'എനിക്ക് ശ്വാസം മുട്ടുന്നു', ഫ്‌ളോയ്ഡിന്റെ വാക്കുകള്‍ ലോകത്തെ ശ്വാസം മുട്ടിച്ചത് എന്തുകൊണ്ട്?

'എനിക്ക് ശ്വാസം മുട്ടുന്നു', ഫ്‌ളോയ്ഡിന്റെ വാക്കുകള്‍ ലോകത്തെ ശ്വാസം മുട്ടിച്ചത് എന്തുകൊണ്ട്?
Summary

'ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ ആ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ജീവനാണ് അണച്ചു കളഞ്ഞത്, പക്ഷേ അത് കത്തിച്ച തീ ലോകം മുഴുവന്‍ ആളിക്കത്തുകയാണ്. ലോകം പ്രതികരിച്ചത് പ്രമുഖനായ ഒരു സ്ത്രീയോ പുരുഷനോ മരിച്ചതിനോടല്ല, മറിച്ച്, ഭൂമിയിലെ നിസ്സഹായരും ദരിദ്രരുമായ മനുഷ്യസമൂഹത്തിലെ ഒരാള്‍ മരിച്ചതിനെതിരെയാണ് എന്നത് ഹൃദയത്തിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുകയാണ്.

ബുക്കര്‍ പുരസ്‌കാര ജേതാവായ വിഖ്യാത നൈജീരിയന്‍ സാഹിത്യകാരന്‍ ബെന്‍ ഓക്രി 'ദി ഗാര്‍ഡിയന്‍' -ല്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. മൊഴിമാറ്റം ഗോകുല്‍ കെ.എസ്.

എന്റെ ജീവിതകാലയളവില്‍ ഒരിക്കല്‍ പോലും പ്രത്യക്ഷമായ ഒരു അനീതിക്കെതിരെ വെളുത്തവരും കറുത്തവരും മനുഷ്യരായി ഒന്നിച്ചു മുന്നോട്ട് വരുന്നത് ഞാന്‍ കണ്ടിട്ടില്ല. അമേരിക്കയിലുടനീളം പ്രതിഷേധങ്ങള്‍ ഉണ്ടായി. ബ്രിട്ടനില്‍, സ്പെയിനില്‍, നൈജീരിയയില്‍, ലോകമെമ്പാടും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായി. എന്തുകൊായിരിക്കാം ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊല നമ്മളെ ഇത്ര ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടാവുക? 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്‌ളോയിഡിന്റെ അവസാന വാക്കുകള്‍ തന്നെയാകാം ലോകത്തെ ശ്വാസംമുട്ടിച്ചത്.

മഹാവ്യാധിയുമായി ബന്ധപ്പെട്ട് നമ്മുടെയുള്ളില്‍ ആഴ്ന്നിറങ്ങിയിട്ടുള്ള ഭയവുമായി ആ വാക്കുകള്‍ക്കുള്ള സാമ്യത എത്ര വിചിത്രമാണ്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട വംശീയ വിദ്വേഷത്തിന്റെ ഒരു രീതിയിലും തടയാന്‍ കഴിയാത്ത, സര്‍വ്വവ്യാപിയായ സ്വഭാവത്തെ ആ വാക്കുകള്‍ കൊറോണാ വൈറസുമായി ബന്ധിപ്പിച്ചു. തങ്ങള്‍ക്ക് കൊറോണ വൈറസ് ബാധിച്ചേക്കാം എന്ന അപായം മുന്നില്‍ നില്‍ക്കുമ്പോഴും കറുത്തവര്‍ഗ്ഗക്കാരനായ മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ആളുകള്‍ മുന്നോട്ട് വന്നു.

തൊലിയുടെ നിറം കാരണം പൈശാചികവല്‍ക്കരിക്കുമ്പോള്‍, പുറന്തള്ളുമ്പോള്‍, അടിച്ചമര്‍ത്തുമ്പോള്‍, കൊലചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതിന് ഒരു അടിസ്ഥാന വ്യക്തത വരുത്തി ആവിഷ്‌ക്കരിക്കാന്‍ നമ്മള്‍ക്ക് ഒരു പുതിയ ഭാഷയുടെ ആവശ്യമുണ്ട്. ആ അവസ്ഥയെ കുറിച്ച് പറയാന്‍ നമ്മുക്ക് ഒരു പുതിയ ഭാഷ, ഒരു പുതിയ പ്രയോഗം ആവശ്യമായി വരികയാണ്.

ഇതിനു മുന്‍പും നിരവധി തവണ പോലീസുകാര്‍ കറുത്തവര്‍ഗ്ഗക്കാരെ ശ്വാസം മുട്ടിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ യു.എസ്‌ലും, ബ്രിട്ടനിലും, ഉണ്ടായിട്ടുണ്ട്. പോലീസുകാരുടെ ക്രൂരതയ്ക്ക് ഇരയായി മരിച്ചവരുടെ എണ്ണം അനവധിയാണ്. മിക്കപ്പോഴും ആ പോലീസുകാര്‍ പൂര്‍ണമായും സ്വതന്ത്രരായി വെളിയിലിറങ്ങും. ജോര്‍ജ് ഫ്േളായിഡിന് സംഭവിച്ചത് അമേരിക്കയില്‍ പുതിയ കാര്യമല്ല. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന് ഒരു പതിറ്റാണ്ട് മുന്‍പ് പോലീസ് ആക്രമണത്തിന് ഇരയായ എറിക് ഗാര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ആഗോളതലത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഈ കാലഘട്ടം വ്യത്യസ്തമാണ്. ഇത്തവണ അത് പുതിയൊരു യുഗത്തെ സൃഷ്ടിക്കുകയാണ്. ഭാഷ അടിസ്ഥാന ഭയത്തിലേക്ക് തുളച്ചു കയറും.

നമ്മള്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അത്തരമൊരു അവസ്ഥ അനുഭവിക്കുന്നതും രണ്ടും രണ്ടാണ്. വംശീയ വിദ്വേഷം ആളുകള്‍ക്ക് മനസ്സിലാകും. അത് മനസ്സിലാക്കാന്‍ അത്ര പ്രയാസമൊന്നുമില്ല. എന്നാലും അത് മനസ്സിലായി എന്ന രീതിയില്‍ ആളുകള്‍ പെരുമാറാറില്ല. ഒരുപക്ഷേ ആ ഒരു അവസ്ഥ അനുഭവിക്കുമ്പോഴാണ് അതിനോട് കൂടുതലായി താദാത്മ്യപ്പെടാന്‍ കഴിയുക. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന വാക്ക് വംശീയ വിദ്വേഷത്തെ, അതേ സമയം തന്നെ ശ്വാസം കിട്ടാത്ത അവസ്ഥയെ പ്രതിനിധീകരിക്കുന്നു. എല്ലാ കാലത്തും അങ്ങനെ ആയിരുന്നു. ഒരു വ്യക്തിയുടെ മാനുഷികതയുടെ കുറവായിട്ടാണ് മുന്‍പ് നമ്മള്‍ വംശീയവിദ്വേഷത്തെ കണ്ടതും മനസ്സിലാക്കിയതും. എന്നാല്‍ അത് എല്ലായ്പോഴും വളരെ അവ്യക്തമായിരുന്നു. 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന വാക്കുകളില്‍ നിങ്ങള്‍ എന്റെ സ്വാതന്ത്ര്യത്തെയും, മാനവികതയെയും, ബഹുമാനത്തെയും നിഷേധിക്കുന്നു എന്നതിനപ്പുറം അതില്‍ വ്യക്തമാകുന്നത്, 'എനിക്ക് ശ്വസിക്കാനുള്ള വായുവിന്റെ അവകാശം പോലും നിഷേധിക്കപ്പെടുകയാണ്' എന്ന വസ്തുതയാണ്..

'i can't breathe മനുഷ്യരെ അവരുടെ തൊലിയുടെ നിറം കാരണം പൈശാചികവല്‍ക്കരിക്കുമ്പോള്‍, പുറന്തള്ളുമ്പോള്‍, അടിച്ചമര്‍ത്തുമ്പോള്‍, കൊല ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതിന് ഒരു അടിസ്ഥാന വ്യക്തത വരുത്തി ആവിഷ്‌ക്കരിക്കാന്‍ നമ്മള്‍ക്ക് ഒരു പുതിയ ഭാഷയുടെ ആവശ്യമുണ്ട്. ആ അവസ്ഥയെ കുറിച്ച് പറയാന്‍ നമ്മുക്ക് ഒരു പുതിയ ഭാഷ, ഒരു പുതിയ പ്രയോഗം ആവശ്യമായി വരികയാണ്..

ജോര്‍ജ് ഫ്‌ലോയിഡ് 'എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുമ്പോള്‍, അത്യന്തം തീവ്രമായ മരണവെപ്രാളത്തിലൂടെ മാത്രമേ വംശീയ വിദ്വേഷം എന്താണ് ഒരാളോട് ചെയ്യുന്നത് എന്നത് മനസിലാക്കി തരാന്‍ കഴിയൂ എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യാഥാര്‍ഥ്യത്തെ അതിന്റെ സത്യത്തില്‍ ഇത്രയും ലളിതമായി ഉള്‍കൊണ്ട ഒരു വാക്യവുമായി മുന്നോട്ട് വരാന്‍ വില്യം ഷേക്സ്പിയറിനോ, വാള്‍ട്ട് വിറ്റ്മാനോ, ജെയിംസ് ബാള്‍ഡ്വിനോ, ടോണി മോറിസണോ ഒന്നും സാധിച്ചിട്ടില്ല.

ഒരുപക്ഷേ അടിച്ചമര്‍ത്തപ്പെടുന്നവര്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട വാക്കുകള്‍ അതാണ്. അത് അടിച്ചമര്‍ത്തലിനെതിരെയുള്ള മന്ത്രമായി മാറണം. നിങ്ങള്‍ കറുത്തവര്‍ഗ്ഗക്കാരായ ഒരു പുരുഷനോ സ്ത്രീയോ ആണെന്ന ഒറ്റ കാരണം കൊണ്ടുമാത്രം ഓരോ തവണയും പോലീസുകാര്‍ നിങ്ങളുടെ വാഹനം തടഞ്ഞു നിര്‍ത്തുമ്പോള്‍, നിങ്ങള്‍ പറയണം: 'i can't breathe' എന്ന്. ഒരുപക്ഷേ ഓരോ തവണയും നിങ്ങളെ കാണുമ്പോള്‍ മാത്രം ആളുകള്‍ നിങ്ങളെ അവഗണിച്ചു കടന്നു പോകുമ്പോള്‍, 'i can't breathe' എന്നെഴുതിയ പ്ലക്കാര്‍ഡ് നിങ്ങള്‍ ഉയര്‍ത്തി പിടിക്കണം. നിങ്ങള്‍ക്ക് ജോലി നിഷേധിക്കപ്പെടുമ്പോള്‍, നിങ്ങള്‍ അര്‍ഹിച്ച ഉദ്യോഗക്കയറ്റം നിങ്ങള്‍ക്ക് നഷ്ടപ്പെടുമ്പോള്‍, നിങ്ങളെ നാടുകടത്താന്‍ പോലീസുകാര്‍ വരുമ്പോള്‍ (വിന്‍ഡ്രഷ് തലമുറയ്ക്ക് (Windrush Generation) സംഭവിച്ചത് പോലെ), 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് പറയുന്നത് നിങ്ങള്‍ നിങ്ങളുടെ ഫോണുകളില്‍ റെക്കോര്‍ഡ് ചെയ്യണം. വംശീയ വിവേചനത്തിന്റെ സൂക്ഷ്മവും മാരകവുമായ പല തരം രൂപങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തിനുള്ള പുതിയ ആപ്തവാക്യമായി മാറണം - 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന വാക്കുകള്‍.

'എനിക്ക് ശ്വാസം മുട്ടുന്നു', ഫ്‌ളോയ്ഡിന്റെ വാക്കുകള്‍ ലോകത്തെ ശ്വാസം മുട്ടിച്ചത് എന്തുകൊണ്ട്?
ICan'tBreathe, വംശീയതയുടെ അവസാനിച്ചിട്ടില്ലാത്ത കൊലവെറികൾക്കെതിരെ
ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ ആ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ജീവനാണ് അണച്ചു കളഞ്ഞത്, പക്ഷേ അത് കത്തിച്ച തീ ലോകം മുഴുവന്‍ ആളിക്കത്തുകയാണ്

സത്യത്തില്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന വാക്ക് മാനുഷിക മൂല്യങ്ങളുടെ സര്‍വ്വനാശമാണ് സൂചിപ്പിക്കുന്നത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് ജോര്‍ജ് ഫ്‌ളോയിഡ് പറഞ്ഞിട്ടും, പോലീസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ അയാളുടെ കഴുത്തില്‍ കാല്‍ ഞെരിച്ചപ്പോഴും, ആ രാജ്യത്ത് മനുഷ്യ ജീവന് ഒരു വിലയും കല്‍പിക്കപ്പെടുന്നില്ല എന്നത് പ്രഖ്യാപിക്കപ്പെടുകയാണ്. അവിടെയാണ് മാനവികതയുടെ സര്‍വ്വനാശം ആരംഭിക്കുന്നത്.

'I Can’t Breathe' ലോകത്തിന്റെ അവസ്ഥയായി മാറും. കാലാവസ്ഥ ദുരന്തത്തിന്റെ അപായ സൂചനകള്‍ നമ്മള്‍ അവഗണിച്ചു. ലക്ഷകണക്കിന് സ്ത്രീകള്‍ അവര്‍ക്ക് ശ്വാസം വിടാന്‍ കഴിയാത്ത അവസ്ഥകളിലാണുള്ളത് എന്ന് ലോകത്തിനെ അറിയിക്കാന്‍ #MeToo പോലെയൊരു ലോകവ്യാപാകമായ മുന്നേറ്റം വേണ്ടി വന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ദിവസങ്ങളോളം ഓക്സിജന്‍ ട്യൂബിന്റെ സഹായത്തോടെ ബോറിസ് ജോണ്‍സണ് കഴിയേണ്ടി വന്നു: ഒരുപക്ഷേ അദ്ദേഹത്തിന് അറിയാമായിരിക്കുമോ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്നതിന്റെ അര്‍ത്ഥം? മനുഷ്യരായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ് എന്നാണ് ലോകമെമ്പാടും ഉള്ള മനുഷ്യര്‍ ഇപ്പോള്‍ സ്വയം ചോദിച്ചു കൊണ്ടിരിക്കുന്നത്.

തങ്ങള്‍ക്ക് നിറങ്ങള്‍ ഒന്നും വേര്‍തിരിച്ചു കാണാന്‍ കഴിയുന്നില്ല എന്ന് ആളുകള്‍ പറയുമ്പോള്‍, അവര്‍ തീരെ നിഷ്‌കളങ്കര്‍ ആകുകയാണ്. അവര്‍ അതെല്ലാം സൗമ്യമായി നിഷേധിക്കുകയാണ്. എന്നാല്‍ ചരിത്രത്തിന് വര്‍ണ്ണാന്ധതയില്ല (color blindness). അടിമത്വത്തിന്റെയും, കോളനിവാഴ്ചയുടെയും, വംശ്യഹത്യകളുടെയും ചരിത്രങ്ങള്‍ പരിശോധിച്ചു നോക്കുക. വിദ്യാഭ്യസത്തിന് വര്‍ണ്ണാന്ധതയില്ല. അല്ലാത്തപക്ഷം ഒരു വിഭാഗം ജനത എന്തു ചെയ്തു, ഒരു വിഭാഗം ജനതയോട് മറ്റുള്ളവര്‍ എന്തു ചെയ്തു എന്നതിനെ കുറിച്ചുള്ള വസ്തുനിഷ്ഠമായ കാര്യങ്ങള്‍ സോക്രട്ടീസിന്റെ മരണം, ഷേക്സ്പിയറിന്റെ നാടകങ്ങള്‍, അടിസ്ഥാന ഗണിതശാസ്ത്രം എന്നിവ പോലെ പാഠ്യപദ്ധതിയുടെ ഭാഗമാകുമായിരുന്നുവല്ലോ. സംസ്‌കാരത്തിന് വര്‍ണ്ണാന്ധതയില്ല. അല്ലാത്തപക്ഷം സിംബാബ്വേയിലെ ശില്പകലയെ കുറിച്ചും, ഡേവിഡ് ഹമ്മോന്‍സിന്റെ വിപ്ലവകരമായ ഇടപെടലുകളെ കുറിച്ചും, ബെന്‍ എന്‍വോണ്‍വൂവിന്റെ വര്‍ണ്ണചിത്രങ്ങളെ കുറിച്ചും കലയുടെ ചരിത്രത്തില്‍ ഉള്‍പെടുത്തുമായിരുന്നുവല്ലോ.

ഇനിയൊരു പക്ഷേ യഥാര്‍ത്ഥ പ്രശ്നം നിറങ്ങളുടെ കുറവായിരിക്കാം. നമ്മള്‍ക്ക് വര്‍ണവിവേചനം എന്താണെന്ന് അറിയാം. ഒരു വംശത്തിന്റെ മേധാവിത്വത്തിലേക്ക് മനുഷ്യവംശത്തെ തരം താഴ്ത്തുക എന്നതാണ് വംശീയ വിദ്വേഷവും വര്‍ണ്ണവിവേചനവും ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, മനുഷ്യനായിരിക്കുന്നതില്‍ ഒരു ശ്രേണിയുണ്ടെന്നും (hierarchy), അതില്‍ ചില മനുഷ്യര്‍ മറ്റുള്ള മനുഷ്യരേക്കാള്‍ കൂടുതല്‍ മനുഷ്യരായിരിക്കുകയും, ചിലര്‍ കുറഞ്ഞ മനുഷ്യരായിരിക്കുകയും ചെയ്യുന്നു എന്ന യുക്തിയാണ് വംശീയ-വര്‍ണ്ണ വിവേചനങ്ങള്‍ക്കുള്ളത്. നിങ്ങള്‍ അറിയാതെ പോലും, ഒരു വംശം മറ്റൊനിന്നേക്കാള്‍ മുകളിലാണ് എന്ന് ഒരു നിമിഷം ചിന്തിച്ചു പോകുകയാണെങ്കില്‍, അതാണ് കൊലപാതകത്തിന്റെ തുടക്കം. അവിടെയാണ് വംശഹത്യയുടെ തുടക്കം. നിഷ്‌കളങ്കമെന്ന് നമ്മള്‍ കരുതുന്ന 'മനുഷ്യരായിരിക്കുക എന്ന ശ്രേണിയിലെ' ചെറിയ വ്യതിയാനങ്ങള്‍, ഒരു കൂട്ടം ആളുകള്‍ക്ക് ഒരു നിമിഷത്തേക്കു പോലും സഹിക്കാനോ തങ്ങാനോ കഴിയാത്ത സാഹചര്യങ്ങളെ, മറ്റൊരു കൂട്ടം ആളുകളുടെ മേല്‍ അടിച്ചേല്‍പിക്കാവുന്ന ഒരു അവസ്ഥയിലേക്ക് അധഃപതിക്കാന്‍ കാരണമായേക്കും.

വംശീയ വിദ്വേഷം മനുഷ്യരെ സംബന്ധിക്കുന്ന കാര്യമാണ്. അതൊരു മാനുഷിക പ്രശ്നമാണ്. അത് പരിഹരിക്കാവുന്നതേയുള്ളൂ. ചരിത്രത്തെ കുറിച്ചും മറ്റുള്ള മനുഷ്യരുടെ മാനവികതയെ കുറിച്ചും നമ്മളില്‍ പലരും പറഞ്ഞിട്ടുള്ള നുണകളെ അഭിമുഖീകരിക്കുക. ഒരാളുടെ മാനവികതയെ ഏതു സാഹചര്യത്തിലാണെങ്കിലും തരം താഴ്ത്താന്‍ നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, ആ നിമിഷം മുതല്‍ തരം താഴുന്നത് നിങ്ങള്‍ തന്നെയാണ് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ മതി. ഇത് യഥാര്‍ത്ഥത്തില്‍ 'റോക്കറ്റ് ശാസ്ത്രം' ഒന്നുമല്ല. വംശീയ വിവേചനം മാനവികതയുടെ പരാജയമാണ്. അത് മനുഷ്യരാണെന്ന് പറയുന്നതിന്റെ തന്നെ പരാജയമാകും. ലോകത്തെ നശിപ്പിക്കുന്ന പ്രശ്നത്തിന്റെ ഭാഗമാണ് സഹാനുഭൂതിയുടെ അഭാവം. ഈ സഹാനുഭൂതിയുടെ അഭാവം മനുഷ്യരോട് മാത്രമല്ല, മറ്റു ജീവജാലങ്ങളോടും, ഭൂമിയോടുമുള്ള സമീപനത്തില്‍ പ്രകടമാണ്.

ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ ആ പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ജീവനാണ് അണച്ചു കളഞ്ഞത്, പക്ഷേ അത് കത്തിച്ച തീ ലോകം മുഴുവന്‍ ആളിക്കത്തുകയാണ്. ലോകം പ്രതികരിച്ചത് പ്രമുഖനായ ഒരു സ്ത്രീയോ പുരുഷനോ മരിച്ചതിനോടല്ല, മറിച്ച്, ഭൂമിയിലെ നിസ്സഹായരും ദരിദ്രരുമായ മനുഷ്യ സമൂഹത്തിലെ ഒരാള്‍ മരിച്ചതിനെതിരെയാണ് എന്നത് ഹൃദയത്തിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുകയാണ്.

എന്താണ് ചെയ്യേണ്ടത് എന്ന് നമ്മള്‍ക്കറിയാം. നമ്മളുടെ ഉള്ളില്‍ 'അബോധാവസ്ഥയിലുള്ള' വംശീയവിദ്വേഷത്തെ നമ്മള്‍ കീറിമുറിച്ചു പുറത്തെടുക്കണം. എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ക്കായി നമ്മള്‍ മുന്നോട്ട് വരണം. നിയമങ്ങള്‍ക്കുളില്‍, ആളുകളെ അവരുടെ സ്വാതന്ത്ര്യത്തിന് ജീവിക്കാന്‍, അതിന്റെ സാധ്യതകളിലേക്ക് പറക്കാന്‍, നമ്മള്‍ അനുവദിച്ചു. മാറ്റങ്ങള്‍ സംഭവിക്കാനുള്ള ഒരുപാട് സാധ്യതകള്‍ നമ്മുക്ക് മുന്‍പില്‍ ഉണ്ട്. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറെ നിര്‍ണായകവും മഹത്തരവുമായ നിമിഷമാണിത്.

'I Can’t Breathe' ഒരുപക്ഷേ നമ്മുടെ ലോകത്തിന് അടിയന്തരമായി ആവശ്യമുള്ള യഥാര്‍ത്ഥ മാറ്റങ്ങളുടെ തുടക്കമായിരിക്കാം. നമ്മുക്കെല്ലാവര്‍ക്കും സ്വാതന്ത്ര്യം ശ്വസിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in