ ശാസ്ത്രം എന്തായിരുന്നു എന്നു ആരെങ്കിലും അന്വഷിച്ചിരുന്നുവോ? ഫോക് മെഡിസിനുകള്‍ ഇത്തരത്തില്‍ ഓരോ നാട്ടിലും വ്യത്യസ്തമായി ഉണ്ടാകാം. എന്താണ് അത്തരം ഔഷധസസ്യങ്ങള്‍ക്ക് പിന്നിലെ ശാസ്ത്രം എന്ന് ഇപ്പോള്‍ പരിശോധിക്കുകയാണ് വേണ്ടത്. നിലനില്‍ക്കുന്നതെല്ലാം അതേപോലെതന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടോ എന്നതില്‍ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. മുന്‍കാലത്ത് ജ്യോതിഷവും ആസ്‌ട്രോളജിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആസ്‌ട്രോണമി, ആസ്‌ട്രോ ഫിസിക്‌സ് രൂപാന്തരപ്പെട്ടു. ഇന്ന് സൗരയൂഥത്തെക്കുറിച്ചും, ചൊവ്വയുടെ എല്ലാ അറിവും പുതിയതായി വന്നിട്ടുണ്ട്. എന്നിട്ടും ആസ്‌ട്രോളജി പ്രകാരം രാശികള്‍ നോക്കി ചൊവ്വാദോഷമുണ്ടെന്ന് പറഞ്ഞ് നാം എന്തെല്ലാം ചെയ്യുന്നു. മിക്കവരും ജാതകം നോക്കിയാണ് ഇപ്പോഴും കാര്യങ്ങള്‍(ചികിത്സപോലും) ചെയ്യുന്നത്. ഇതിലൊന്നും യാതൊരു ശാസ്ത്രീയതയുമില്ലെന്ന് കണ്ടെത്തിയ കാലമാണിത്. എന്നിട്ടും അത് നില്‍നില്‍ക്കുന്നുണ്ട്. ആയതിനാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് അതിനെ അംഗീകരിക്കാന്‍ പറ്റുമോ? ആസ്‌ട്രോളജിക്ക് പകരം ആസ്‌ട്രോണമി/ആസ്‌ട്രോ ഫിസിക്‌സ് അല്ലേ ശ്രദ്ധിക്കേണ്ടത്. കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്തുമാത്രമേ മുന്നോട്ട് പോകാനാകൂ.

ഞാന്‍ ഒരു ആയുര്‍വേദ കുടുംബത്തില്‍ ജനിച്ചയാളാണ്. എന്റെ അച്ഛന്‍ പ്രശസ്ത വൈദ്യനും കോട്ടക്കല്‍ ആര്യവൈദ്യശാല സ്ഥാപകന്‍ പി.എസ് വൈദ്യരുടെ ശിഷ്യനുമായിരുന്നു. അച്ഛന്റെയടുക്കല്‍ വന്ധ്യതാ ചികിത്സയ്ക്ക്‌വരെ ആളുകളെത്തുമായിരുന്നു. ചികിത്സ ലഭിച്ചിട്ടുള്ള പലര്‍ക്കും അത് ഫലിച്ചതായി കേട്ടിട്ടുമുണ്ട്. പ്രധാന മായും അന്ന് നല്‍കിയിരുന്നത് ശതാവരിഗുള മായിരുന്നു. അവരുടെ വന്ധ്യത മാറിയത് നല്‍കിയ ഔഷധങ്ങള്‍കൊണ്ട് തന്നെയായിരുന്നുവോ? അങ്ങനെയുണ്ടെങ്കില്‍ അത് എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന അതിന്റെ ശാസ്ത്രം കണ്ടെത്തേണ്ടതുണ്ട്. അതോ അത് വെറും 'പ്ലാസിബോ' ഇഫക്ട് ആയിരുന്നുവോ? അങ്ങനെയുണ്ടെങ്കില്‍ത്തന്നെ അതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളാണ്, റിസര്‍ച്ചാണ് ഇന്നത്തെ കാലത്ത് ആയുര്‍വേദ ശാഖ നടത്തേണ്ടത്. പല ചികിത്സയ്ക്കും 'പ്ലാസിബോ' ഇഫക്ട് എന്നൊരു പ്രതിഭാസം ഉണ്ടാകാറുണ്ട്. മരുന്ന് ഇല്ലാതെതന്നെ വെറും സസ്യകൂട്ടുകള്‍/പച്ചവെള്ളം മരുന്നായോ ഇന്‍ഞ്ചക്ഷനായോ കൊടുക്കുമ്പോള്‍ രോഗിക്ക് ആശ്വാസം കിട്ടുന്നുണ്ടാകും. ചിലര്‍ക്ക് രോഗം മാറുന്നുമുണ്ടാകും. ഔഷധമെന്ന് കരുതുന്ന പല മരുന്നുകളും രോഗം മാറ്റുന്നത് 'പ്ലാസിബോ' ഇഫക്ട് മൂലമായിരിക്കാം. രോഗികളുടെ പല വേദനകളും തോന്നലുകളും മാറുന്നത് 'പ്ലാസിബോ' ഇഫക്ട് മൂലമാണെന്ന് ഇന്ന് തെളിയിക്ക പ്പെട്ടിട്ടുണ്ട്. ലൈംഗികതയ്ക്കും അതിന്റെ ഫലമായി, വന്ധ്യതയ്ക്കുപോലും 'പ്ലാസിബോ' ഇഫക്ട് മൂലം ഭേദമാകുന്ന അവസ്ഥ ഉണ്ടാകുന്നതായി കണ്ടിട്ടുണ്ട്. പല ചികിത്സാ ശാഖകളിലെയും ഔഷധങ്ങള്‍ കഴിക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കുറയുന്നതായി അനുഭവപ്പെടുന്നത് ഇത് മൂലമാണെന്ന് പഠനങ്ങളില്‍ കണ്ടിട്ടുണ്ട്. 'പ്ലാസിബോ' ഇഫക്ട് അല്ലാതെയാണ് രോഗം മാറുന്നതെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ശാസ്ത്രീയാവസ്ഥ കണ്ടെത്തേണ്ടതുണ്ട്.

ഞാന്‍ ഈയിടെ വായിച്ച Ending Medical Reversal: Improvong Outcomes, Saving lives (ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചത്) എന്ന പുസ്തകമുണ്ട്. ആസ്തമയുടെ ചികിത്സയില്‍ 'പ്ലാസിബോ' ഇഫക്ട് എങ്ങനെയുണ്ടാകുന്നു എന്ന ഗവേഷണ പഠനത്തെക്കുറിച്ച് അതില്‍ പ്രതിപാദിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ കുഴലുകള്‍ ചുരുങ്ങുന്നതാണ് ആസ്ത്മ. സൈക്കോളജിക്കലായി ആസ്ത്മ വരുന്നവരുണ്ട്. അത്തരം രോഗികളെയല്ല, യഥാര്‍ത്ഥ രോഗികളില്‍ ചിലര്‍ക്ക് അക്യുപങ്ചര്‍ ചികിത്സ നല്‍കി. മറ്റൊരു ബാച്ചിന് ഹെര്‍ബല്‍ സസ്യങ്ങളില്‍നിന്നുള്ള നീര് ചികിത്സ നല്‍കി. മറ്റൊരു കൂട്ടര്‍ക്ക് മോഡേണ്‍ മെഡിസിന്റെ ഇന്‍ഹേലര്‍ കൊടുത്തു. മറ്റൊരു കൂട്ടര്‍ക്ക് ഒന്നും കൊടുത്തില്ല. നൂറുപേരുടെ ബാച്ചുകളായാണ് ഓരോ വിഭാഗവും. നിശ്ചിത സമയം കഴിഞ്ഞ് നിരീക്ഷിച്ചപ്പോള്‍ അക്യുപങ്ചര്‍ എടുത്തവരില്‍ 30 ശതമാനത്തിനും ഹെര്‍ബല്‍ എടുത്തവരില്‍ 35 ശതമാനത്തിനും ഇന്‍ഹേലര്‍ ഉപയോഗിച്ചവരില്‍ 70 ശതമാനത്തിനും രോഗശമനം അനുഭവപ്പെട്ടതായി കണ്ടു. എല്ലാവര്‍ക്കും രോഗം കുറഞ്ഞിട്ടുണ്ടോ? ഉണ്ട്! അതൊരു സബ്ജക്ടീവായ അനുഭവമാണ്. എന്നാല്‍ ഇതെല്ലാം രോഗമുണ്ടാക്കിയ കാരണത്തിന് ശമനം വന്നിട്ടാണോ, ശ്വാസകോശത്തിന്റെ ചെറുകുഴലുകള്‍ക്ക് വികാസം വന്നിട്ടാണോ എന്നറിയാന്‍ ഘൗിഴ ഫംഗ്ഷന്‍ പരിശോധിച്ചു നോക്കി. ഇന്‍ഹേലര്‍ കൊടുത്തവര്‍ക്കു മാത്രമേ ഈ വ്യത്യാസം ഉള്ളൂ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മറ്റ് രണ്ടും കൊടുത്തവര്‍ക്ക് ശ്വാസകോശം വികസിച്ചിട്ടില്ലെങ്കിലും രോഗലക്ഷണം കുറവുണ്ട്. മരുന്നുകൊണ്ട് മാത്രമല്ല ഇതുപോലെ ശസ്ത്രക്രിയകള്‍ക്കും (ൗെൃഴലൃ്യ) പ്ലാസിബോ എഫക്ടുകള്‍ ഉണ്ടാകുന്നതിന്റെ ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. രോഗം പലപ്പോഴും മാറിയെന്ന് തോന്നുന്നത് ഒബ്ജക്ടീവായി അല്ല. സബ്ജക്ടീവായ ഫീലിങ്ങിലൂടെയാണ്. ഇതാണ് 'പ്ലാസിബോ' ഇഫക്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രത്യേകത അത് നിരന്തരം സ്വയം പരിശോധനയ്ക്ക്/പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്നതാണ്. പുതിയ ഗവേഷണ കണ്ടെത്തലുകള്‍ അനുസരിച്ച് അത് പുതുക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നത്തെ ചികിത്സതന്നെ ഭാവിയിലും തുടരണമെന്നില്ല. നിരന്തരം അത് സ്‌ക്രൂട്ടിനൈസ് ചെയ്യുന്നുണ്ട്. തെറ്റാണെന്ന് കണ്ടാല്‍ ചികിത്സ തിരുത്തുന്നു, ദോഷങ്ങള്‍ കണ്ടെത്തിയാല്‍ ചില ചികിത്സകള്‍ തന്നെ ഉപേക്ഷിക്കപ്പെടുന്നുണ്ട്. ഫലിക്കുന്നില്ലെന്ന് കണ്ടാല്‍ പുതിയവ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട പുതിയവ കണ്ടെത്തുമ്പോള്‍ പഴയത് മാറ്റുകയും ചെയ്യുന്നുണ്ട്. ഇവയുടെ ഫലങ്ങളൊക്കെ മെഡിക്കല്‍ ജേര്‍ണലുകളില്‍ 'പീര്‍ റിവ്യു' നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.

നമ്മുടെ ആശുപത്രിയില്‍ ഒ.പി ചികിത്സക്കെത്തുന്ന (ഉദാ: പനി, ജലദോഷം പോലുള്ളവ, ചില വേദനകളും) നല്ലൊരു ശതമാനം രോഗങ്ങളും മരുന്ന് കഴിക്കാതെ തന്നെ മാറുന്നതാണ്. ഏതിനാണ് ചികിത്സ വേണ്ടത് വേണ്ടാത്തത് എന്ന് രോഗികളും തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കില്‍ അവരെ ബോധവത്ക്കരണത്തിലൂടെ അറിയിക്കേണ്ടതുണ്ട്. ചില രോഗങ്ങള്‍ക്ക് ശമനചികിത്സയില്ല. അത്തരം രോഗങ്ങള്‍ക്കും മാറാവ്യാധികള്‍ക്കും സ്യൂഡോ ചികിത്സ കൊടുത്ത് (കബളിപ്പിച്ച്) ആളുകളെ സാമ്പത്തികമായും മാനസികമായും നിരന്തരം ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനെ നിയന്ത്രിക്കേണ്ടതുണ്ട്. ഇതിനൊക്കെ ശാസ്ത്രീയമായ രീതികള്‍ അവലംബിക്കേണ്ടതുണ്ട്. ആധുനികശാസ്ത്രം തെളിവുകളെ അടിസ്ഥാനമാക്കിയാണ് ഇത്തരം രോഗങ്ങളെ ചികിത്സിക്കുന്നത്. അനാദികാലത്ത് ഉള്‍വിളികൊണ്ടോ നിരീക്ഷണം കൊണ്ടോ അനുഭവസാക്ഷ്യം കൊണ്ടോ, അനുമാനം കൊണ്ടോ ആണ് ചികിത്സ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ല. ഒരു രോഗത്തെ തിരിച്ചറിഞ്ഞ് നിര്‍ണയം നടത്തി ഒരു മരുന്ന് കൊടുക്കുമ്പോള്‍ അതിന്റെ രാസഘടന എന്താണെന്നും, അത് ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുവഴി എങ്ങനെയാണ് രോഗം മാറുന്നതെന്നതിനും കൃത്യമായ തെളിവുകള്‍, അടിസ്ഥാന ഫാര്‍മക്കോളജിയും അതിന്റെ ബയോകെമിസ്ട്രിയും അറിയണം. അങ്ങനെ അറിഞ്ഞുകൊണ്ടാണ് ആധുനിക ശാസ്ത്രം ചികിത്സ നടത്തുന്നത്. ഇല്ലെങ്കില്‍ അനുഭവസാക്ഷ്യം മാത്രം വെച്ച് അനാവശ്യചികിത്സ നടത്തേണ്ടിവരും. പേവിഷബാധയ്ക്ക് കാര്യമായ ചികിത്സ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. കോഴിക്കോട്ടെ ഒരു വൈദ്യര്‍ റാബിസിന് ചികിത്സ കണ്ടെത്തിയിട്ടുണ്ടെന്നും ബംഗളൂരുവിലെ നിംഹാന്‍സ് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെന്നും കുറച്ചുനാള്‍ മുമ്പ് വാര്‍ത്ത കേട്ടു. അതിന്റെ പിന്നാലെ സത്യാവസ്ത അന്വേഷിച്ചു പോയപ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലായത്. ഏത് വൈറസ് ആയാലും ശരീരത്തിനു വെളിയില്‍ സസ്യങ്ങളിലെ ചില നീരുകള്‍കൊണ്ടോ എന്തിന് ഉപ്പുലായനി കൊണ്ടോ ചിലപ്പോള്‍ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയും. വീര്യമുള്ള ആസിഡ് ആല്‍ക്കലൈന്‍ പോലുള്ള ഏത് സൊല്യൂഷനും വൈറസിനെ ഇല്ലാതാക്കാന്‍ കഴിയും. അങ്ങനെയാണ് അയാളുടെ സസ്യ നീരിന് നിംഹാന്‍സില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. അല്ലാതെ മൃഗങ്ങളിലോ, മനുഷ്യരിലോ പ്രയോഗിച്ചല്ല. അതുകൊണ്ട് ഈ സസ്യനീര് കൊണ്ട് മനുഷ്യരിലേയോ, മൃഗങ്ങളിലെയോ റാബിസ് മാറില്ല. അപ്പോള്‍ അതിന്റെ മരുന്നാണ് ഇതെന്ന് പറയാനുമാകില്ല. പല മരുന്നുകളും കോവിഡ് വൈറസുകളെ ലബോറട്ടറി പരീക്ഷണങ്ങളില്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയത് പിന്നീട് രോഗികളില്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ വിജയം കണ്ടെത്താന്‍ ആയിട്ടില്ല.(ക്ലോറോക്വിന്‍, ഐവര്‍ മെക്ടിന്‍ തുടങ്ങിയവ) പല പാരമ്പര്യമായ സസ്യ ഔഷധങ്ങളില്‍ നിന്നുമാണ്/അവയിലെ ഘടകങ്ങളില്‍ നിന്നുമാണ് പുതിയ ആധുനിക മരുന്നുകള്‍ പലതും ഉണ്ടാക്കിയത്. രക്ത സമ്മര്‍ദത്തിന് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന സര്‍പ്പഗന്ധിയും അര്‍ബുദ ചികിത്സക്ക് ഉപയോഗിയ്ക്കുന്ന വിങ്കൃസ്റ്റിന്‍ എന്ന നിത്യകല്ല്യാണിയും അതിനു ഉദാഹരണമാണ്. മലേറിയയുടെ ചികിത്സയ്ക്കായി കൊടുക്കുന്ന ക്ലോറോക്ക്വിന്‍ സിങ്കോണ മരത്തില്‍നിന്നും ആര്‍ട്ടിമെസിന്‍ ചൈനീസ് ചെടികളില്‍ നിന്നും ഉണ്ടാക്കിയതാണ്. 'മുള്ളമൃത്' എന്നു സോഷ്യല്‍ മീഡിയയില്‍ പ്രമേഹ ചികിത്സയ്ക്ക് പരക്കെ അറിയപ്പെടുന്ന ചെടിക്ക് ഇന്‍സുലിന്‍ ഉല്‍പാദനം കൂട്ടുമ്പോള്‍ തന്നെ കരളിനും, വൃക്കകള്‍ക്കും തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് ഇന്നത്തെ ശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപയോഗിയ്ക്കുന്ന ഈ ഔഷധചെടികള്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി അവയുടെ ഗുണങ്ങളും, ദോഷങ്ങളും വിലയിരുത്തി അറിഞ്ഞുവേണം തുടര്‍ന്ന് ഉപയോഗിക്കേണ്ടത്. പണ്ടുകാലങ്ങളില്‍ വയറിളക്ക രോഗത്തിന് വീണ്ടും വയറിളകുമെന്നതിനാല്‍ വെള്ളം പോലും കുടിക്കാന്‍ കൊടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ എത്രയോ പേര്‍ മരിച്ചിരുന്നു. വയറിളക്കത്തിലൂടെ ശരീരത്തിലെ ജലാംശം, സോഡിയം, പൊട്ടാസ്യം, പഞ്ചസാര എന്നിവ നഷ്ടപ്പെടുന്നതിനാല്‍ നിര്‍ജലനീകരണം മൂലമാണ് മരണം സംഭവിക്കുന്നത്. ഇത് നികത്തണമെന്ന് ശാസ്ത്രം മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഒ.ആര്‍.എസ് എന്ന മരുന്ന് കണ്ടു

പിടിച്ചത്. 1970 ഇല്‍ ഇന്ത്യാ-ബംഗ്ലാദേശ് യുദ്ധകാലത്തെ ക്യാമ്പിലാണ് ഒ.ആര്‍.എസിന്റെ ട്രയല്‍ ആദ്യമായി നടത്തിയിരുന്നത്. അന്ന് കോളറ പിടികൂടിയ രോഗികള്‍ പലരും മരിക്കാതെ രക്ഷപ്പെട്ടത് ഇതുമൂലമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഈ ശാസ്ത്രീയ അറിവുകൊണ്ടാണ് ഇന്ന് വയറിളകുമ്പോള്‍ കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കൊടുക്കുന്നതും ഇളനീര് കൊടുക്കുന്നതും. ഇളനീരിനും കഞ്ഞിവെള്ളത്തിനും ശാസ്ത്രീയമായ തെളിവുകളും നല്‍കാന്‍ പറ്റുന്നുമുണ്ട്.

ശാസ്ത്രീയതയുടെ പുതിയ കാലത്ത് മരുന്നുകളുടെ ഉപയോഗത്തിനു തെളിവുകള്‍ ആവശ്യമുണ്ട്. അത് എങ്ങനെയാണ് മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് തെളിയിക്കണം. ആദ്യമായി ഒരു മരുന്ന് കണ്ടുപിടിച്ചാല്‍ അത് പരീക്ഷണമൃഗങ്ങളില്‍(ഗിന്നി പന്നികളിലോ എലികളിലോ) പരീക്ഷിക്കപ്പെടണം. ആനിമല്‍ എക്‌സ്പിരിമെന്റ് എല്ലാം വിജയകരമായാല്‍ അത് മനുഷ്യരില്‍ വിജയിക്കണമെന്നില്ല. ആനിമല്‍ എക്‌സ്പിരിമെന്റ് വിജയകരമായി പൂര്‍ത്തികരിക്കപ്പെട്ട് അതാത് രാജ്യങ്ങളിലെ നിയന്ത്രണ സ്ഥാപനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ മനുഷ്യരില്‍ പരീക്ഷിക്കാം. മൂന്ന് സ്‌റ്റേജുകളായാണ് മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത്. ഒരു പുതിയ ഔഷധം/വാക്‌സിന്‍ മാര്‍ക്കറ്റ് ചെയ്യണമെങ്കില്‍ ഇത്തരം മൂന്ന് പരീക്ഷണ ഘട്ടങ്ങള്‍ വിജയിക്കണം. പഴയ മരുന്ന് തന്നെ മറ്റ് പുതിയ രോഗങ്ങള്‍ക്ക് നല്‍കുമ്പോഴും ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ നടത്തി തെളിവുകള്‍ നല്‍കണം. (ഉദാ: ക്ലോറോക്വിന്‍, സ്‌റ്റെറോയിഡുകള്‍, പ്ലാസ്മ ചികിത്സ എന്നിവയുടെ കോവിഡ് രോഗികളിലുള്ള ഉപയോഗം) മരുന്ന് പരീക്ഷണത്തിന്റെ ആദ്യത്തെ ഘട്ടത്തില്‍(ജവമലെ1)ല്‍ രോഗികളല്ലാത്ത തയ്യാറാകുന്ന കുറച്ച് വളണ്ടിയര്‍മാര്‍ക്ക് കൊടുത്ത് ശരീരത്തിലെ പ്രവര്‍ത്തനങ്ങളും സഹിഷ്ണുതയും മനസ്സിലാക്കി അത് അപകടകരമല്ലെന്ന് തെളിയിക്കണം. അപകടം എത്രയുണ്ടെന്നും പഠിക്കണം. കൂടുതലുണ്ടെങ്കില്‍ പരീക്ഷണം ഈ ഘട്ടത്തില്‍ തന്നെ അവസാനിപ്പിക്കണം. രണ്ടാമത്തെ ഘട്ടത്തില്‍ മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാന്‍ ഉദ്ദേശിക്കുന്ന കുറച്ചു രോഗികളെ തിരഞ്ഞെടുത്ത് അതിന്റെ സുരക്ഷിതത്വവും, ഡോസും, ഫലവും, പാര്‍ശ്വഫലങ്ങളും മനസ്സിലാക്കണം. മൂന്നാംഘട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കൂടുതല്‍ എണ്ണം രോഗികളായ ആളുകളെ തിരഞ്ഞെടുത്ത് ആണ് മരുന്നിന്റെ 'എഫിക്കസി' പഠിക്കുന്നത്. അതിന് സ്വമേധയാ സമ്മതം തരുന്ന രോഗികളെ പ്രത്യേകമായി തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനുശേഷം അവരെ താരതമ്യ ഗ്രൂപ്പുകളാക്കി തിരിച്ച് ആദ്യഗ്രൂപ്പിന് പുതിയ മരുന്നും രണ്ടാമത്തെ ഗ്രൂപ്പിന് മുന്‍പ് നല്‍കിവരുന്ന ഔഷധമോ, ഇല്ലെങ്കില്‍ പ്ലസിബോ മരുന്നോ നല്‍കണം. ഇത് നടത്തുന്ന രോഗികളുടെ എണ്ണം സ്റ്റാറ്റിസ്റ്റിക്കലായി ആവശ്യമുള്ള എണ്ണം ഉണ്ടാകണം. ഏത് ഗ്രൂപ്പിലാണ് തങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഈ രോഗികള്‍ അറിയാന്‍ പാടില്ല. ഇതിന് ശേഷം നിശ്ചയിക്കപ്പെട്ട ഇടവേളകളില്‍ ഇവരെ നിരീക്ഷിച്ചു രണ്ടു ഗ്രൂപ്പുകളിലും ഫലങ്ങളും, പാര്‍ശ്വ ഫലങ്ങളും വിശകലനം ചെയ്യണം. പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ ഉണ്ടാകുകയാണെങ്കില്‍ അവിടെ പരീക്ഷണം നിര്‍ത്തണം. റിസ്‌ക്കളും ഫലങ്ങളും വിലയിരുത്തും. എന്നിട്ട് മാത്രമേ പുതിയ മരുന്ന് അംഗീകരിക്കപ്പെടുകയുള്ളൂ. ഇങ്ങനെ അംഗീകരിക്കപ്പെട്ടാല്‍ അത് മാര്‍ക്കറ്റ് ചെയ്യാന്‍ അനുമതി കിട്ടും. അതിനു ശേഷം ദീര്‍ഘകാലം നാലാം ഘട്ട മരുന്നിന്റെ സുരക്ഷിതത്വം നിരീക്ഷിക്കുന്നു. ഇതില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ മരുന്ന് പിന്‍വലിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയല്ലാതെ താരതമ്യഗ്രൂപ്പ് ഇല്ലാതെ കുറച്ചു രോഗികള്‍ക്ക് മാത്രം മരുന്ന് നല്‍കി നിരീക്ഷണം നടത്തിയല്ല മരുന്നുകള്‍ അംഗീകരിക്കുന്നത്. ഇതില്‍ രോഗികളെ തിരഞ്ഞെടുക്കുന്നതും, രണ്ടു ഗ്രൂപ്പുകളിലേക്കും രോഗികളെ വേര്‍തിരിക്കുന്നതും, പരീക്ഷണം നടത്തുന്ന ആളിന്റെ സൗകര്യത്തിനാകരുത്, 'റാന്‍ഡം' രീതിയില്‍ ആകണം. അതിനാല്‍ ഇത് (Randamise Cotnrol Trial ) റാന്‍ഡമൈസ് കണ്‍ട്രോള്‍ ട്രയല്‍ എന്നാണ് അറിയപ്പെടുന്നത്. രോഗം വരുന്ന വിവിധ പ്രായക്കാരില്‍/ലിംഗഭേദമനുസരിച്ച് പഠനങ്ങള്‍ നടത്തിയാണ് മരുന്നുകളും/വാക്‌സിനുകളും പുറത്തിറക്കുന്നത്. ഇന്ത്യയില്‍ നടത്തപ്പെടുന്ന എല്ലാ മരുന്ന് പരീക്ഷണങ്ങളും 'ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററിയില്‍' (ഇഠഞ) ചേര്‍ക്കുകയും അതിന്റെ വെബ് സൈറ്റില്‍ ആര്‍ക്കും ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും അപ്പോളപ്പോള്‍ ലഭിക്കുന്നതുമാണ്. ഒരു മരുന്ന്തന്നെ വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത ജനവിഭാഗങ്ങളില്‍ കൊടുക്കുമ്പോള്‍ ഒരേ ഫലം കിട്ടിക്കൊള്ളണമെന്നില്ല. ഓരോരുത്തര്‍ക്കും ജനിറ്റിക്കല്‍ വ്യത്യാസമുണ്ട്. ആ രാജ്യങ്ങളിലും അവിടത്തുകാരില്‍ പരീക്ഷണം നടത്തിയാലേ അവിടെ രോഗികള്‍ക്ക് ഒരു മരുന്ന് നല്‍കാന്‍ പാടുള്ളൂ. ഇങ്ങനെയാണ് ആധുനിക ശാസ്ത്രത്തിന്റെ നൈതിക രീതി. വ്യക്തിപരമായ വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞു ഇപ്പോള്‍ ഓരോ വ്യക്തിക്കും പേര്‍സണലൈസ്ഡ് (ജലൃീെിമഹശലെറ) ആയി മരുന്നുകള്‍ നാല്‍കാനുള്ള ചികിത്സാരീതി വരെ വന്നിട്ടുണ്ട്. പുതിയ ഔഷധങ്ങള്‍ പലതും റിവേഴ്‌സ് ഫാര്‍മക്കോളജി രീതിയിലും കണ്ടെത്തുന്നുണ്ട്.

ഫെയ്‌സ് ത്രീ ട്രയലില്‍ മുന്‍പ് സൂചിപ്പിച്ച രീതിയില്‍ റാന്‍ഡമിസ് കണ്‍ട്രോള്‍ ട്രയല്‍ ആണ് നടത്തുന്നത്. ഒരു ഗ്രൂപ്പിന് പുതിയ മരുന്നോ അല്ലെങ്കില്‍ മരുന്ന് കൊടുക്കാതെയോ താരതമ്യപഠനത്തിനുവേണ്ടി വ്യത്യസ്ത ഗ്രൂപ്പുകളെ ഇങ്ങനെ സജ്ജമാക്കുന്ന രീതി ആധുനിക വൈദ്യശാസ്ത്രത്തിന്റേതല്ല. ആര്‍.സി.ടി എന്ന കണ്‍ട്രോള്‍ ട്രയല്‍ രീതി കണ്ടെത്തിയത് കാര്‍ഷിക ശാസ്ത്രത്തില്‍നിന്നാണ് (റൊണാള്‍ഡ് എ ഫിഷര്‍, ജേര്‍സീ നേയ്‌മെന്‍ എന്നിവര്‍). പുതിയ കൃഷി രീതിയോ/വളമോ കണ്ടുപിടിച്ചശേഷം ഒരേ വിളകള്‍ക്ക് വ്യത്യസ്ത വയലുകളില്‍ വ്യത്യസ്ത വളങ്ങള്‍ നല്‍കിയും ചിലയിടത്ത് ഒന്നുമിടാതെയുമൊക്കെ താരതമ്യത്തിനുവേണ്ടി ചെയ്യുന്നതാണ് ആര്‍.സി.ടി. അവസാനം വ്യത്യസ്ത പ്ലോട്ടുകളില്‍ എങ്ങനെയാണ് വിളവുണ്ടാകുന്നത് എന്ന് നോക്കി താരതമ്യപഠനം നടത്തിയാണ് വളത്തിന്റെ ഗുണമേന്മ പരീക്ഷിച്ചിരുന്നത്. ഇതേ രീതിശാസ്ത്രമാണ് മരുന്ന് പരീക്ഷണത്തിലും ഉപയോഗിക്കുന്നത്. 1920കളിലാണ് ലോകത്ത് ഈ രീതിശാസ്ത്രം വന്നത്. ഈ രീതി പിന്നീട് മറ്റ് പല മേഖലകളിലും ഉപയോഗിക്കുന്നുണ്ട്. ആര്‍സിടി രീതി പരീക്ഷണങ്ങള്‍ക്ക് നോബല്‍ പ്രൈസ് ലഭിച്ച ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജിയും പലയിടത്തും ഈ രീതി അവലംബിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് സാമ്പത്തിക പരിഷ്‌കാരം നടപ്പാക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരിടത്ത് കുട്ടികള്‍ക്ക് വാക്‌സിനുകള്‍ ശരിയായി കൊടുക്കുന്ന കുട്ടികളുടെ വീടുകളില്‍ സബ്‌സിഡിയില്‍ അരി കൊടുത്തു. മറ്റൊരിടത്ത് സബ്‌സിഡി കൊടുക്കാതെ വാക്‌സിന്‍ മാത്രം കൊടുത്തു. പിന്നീട് ഇതിന്റെ ഫലങ്ങള്‍ രണ്ടു സ്ഥലങ്ങളിലും താരതമ്യം ചെയ്ത് ഒടുക്കം ആ ജനതയ്ക്കുണ്ടാകുന്ന ആരോഗ്യ സാമൂഹിക വികാസം പഠിക്കുന്നു. ലോകത്താകെ പോളിസി ബെയ്‌സ്ഡ് റിസര്‍ച്ചിലും റാന്‍ഡമിക് കണ്‍ട്രോള്‍ ട്രയലുകള്‍ നടക്കുന്നുണ്ട്. ഇന്നത്തെ അറിവിന്റെ വെളിച്ചത്തില്‍ മറ്റ് ചികിത്സാ രീതികളിലും മരുന്നുകള്‍ ഇങ്ങനെ റാന്‍ഡമൈസ് കണ്‍ട്രോള്‍ ട്രയല്‍ പരീക്ഷിച്ചു തെളിയിക്കുന്നതാണ് ശരിയായ ശാസ്ത്രീയമാര്‍ഗം .

ഒരു സ്ഥലത്തെ ട്രയല്‍ ഫലം തന്നെ എല്ലാ സ്ഥലത്തും നടക്കണമെന്നില്ല. അതിനാല്‍ വിവിധ സ്ഥലങ്ങളിലെ പഠനങ്ങളില്‍ ചിലതിനു വ്യത്യസ്ത ഫലങ്ങള്‍ കിട്ടിയേക്കാം. റാന്‍ഡമിസ് കണ്‍ട്രോള്‍ ട്രയല്‍ വിവിധ രാജ്യങ്ങളില്‍, വിവിധ ജനവിഭാഗങ്ങളില്‍ വെവ്വേറെ നടത്തിയാണ് മരുന്നുകള്‍ നല്കി വരുന്നത്. കേരളത്തിലോ കല്‍ക്കത്തയിലോ ചൈനയിലോ മറ്റ് പലയിടത്തോ നടത്തുന്ന ഇത്തരം ട്രയലുകള്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു വന്നാല്‍ ഡാറ്റകളൊക്കെയും വെച്ച് മെറ്റാ അനാലൈസ് ചെയ്ത ശേഷമാണ് ഫലം എത്രയെന്ന് കൂടുതല്‍ തെളിവുകളോടെ ആധുനിക ശാസ്ത്രത്തില്‍ ഉറപ്പിക്കാറുള്ളൂ. ഇത്തരം പഠനത്തിന്റെകൂടി ഫലമായാണ് ചില മരുന്നുകള്‍ ഉറപ്പിക്കുന്നതും, പ്രചരിപ്പിക്കുന്നതും, പിന്‍വലിക്കുന്നതും. ഇതാണ് ആധുനിക ശാസ്ത്രത്തിന്റെ പ്രത്യേകത. ഹോമിയോ,യുനാനി, ആയുര്‍വേദം എന്നിവയ്‌ക്കെല്ലാം ശാസ്ത്രീയ പരീക്ഷണത്തിന് വ്യത്യസ്ത രീതികള്‍ ആണ് വേണ്ടത് എന്ന് ആധുനിക ലോകത്തില്‍ ജീവിക്കുന്ന എനിക്ക് തോന്നുന്നില്ല. ശാസ്ത്രത്തിന് ഒറ്റ രീതികളേയുള്ളൂ. മുകളില്‍പ്പറഞ്ഞ രീതികള്‍, എല്ലാ ചികിത്സാരീതികള്‍ പാലിക്കുന്നവരും തെളിവിനായി ഈ രീതികള്‍തന്നെ അവലംബിക്കേണ്ടതാണ്. ആദിമ മനുഷ്യരെപ്പോലെ പരസ്പരം ബന്ധമില്ലാതെയല്ല മനുഷ്യരിന്ന് ജീവിക്കുന്നത്. പരസ്പരം ബന്ധിതമാണ് ലോകം. മനുഷ്യന്റെ ആരോഗ്യത്തിനും ആയുസ്സിനും ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഈ ശാസ്ത്രശാഖയൊക്കെയും. ആയതിനാല്‍ ആയുര്‍വേദവും ഹോമിയോവും തള്ളിക്കളയുകയല്ല വേണ്ടത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍, ഫലപ്രാപ്തി എന്നിവ ശാസ്ത്രീയരീതികള്‍ അവലംബിച്ച് തെളിയിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. അവര്‍ നല്‍കുന്ന മരുന്നിലെ ഘടകങ്ങള്‍ എന്താണ് എന്ന് കണ്ടെത്തി വെളിപ്പെടുത്തുകയോ ചികിത്സതന്നെ മനുഷ്യര്‍ക്കും രോഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ പുതുക്കുകയോ ആണ് വേണ്ടത്. പലരും ഉപയോഗിക്കുന്നുണ്ട് പിന്നെന്താണ് പ്രശ്‌നം എന്ന പ്രചാരത്തില്‍ കഴമ്പില്ല. അതിന്റെ പിന്നിലെ ശാസ്ത്രീയത കണ്ടെത്തുകയാണ് വേണ്ടത്. എല്ലാവരും ജാതകം നോക്കുന്നുണ്ടെന്ന് കരുതി ഈ അശാസ്ത്രീയ രീതിയെ നാം സ്വീകരിക്കണമെന്ന് ശഠിക്കുന്നതില്‍ കാര്യമില്ല. നിരന്തരം പുതുക്കിപുതുക്കിക്കൊണ്ടാണ് മാനവരാശി മുന്നോട്ട് പോകുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇതൊക്കെ പറയുമ്പോഴും ചികിത്സാരംഗത്ത് അത് ആധുനികചികിത്സയിലായാലും ആയുര്‍വേദത്തിലായാലും എല്ലാറ്റിലും വലിയ തോതിലുള്ള പ്രഫഷനലിസവും വ്യാപാര താല്‍പര്യവും കടന്നുകൂടിയിട്ടുണ്ട് എന്നത് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. ആരോഗ്യപഠനവും ആരോഗ്യരംഗവും തന്നെ വന്‍ വ്യാപാരലോകമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആദ്യകാലത്ത് സേവനം പോലെയായിരുന്നു ചികിത്സയെ കണ്ടിരുന്നത്. ഇന്നതിനെല്ലാം മാറ്റം വന്നു. സര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി 'ചികിത്സാ വ്യവസായം' എന്നാണ് പറയുന്നത്. ആരോഗ്യരംഗത്തെ വിദ്യാഭ്യാസംതന്നെ ലക്ഷങ്ങളുടെ, കോടികളുടെ ഏര്‍പ്പാടാണിന്ന്. അഡ്മിഷനുതന്നെ വന്‍ ഫീസ് ഈടാക്കിത്തുടങ്ങിയ കാലം. വിവിധ ശാഖകളില്‍ പലതരം കോഴ്‌സുകളുണ്ടാക്കി വലിയ തരത്തില്‍ പ്രൊഫഷനലിസം കൊണ്ടുവന്നു. സമൂഹത്തിന് ആവശ്യമുള്ള ചികിത്സകരെയല്ല നാം സൃഷ്ടിച്ചുവിടുന്നത്. ആവശ്യത്തില്‍ കൂടുതല്‍ പേരെ ചികിത്സകരായി വിവിധ കോഴ്‌സിലൂടെ നിര്‍മിച്ചെടുക്കുമ്പോള്‍ അത്തരം പ്രഫഷന്‍ കൈകാര്യം ചെയ്യുന്നവരുടെ അതിജീവനം പ്രശ്‌നമാകും. അവര്‍ ചികിത്സ എന്നത് വലിയൊരു കച്ചവടമാക്കി മാറ്റി പണം ഈടാക്കിക്കൊണ്ടിരിക്കും. അതിനായി പുതിയ രോഗികളെ സൃഷ്ടിക്കുകയും അനാവശ്യചികിത്സ കൂടിവരുന്ന സ്ഥിതിയുമുണ്ടാകുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരും ആവശ്യത്തില്‍ കൂടുതല്‍ മരുന്നുകളും വന്നുനിറയുമ്പോള്‍ ചികിത്സയും മരുന്നുമൊക്കെ പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമായി മാറുന്നു. അപ്പോള്‍ വീണ്ടും രോഗികളെ ഉല്‍പ്പാദിപ്പിക്കേണ്ടിവരും. കൂടുതല്‍ ആശുപത്രികള്‍ സൃഷ്ടിക്കും. ആരോഗ്യ സേവനമായാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളതുമാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. സാമൂഹ്യപരമായ സേവനമായി ചികിത്സയെ തിരിച്ചുപിടിക്കേണ്ടതുണ്ട്.

നിലവില്‍ കോവിഡിന്റെ ഭീതിയിലാണ് മറ്റ് പല രാജ്യത്തെ ജനതയെപ്പോലെ നമ്മളും. അത് പുതിയ രോഗമാണ്. അതിന് ഒരു വിഭാഗത്തിന്റെ കൈയിലും നിലവില്‍ ചികിത്സയില്ല. അപ്പോള്‍ കോവിഡിന് പുരാതന വൈദ്യശാസ്ത്രത്തില്‍ മരുന്നുകള്‍ ഉണ്ടെന്ന് പറയുന്നത് 'ക്രൂരമായ തമാശയാണ്'. ആയുര്‍വേദം, ഹോമിയോ, യുനാനി, ആധുനിക വൈദ്യം എന്നിങ്ങനെ വേര്‍തിരിവുകള്‍ നടത്താതെ ഇന്ന് നമുക്ക് മുന്നിലുള്ള അറിവുകളുടെ വെളിച്ചത്തില്‍, റിസോഴ്‌സുകള്‍ ഉപയോഗിച്ച്, ഈ പുതിയ രോഗത്തിനുവേണ്ട ചികിത്സയും മെഡിസിനും സയന്‍സിന്റെ വെളിച്ചത്തില്‍ കണ്ടെത്തുകയാണ് വേണ്ടത്. അത്പുതിയ ശാസ്ത്രത്തിന്റെ സഹായത്തോടെ, മേല്‍ വിവരിക്കപ്പെട്ട രീതിശാസ്ത്രം ഉപയോഗിച്ച്, തെളിയിക്കപ്പെടാനുള്ള പ്രയത്‌നത്തിലാണ് നാം ഏര്‍പ്പെടേണ്ടത്. മനുഷ്യന് ഉപകാരപ്രദമായ ചികിത്സാപദ്ധതിക്കായി ഏവരും ശാസ്ത്രീയ മാര്‍ഗങ്ങളില്‍ അവരവരുടെ പരിശ്രമം നടത്തുകയാണ് വേണ്ടത്. അല്ലാതെ വ്യത്യസ്ത അതിരുകള്‍ തിരിച്ച് അന്യോന്യം സംഘര്‍ഷത്തിലേര്‍പ്പെടുകയല്ല വേണ്ടത്. അങ്ങനെ യുദ്ധം ചെയ്യുന്നത് അതാത് മേഖലയുടെ നിക്ഷിപ്ത താല്‍പര്യത്തിന് മാത്രമേ ഉപയോഗപ്രദമാകൂ. മറിച്ച് ശാസ്ത്രവിരുദ്ധതാ വാദങ്ങള്‍ മനുഷ്യ വിരുദ്ധവും, തങ്ങളുടെ കച്ചവടം വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടുകളുമാണ്

സമാഹരണം: പി.എം.ജയന്‍

(കടപ്പാട്-ചന്ദ്രിക ആഴ്ചപ്പതിപ്പ്)

Related Stories

The Cue
www.thecue.in