ലവ് ജിഹാദ്: ഇനിയെങ്കിലും നിര്‍ത്തുമോ,കള്ള പ്രചാരണം?

സംഘപരിവാര്‍ നുണ ഫാക്ടറിയില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ഒന്ന് കൂടി പൊളിയുകയാണ്. കേരളത്തില്‍ ലവ് ജിഹാദ് നിയമപ്രകാരം നിര്‍വചിച്ചിട്ടില്ലത്രേ. അതായത് കേരളത്തില്‍ ലവ് ജിഹാദ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്, പറയുന്നതത് മോദി സര്‍ക്കാരാണ്. അമിത് ഷായുടെ ആഭ്യന്തര വകുപ്പാണ്. ബിജെപിക്കും സംഘപരിവാറിനും പിന്നെ സിറോ മലബാര്‍ സഭയ്ക്കും അത് ദഹിച്ചിട്ടില്ല. കാരണം ലവ് , ജിഹാദ് രണ്ടും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കാമെന്ന് കണക്കുകൂട്ടി കഴിയുന്നവരാണിത്.

ലവ് ജിഹാദില്‍ സംഘപരിവാറിന്റെ അതേ ശബ്ദമാണ് സഭയ്ക്ക്. കേന്ദ്രം ലവ് ജിഹാദില്ലെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിലപാടില്‍ മാറ്റമില്ലെന്ന സഭ പ്രഖ്യാപിച്ചു. മുസ്ലിം ചെറുപ്പക്കാരെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ത്ത 21 പെണ്‍കുട്ടികളില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുണ്ടെന്നാണ് സഭയുടെ വാദം. 64 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ മതം മാറിയെന്നും സഭയിലുള്ളവര്‍ തന്നെ പറയുന്നു. എവിടെ ഇതിനുള്ള തെളിവ്. പോയവരുടെ പട്ടിക സഭയ്ക്ക പുറത്തുവിടാന്‍ കഴിയുമോ.

ലവ് ജിഹാദ് എന്ന ഏതോ സംഘപരിവാര്‍ തലയില്‍ ഉദിച്ച പദപ്രയോഗം നിയമത്തിന്റെ വഴിയിലെത്തിച്ചത് ജസ്റ്റിസ് കെ ടി ശങ്കരനാണ്.(2009 ഡിസംബര്‍ 9) ഇതര മതത്തിലുള്ള പ്രണയിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുന്നുവെന്ന ആരോപണം അന്വേഷിക്കാനായിരുന്നു ഉത്തരവ്. സംഘടിതമായി തീവ്രവാദ ഗ്രൂപ്പുകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സംഘപരിവാരും ബിജെപിയും പ്രചരിപ്പിച്ചു. കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങലും സംഘപരിവാര്‍ അജണ്ടയില്‍ വീണു.

ഹിന്ദു ജനജാഗ്രത എന്ന വെബ്സൈറ്റായിരുന്നു സംഘപരിവാര്‍ നുണകള്‍ പ്രചരിപ്പിച്ചത്. ആ വിചാരണയുടെ ആദ്യ ഇര ഷഹന്‍ ഷായായിരുന്നു.പിന്നെ ഹാദിയയും.

മുന്‍ഡിജിപി ജേക്കബ് പുന്നൂസ് ലവ് ജിഹാദില്ലെന്ന് കോടതിയില്‍ വ്യകതമാക്കിയിട്ടുണ്ട്. ഇപ്പോളത്തെ വിവാദത്തില്‍ ഡിജിപി ലോകനാഥ് ബഹ്റയും ഇതേ കാര്യം തന്നെ പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ് വിഷയത്തില്‍. ലവ് ജിഹാദ് ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും പൊലീസ് മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും ജസ്റ്റിസ് എം ശശിധരന്‍ തുറന്നടിച്ചതോടെയാണ് വിവാദത്തിനും സംഘപരിവാറിന്റെ വിഷം കലക്കലിനും താല്‍ക്കാലിക വിരാമമായത്. പിന്നെയത് സിറോ മലബാര്‍ സഭ ഏറ്റെടുത്തു.

പ്രണയവും മതം മാറിയുള്ള വിവാഹവും ഇന്നാട്ടില്‍ പതിവാണ്. സ്വന്തം മതത്തിലുള്ളവര്‍ ഇതരമതസ്ഥരെ വിവാഹം ചെയ്താല്‍ തുറന്ന് പിന്തുണക്കുന്നവരല്ല ഒരു സഭയും സമുദായ സംഘങ്ങളും. മറ്റൊരു മതത്തില്‍ പെട്ടയാളെ മതം മാറ്റാതെ വിവാഹം ചെയ്യാമെന്ന് പ്രഖ്യാപിക്കുന്ന മതനേതാക്കളെ കണ്ടിട്ടുമില്ല. ലൗ ജിഹാദ് എന്നൊരു പദ്ധതി ഇല്ലെന്ന് ആദ്യം എന്‍ഐഎയും ഇപ്പോള്‍ കേന്ദ്രവും തള്ളിയിട്ടുണ്ട്.

വിശ്വാസികള്‍ക്കിടയില്‍ അരക്ഷിതത്വം സൃഷ്ടിച്ച് ധ്രുവീകരണം നടത്തുന്നതിലും മതതസ്പര്‍ധ തീര്‍ക്കുന്നതിലുമാണ് ലവ് ജിഹാദ് അജണ്ട ഉണ്ടാക്കിയവര്‍ വിജയിച്ചത്. സംഘപരിവാറിന്റെ ലവ് ജിഹാദ് തിയറി ഏറ്റെടുത്ത് ഇസ്ലാം മതത്തിന്റെ രക്ഷക വേഷം കെട്ടിയവര്‍ക്കും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. മതം മാറിയവരുടെ സംരക്ഷണാവകാശം ഏറ്റെടുത്തവര്‍. അവരെ കൂടിയാണ് തള്ളിക്കളയേണ്ടത്.

മതം മാറി വിവാഹം കഴിക്കുന്നവരുടെ രക്ഷിതാക്കളുടെ വൈകാരികാവസ്ഥയെയാണ് വര്‍ഗീയ ചിന്തയുമായെത്തുന്നവര്‍ ചൂഷണം ചെയ്തത്. അവര്‍ സംഘപരിവാറിന്റെ കൈയ്യിലെ പാവകളാവുന്നു. ആര്‍ഷാ വിദ്യാ മന്ദിരത്തിലെ ഘര്‍വാപ്പസി മാത്രമാകുന്നു അവരുടെ മുന്നിലുള്ള രക്ഷാമാര്‍ഗം. ഈ പ്രൊപ്പഗണ്ടയ്ക്ക് തടയിടാന്‍ വസ്തുതകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലങ്ങള്‍ക്കോ കോടതിക്കോ കഴിയില്ല. മതമാണ് വിഷയം,. വൈകാരികതയാണ് ഉപകരണം. തോല്‍ക്കുന്നത് മനുഷ്യരാണ്.

No stories found.
The Cue
www.thecue.in