ഔറംഗബാദിലേത് അപകടമരണമല്ല, അവരെ ദുരന്തത്തിലേക്ക് നടത്തിയ വ്യവസ്ഥിതി ചര്‍ച്ചയാവണം

ഔറംഗബാദിലേത് അപകടമരണമല്ല, അവരെ ദുരന്തത്തിലേക്ക് നടത്തിയ വ്യവസ്ഥിതി ചര്‍ച്ചയാവണം
കിടന്നുറങ്ങാന്‍ മറ്റൊരു സ്ഥലമില്ലാതെ ട്രാക്കില്‍ കിടന്നു ഉറങ്ങുന്നതിനിടെ ചരക്ക് ട്രെയിന്‍ ഇടിച്ചാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിലെ 16 പേര്‍ കൊല്ലപ്പെട്ടത്. ഇത് വെറും ഒരു അപകട മരണം മാത്രമായി കാണേണ്ട ഒന്നായി തോന്നുന്ന ബോധം മാറേണ്ടതാണ്. മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സാബ്ലു തോമസ് എഴുതുന്നു

മഹാരാഷ്ട്രയില്‍ അതിഥി തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ച സംഭവം കേവലം ഒരു അപകടം എന്ന് മാത്രം മനസിലാക്കുന്ന തരം നിസ്സംഗതയാണ് ചുറ്റും. അത് കേവലം അപകടമായി മനസിലാക്കുന്നത് തീര്‍ച്ചയായും ഒരു 'സൗകര്യമായിരിക്കാം'. മാറുന്ന തൊഴില്‍ ഇടങ്ങളെ കുറിച്ച്, തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥകളെ കുറിച്ച് ഒക്കെ ഉള്ള അസ്വസ്ഥത പെടുത്തുന്ന കുറെ ചോദ്യങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ അത് നമ്മളെ സഹായിക്കും. വീടിന്റെ അകത്തളങ്ങളിലെ സുരക്ഷിതത്വത്തില്‍ അലോസരപ്പെടുത്തുന്ന ചോദ്യങ്ങളില്ലാതെയുള്ള ശരാശരി ജീവിതങ്ങളെ ഞെട്ടിക്കാന്‍ മാത്രമുള്ള 'മൂല്യം' അവരുടെ ജീവിതങ്ങള്‍ക്ക് കല്‍പിച്ചു കൊടുക്കാന്‍ പലപ്പോഴും നമ്മളെ വിലക്കുന്നത് നമ്മള്‍ പോലും അറിയാതെ ഉറഞ്ഞു കൂടുന്ന വംശീയതയാണ്. അതിഥി തൊഴിലാളി എന്ന മനോഹരമായ വിളിപ്പേര് നല്‍കിയാല്‍ പോലും അവര്‍ നമ്മളില്‍ ഒരാള്‍ അല്ലെന്നും അന്യരാണ് എന്നും തോന്നുന്ന ഒരു തരം സാമൂഹിക രോഗം ഇന്ത്യ ആകെ പടര്‍ന്നിട്ടുണ്ട് എന്ന് പല സ്ഥലങ്ങളിലും ഈ തൊഴിലാളികള്‍ക്കെതിരെ നടന്നിട്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തും. ട്രെയിന്‍ കയറി അതിഥി തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം ഒരു അപകടം എന്നതിന് ഉപരി ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥയെ കുറിച്ച് നല്കുന്ന സൂചനകളിലേക്കാണ് നമ്മുടെ കണ്ണ് തുറക്കേണ്ടത്.

കോവിഡ് മൂലം ഉണ്ടാവുന്ന തൊഴില്‍ നഷ്ടത്തെ കുറിച്ചുള്ള കണക്കുകളില്‍ നിന്ന് പോലും പലപ്പോഴും ഒഴിവാക്കപ്പെടുന്നവരാണ് അസംഘടിത മേഖയിലെ തൊഴിലാളികള്‍. അതില്‍ തന്നെ ഇതരസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന വിവേചനം പലപ്പോഴും മനുഷ്യ വിരുദ്ധം പോലുമാണ്. പോരെങ്കില്‍ നമ്മുടെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ എല്ലാം സംഘടിത മേഖലയെ മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ്. ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ യാത്രക്കിടയിലും അപകടങ്ങള്‍ നേരിടുന്നെന്ന് സേവ് ലൈഫ് ഫൗണ്ടേഷന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ തീവണ്ടി അപകടത്തിന് മുന്‍പ് നടത്തിയ പഠനത്തിലെ കണക്ക് പ്രകാരം . ഇതുവരെ ലഭിച്ച ഏകദേശം 42 തൊഴിലാളികള്‍ മടക്കയാത്രക്കിടെയുണ്ടായ റോഡപകടങ്ങളില്‍ മരിച്ചു. സേവ് ലൈഫ് ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 24 മുതല്‍ മെയ് മൂന്ന് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ കണക്ക്. ഇന്ത്യയില്‍ ഗണ്യമായ ഒരു ശതമാനംആളുകള്‍ അസംഘടിത മേഖലയിലാണ് ജോലിചെയ്യുന്നത്. ലോക്ക് ഡൗണ്‍ കാരണം ഇവരില്‍ മിക്കവരും നാട്ടിലേക്ക് തിരിച്ചുപോവാന്‍ നിര്‍ബന്ധിതരായെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടനചൂണ്ടിക്കാട്ടുന്നു.

ഭീകരമായ അവസ്ഥയാണ് അസംഘടിത മേഖലയില്‍. സമ്പദ്വ്യവസ്ഥയിലെ 1.6 ബില്യണ്‍ തൊഴിലാളികള്‍, ആഗോള തൊഴിലാളികളുടെ പകുതിയോളം പണിയെടുക്കുന്നത് അസംഘടിത മേഖലയിലാണ്. കൊവിഡ് 19 പ്രതിസന്ധിയില്‍ ഉപജീവനമാര്‍ഗം നഷ്ട്ടപ്പെടുമെന്ന ഭീതിയിലാണ് അവരെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു .
aljazeera

തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറക്കലും മൂലം സംഘടിത മേഖലയിലെ ആളുകളും ദുരിതമനുഭവിക്കുന്നുണ്ട്. പിരിച്ചു വിടല്‍, നിര്‍ബന്ധിത അവധിക്ക് പ്രേരിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിലും ഭീകരമായ അവസ്ഥയാണ് അസംഘടിത മേഖലയില്‍. സമ്പദ്വ്യവസ്ഥയിലെ 1.6 ബില്യണ്‍ തൊഴിലാളികള്‍ ആഗോള തൊഴിലാളികളുടെ പകുതിയോളം പണിയെടുക്കുന്നത് അസംഘടിത മേഖലയിലാണ്. കൊവിഡ് 19 പ്രതിസന്ധിയില്‍ ഉപജീവനമാര്‍ഗം നഷ്ട്ടപ്പെടുമെന്ന ഭീതിയിലാണ് അവരെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു .

കൊവിഡ് മഹാമാരി ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുമെന്നു വ്യക്തമാക്കിയ അന്താരാഷ്ട്ര തൊഴില്‍ സംഘടന ഇന്ത്യയില്‍ വരാനിരിക്കുന്നത് കടുത്ത ദാരിദ്ര്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയിലെ അസംഘടിത മേഖലയില്‍ 40 കോടി തൊഴിലാളികളെങ്കിലും കടുത്ത ദാരിദ്ര്യത്തിലേക്ക് പോവാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ വേണം ഈ ട്രെയില്‍ അപകടം മനസിലാക്കാന്‍. അപ്പോള്‍ അത് വെറും അപകടം മാത്രമല്ലെന്നും സാമൂഹികവും സാമ്പത്തികവുമായ മാനങ്ങള്‍ ഉള്ള ഒരു പ്രതിസന്ധിയുടെ ഫലമാണെന്നും ബോധ്യമാകും.

reuters

മധ്യപ്രദേശിലെ നാട്ടിലെത്താന്‍ അവര്‍ സര്‍ക്കാര്‍ സഹായം തേടി കാത്തിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ മഹാരാഷ്ട്രയിലെ ജല്‍നയില്‍ നിന്നും പുറപ്പെട്ട സംഘം 45 കിലോമീറ്റര്‍ ദൂരം താണ്ടി ഔറംഗാബാദിലെത്തി. അവിടെ വിശ്രമിച്ച ശേഷം 120 കിലോമീറ്റര്‍ അകലെയുള്ള ബുസ്വാളിലേക്ക് കാല്‍നടയായി യാത്ര തുടരാനായിരുന്നു ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘത്തിന്റെ തീരുമാനമെന്നു വാര്‍ത്ത പറയുന്നു. അവിടെ നിന്നും നാട്ടിലേക്ക് ട്രെയിന്‍ ലഭിക്കുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. കിടന്നുറങ്ങാന്‍ മറ്റൊരു സ്ഥലമില്ലാതെ ട്രാക്കില്‍ കിടന്നു ഉറങ്ങുന്നതിനിടെ ചരക്ക് ട്രെയിന്‍ ഇടിച്ചാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തിലെ 16 പേര്‍ കൊല്ലപ്പെട്ടത്. ഇത് വെറും ഒരു അപകട മരണം മാത്രമായി കാണേണ്ട ഒന്നായി തോന്നുന്ന ബോധം മാറേണ്ടതാണ്. അവരെ അപകടത്തിലേക്ക് നടന്നെത്തിച്ച വ്യവസ്ഥിതിയെ കുറിച്ച് കൂടി ചര്‍ച്ച ഉണ്ടാകേണ്ടതുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in