363 ദിവസം വഞ്ചിക്കപ്പെട്ടവരാണ്; കര്‍ഷകര്‍ക്ക് എന്തുകൊണ്ട് വീട്ടിലേക്ക് മടങ്ങാനാകുന്നില്ല

363 ദിവസം വഞ്ചിക്കപ്പെട്ടവരാണ്; കര്‍ഷകര്‍ക്ക് എന്തുകൊണ്ട് വീട്ടിലേക്ക് മടങ്ങാനാകുന്നില്ല

ഗുരുനാനാക് ദിനത്തില്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പ്രഖ്യാപിച്ചു. രാജ്യത്തെ കര്‍ഷകരെ തകര്‍ക്കുന്ന വിവാദ നിയമത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്‍മാറുന്നത് മാപ്പ് പറഞ്ഞുകൊണ്ടാണ്.

രാജ്യം കണ്ട ഐതിഹാസിക ജനകീയ പോരാട്ടത്തിന്റെ വിജയം. കര്‍ഷക പോരാട്ടത്തിന് മുന്നില്‍ മുട്ടുമടക്കിക്കൊണ്ടുള്ള നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സംയുക്ത കിസാന്‍ മോര്‍ച്ച സ്വാഗതം ചെയ്തു. കര്‍ഷക സമരം ഉടന്‍ പിന്‍വലിക്കാനാകില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കുന്നതുവരെ പ്രതിഷേധമുഖത്ത് തങ്ങളുണ്ടാകുമെന്നുമാണ് രാകേഷ് ടികായത്ത് പറഞ്ഞത്. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യമാണെന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. പക്ഷേ ഇതിന് പിന്നാലെ സമരമിനിയും പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാടിനെതിരെ വിമര്‍ശനങ്ങളും സജീവമാകുകയാണ്.

ഇനിയും മതിയായില്ലേ രാകേഷ് ടികായത്തിന്, നിങ്ങളുടെ ലക്ഷ്യം മറ്റെന്തൊക്കെയോ ആണ് ഈ രീതിയിലാണ് വലതുപക്ഷ ഹാന്‍ഡിലുകളും സംഘപരിവാര്‍ സഹയാത്രികരും ആരോപിക്കുന്നത്. അത്ര എളുപ്പം പിന്‍വലിക്കാന്‍ കഴിയുന്നതാണോ കര്‍ഷകര്‍ക്ക് തങ്ങളുടെ സമരം. എന്തുകൊണ്ട് അവര്‍ക്ക് അതിന് കഴിയുന്നില്ല. മോദിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന അവരുടെ വാദങ്ങള്‍ എന്തുകൊണ്ട് ന്യായമാകുന്നു.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് ഡല്‍ഹിയിലെ കര്‍ഷക സമരം. 363 ദിവസം സമരം നീണ്ടു നിന്നു. ഇനിയും തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്ക് മാപ്പ് പറയേണ്ടി വന്നു. പക്ഷേ സമരം നിയമം പിന്‍വലിക്കാതെ ഉപേക്ഷിക്കില്ല എന്ന് കര്‍ഷകര്‍ പറയുമ്പോള്‍ 363 ദിവസത്തിലേക്ക് സമരം നീട്ടിയ, 700 ലധികം രക്തസാക്ഷികളെയുണ്ടാക്കിയ സര്‍ക്കാരിനോടുള്ള അവിശ്വാസം കൂടിയുണ്ട്.

ആ സമരമില്ലാതാക്കാന്‍ കഴിയാവുന്നതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തു. സമരം ചെയ്യുന്ന കര്‍ഷകര്‍ നില്‍ക്കുന്നിടത്തുള്ള ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, വഴികള്‍ കൊട്ടിയടച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ കിലോമീറ്ററുകള്‍ നടക്കണമെന്നാക്കി. പല വാഗ്ദാനങ്ങളും നല്‍കി കര്‍ഷകരെ വശത്താക്കാന്‍ ശ്രമിച്ചു, ലഖിംപൂരില്‍ കര്‍ഷകരുടെ മേല്‍ വണ്ടി ഓടിച്ചുകയറ്റി, ഖലിസ്ഥാന്‍ വാദികളെന്ന് സമരം ചെയ്ത കര്‍ഷകരെ മുദ്രകുത്താന്‍ ശ്രമിച്ചു, അവരെ ഭീഷണിപ്പെടുത്തി, ആക്ഷേപിച്ചു.

പ്രതിഷേധം കടുത്തപ്പോള്‍ നിയമത്തില്‍ ഭേദഗതി വരുത്താമെന്നും പറഞ്ഞു. കര്‍ഷക സമരം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും അത്ഭുതകരമാം വിധം അതിജീവിച്ചവരാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിയവരാണ്. ആ ചര്‍ച്ചകളിലെല്ലാം തങ്ങളുടെ ന്യായമായ ആവശ്യം എങ്ങനെ നിഷേധിക്കപ്പെട്ടുവെന്ന് കണ്ടവരാണവര്‍. അവര്‍ക്ക് നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മോദി സര്‍ക്കാരിന്റെ വാദങ്ങള്‍ അത്ര എളുപ്പം വിശ്വസിക്കാനാകില്ല. നരേന്ദ്ര മോദിയുടെ മാപ്പ് കണക്കിലെടുക്കാനുമാകില്ല. ചുരുക്കത്തില്‍ അവര്‍ക്ക് നിയമം റദ്ദ് ചെയ്യാതെ സമരം പിന്‍വലിക്കാനുള്ള വിശ്വാസം ഈ സര്‍ക്കാരിലില്ല.

പല ചര്‍ച്ചകളും വെറു പ്രഹസനങ്ങള്‍ മാത്രമായിരുന്നുവെന്ന് അവര്‍ക്ക് നേരിട്ടറിയാവുന്നതാണ്. അത് പലകുറി അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതിന് ശേഷമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതല്ലാതെ ഒരു സമവായ ചര്‍ച്ചകള്‍ക്കും ഞങ്ങളില്ലെന്ന പ്രഖ്യാപനം അവര്‍ നടത്തിയത്. ഉത്തര്‍പ്രദേശ് പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ വളരെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്നതിന്റെ സൂചനകള്‍ ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തന്നെ ഉണ്ടായിരുന്നു. പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും തെരഞ്ഞെടുപ്പുകള്‍ക്ക് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനം മാറ്റത്തെ പൂര്‍ണമായും വിശ്വാസമെടുക്കേണ്ടതില്ല എന്ന് കൂടിയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. അവര്‍ക്ക് ഇനിയും ചോദ്യങ്ങള്‍ ബാക്കിയുണ്ട് ഉത്തരങ്ങള്‍ കിട്ടേണ്ടതുമുണ്ട്. അതുകൂടി ലഭിച്ചതിന് ശേഷം മാത്രമേ വീടുകളിലേക്ക് മടങ്ങേണ്ടതുള്ളു എന്ന തീരുമാനം അവര്‍ എടുക്കുന്നിടത്ത് ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള ബാര്‍ഗെയിനിങ്ങ് പവര്‍ ഒരു അധികാര രാഷ്ട്രീയത്തിനും മുകളിലല്ലെന്ന് അവര്‍ കാണിച്ചു തരുന്നു. അതുകൊണ്ട് കൂടിയാണ് കര്‍ഷക സമരം സമീപകാലത്ത് ഇന്ത്യകണ്ട ചരിത്രവിജയമാകുന്നത്. ജനാധിപത്യവിരുദ്ധ നീക്കങ്ങളോട് ജനതയെ ആപത്തിലാക്കുന്ന തീരുമാനങ്ങളോട് സന്ധി ചെയ്യാത്തൊരു സമൂഹം രാജ്യത്തുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കര്‍ഷക പോരാട്ടം. മാപ്പ് കൊണ്ടും കേവല പ്രഖ്യാപനങ്ങള്‍ക്കൊണ്ടും ഞങ്ങള്‍ പിന്‍വാങ്ങില്ലെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കരുക്കളാക്കാന്‍ ഞങ്ങള്‍ നിന്നു തരില്ലെന്നും നിയമം റദ്ദ് ചെയ്ത് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണമായ കീഴടങ്ങലാണ് വേണ്ടതെന്നുമാണ് കര്‍ഷകര്‍ ആവര്‍ത്തിക്കുന്നത്. പക്ഷേ ഇന്ന് ആഹ്ലാദത്തിന്റെ ദിനമാണ്. സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ സമരം വിജയിച്ച ദിവസമാണിന്ന്.

The Cue
www.thecue.in