നിപയില്‍ വ്യാജ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി ; നടപടിക്കൊരുങ്ങി സര്‍ക്കാര്‍ 

നിപയില്‍ വ്യാജ പ്രചരണവുമായി ജേക്കബ് വടക്കഞ്ചേരി ; നടപടിക്കൊരുങ്ങി സര്‍ക്കാര്‍ 

സംസ്ഥാനത്ത് ഒരാളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കുപ്രചരണവുമായി പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കഞ്ചേരി. നിപയ്ക്ക് മരുന്ന് കഴിച്ചാല് മരിച്ചുപോകുമെന്നാണ് വാദം. നിപയെന്നൊരു രോഗമില്ല. ഇതെല്ലാം അലോപ്പതി ഡോക്ടര്‍മാരുടെയും മരുന്നുമാഫിയയുടെയും തട്ടിപ്പാണെന്നും വടക്കഞ്ചേരി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. പനി വന്നാല്‍ അലോപ്പതി മരുന്ന് കഴിക്കാന്‍ ആശുപത്രിയില്‍ പോകരുത്. പനിയ്ക്ക് മരുന്ന് കഴിക്കരുത്.

പനിയ്ക്ക് മരുന്ന് കഴിച്ചവരേ മരണപ്പെട്ടിട്ടുള്ളൂവെന്നും വടക്കഞ്ചേരി പറയുന്നു. മരുന്ന് മാഫിയയുടെ കള്ളത്തരമാണിത്. പനി ബാധിച്ചാല്‍ അലോപ്പതി ആശുപത്രിയില്‍ പോകരുത്. പ്രകൃതിചികിത്സകരെയോ ഹോമിയോ ചികിത്സകരെയോ സമീപിക്കണം. പനി ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. നിപയല്ല വിദ്യാര്‍ത്ഥിക്ക് ബാധിച്ചത്, ഇതിനെല്ലാം കാരണങ്ങള്‍ പലതുണ്ട് അത് പിന്നീട് പറയാം. പനി കണ്ടപ്പൊഴേ മരുന്ന് കഴിച്ചവരാണ് ചികിത്സയിലുള്ളത്. പാരാസെറ്റമോള്‍ കരളിനെ നശിപ്പിക്കുന്നതാണ്.

രണ്ട് പാരസെറ്റമോള്‍ പൊടിച്ച് ചോറില്‍ കലര്‍ത്തി നല്‍കിയാല്‍ എലികള്‍ ചത്തുവീഴും. ധാരാളം പച്ചവെള്ളം കഴിച്ച് എനിമയെടുത്താല്‍ പനിമാറും. പൂര്‍ണ്ണവിശ്രമവുമെടുത്താല്‍ മതി. പനിയെ ഉത്സവമാക്കുകയാണ് വേണ്ടതെന്നും വടക്കഞ്ചേരി പറയുന്നു. അതേസമയം വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തിയതിന് ജേക്കബ് വടക്കഞ്ചേരിയെയും മോഹനന്‍ വൈദ്യരെയും അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in