എട്ട് സെക്കന്‍ഡിലെ റിപ്ലൈ, ഇനി നിങ്ങളുടെ ടൈമാണെന്ന് പാ രഞ്ജിത് പറഞ്ഞു, 'ഡാന്‍സിംഗ് റോസ്' ഷബീര്‍ കല്ലറക്കല്‍ അഭിമുഖം

പാ രഞ്ജിത് സംവിധാനം ചെയ്ത സര്‍പട്ടാ പരമ്പരൈ ആമസോണ്‍ പ്രൈമില്‍ എത്തിയതിന് പിന്നാലെ വലിയ ചര്‍ച്ച സൃഷ്ടിക്കുകയാണ്. ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രവും ആ കഥാപാത്രമായ നടന്റെ പ്രകടനവും സിനിമക്കൊപ്പം പ്രേക്ഷകരുടെ എല്ലാ ചര്‍ച്ചകളുടെയും ഭാഗമാണ്. മലയാളിയായ ഷബീര്‍ കല്ലറക്കലാണ് ഈ കഥാപാത്രമായത്. ഷബീര്‍ കല്ലറക്കല്‍ ദ ക്യുവിനോട് സംസാരിക്കുന്നു.

Q

വലിയ കാന്‍വാസിലുള്ള ഒരു സിനിമയുടെയും, പാ രഞ്ജിത്ത് പോലൊരു സംവിധായകന്റെ സിനിമയുടെയും ഒരു ഭാഗമായിരിക്കുകയാണ്. എങ്ങനെയുണ്ടായിരുന്നു അദ്ദേഹത്തിന്റെയൊപ്പമുള്ള അനുഭവങ്ങള്‍?

A

കഥാപാത്രത്തിലാണ് നമ്മളെങ്കില്‍, അദ്ദേഹം നമ്മളെ ഫ്രീയായി വിടും. നമ്മള്‍ക്ക് നമ്മുടേതായ രീതിയില്‍ അഭിനയിക്കാം. താന്‍ എഴുതിയപോലെത്തന്നെ അഭിനയിക്കണമെന്നൊന്നും അദ്ദേഹത്തിനില്ല. ആ ഒരു സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് നല്ലവണ്ണം ഉണ്ടായിരുന്നു.മറ്റ് സഹതാരങ്ങളുമാകട്ടെ, ആര്യയൊക്കെ നല്ല സഹകരണമായിരുന്നു. നമ്മള്‍ ഡൗണ്‍ ആയിരിക്കുമ്പോഴും, സീന്‍ നന്നായാലും ഓടിവന്ന് ഇനിയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. ഫൈറ്റ് കഴിഞ്ഞ് എല്ലാവരും ക്ഷീണിതരായിരിക്കുമ്പോള്‍ അദ്ദേഹം വിളിച്ച് സംസാരിക്കുകയൊക്കെ ചെയ്യും. എല്ലാവരും അങ്ങനെ തന്നെ. പശുപതി സാര്‍,ജോണ്‍ വിജയ്, ജോണ്‍ കോക്കന്‍ എല്ലാവരും ഫ്രണ്ട്‌ലിയാണ്. സെറ്റില്‍ വന്നാല്‍ തന്നെ, ആദ്യം ഗുഡ്‌മോര്‍ണിംഗ് ഒക്കെ പറഞ്ഞ ശേഷം, ഞങ്ങള്‍ രണ്ട് ചേരികളായി തിരിഞ്ഞ് കീരിയും പാമ്പിനെയും പോലെയാകും. അങ്ങനെ മൊത്തത്തിലുള്ള ഒരന്തരീക്ഷം, വളരെ രസകരമായിരുന്നു.

Q

സര്‍പ്പട്ടാ പരമ്പരൈയിലെ കഥാപാത്രങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥ ജീവിത്തില്‍ നിന്നുള്ള റഫറന്‍സ് ഉണ്ടല്ലോ, ഡാന്‍സിംഗ് റോസ് നസീബ് ഹമീദ് ആയിരുന്നില്ലേ റഫറന്‍md

A

അതെ അതെ...ഞാന്‍ ഓഡിഷന് പോയിരുന്നപ്പോള്‍ത്തന്നെ അവര്‍ പറഞ്ഞിരുന്നു നസീബ് ഹമീദ് ആണ് എന്റെ റെഫറന്‍സ് എന്ന്. വളരെ വ്യത്യസ്തമായിരുന്നതുകൊണ്ട് അതെനിക്ക് വല്ലാതെ ഇഷ്ടമായി. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് കുറെ പഠിച്ചു, അഭിമുഖങ്ങള്‍ കുറെ കണ്ടു. പിന്നീട് അദ്ദേഹത്തിന്റെ ബോക്‌സിങ് ശൈലി പഠിച്ചെടുത്തു. അതിനുശേഷം എനിക്ക് എങ്ങനെ അദ്ദേഹത്തിന്റെ ശൈലിയിലേക്ക് വഴങ്ങാന്‍ സാധിക്കുമെന്ന് പഠിച്ചു. ശരിക്കും വ്യത്യാസമുണ്ട്. ഡാന്‍സിംഗ് റോസ് ആയി നിന്നുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശൈലിയിലേക്ക് വരാനാണ് ശ്രമിച്ചത്.

Q

താങ്കളുടെ ഫൈറ്റ് സീക്വന്‍സുകളൊക്കെ ഒരുപാട് ടേക്കുകള്‍ പോയിരുന്നോ?

A

എന്റേത് ഒരുപാട് ടേക്കുകള്‍ പോയിരുന്നില്ല. ഞാന്‍ മുന്‍പുതന്നെ മാര്‍ഷല്‍ ആര്‍ട്‌സില്‍ ട്രെയിന്‍ഡ് ആയിരുന്നു. പാണ്ഡ്യന്‍ എന്നുപേരുള്ള ഒരു ഫൈറ്റ് മാസ്റ്ററുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ്സുകളിലൊക്കെ ഞാന്‍ പോയിട്ടുണ്ട്. മാത്രമല്ല, കൊറിയോഗ്രാഫി ഓര്‍മയിലുണ്ടായിരുന്നു. ലോങ്ങ് ഷോട്ടുകള്‍ ഒരുപാടുണ്ട്. 2 കട്ട്‌സ് ഒക്കെയേ മാക്‌സിമം പോകാറുള്ളൂ. ചിലയിടങ്ങളില്‍ കുറെ കട്ടുകളുണ്ടാകും. കാരണം, പഞ്ചുകളൊക്കെ കൃത്യമായി കൊണ്ടില്ലെങ്കില്‍ പാ രഞ്ജിത്ത് കുറെ ഷോട്ടുകള്‍ പോകും. വെറുതെ ആംഗ്യം കാണിച്ചാല്‍ പോരാ, മുഖത്തെ മസില്‍ ഇളകുന്നതൊക്കെ അദ്ദേഹത്തിന് നിര്‍ബന്ധമാണ്. അങ്ങനത്തെ സമയങ്ങളില്‍, കുറെ ഷോട്ടുകള്‍ പോകാറുണ്ട്. ഇമ്പാക്റ്റ് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. അതുകൊണ്ട് ഞങ്ങള്‍ ശരിക്കും ഇടിക്കുകയൊക്കെ ചെയ്യാറുണ്ട്.

Q

ഡാന്‍സിങ് മൂവുകളെക്കുറിച്ച് പറഞ്ഞല്ലോ. ഇവയിലെല്ലാം ഒരു പാറ്റേണ്‍ ഉണ്ട്. അതായത് ഫ്‌ളാഷ്ബാക്ക് സീനുകളില്‍ ബോക്‌സിങ് റിങ്സ് കാണിക്കുന്നുണ്ടല്ലോ, അവയിലെല്ലാം എതിരാളികളെ ഇടിച്ചുവീഴ്ത്തിയ ശേഷം പ്രത്യേകമായ ചില മൂവുകള്‍ എടുക്കുന്നുണ്ട്. എങ്ങനെയാണ് അതിലേക്ക് എത്തിയത്?

A

ഓണ്‍ ദി സ്‌പോട്ട് ആണവ. ഒരു മൂവ് കിട്ടാന്‍ വേണ്ടി ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് എനിക്കൊരെണ്ണം കിട്ടിയത്. മാസ്റ്ററോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി.അത് ഞാന്‍ ഉണ്ടാക്കിയതല്ല. എന്റെ ശരീരം ഫീല്‍ ചെയ്യുന്നതിലൂടെ, ഷൂട്ടിനിടയില്‍ അപ്രതീക്ഷിതമായി എന്നിലേക്ക് വന്നതാണവ.

Q

സിനിമയ്ക്ക് എല്ലായിടത്തുനിന്നും നല്ല പ്രതികരണമാണല്ലോ.പ്രതികരണങ്ങളൊക്കെ അറിഞ്ഞ ശേഷം പാ രഞ്ജിത്തുമായി സാംസാരിച്ചിരുന്നോ?

A

ഞാന്‍ അടുത്ത ദിവസം തന്നെ രഞ്ജിത്ത് സാറിനെ ഞാന്‍ വിളിച്ചരുന്നു.നന്ദിയൊക്ക പറഞ്ഞിരുന്നു.അദ്ദേഹം വളരെ ലളിതമായി, 'ഇത് നിങ്ങളുടെ സമയമാണ്.പരമാവധി ആസ്വദിക്കുക'എന്ന കുറഞ്ഞ വാക്കുകളില്‍ മറുപടിയൊതുക്കി. വെറും എട്ട് സെക്കന്‍ഡ് ഞങ്ങള്‍ മിണ്ടിയിട്ടുള്ളു. അങ്ങനെയാണ് ഞങ്ങള്‍.

Related Stories

No stories found.
The Cue
www.thecue.in