ബേസ്‌ക്യാമ്പിന് സമീപം ‘യെതി’യുടെ കാലടികള്‍ കണ്ടെത്തിയെന്ന് കരസേന; അവകാശവാദത്തില്‍ ചര്‍ച്ച 

ബേസ്‌ക്യാമ്പിന് സമീപം ‘യെതി’യുടെ കാലടികള്‍ കണ്ടെത്തിയെന്ന് കരസേന; അവകാശവാദത്തില്‍ ചര്‍ച്ച 

32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് കരസേനയുടെ വാദം.  

തങ്ങളുടെ പര്‍വതാരോഹക സംഘം ഭീകരജീവിയായി അറിയപ്പെടുന്ന യെതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് കരസേന. കഥകളിലും മറ്റും പരാമര്‍ശിക്കുന്ന ഭീകരരൂപമുള്ള മഞ്ഞുമനുഷ്യനാണ് യെതി. പര്‍വതാരോഹകരുടെയും ബുദ്ധ സന്യാസിമാരുടെയും വിവരണങ്ങളിലൂടെയാണ് ഹിമമനുഷ്യന്‍ എന്ന ഭീകരജീവിയെക്കുറിച്ച് ഇതുവരെ പുറം ലോകത്തിന് അറിവുള്ളത്. ഇങ്ങനെയൊരു ജീവിയുള്ളതായി ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ പര്‍വതാരോഹക സംഘം യെതിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി സൈന്യം രംഗത്തെത്തിയിരിക്കുന്നത്.

മക്കാളു ബേസ് ക്യാമ്പിന് സമീപം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണ് വാദം. കരസേന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 9 നാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയതെന്ന് സൈന്യം പറയുന്നു. വലിയ ഒറ്റക്കാലടിയാണ് ചിത്രത്തിലുള്ളത്. ഫോട്ടോകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും പരിശോധനകള്‍ക്കായി പിടിച്ചുവെയ്ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ആദ്യകാല പര്‍വതാരോഹകരും ബുദ്ധസന്യാസികളും ഹിമാലയത്തില്‍ ഭീകരരൂപിയായ മഞ്ഞുമനുഷ്യനുണ്ടെന്ന് കരുതിയിരുന്നു. ഭീകരരൂപവും പേടിപ്പെടുത്തുന്ന ശബ്ദവുമാണ് ഹിമമനുഷ്യന്റേതെന്നാണ് ഇവരുടെ വിവരങ്ങളിലുള്ളത്. നേപ്പാളിന്റെ ഐതിഹ്യകഥകളിലും യെതിയെ പരാമര്‍ശിക്കുന്നുണ്ട്. ഭീകരരൂപമുള്ള മനുഷ്യക്കുരങ്ങായാണ് ഇതിനെ ചിത്രീകകരിച്ചിരിക്കുന്നത്. കൂറ്റന്‍ കരടിയാണിതെന്ന വാദവും നിലനില്‍ക്കുന്നുണ്ട്. ടിന്‍ടിന്‍ ഇന്‍ ടിബറ്റ് എന്ന ടെലിവിഷന്‍ പരിപാടിയിലും ഹിമമനുഷ്യനെ ഒരു കഥാപാത്രമായി അവതരിപ്പിച്ചിട്ടുണ്ട്.എന്നാല്‍ ഇതുവരെയുള്ള ശാസ്ത്രീയ ഗവേഷണങ്ങളിലോ പരിശോധനകളിലോ ഇത്തരത്തില്‍ ഒരു ഭീകരജീവി ഹിമാലയത്തിലുള്ളതായി കണ്ടെത്തിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in