വൈറസിന് മ്യൂട്ടേറ്റ് ചെയ്യാന്‍ അന്തരീക്ഷമൊരുക്കുന്ന കേന്ദ്രത്തിന്റെ വാക്‌സിന്‍ പോളിസി|INTERVIEW

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ പോളിസിയില്‍ നിന്ന് തന്നെ തുടങ്ങാം. വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ട ഒരു വാക്‌സിനേഷന്‍ പോളിസിയാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ ഇതുവരെ സ്വീകരിച്ചു വന്നെ നയങ്ങള്‍ എല്ലാം തിരുത്തുന്നതുമാണിത്. ഇന്ത്യയുടെ പോപുലേഷന്‍, ജനങ്ങളുടെ സാമ്പത്തിക സ്ഥിതി, രോഗവ്യാപന നിരക്ക് ഇത്തരത്തില്‍ നിരവധി ഘടകങ്ങള്‍ കണക്കിലെടുക്കാതെയുള്ള ഈ പോളിസി എത്രത്തോളം അപര്യാപ്തമാണ്. അത് ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ എങ്ങിനെയായിരിക്കും ബാധിക്കുക?

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ എങ്ങിനെയാണ് വാക്‌സിന് വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തത് എന്ന് പരിശോധിച്ചാല്‍ മാത്രമേ ഇന്ത്യയുടെ പരാജയവും അതിനുള്ള കാരണങ്ങളും വ്യക്തമാകുകയുള്ളൂ. ലോകത്ത് അമേരിക്ക, ബ്രട്ടന്‍, ചൈന, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളെല്ലാം കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കാന്‍ ശ്രമിച്ചിരുന്നു.

ഇപ്പോള്‍ അമേരിക്കയില്‍ നോക്കിയാല്‍ പലതരം വാക്‌സിനുകള്‍ അവിടെ ലഭ്യമാണ്. അമേരിക്കയാണെങ്കില്‍ ഓക്‌സ്ഫര്‍ഡ്-ആസ്ട്രാസെനേക്ക വാക്‌സിന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുപോലുമില്ല. അമേരിക്ക 2020 ജൂണ്‍ മാസത്തില്‍ തന്നെ വാക്‌സിന്‍ പെട്ടെന്ന് ലഭിക്കാന്‍ കൃത്യമായ ഒരു ആസൂത്രണം നടത്തി മുന്നോട്ട് പോയി.

വിദേശ രാജ്യങ്ങള്‍ ചെയ്ത രണ്ടാമത്തെ കാര്യം വിവിധ വാക്‌സിന്‍ കമ്പനികളില്‍ സര്‍ക്കാരുകള്‍ക്ക് ഉണ്ടായിരുന്ന പൊതു നിക്ഷേപം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചു എന്നതാണ്. വാക്‌സിന്‍ കമ്പനികള്‍ക്ക് അവരുടെ ഗവേഷണത്തിനോ അല്ലെങ്കില്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോമൂലധനം ഒരു തടസമാകരുത് എന്ന ഉദ്ദേശ്യത്തോടൂകൂടിയായിരുന്നു ഇത് ചെയ്തത്. വാക്‌സിന്‍ വികസനത്തിന് ഗ്രാന്റുകളായും അതുപോലെ തന്നെ സോഫ്റ്റ് ക്രെഡിറ്റായും സൗകര്യങ്ങള്‍ ലഭ്യമാക്കി കൊണ്ട് അവരെ വലിയ രൂപത്തില്‍ സാമ്പത്തികമായി സഹായിക്കുന്ന ഒരു പ്രവര്‍ത്തനം വിദേശ രാജ്യങ്ങളില്‍ ഉണ്ടായി.

ഈ നിക്ഷേപങ്ങള്‍ പലപ്പോഴും ഈ വാക്‌സിനുകള്‍ ഫലവത്താകുമോ ഇല്ലയോ എന്നത് അറിയാതെയാണ് അവര്‍ ചെയ്യുന്നത്. അതുകൊണ്ട് ഇതിനെ വിളിക്കുന്നത് 'അറ്റ് റിസ്‌ക് ഇന്‍വെസ്റ്റ്‌മെന്റ്' എന്നാണ്. റിസ്‌കുള്ള ഇന്‍വെസ്റ്റ്‌മെന്റ്. ഇത് വലിയ രൂപത്തില്‍ രാജ്യങ്ങളെല്ലാം വാക്‌സിന്‍ കമ്പനികളില്‍ നടത്തുകയുണ്ടായി.

മുന്നാമതായി അവര്‍ വാക്‌സിന്‍ കമ്പനികളുമായി നേരത്തെ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഏറ്റവും കൂടുതല്‍ ഡോസുകള്‍ ബുക്ക് ചെയ്തു. ഇതുകൊണ്ടാണ് അമേരിക്കയുടെ കയ്യില്‍ ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ സ്റ്റോക്കുള്ളത്. ഈ മുന്ന് കാര്യങ്ങളാണ് മറ്റ് രാജ്യങ്ങളെല്ലാം ചെയ്തത്. ഇന്ത്യയാണെങ്കില്‍ ഇതില്‍ മൂന്നിലും ഒരു പരാജയമായിരുന്നു എന്നത് നമുക്ക് കാണാം.

പുതിയ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ വളരെ യാഥാസ്ഥിതികമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യക്കാര്‍ക്കുള്ള വാക്‌സിനേഷന് ഇന്ത്യയുടെ വാക്‌സിന്‍ മതി എന്ന സ്വകാര്യ അനാവശ്യ അഹങ്കാരത്തിന്റെ പുറത്താണ് ഇന്ത്യയുടെ വാക്‌സിന്‍ പോളിസി ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് നമുക്ക് മനസിലാകും. നമുക്ക് ഫൈസറും മോഡേണയും സ്പുട്‌നിക്കുമൊന്നും വേണ്ട കൊവിഷീല്‍ഡും കൊവാക്‌സിനും മതിയെന്ന ഒരു തീരുമാനമായിരുന്നു ഉണ്ടായിരുന്നത്.

ജനുവരിയിലാണ് കൊവിഷീല്‍ഡിനും കൊവാക്‌സിനും ഇന്ത്യ അപേക്ഷ കൊടുക്കുന്നത്. ഫെബ്രുവരിയിലാണ് സ്പുട്‌നിക് വി ഇവിടെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. സ്പുട്‌നിക് വി യുടെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചത് അവരുടെ ഇമ്മ്യുണോജനിസിറ്റി ഡാറ്റ ലഭ്യമല്ല എന്ന കാരണം പറഞ്ഞു കൊണ്ടാണ്. എന്നാല്‍ തൊട്ടുമുന്‍പത്തെ മാസം ജനുവരിയില്‍ കൊവിഷീല്‍ഡിന് അനുമതി കൊടുക്കുമ്പോള്‍ അവരുടെ ഇമ്മ്യൂണോജനിസിറ്റി ഡാറ്റ ലഭ്യമല്ലായിരുന്നു. എന്തേ ആ മാനദണ്ഡം സ്പുട്‌നിക് വിയുടെ കാര്യത്തില്‍ പ്രയോഗിച്ചില്ല?

ഫൈസറിന്റെ വാക്‌സിന്‍ വന്നപ്പോള്‍ അവരുടെ ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിപ്പിച്ചു. ഇന്ത്യയില്‍ നടത്തിയ ലോക്കല്‍ ബ്രിഡ്ജിങ്ങിന്റെ ട്രയലുകള്‍ അവരുട കയ്യില്‍ ലഭ്യമല്ല എന്ന് പറഞ്ഞായിരുന്നു അപേക്ഷ പിന്‍വലിപ്പിച്ചത്. പക്ഷേ കൊവാക്‌സിന് അനുമതി കൊടുത്തപ്പോള്‍ കൊവാക്‌സിന്റെ ഫേസ് 1, ഫേസ് 2 ഡാറ്റ മാത്രമായിരുന്നു ലഭ്യമായിരുന്നത്. അവരുടെ ഫേസ് 3 ഡാറ്റ ലഭ്യമല്ലായിരുന്നു. സത്യത്തില്‍ ഇന്നും അത് പൂര്‍ണ രൂപത്തില്‍ ലഭ്യമല്ല. എന്നിട്ടും കൊവാക്‌സിന്‍ നമ്മള്‍ ഉപയോഗിക്കുന്നു.

നേരത്തെ സ്പുട്‌നികിന് അനുമതി കൊടുത്തിരുന്നെങ്കില്‍ ഇന്ന് സ്പ്ടുനിക് നമുക്ക് ഇന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ ഇപ്പോഴത് പറ്റില്ല. ഇനി രണ്ട് മൂന്ന് മാസം കഴിഞ്ഞേ നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ.

ഇവിടെ മറ്റ് രാജ്യങ്ങളെല്ലാം കൂടുതല്‍ വാക്‌സിന് അനുമതി നല്‍കിയപ്പോള്‍ കൊവിഷീല്‍ഡും കൊവാക്‌സിനും മാത്രം ഇന്ത്യയ്ക്ക് മതിയാകും എന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്. ആത്മനിര്‍ഭര്‍ ക്യാമ്പയിന്റെ വിജയം ലോകം മുഴുവന്‍ കൊട്ടിഘോഷിക്കാനായി ഇത് മതിയാകും എന്ന ഒരു നിലപാടില്‍ എടുത്തിട്ടുള്ള ഒരു വാക്‌സിന്‍ പോളിസിയാണിത് എന്ന് വേണം മനസിലാക്കാന്‍.

രണ്ടാമതായി മറ്റ് ലോക രാജ്യങ്ങള്‍ 'അറ്റ് റിസ്‌ക് ഇന്‍വെസ്റ്റ്‌മെന്റ്' നടത്തി. പക്ഷേ അത്തരത്തിലുള്ള ഒരു നിക്ഷേപവും ഇന്ത്യയില്‍ നടന്നതായി നമ്മുടെ കണക്കുകള്‍ സൂചിപ്പിക്കുന്നില്ല. പൊതുമേഖലയില്‍ എത്രയോ വാക്‌സിന്‍ കമ്പനികളുണ്ട്. ഈ പൊതുമേഖലയിലെ വാക്‌സിന്‍ കമ്പനികളില്‍ നിക്ഷേപം നടത്തിക്കൊണ്ട് അവരുടെ ഉത്പാദന ശേഷി നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമായിരുന്നു. സ്വകാര്യ മേഖലയിലും ഇത് ചെയ്യാമായിരുന്നു. പക്ഷേ അതും വളരെ പരിമിതമായ അളവിലാണ് ചെയ്തത്.

മൂന്നാമത്തെ കാര്യം വാക്‌സിനുകള്‍ക്ക് എപ്പോഴാണ് ഇന്ത്യ അനുമതി കൊടുത്തത് എന്നതുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ജനുവരി മാസത്തിലാണ് അഡ്വാന്‍സ് ആയിട്ടുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ ഇന്ത്യ കൊവിഷീല്‍ഡിനും കൊവാക്‌സിനും കൊടുത്തത്. മറ്റു രാജ്യങ്ങളാകട്ടെ 2020 ജൂണി തന്നെ അവര്‍ വാക്‌സിനുകള്‍ ബുക്ക് ചെയ്തിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് 2020ല്‍ ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിങ്ങള്‍ ഇന്ത്യയ്ക്ക് എത്ര വാക്‌സിനാണ് കൊടുക്കാന്‍ പോകുന്നത് എന്നായിരുന്നു അത്. അപ്പോള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധിപന്‍ അദാര്‍ പൂനെവാല പറഞ്ഞത് എനിക്കറിയില്ല, കാരണം എനിക്കിതുവരെ ഓര്‍ഡര്‍ ലഭിച്ചിട്ടില്ല എന്നായിരുന്നു.

ജനുവരിയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് ഓര്‍ഡര്‍ കൊടുക്കുമ്പോഴേക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഴുവന്‍ ഉത്പാദന ശേഷിയും മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചു കഴിഞ്ഞിരുന്നു. ആ പ്രതിബദ്ധത അവര്‍ക്ക് നിര്‍വഹിച്ചിട്ടേ ഇന്ത്യയ്ക്ക് വാക്‌സിന്‍ കൊടുക്കാന്‍ കഴിയൂ. ഇന്ത്യയ്ക്ക് കൊടുക്കാന്‍ കഴിയുന്ന വാക്‌സിനുകളുടെ ഡോസ് വലിയ രൂപത്തില്‍ കുറയ്ക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുകൊണ്ട് തന്നെ നിര്‍ബദ്ധിതരായി. ഇത്തരത്തില്‍ പലവിധത്തിലുള്ള ആസൂത്രണത്തിലെ പരാജയത്തിന്റെ ഭാഗമായാണ് നമ്മള്‍ ഇപ്പോള്‍ വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നത്.

വാക്‌സിന്‍ ദൗര്‍ലഭ്യം എന്നത് വളരെ രൂക്ഷമായി നില്‍ക്കുന്ന ഒരു പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അവരുടെ വാക്‌സിന്‍ നയം മാറ്റിയത് എന്നും അതിന് ഒരു രാഷ്ട്രീയ മാനമുണ്ട് എന്നതും നമ്മള്‍ കാണാതിരിക്കരുത്.

വാക്‌സിന്‍ ദൗര്‍ലഭ്യം ഉണ്ടാകുമ്പോള്‍ അതിന്റെ മുഴുവന്‍ കുറ്റവും കേന്ദ്ര സര്‍ക്കാരിനുമേല്‍ വന്ന് ചേരുമെന്ന കൃത്യമായിട്ടുള്ള ഒരു കാല്‍ക്കുലേഷന്റെ അടിസ്ഥാനത്തിലാണ,് 50 ശതമാനം വാക്‌സിന്‍ ഇനി സംസ്ഥാനങ്ങള്‍ നേരിട്ട് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങട്ടെ എന്ന ഒരു തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്. വാക്‌സിന്‍ ദൗര്‍ലഭ്യം ഇത്രയും രൂക്ഷമായിട്ട് തുടരും എന്ന് ഉറപ്പുള്ള ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ രോഷം ഉയര്‍ന്നുവരുമ്പോള്‍ ആ രോഷം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ തിരിച്ചുവിടാം എന്ന ചിന്തയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

ഇപ്പോള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ വാക്‌സിന്‍ ക്ഷാമമുണ്ട്. പക്ഷേ നമ്മള്‍ കാണുന്നത് എന്താണ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറയുന്നു അല്ലെങ്കില്‍ ബി.ജെ.പിയുടെ പ്രധാന നേതാക്കള്‍ പറയുന്നു സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് കാരണം എന്ന്. ഇത് തന്നെയായിരുന്നു 19ാം തീയ്യതിയിലെ തീരുമാനം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇങ്ങോട്ടു വാക്‌സിന്‍ വന്നാലല്ലേ ഇവിടെ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ഇവിടെ വാക്‌സിന്‍ വരാതെ എങ്ങിനെയാണ് ബുക്ക് ചെയ്യാന്‍ കഴിയുക. അപ്പോള്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടായതില്‍ കേന്ദ്ര സര്‍ക്കാരിന് വന്ന പിടിപ്പു കേട് മറച്ചുവെക്കാനും സംസ്ഥാന സര്‍ക്കാരുകളെ പഴിചാരി രക്ഷപ്പെടാനുമുള്ള ഒരു വിദ്യയായിട്ടാണ് അവരീ വാക്‌സിന്‍ നയത്തെ ഉദ്ദേശിച്ചിട്ടുള്ളത്.

വാക്‌സിന്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്ര സര്‍ക്കാരും എന്നാണ് ഇപ്പോള്‍ പറയുന്നത്. ഇവിടെ സംസ്ഥാനങ്ങള്‍ക്കുള്ള 50 ശതമാനത്തില്‍ നിന്ന് തന്നെ പ്രൈവറ്റ് ആശുപത്രികളും വാക്‌സിന്‍ വാങ്ങണമെന്ന് പറയുമ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു മത്സരമായി മാത്രമല്ല, സംസ്ഥാനങ്ങളും സ്വാകാര്യ ആശുപത്രികളും, സ്വാകാര്യ ആശുപത്രികളും സ്വകാര്യ ആശുപത്രികളും തമ്മിലുള്ള ഒരു മത്സരമായിട്ടു കൂടി ഇത് മാറും.ഇത്തരത്തില്‍ വാക്‌സിന്‍ വിപണിയുടെ സുതാര്യതയും കാര്യക്ഷമതയും പൂര്‍ണമായി ഇല്ലാതാക്കുന്ന ഒരു അവസ്ഥയാണ് ഈ നയത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളത്.

നമുക്ക് വേണ്ടത് ഏകീകൃതമായ രീതിയാണ്. കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് വാങ്ങി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുക എന്നുള്ളതാണ് അത്. ഈ വാക്‌സിന്‍ നയത്തിന്റെ ഭാഗമായിട്ട് തന്നെ വന്നിട്ടുള്ള മറ്റൊരു കാര്യമാണ് വിലകളിലെ നിയന്ത്രണം എടുത്തു കളയുക എന്നുള്ളത്. അതിന്റെ ഭാഗമായിട്ടാണ് 150 രൂപയുണ്ടായിരുന്ന കൊവിഷീല്‍ഡിന്റെ വില നാനൂറും അറന്നൂറുമായിട്ട് മാറിയത്.

അദാര്‍ പൂനെവാല ഏപ്രില്‍ ആറാം തീയ്യതി എന്‍.ഡി.വിയോട് പറഞ്ഞത് ഞാന്‍ ഇപ്പോള്‍ വാക്‌സിന്‍ ലാഭകരമായിട്ടാണ് വില്‍ക്കുന്നത് പക്ഷേ എനിക്ക് വേണ്ടത് സൂപ്പര്‍ പ്രോഫിറ്റാണ് എന്നാണ്. ഭാരത് ബയോട്ടെക്ക് പറഞ്ഞത് വാക്‌സിന്റെ വില കുപ്പിവെള്ളത്തിനേക്കാള്‍ കുറവായിരിക്കും എന്നായിരുന്നു.

സത്യത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തികരിക്കുക എന്നതിന്റെ ഉത്തരവാദിത്തം മാത്രമല്ല അതിന്റെ സാമ്പത്തിക ബാധ്യത കൂടി വലിയൊരളവില്‍ സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ വന്നിരിക്കുകയാണ്. ഇത് എങ്ങിനെയായിരിക്കും വരും ദിവസങ്ങളില്‍ നമ്മളെ ബാധിക്കാന്‍ പോകുന്നത്.

കോവിഡ് വാക്‌സിനുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുമ്പോള്‍ അവരുടെ മേല്‍ വലിയൊരു സാമ്പത്തിക ഭാരം ഉണ്ടാകുന്നുണ്ട്. കേരളം തന്നെ ഏകദേശം 16000 കോടിക്ക് അടുപ്പിച്ചുള്ള തുക വാക്‌സിനേഷന് വേണ്ടി ചെലവഴിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

വാക്‌സിന്റെ വില വര്‍ദ്ധിപ്പിച്ചതുകൊണ്ട് ആ ബാധ്യത കൂടാനാണ് സാധ്യത. ഏകദേശം 2000 കോടി വരെ ഈ ബാധ്യത പോയേക്കാം. ഈ 2000 കോടി രൂപ നമുക്ക് നമ്മുടെ ആരോഗ്യ മേഖലയില്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നെങ്കിലോ?

നമ്മുടെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനായി നമുക്ക് ഇത് നിക്ഷേപിക്കാമായിരുന്നില്ലേ? കൂടുതല്‍ മരുന്നുകള്‍ വാങ്ങിക്കാന്‍, കൂടുതല്‍ ഇന്റന്‍സീവ് കെയര്‍ നല്‍കാന്‍ ഇത്തരത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് ലഭിക്കുമായിരുന്ന ഒരു തുകയാണ് ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ കൊള്ള ലാഭത്തിന് നല്‍കേണ്ട ഒരു സ്ഥിതി ഉണ്ടായിരിക്കുന്നത്.

ജനങ്ങള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ചെലവഴിക്കേണ്ട തുക മാറ്റിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍.

ഇപ്പോള്‍ കൊവിഷീല്‍ഡിനേകഴിഞ്ഞും വില കൊവാക്‌സിനാണ്. ഇന്ത്യ തന്നെ തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിന്‍ എന്നാണ് പറയുന്നത്. അപ്പോള്‍ കൊവാക്‌സിന് പണം കൂടുന്നത് ദുരൂഹമല്ലേ?

കൊവിഷീല്‍ഡിന്റെ ഗവേഷണത്തിനും വികസനത്തിനും വേണ്ടിയിട്ടുള്ള 90 ശതമാനവും വന്നത് പൊതുമേഖലയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നേരത്തെ പറഞ്ഞത,് ആര്‍ക്കും ഏപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്പണ്‍ ലൈസന്‍സാക്കി കൊവിഷീല്‍ഡ് വെക്കുമെന്നായിരുന്നു. എന്നാല്‍ ഈ ഉറപ്പ് അവര്‍ ലംഘിച്ചു. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ പരിധിയില്‍ കൂടെ മാത്രമേ വാക്‌സിന്‍ വിപണിയല്‍ ഇറക്കാവൂ എന്ന് ബില്‍ഗേറ്റ്‌സിനെ പോലുള്ള വ്യവസായികള്‍ നിര്‍ബദ്ധിച്ചതിന്റെ ഭാഗമായാണ് അവര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നുള്ളത് ഇന്ന് പരസ്യമായിട്ടുള്ള ഒരു രഹസ്യമാണ്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായിട്ടുള്ള ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീട് ചെയ്തത് എന്താണെന്ന് വെച്ചാല്‍ ആസ്ട്രാസെനക്ക എന്ന ബ്രിട്ടീഷ് സ്വീഡീഷ് കമ്പനിക്ക് ഇതിന്റെ എക്‌സ്‌ക്ലൂസീവ് ലൈസന്‍സ് നല്‍കുകയായിരുന്നു. ഇതില്‍ വിമര്‍ശനം വന്നപ്പോള്‍ അവര്‍ പറഞ്ഞത്, ഞങ്ങള്‍ ഇത് നോണ്‍ പ്രോഫിറ്റ് ബേസിലേ വില്‍ക്കുകയുള്ളൂ എന്നാണ്. ഈ മഹാമരി കഴിഞ്ഞതിന് ശേഷമേ പ്രോഫിറ്റ് ബേസിസില്‍ വാക്‌സിന്‍ വില്‍ക്കൂ എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ എന്തിനാണ് അദാര്‍ പൂനെവാലെ പറയുന്നത് എന്റെ വരുമാനത്തിന്റെ അമ്പത് ശതമാനവും ആസ്ട്രാസെനയ്ക്കയ്ക്ക് റോയല്‍റ്റി നല്‍കാനാണ് ഉപയോഗിക്കുന്നത് എന്ന്്. നോണ്‍ പ്രൊഫിറ്റ് ബേസിസില്‍ ആണ് വാക്‌സിന്‍ വില്‍ക്കുന്നതെങ്കില്‍ എന്തിനാണ് അമ്പത് ശതമാനവും റോയല്‍റ്റിയായി നല്‍കുന്നത്?

രണ്ട് കൊവാക്‌സിന്‍ ഇന്ത്യയില്‍ പൊതുമേഖലയില്‍ നിക്ഷേപിക്കപ്പെട്ട പണം കൊണ്ട് ഐസൊലേറ്റ് ചെയdതെടുത്ത ഒരു സ്‌ട്രെയിനില്‍ നിന്നാണ് വികസിപ്പിച്ചിട്ടുള്ളത്. സാര്‍സ് cov 2 എന്ന് പറയുന്ന ഒരു സ്‌ട്രെയിനാണ് ഇതിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. ഈ സ്‌ട്രെയിനിന്റെ ഐസൊലേഷന്‍ നടന്നിട്ടുള്ളത് നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് വൈറോളജി പൂനൈയിലാണ്. ഇങ്ങനെ വികസിപ്പിച്ചെടുത്ത സ്‌ട്രെയിന്‍ ഭാരത് ബയോട്ടെക്കിന് കൈമാറ്റം ചെയ്തതിന് ശേഷമാണ് അവിടുന്നങ്ങോട്ടുള്ള വികസനവും ഉത്പാദനവും ഭാരത് ബയോടെക്കിന്റെ കൈകളിലെത്തുന്നത്. തുടക്കം മുതല്‍ തന്നെ ഐ.സി.എം.ആറുമായുള്ള ഒരു ജോയിന്റ് കൊളാബ്രേഷന്റെ ഭാഗമായിട്ടാണ് ഈ വാക്‌സിന്‍ വികസനം നടന്നിട്ടുള്ളത്. ഇതിന്റെ പല തെളിവുകളും ഇപ്പോള്‍ പുറത്തുണ്ട്. അപ്പോള്‍ ചോദ്യം വരുന്നത് ഇതിന്റെ ബൗദ്ധിക സ്വത്തവകാശം ആര്‍ക്കാണ് എന്നതാണ്. ഐ.സി.എം.ആര്‍ നടത്തിയിട്ടുള്ള നിക്ഷേപം കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാരിലും ഇത് നിക്ഷിപ്തമാകേണ്ടതല്ലേ.

അങ്ങനെയെങ്കില്‍ ആ നിക്ഷിപ്തമായിട്ടുള്ള ബൗദ്ധിക സ്വത്തവകാശത്തെ എത്രത്തോളം ഈ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനായി ലിവറേജ് ചെയ്തു എന്ന ചോദ്യം കൂടി നമുക്ക് ചോദിക്കേണ്ടി വരും. എന്തിനാണ് ഇത്തരത്തില്‍ പൊതുമേഖലയില്‍ നിഷിപ്തമായിട്ടുള്ള ഒരു വാക്‌സിന് ആയിരത്തി 1200 പെര്‍ ഡോസ് ഈടാക്കുന്നത്.

വലിയ ദുരൂഹതകള്‍ കൊവാക്‌സിനുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൊവാക്‌സിനുമായി ബന്ധപ്പെട്ട, ഐ.സി.എം.ആറും ഭാരത് ബയോട്ടെക്കുമായിട്ടുള്ള മുഴുവന്‍ കരാറുകളും പുറത്തുകൊണ്ടുവരേണ്ടതുണ്ട് എന്നു കൂടി നമ്മള്‍ ആവശ്യം ഉന്നയിക്കേണ്ടതായിട്ടുണ്ട്. പക്ഷേ ഐ.സി.എം.ആര്‍ ഇതുവരെ പ്രസ്തുത വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇവിടെയാണ് കൊള്ളലാഭം ഉണ്ടാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവോ എന്ന ന്യായമായ സംശയം നമുക്ക് ഉണ്ടാകുന്നത്.

കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. പക്ഷേ വാക്‌സിന്‍ സൗജന്യമായി നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് ഏതെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുത്താല്‍ വാക്‌സിനേഷന്‍ എടുക്കുക എന്നതിന്റെ ഉത്തരവാദിത്തവും അതിന്റെ സാമ്പത്തിക ബാധ്യതയും പൂര്‍ണമായും വ്യക്തികളുടെ മുകളിലേക്കായിരിക്കില്ലേ വരിക?

വരും എന്ന് മാത്രമല്ല, അത്തരമൊരു സാഹചര്യത്തില്‍ അവര്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുകയും ചെയ്യും.

അതുകൊണ്ട് ഞങ്ങള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ട് ഞങ്ങള്‍ക്ക് അതുകൊണ്ട് പ്രശ്‌നമൊന്നും ഉണ്ടാകില്ല എന്ന നാട്യത്തിലാണ് പണക്കാര്‍ നില്‍ക്കുന്നതെങ്കില്‍ അവരുടെ ബുദ്ധിയെ പരിഹസിക്കാതെ വേറെ മാര്‍ഗമില്ല.

കാരണം നമ്മുടെ സമൂഹത്തിന് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ഒരു മുതലാളിക്ക് പോലും ലാഭം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മുതലാളിമാര്‍ തന്നെ മനസിലാക്കുന്നതാണ് നല്ലത്. പണക്കാര് മാത്രം വാക്‌സിനെടുത്താല്‍ മതിയെന്ന തീരുമാനമാണെങ്കില്‍ മനസിലാക്കേണ്ടത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരത്തില്‍ വാക്‌സിനേഷന്‍ റ്റേ്‌റ് കുറയുമ്പോള്‍ ആ സമൂഹം തന്നെ പൂര്‍ണമായിട്ട് അപകടത്തിലെത്തും.

ഇതുവഴി വൈറസുകള്‍ക്ക് കൂടുതല്‍ മ്യൂട്ടേറ്റ് ചെയ്യാനുള്ള അവസരം നിങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അപ്പോഴാകട്ടെ ഈ വാക്‌സിന്‍ എടുത്തുകഴിഞ്ഞിട്ടുള്ളവര്‍ക്ക് പണക്കാര്‍ക്ക് മേല്‍ തന്നെ ഡബിള്‍ മ്യൂട്ടന്റും ട്രിപ്പിള്‍ മ്യൂട്ടന്റുമായിട്ടുള്ള വൈറസുകള്‍ വന്ന് പതിക്കുന്ന ഒരു സ്ഥിതിയുണ്ടാകും.

നമ്മുടെ ആരോഗ്യ സംവിധാനത്തിനു താങ്ങാന്‍ കഴിയാത്ത അത്ര രോഗികള്‍ വന്നു കൊണ്ടിരിക്കുകയാണ്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇനി മുന്നോട്ട് എത്ര തീവ്രമായിട്ടായിരിക്കും നമ്മളെ ബാധിക്കുക

സാമ്പത്തിക മേഖലയെ പതിയെ തുറന്നു കൊടുക്കാനായി എത്രയും പെട്ടെന്ന് കൂടുതല്‍ പേരെ വാക്‌സിനേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. വാക്‌സിന്‍ എത്രയും പെട്ടെന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി, സൗജന്യവും സാര്‍വത്രികവുമായ വാക്‌സിനേഷന്‍ പോളിസിയാണ് അനിവാര്യമെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചത് പോലെ ഇന്ത്യയും അംഗീകരിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

വാക്‌സിനുകള്‍ ഒരു ഗ്ലോബല്‍ പബ്ലിക്ക് ഗുഡാണ്. അതുകൊണ്ട് തന്നെ അത് എല്ലായ്‌പ്പോഴും ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കണം. മുതലാളിത്ത രാജ്യങ്ങള്‍ പോലും ഇതാണ് അവലംബിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ റൈറ്റ് ടു ഹെല്‍ത്തും, റൈറ്റ് റ്റു ലൈഫും മൗലീകവകാശമാണ്. ഇതില്‍ നിന്ന് സൗജന്യ വാക്‌സിനേഷന്‍ നമ്മുടെ അവകാശമായി വായിച്ചെടുക്കാന്‍ കഴിയുന്നതാണ്. പൊതുമേഖലയില്‍ നിന്നാണ് കൊവാക്‌സിന്റെ പണം ചെലവായിട്ടുള്ളത് എന്നത് കൊണ്ടു തന്നെ നികുപ്പണം കൊടുത്തു കഴിഞ്ഞിട്ടുള്ള ജനങ്ങളുടെ കയ്യില്‍ നിന്ന് രണ്ടാമതും പണമീടാക്കുന്നത് പോലെയാണ് കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ പോളിസി. കെ.എസ്.ആര്‍.ടി.സി ബസ് യാത്ര പോലെയലല്ല വാക്‌സിന്‍ വിതരണം എന്നത് മനസിലാക്കാന്‍ സാധാരണ യുക്തി മതി.

No stories found.
The Cue
www.thecue.in