ഡല്‍ഹി കത്തുകയല്ല; കത്തിക്കുകയാണ്

ഡല്‍ഹി കത്തുകയാണ്, അല്ല കത്തിക്കുകയാണ്, മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും ഡല്‍ഹി കത്തിക്കുന്നതും ആരാണെന്ന് വസ്ത്രം നോക്കി തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ ?

ഫെബ്രുവരി 24 ചരിത്രത്തിലേക്ക് എങ്ങനെയാവും രേഖപ്പെടുത്തുക. ഡൊണാള്‍ഡ് ട്രംപ് എന്ന അമേരിക്കന്‍ പ്രസിഡന്റിന് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ച ഇന്ത്യയായിരിക്കില്ല, മതം നോക്കി ഒരുവിഭാഗം ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ട ദിവസമായിട്ടായിരിക്കും. കലാപവും സംഘര്‍ഷവും നിറഞ്ഞ ഡല്‍ഹിയിലെ തെരുവുകളുടെ വിലാപമായിരിക്കും അതിലുണ്ടാകുക.

ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും പരസ്പരം വാഴ്ത്തുമ്പോള്‍, തീവ്രവാദത്തിന്റെ മറവില്‍ മുസ്ലിങ്ങള്‍ക്കെതിരായ വെറുപ്പ് കുത്തി നിറയ്ക്കാന്‍ മത്സരിക്കുമ്പോള്‍, ഡല്‍ഹിയില്‍ കലാപത്തിനുള്ള കോപ്പുകൂട്ടിയത് ആരാണ്. ആ പകലിന്റെ അറുതിയില്‍ കലാപത്തിന്റെയും സംഘര്‍ഷത്തിന്റെയും രാത്രി ഡല്‍ഹിക്ക് നല്‍കിയത് ആരാണ്. അത് വിരല്‍ചൂണ്ടുന്നത് ബിജെപി നേതൃത്വത്തിലേക്ക് തന്നെയാണ്.

ഡല്‍ഹില്‍ ഇലക്ഷന്‍ പ്രചാരണത്തില്‍ മുഴുവന്‍ വെറുപ്പ് കുത്തിനിറച്ചത് അവരാണ്. കഴിഞ്ഞ ഞായറാഴ്ച ഉത്തരപൂര്‍വ ദില്ലിയില്‍ ബിജെപി നേതാവ് കപില്‍ മിശ്ര സമരക്കാരെ നീക്കാന്‍ അനുവദിച്ചത് മൂന്ന് ദിവസം. പൊലീസ് നീക്കിയില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും. നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ കേട്ടെന്നു വരില്ല. അണികളെ ആവേശത്തിലാക്കാനുള്ള വെറുമൊരു പ്രസംഗമായിരുന്നില്ലെന്ന് ഇന്നലെ രാജ്യം കണ്ടു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ആദ്യം അക്രമം ഉണ്ടാകുന്നു. ആക്രമണം പടരുന്നു. ഇതിനിടെ ഒരു പൊലീസുകാര്‍ കൊല്ലപ്പെട്ടു. കല്ലേറും സംഘര്‍ഷവും തീവെപ്പും തുടര്‍ന്നു. പിന്നെ പേരും മതവും ചോദിച്ചായി ആക്രമണം. വസ്ത്രം അഴിക്കാനും സിന്ദൂരം ചാര്‍ത്താനും കലാപകാരികള്‍ ആവശ്യപ്പെടുന്നു. മുസ്ലിം പ്രതിഷേധക്കാരെയും മുസ്ലിങ്ങളുടെ വീടുകളും തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നു.

അക്രമികള്‍ക്ക് കൂട്ടുനിന്നു പൊലീസെന്നും ആരോപണം ഉയര്‍ന്ന് കഴിഞ്ഞു . ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൗരത്വ നിയമ അനുകൂലി വെടിവെക്കുമ്പോള്‍ കൈകെട്ടി നോക്കി നില്‍ക്കുന്ന പൊലീസിനെ നേരത്തെയും കണ്ടതാണല്ലോ.

ഇതാണ് സംഘപരിവാറും ബിജെപിയും ആഗ്രഹിക്കുന്നത്. കലാപവും കണ്ണീരും ഭയവുമാണ് അധികാരത്തിലേക്കും അതുറപ്പിച്ചു നിര്‍ത്താനുമുള്ള മൂര്‍ച്ചയുള്ള ആയുധമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞവരാണ്. അവര്‍ ഇല്ലാതാക്കുന്നത് ഇന്ത്യയെയാണ്.

AD
No stories found.
The Cue
www.thecue.in