നഴ്‌സിങ് : ഭാവശക്തിയിലധിഷ്ഠിതമായ അധ്വാനം

രോഗാവസ്ഥയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇടയില്‍ ഉറക്കമിളച്ചിരിക്കുന്ന കാവല്‍ക്കാര്‍
നഴ്‌സിങ് : ഭാവശക്തിയിലധിഷ്ഠിതമായ അധ്വാനം
Summary

രോഗാവസ്ഥയ്ക്കും ആരോഗ്യാവസ്‌ഥയ്ക്കും ഇടയിലുള്ള നേർത്ത അതിർവരമ്പുകളിൽ ഉറക്കമിളച്ചിരിക്കുന്ന കാവൽക്കാരാണ് നഴ്സിങ് തൊഴിലാളികൾ. നഴ്‌സിംഗ് മേഖലയെക്കുറിച്ച് കേന്ദ്ര സര്‍വകലാശാലയില്‍ ഇംഗ്ലീഷ് & കംപാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗത്തില്‍ അധ്യാപകനായ ഡോ.പ്രസാദ് പന്ന്യന്‍ എഴുതുന്നു

സർക്കാർ ആശുപത്രിയിലെ നഴ്‌സായിരുന്ന ഇളയമ്മ രസിയാന്റി ആയിരത്തിൽതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചിൽ, മുപ്പത്തിമൂന്നു വയസ്സുള്ളപ്പോഴാണ് മരണപ്പെട്ടത്. ഒരുനാൾ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ ജോലിചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയും, കോഴിക്കോട് മെഡിക്കൽ കോളേജിൽ ആഴ്ചകളോളം അബോധാവസ്ഥയിൽ കിടന്ന് മരണപ്പെടുകയുമായിരുന്നു. നഴ്‌സുമാരെ കാണുമ്പോഴൊക്കെ രസിയേന്റിയുടെയും അവരുടെ കൂട്ടുകാരികളുടെയും മുഖം അവ്യക്തമായെങ്കിലും ഓർമയിൽ വരും.

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ, രസിയേന്റിയോടൊപ്പം ഒരുനാൾ ആശുപത്രിയിൽ പോയതും നഴ്‌സുമാർ കൂടിയിരുന്ന് കളിയാക്കിയതും നല്ല ഓർമയുണ്ട്. എന്തോ പറഞ്ഞു വല്ലാതെ കളിയാക്കിയപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു. അപ്പോൾ ചിരിച്ചുകൊണ്ട് ഒരു സിസ്റ്റർ “ഇവന്റെ പ്രഷർ ഒന്ന് ചെക്ക് ചെയ്യണമല്ലോ” എന്നും പറഞ്ഞു അപ്പാരറ്റസിന്റെ ബെൽറ്റ് എന്റെ കൈയിൽ ചുറ്റാൻ തുടങ്ങി. ടെക്സറ്റ്ബുക്കിൽ കണ്ട ചിത്രവും പേരുമല്ലാതെ ആദ്യമായിട്ടായിരുന്നു ആ ഉപകരണം നേരിട്ട് കാണുന്നത്. കൗതുകത്തോടെ ഞാൻ ചോദിച്ചു: ഇതല്ലേ സ്ഫിഗ്മോ മാനോമീറ്റർ?”

അവിടെ കൂട്ടച്ചിരിയുയർന്നു. “അതെന്തുസാധനം?, ഒന്നൂടെ പറ”..

ഞാൻ അക്ഷരസ്ഫുടതയോടെ ആവർത്തിച്ചു:

“സ്ഫി ഗ്മോ മാ നോ മീ റ്റ ർ”...

വീണ്ടും കൂട്ടച്ചിരിയുയർന്നു. പറഞ്ഞത് തെറ്റിപ്പോയോ എന്ന് അമ്പരന്ന് ഞാൻ പരിഭ്രമിച്ച് വിഷണ്ണനായി ഇരുന്നപ്പോൾ, രസിയാന്റി എന്റെ രക്ഷക്കെത്തി:

“എടീ ..നീ മോനെ കളിയാക്കുകയൊന്നും വേണ്ട...ഇതിന്റെ ശരിയായ പേര് സ്ഫിഗ്മോ മാനോമീറ്റർ എന്ന് തന്നെയാ… ബി.പി. അപ്പാരറ്റസ് എന്ന് പറഞ്ഞുപറഞ്ഞു ഞാനും ആ പേര് മറന്നു പോയി…”

ഇത്കേട്ടു ചിരിച്ചുകൊണ്ട് ആ സിസ്റ്റർ എന്റെ പുറത്തുതട്ടി “...മിടുക്കൻ...പഠിച്ച് വല്യ ഡോക്ടറാവണം കേട്ടോ” എന്നും പറഞ്ഞുകൊണ്ട് ഡോക്ടറുടെ മേശപ്പുറത്തിരുന്ന സ്റ്റെതസ്കോപ് എടുത്തിട്ടു എന്റെ കഴുത്തിലിട്ടുതന്നു.

എന്തോ, അന്നും ഇന്നും, സ്റ്റെതസ്കോപ്പ് കാണുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുകയും, സ്ഫിഗ്മോമാനോമീറ്റർ കാണുമ്പോൾ ബ്ലഡ് പ്രഷർ കുറയുകയും ചെയ്യുന്നു!

ഈ കൊറോണ കാലത്ത് ലോകത്താകമാനം ഒരു പക്ഷേ ഏറ്റവും കൂടുതൽ അധ്വാനിക്കുന്ന വിഭാഗം നഴ്സ്മാരും കെയർ വർക്കേഴ്‌സുമാണ്. അധ്വാനത്തെയും തൊഴിലാളികളെയും കുറിച്ച് നമുക്കുള്ള മുൻധാരണകളെ പൊളിച്ചെഴുതുകയാണ് ഇവർ. അധ്വാനിക്കുന്നതിനോടൊപ്പം സഹാനുഭൂതിയുള്ളവരുമായിരിക്കുകയെന്നത് അത്യധികം ആയാസമുള്ള കാര്യമാണ്. കായികാധ്വാനവും (physical labour), വൈകാരികാധ്വാനവും (emotional labour) ഭാവശക്തിയിലൂന്നിയ അധ്വാനവും ( affective labour) കൂട്ടിയിണക്കി രോഗികളുടെ ജീവൻ നിലനിർത്തുകയും രോഗങ്ങൾ ഭേദമാക്കുകയും ചെയ്യുന്ന നഴ്‌സുമാർക്കും കെയർ വർക്കേഴ്സിനും അവരർഹിക്കുന്ന വിധത്തിലുള്ള ആദരവും അവരുടെ അധ്വാനത്തിനനുസൃതമായ കൂലിയും ലഭിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം.

ഈ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ താരതമ്യങ്ങളില്ലാത്ത വിധം ക്രൂരമാണ്. അധികസമയം ജോലി ചെയ്യുമ്പോഴും തുച്ഛമായ കൂലിവാങ്ങുകയും, സ്വയമേവ വളരെയധികം മാനസിക സംഘർഷങ്ങൾ അനുഭവിക്കുമ്പോൾ പോലും രോഗികളോട് സഹാനുഭൂതിയും, സ്നേഹവും, കരുതലുള്ളവരുമായി, അവരുടെ വേദനകളിൽ പങ്കുചേർന്നു കൊണ്ട്, മുറിവുകളുണക്കിക്കൊണ്ട്, ശാരീരികവും, മാനസികവും, വൈകാരികവുമായ അധ്വാനത്തോടൊപ്പം ഭാവശക്തിയിലൂന്നിക്കൊണ്ടുള്ള നഴ്സിംഗ് ജോലി വിപണിമൂല്യങ്ങൾക്കും കരിയർ ആഗ്രഹങ്ങൾക്കും അനുസരിച്ച് ചെയ്യുന്ന ജോലികളെയപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്‌. അമ്മമാർ ചെയ്യുന്ന വേതനമില്ലാത്ത ഗാർഹിക അധ്വാനത്തിന്റെയും, വീട്ടുവേലചെയ്യുന്ന വേലക്കാരികളുടെ ‘അന്തസ്സ് കുറഞ്ഞ’ അധ്വാനത്തിന്റെയും സമന്വയം നഴ്സിങ് ജോലിയിൽ ഉള്ളതുകൊണ്ടാവാം നഴ്സിംഗ് പലപ്പോഴും വൈദഗ്ധ്യമുള്ള, പദവിയോഗ്യതയുള്ള ജോലിയായി കണക്കാക്കപ്പെടുന്നില്ല. കേരളത്തിൽ നഴ്‌സുമാരുടെ വേതന വർധനയ്ക്ക് വേണ്ടി നടന്ന ഐതിഹാസിക സമരങ്ങൾക്ക് ശേഷവും പല പ്രൈവറ്റ് ആശുപത്രികളിലും വളരെ തുച്ഛമായ വേതനത്തിന് നഴ്‌സുമാർ ചെയ്യേണ്ടിവരുന്നത് , ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.

അമ്മമാർ ചെയ്യുന്ന വേതനമില്ലാത്ത ഗാർഹിക അധ്വാനത്തിന്റെയും, വീട്ടുവേലചെയ്യുന്ന വേലക്കാരികളുടെ ‘അന്തസ്സ് കുറഞ്ഞ’ അധ്വാനത്തിന്റെയും സമന്വയം നഴ്സിങ് ജോലിയിൽ ഉള്ളതുകൊണ്ടാവാം നഴ്സിംഗ് പലപ്പോഴും വൈദഗ്ധ്യമുള്ള, പദവിയോഗ്യതയുള്ള ജോലിയായി കണക്കാക്കപ്പെടുന്നില്ല.

ഗാർഹിക അധ്വാനത്തോട് സമാനമായതും, വൈദഗ്ദ്ധ്യം ആവശ്യമില്ലാത്തതും , തുച്ഛ വേതനം മാത്രം അർഹിക്കുന്നവരുമായി മുദ്രകുത്തപ്പെട്ടവരാണ് നഴ്സിങ് തൊഴിലാളികൾ. പാഞ്ചാലി റേയുടെ പൊളിറ്റിക്സ് ഓഫ് പ്രികാരിറ്റി എന്ന കൃതിയിൽ അവർ ഇങ്ങനെ നിരീക്ഷിക്കുന്നു:

“ജീവന്റെ പുനരുത്പാദനത്തിന് നഴ്സിങ് വൃത്തി അത്യന്താപേക്ഷിതമാണ്-- രോഗം ബാധിച്ച ശരീരത്തെ വൃത്തിയാക്കുക, രോഗികളുടെ ‘കിടക്കപ്പുണ്ണുകൾ’ ശുശ്രൂഷിക്കുക, ഭക്ഷണം വായിൽവെച്ചുകൊടുക്കുയും സ്നേഹപൂർവ്വം ഊട്ടുകയുംചെയ്യുക, ദിവസേന അവയവശുദ്ധിവരുത്തുന്നതിൽ സഹായിക്കുക, വീശുകയും വിയർപ്പ് ഒപ്പുകയും ചെയ്യുക, മരുന്ന് കൊടുക്കുമ്പോഴും, ഇഞ്ചക്ഷൻ ചെയ്യുമ്പോഴും, ശരീരോഷ്മാവ് അളക്കുമ്പോഴും ചെവിയിൽ ആശ്വാസവാക്കുകൾ ഓതുക, ചുറ്റുപാടുകൾ വൃത്തിയാക്കുക, കിടക്ക നേരെയാക്കുകയും വൃത്തിയിൽ ഒരുക്കുകയും ചെയ്യുക, ഉപകരണങ്ങൾ അണുവിമുക്തമാക്കുകയും സ്റ്റെറിലൈസ് ചെയ്യുകയും ചെയ്യുക, രോഗനിർണയനത്തിൽ സഹായിക്കുന്നതിന് രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക, ഇങ്ങനെ, വീട്ടുവേലയും, ശാരീരികാധ്വാനവും, ഭാവശക്തിയിലൂന്നിയ അധ്വാനവും സമന്വയിപ്പിച്ച നഴ്സിംഗ് പ്രവർത്തനങ്ങൾക്ക് പലതരത്തിലുള്ള വൈദഗ്ധ്യങ്ങളാവശ്യമുണ്ട്.”

രോഗനിർണയം നടത്തുന്നതും രോഗചികിത്സയ്ക്ക് മരുന്ന് നിർദ്ദേശിക്കുന്നതും വളരെയധികം വൈദഗ്ദ്യം ആവശ്യമുള്ള, ചികിത്സാപ്രക്രിയയുടെ പ്രധാന ഘട്ടങ്ങളാണ്. രോഗാതുരമായ ശരീരത്തെയും രോഗിയെയും നിരന്തരം കരുതലോടെ വൃത്തിയാക്കുകയും പരിചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് അതിനേക്കാളോ അതോടൊപ്പമോ പ്രാധാന്യമുള്ള ചികിത്സാ പ്രക്രിയയും. എന്നിരുന്നാലും, ഡോക്ടറും നഴ്സും രോഗിയും ഉൾപ്പെടുന്ന ചികിത്സാരീതികളിൽ മെഡിക്കൽ വിജ്ഞാനത്തിന്റെ ഉറവിടമായി, രോഗികളെ സുഖപ്പെടുത്തുന്ന വൈദഗ്ധ്യമുള്ളവരായി പലപ്പോഴും ഡോക്ടർമാരെ മാത്രമാണ് അടയാളപ്പെടുത്താറുള്ളത്. ഡോക്ടർമാർ മെഡിക്കൽ വിജ്ഞാനത്തിന്റെ അപ്പോസ്തലന്മാർ ആകയാൽ ആശുപത്രികളിലെ അധികാരത്തിന്റെ മൊത്തവിതരണക്കാർ അവരായിരിക്കും. യഥാർത്ഥജീവിതത്തിലായാലും സിനിമകളിലായാലും ഡോക്ടർമാർ വരുമ്പോഴേക്കും ചാടിയെണീച്ച്, ഭവ്യതയോടെ എന്നാൽ കർമനിരതയോടെ അദ്ദേഹത്തെ അനുഗമിക്കുന്ന നിരവധി നഴ്‌സുമാരെ കാണുവാൻ കഴിയും. ഡോക്ടർ--നഴ്‌സ് ബന്ധങ്ങളിൽ ഈയൊരു അധികാര ശ്രേണിയ്ക്ക് ഇളക്കം തട്ടാതെ സൂക്ഷിക്കേണ്ടത് ആരോഗ്യ സ്ഥാപനങ്ങളുടെയും മെഡിക്കൽ വിജ്ഞാനത്തിന്റെയും കൂടി ആവശ്യമാണ്.

ചികിത്സാലയങ്ങളിൽ രോഗികളും, രോഗശരീരങ്ങളും അധികാരത്തിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമാവുന്നു. രോഗശരീരത്തിന്റെ ശിക്ഷണവും സമ്പൂർണമായ കീഴ്പെടലും മെഡിക്കൽ വിജ്ഞാനത്തിന്റെ ഉൽപാദനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. രോഗശരീരം ഒരു പാഠമാണെങ്കിൽ അതിനെ വായിച്ചുകൊണ്ട് അർഥങ്ങൾ നിർമിക്കുന്നവനും വ്യാഖ്യാനിക്കുന്നവനുമാണ് ഡോക്ടർ. പലപ്പോഴും ഡോക്ടർമാർക്കും രോഗികൾക്കുമിടയിലുള്ള മദ്ധ്യവർത്തി സ്ഥാനമാണ് നഴ്സുമാർക്കുള്ളത് എന്നും കാണാം. ഈ അധികാര ശ്രേണിയിൽ ഏറ്റവും താഴെത്തട്ടിലാണ് രോഗിയുടെ സ്ഥാനം. രോഗിയുടെ ഹൃദയമിടിപ്പ്, ശ്വാസഗതി, രക്തമലമൂത്രാദികളിലെ പ്രത്യേകതകൾ എന്നിങ്ങനെ ശരീരശാസ്ത്രസംബന്ധിയായ ഓരോ ഘടകങ്ങളും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടാണ് ഡോക്ടർ രോഗനിർണയം ചെയ്യുന്നത്. ഡോക്ടറുടെ ബൗദ്ധികാധ്വാനം പലപ്പോഴും നേരിട്ട് രോഗിയിൽ അതിന്റെ ഫലമുളവാക്കുന്നില്ല. ഡോക്ടർ ചികിത്സയ്ക്കിടയിൽ രോഗിയുടെ വൈകാരികവും മാനസികവുമായ അവസ്ഥകൾ നിരീക്ഷിക്കുന്നതും രേഖപ്പെടുത്തുന്നതും വളരെ അപൂർവമായി മാത്രമാണ്. നഴ്സുമാരുടെ വ്യതിരിക്തമായ അധ്വാനത്തിന്റെ പ്രാധാന്യം ഇവിടെയാണ്. രോഗിയുടെ മാനസിക വൈകാരിക അവസ്ഥകളെ നിരീക്ഷിക്കുകയും, രോഗിയുമായി അന്യോനം ഭാവശക്തിയിലധിഷ്ഠിതമായി, ഉടലുണർവ് ബന്ധത്തിലൂന്നിക്കൊണ്ട് അധ്വാനിക്കുകയുമാണ് നഴ്‌സ് ചെയ്യുന്നത്. രോഗാവസ്ഥയ്ക്കും ആരോഗ്യാവസ്‌ഥയ്ക്കും ഇടയിലുള്ള നേർത്ത അതിർവരമ്പുകളിൽ ഉറക്കമിളച്ചിരിക്കുന്ന കാവൽക്കാരാണ് നഴ്സിങ് തൊഴിലാളികൾ.

ഡോക്ടർക്കും രോഗിക്കും ഇടയിൽ മധ്യവർത്തിസ്ഥാനത്ത് നിലയുറപ്പിച്ച്, അധികാരശ്രേണീബന്ധങ്ങളെ പ്രശ്നവൽക്കരിച്ചുകൊണ്ട് ബൗദ്ധികാധ്വാനവും ഭാവശക്തിയിൽ അധിഷ്ഠിതമായ അധ്വാനവും ഇഴപേർത്തുകൊണ്ട് രോഗിയുമായും രോഗശരീരത്തിന്റെ ഉടലറിവുകളുമായും സംവദിച്ചുകൊണ്ട് മെഡിക്കൽ വിജ്ഞാനത്തെ വുപുലീകരിക്കുന്നതിൽ നഴ്‌സുമാർക്ക്‌ അനന്യമായ പങ്കാണുള്ളത്. ചുരുക്കത്തിൽ രോഗികളും, രോഗശരീരവും, നഴ്‌സുമാരും, ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടങ്ങിയ സംഘാതമാണ് മെഡിക്കൽ വിജ്ഞാനം ഉത്പാദിപ്പിക്കുന്നത് എന്ന് പറയാം.

ആരോഗ്യരംഗത്ത് ലിംഗപരമായ തൊഴിൽവിഭജനങ്ങൾ എല്ലായ്പ്പോഴും നിലനിൽക്കുന്നുണ്ട്. ഇന്ന് ഈ സ്ഥിതി ചെറുതായി മാറിവരികയും, പുരുഷന്മാരടക്കം വ്യാപകമായി നഴ്സിങ് ജോലി തെരഞ്ഞെടുക്കുന്നതായും കാണാം. നഴ്സിങ് പരിശീലനത്തിന്റെ രീതികളും വളരെയധികം മാറിയിരിക്കുന്നു. ശുശ്രൂഷയോടൊപ്പം മെഡിക്കൽ വിജ്ഞാനത്തിലും സിദ്ധാന്തത്തിലും നല്ല അവഗാഹവും പരിശീലനവും വൈദഗ്ദ്യവും നേടിയവരാണ് ഇന്ന് നഴ്‌സുമാർ. നഴ്സിങ്ങിനുണ്ടായിരുന്ന സ്റ്റിഗ്മ ക്രമേണ മാറിവരുമെന്ന് പ്രതീക്ഷിച്ചിക്കേണ്ടിയിരിക്കുന്നു. പല യൂറോപ്യൻ രാജ്യങ്ങളിലും, കാനഡയിലും അമേരിക്കയിലും മറ്റും നഴ്സിങ് ഇന്ന് ആദരണീയമായ, വളരെയധികം ശമ്പളം ലഭിക്കുന്ന ജോലിയാണ്. എന്നാൽ കേരളത്തിൽ ഇപ്പോഴും നഴ്സിങ് ജോലിചെയ്യുന്നവരുടെ മനുഷ്യാന്തസിനും അധ്വാനത്തിനും അർഹമായ പരിഗണന കിട്ടുന്നുണ്ടോ എന്ന് സംശയമാണ്.

ഈ കൊറോണക്കാലത്ത്, കെയർ വർക്കേഴ്സും നഴ്‌സ്മാരും അധ്വാനത്തെക്കുറിച്ചുള്ള നമ്മുടെ യാഥാസ്ഥികമായ മുൻധാരണകളെയെല്ലാം പൊളിച്ചെഴുതുന്നു. മെഡിക്കൽ വിജ്ഞാന നിർമാണത്തിൽ ഡോക്ടർമാർക്കുള്ള അപ്രമാദിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് അവർ തങ്ങളുടെ ബൗദ്ധിക അധ്വാനവും കായികാധ്വാനവും ഭാവശക്തിയിലൂന്നിയ അധ്വാനവും സമന്വയിപ്പിച്ചുകൊണ്ട് മെഡിക്കൽ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നു. രോഗാവസ്ഥയിലുള്ള രോഗികളുടെ നിരന്തര പരിചരണത്തിലൂടെ സമൂഹക്രമം നിലനിർത്തുന്ന പ്രക്രിയ കൂടിയാണ് നഴ്സിങ് എന്ന് നമ്മളെ എന്നത്തേക്കാളുമേറെ ബോധ്യപ്പെടുത്തുന്നു. അസംഖ്യം മനുഷ്യരുടെ ജീവനെ നിലനിർത്തുകയും ജീവിതത്തെ വീണ്ടെടുക്കുകയും ചെയ്‌തുകൊണ്ട്, ഭാവിയിലേക്ക് നമ്മളെ നയിക്കുന്നു.

റഫറൻസ്:

Panchali Ray. Politics of Precarity: Gendered Subjects and the Health Care Industry in Contemporary Kolkata, New Delhi: , OUP, 2019

Related Stories

No stories found.
logo
The Cue
www.thecue.in