കോവിഡ് വേവ് അല്ല സുനാമിയാണ് സംഭവിക്കുന്നത്; ലോക്ക് ഡൗൺ സാധ്യതകളെക്കുറിച്ച് ഡോ പദ്മനാഭ ഷേണായ്

രാജ്യത്ത് നടക്കുന്നത് കോവിഡ് സുനാമിയാണെന്ന് ഡോക്ടർ പദ്മനാഭ ഷേണായ്. കോവിഡ് ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടും വൈറസിന് വന്ന വ്യതിയാനവും വർധിച്ച ജനസംഖ്യ നിരക്കുമാണ് കോവിഡ് വ്യാപനം രൂക്ഷമാക്കിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപത് ശതമാനത്തോട് അടുക്കുകയാണെങ്കിൽ നിലവിലെ ആരോഗ്യ സംവിധാനങ്ങൾ കൂടി കണക്കിലെടുത്ത് ലോക്‌ ഡൗൺ ഏർപ്പെടുത്തിയേക്കാമെന്ന് ദ ക്യു അഭിമുഖത്തിൽ ഡോ ഷേണായ് പറഞ്ഞു.

ലോക്ക് ഡൗൺ സാധ്യതകളെക്കുറിച്ച് ഡോക്ടർ ഷേണായ് പറഞ്ഞത്

പ്രധാനമായും മൂന്ന് കാര്യങ്ങൾക്കൊണ്ടാണ് കോവിഡ് വ്യാപനം രൂക്ഷമായത്. കർശനമായ നിയന്ത്രണങ്ങളിൽ നമ്മൾ പുലർത്തിയ ജാഗ്രതക്കുറവ്, വൈറസിന്റെ ജനതിക മാറ്റം, ഇന്ത്യയിലെ ജനസംഖ്യ വർദ്ധനവ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വർധിക്കുകയാണെണെങ്കിൽ ചിലപ്പോൾ ലോക്ക് ഡൗൺ വേണ്ടിവന്നേക്കാം. കാരണം രോഗികൾ ക്രമാതീതമായി വർധിച്ചാൽ ആവശ്യത്തിന് ബെഡുകളും ഓക്‌സിജനും ഇല്ലാതെ വരും. എന്നാൽ മഹാരാഷ്ട്രയിലും, ഉത്തർപ്രദേശിലും, ഛത്തീസ്ഗഡിലും സംഭവിച്ചത് പോലെ കേരളത്തിൽ സംഭവിക്കാതിരിക്കുവാൻ സാധിക്കും. കാരണം കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്ക് സമയമുണ്ട്. കേരളത്തിലെ വേവ് ഒരു മാസം പിന്നിലായിരിക്കും. എന്നാൽ ഇത്തവ ഇലക്ഷന് നമ്മൾ കാണിച്ച മണ്ടത്തരം മൂലം ഒരു മാസമെന്നത് രണ്ടാഴ്ചയെ കിട്ടുകയുള്ളൂ. ടെസ്റ്റുകൾ വർധിപ്പിക്കുക എന്നതാണ് സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യം. കൃത്യമായി ട്രേസ് ചെയ്ത് പ്രൈമറി കോൺടാക്ട് ഉള്ള ആളുകളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുക. ആരോഗ്യ സംവിധാനങ്ങൾ കൂടി പരിശോധിച്ചതിന് ശേഷമേ ഒരു ലോക്ക് ഡൗണിനെക്കുറിച്ച് സർക്കാർ ചിന്തിക്കുകയുള്ളൂ. അതിനാൽ ജനങ്ങളുടെ കയ്യിലാണ് ഈ പ്രശ്നത്തിന്റെ ചാവിയുള്ളത്.

No stories found.
The Cue
www.thecue.in