തോറ്റമ്പിയ ട്വന്റി ട്വന്റി,ജനം തോല്‍പ്പിച്ചത് കൊണ്ട് മാത്രം കിഴക്കമ്പലം പാര്‍ട്ടിയുടെ അധ്യായം അവസാനിക്കുമോ?

ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല, കേരളം ഇനി മുന്നോട്ട്, ട്വന്റി 20ക്കൊപ്പം മുന്നോട്ടെന്ന വാദവുമായി തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആവേശത്തിൽ എറണാകുളം ജില്ലയിലെ 8 മണ്ഡലങ്ങളിൽ മത്സരത്തിനിറങ്ങിയ ട്വന്റി 20 യെ കേരളം തള്ളികളഞ്ഞിരിക്കുന്നു. ട്വന്റി 20യ്ക്ക് കനത്ത തിരിച്ചടി നൽകിയ എറണാകുളത്തെ ജനങ്ങൾ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയിലൂടെ കിഴക്കമ്പലം പഞ്ചായത്തിൽ ആദിപത്യമുറപ്പിച്ച കിറ്റക്സിന്റെ ട്വന്റി 20യ്ക്ക് നിയമസഭയിലേക്ക് വഴിയൊരുങ്ങേണ്ടതില്ലെന്നും വിധിച്ചിരിക്കുന്നു. കേരള രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കാനുള്ള ഒരു കോർപ്പറേറ്റിന്റെ ശ്രമത്തിനും നിയമസഭയിൽ തങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സ്വാധീനം വർദ്ധിപ്പിക്കാം എന്ന സാബു എം. ജേക്കബിന്റെ മോഹങ്ങൾക്കും കൂടിയാണ് ജനം തിരശീല ഇട്ടത്.

തങ്ങൾ ഭരിക്കുന്ന പഞ്ചായത്തിൽ നടപ്പിലാക്കിയതുപോലുള്ള അടിസ്ഥാന സൗകര്യ വികസനവും, നല്ല റോഡുകളും കേരളത്തിലെവിടെയും ഇല്ലെന്ന് പറഞ്ഞ് 'കിഴക്കമ്പലം പോലൊരു കേരളം'; എന്ന വാ​ഗ്ദാനവുമായി വന്ന പാർട്ടിയോട് കേരളത്തിൽ ഇക്കാണുന്ന റോഡുകളും, അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ഇവിടുത്തെ രാഷ്ട്രീയക്കാർ തന്നെ ഉണ്ടാക്കിയതാണെന്നും കോർപ്പറേറ്റുകൾ സൗജന്യമായി തന്നതല്ലെന്നും പറയുന്നുണ്ട് എറണാകുളത്തെ എട്ട് മണ്ഡലങ്ങളിലെയും ജനങ്ങൾ. ട്വന്റി 20, വി ഫോർ കേരള തുടങ്ങി ഒരു പ്രത്യയശാസ്ത്രവും മുന്നോട്ട് വെക്കാനില്ലാത്ത, നിർണായക വിഷയങ്ങളിലൊന്നും ഒരു നിലപാടുമില്ലാത്ത പാർട്ടികളെ നിലംപരിശാക്കിയിരിക്കുകയാണ് ജനങ്ങൾ. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ നിന്ന് തുടങ്ങിയ ട്വന്റി 20 2020ൽ മഴുവന്നൂർ, ഐക്യരനാട്, കുന്നത്തുനാട്, പഞ്ചായത്തുകൾ കൂടി പിടിച്ചെടുത്തിരുന്നു. ഇതിന് പുറമെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ട്വന്റി 20യ്ക്ക് എറണാകുളം വിജയം നൽകിയിരുന്നു. പക്ഷേ നിയമസഭ തെരഞ്ഞെടുപ്പിൽ ജനം മാറ്റിചിന്തിച്ചു. ഏറെ പ്രതീക്ഷ വെച്ച കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിൽ പോലും പാർട്ടിക്ക് ലീഡ് നേടാനായില്ല എന്നതാണ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. കുന്നത്തുനാട്, കൊച്ചി, കോതമം​ഗലം, പെരുമ്പാവൂർ, വൈപ്പിൻ, മുവാറ്റുപുഴ, എറണാകുളം, തൃക്കാക്കര എന്നീ മണ്ഡലങ്ങളിലാണ് ട്വന്റി 20 ഇക്കുറി അങ്കത്തിനിറങ്ങിയത്. പക്ഷേ മത്സരിച്ച എട്ടിൽ ആറ് മണ്ഡലങ്ങളിലും ബി.ജെ.പിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്താനായി എന്നതിനപ്പുറം ഒരു നേട്ടവും ട്വന്റി 20ക്ക് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. കുന്നത്ത് നാട്ടിലാണ് മത്സരിച്ച മണ്ഡലങ്ങളിൽ ട്വന്റി 20 ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. ഇവിടെ സുജിത്ത് പി സുരേന്ദ്രൻ 41890 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്. മത്സരിച്ചതിൽ കുന്നത്തുനാടും പെരുമ്പാവൂരുമൊഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം ഇരുപതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ട്വന്റി 20ക്ക് നേടാനായത്. കണക്കുകൾ പറയുന്നത് തദ്ദേശ തെരഞ്ഞടുപ്പിന് ലഭിച്ചതിനേക്കാൾ 2000 വോട്ട് കിഴക്കമ്പലത്ത് പോലും ട്വന്റി 20ക്ക് കുറഞ്ഞുവെന്നാണ്. കുന്നത്ത് നാട് -41890 കൊച്ചി- ഷൈനി ആന്റണി-19550 കോതമം​ഗലം; ഡോ. ജോയ് ജോസഫ് -7795 പെരുമ്പാവൂർ-ചിത്ര സുകുമാരൻ 20153 വൈപ്പിൻ-ഡോ.ജേക്കബ് ചക്കാലക്കൽ- 16540 മൂവാറ്റുപുഴ അഡ്വ സി.എൻ പ്രകാശ്- 13308 എറണാകുളം; 10550 തൃക്കാക്കര- ഡോ.ടെറി തോമസ് 13773 പക്ഷേ അപ്പോഴും എറണാകുളം ജില്ലയിൽ ട്വന്റി 20ക്ക് ലഭിച്ച ഈ വോട്ടുകൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളോട് കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കേണ്ടതിന്റേ ആവശ്യകത വിളിച്ച് പറയുന്നുണ്ട്. കാരണം കൃത്യമായ ആസൂത്രണത്തോടെയും പദ്ധതികളിലൂടെയുമാണ് ട്വന്റി 20 ഓരോ ഘട്ടങ്ങളിലും പ്രവർത്തിക്കുന്നത് എന്നത് അവരുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ മനസിലാക്കാവുന്നതാണ്. 2013ല്‍ രൂപീകൃതമായ ട്വന്റി 20ക്ക് കിഴക്കമ്പലത്തിന്റെ രാഷ്ട്രീയ സ്വഭാവം അട്ടിമറിച്ച് ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ രണ്ട് വർഷത്തെ കാലയളവ് മാത്രമേ വേണ്ടി വന്നുള്ളൂ. ജനങ്ങൾക്ക് വേണ്ടി വാരിക്കോരി ചിലവാക്കുന്ന ഉത്തരവാദിത്തപ്പെട്ട ബിസിനസ്മാൻ എന്ന ഇമേജ് സാബു എം. ജേക്കബ് നേടിയെടുക്കുന്നത് നിർബന്ധിത സി.എസ്.ആറിന് വേണ്ടി കമ്പനി ചെലവഴിച്ച തുകയിൽ നിന്നാണ്. കമ്പനികള്‍ തങ്ങളുടെ ആകെ മൂലധനത്തിന്റെ ഒരോഹരി സാമൂഹിക പ്രതിബന്ധതയ്ക്ക് വേണ്ടി മാറ്റിവെക്കുക, അതുവഴി സമൂഹത്തോടുള്ള തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുക എന്ന സി.എസ്.ആർ ആശയം രാഷ്ട്രീയത്തിലേക്ക് എങ്ങിനെ വിദ​ഗ്ധമായി പയറ്റി വിജയിക്കാമെന്ന് കാണിച്ച് തന്നത് ട്വന്റി 20 യിലൂടെ സാബു. എം. ജേക്കബാണ്.

കോൺ​ഗ്രസും സിപിഐഎമ്മും മാറി മാറി ഭരിച്ച കിഴക്കമ്പലത്ത് ട്വന്റി 20യെ മറികടക്കാൻ അഞ്ചു വർഷങ്ങൾക്കിപ്പുറവും അവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ കമ്പനിക്കെതിരെ വലിയ രീതിയിൽ ഉയർന്ന മാലിന്യ പ്രശ്നം വിദ​ഗ്ധമായി മൂടിവെക്കാൻ ട്വന്റി 20ക്ക് സാധിച്ചു എന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലേക്ക് കൂടി അവരുടെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തു. കിറ്റക്‌സ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ 2013ല്‍ രൂപീകരിച്ചതാണ് ട്വന്റി 20.അതായത് സര്‍ക്കാര്‍ നിയമപ്രകാരം കിറ്റക്‌സ് കമ്പനി നിര്‍ബന്ധിതമായും ചിലവഴിക്കേണ്ട തുക ചിലവിടാന്‍ നിയോഗിച്ച ചാരിറ്റബിള്‍ ട്രസ്റ്റായിരുന്നു ട്വന്റി 20. ആ തുക ഉപയോ​ഗിച്ച് ജനങ്ങൾക്കിടയിലേക്ക് പടർന്നു കയറിയ ട്വന്റി 20 പഞ്ചായത്ത് പ്രസിഡന്റിനും മെമ്പർമാർക്കും കമ്പനി ശമ്പളമുൾപ്പെടെ നൽകി ജനാധിപത്യ സംവിധാനത്തിൽ വിചിത്രമായ രീതികളാണ് പിന്തുടരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞെങ്കിലും തിരികെ വരാനുള്ള മൂലധനം കിറ്റക്സ് എന്ന വമ്പൻ കമ്പനിയുടെ കയ്യിൽ ഭദ്രമാണ്. ട്വന്റി 20 രൂപീകരിക്കുമ്പോൾ കിഴക്കമ്പലത്തെ പ്രാദേശിക രാഷ്ട്രീയ കക്ഷികൾ അവരൊരു വെല്ലുവിളിയായി വരുമെന്ന് പോലും കരുതിയിരുന്നില്ല. പക്ഷേ ഇപ്പോഴവിടുത്തെ പ്രാദേശിക പാർട്ടികളെല്ലാം അപ്രസ്ക്തമാണ്. അതുകൊണ്ട് തന്നെ ട്വന്റി 20 യുടെ പരാജയം ആഘോഷിക്കുമ്പോഴും കേരളത്തിന്റെ പ്രബല രാഷ്ട്രീയ പാർട്ടികളുടെ വിജയത്തിന്റെ സമവാക്യങ്ങൾ തീരുമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള വോട്ടുകൾ ചിലമണ്ഡലങ്ങളിലെങ്കിലും അവർക്ക് ഉണ്ട് എന്നതിനെപ്പോലും കരുതലോടെ നേരിടേണ്ടിയിരിക്കുന്നു.

No stories found.
The Cue
www.thecue.in