ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് കൊച്ചിയില്‍ മുന്‍കരുതല്‍ ?

ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ എന്തുകൊണ്ട് കൊച്ചിയില്‍ മുന്‍കരുതല്‍ ?

എന്‍എസ്ജി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ കേന്ദ്രീകരിച്ച് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയാണ്‌ 

ശ്രീലങ്കയിലെ ഭീകരാക്രമണ പശ്ചാത്തലത്തില്‍ കൊച്ചിയിലും പൊലീസ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കേന്ദ്രസുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്) ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ കേന്ദ്രീകരിച്ച് സുരക്ഷാമുന്‍കരുതല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ഏകോപനത്തിനായി എഡിജിപി മനോജ് എബ്രഹാം ജില്ലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. എല്ലാവര്‍ഷവും നടക്കുന്ന പ്രക്രിയയാണിതെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഊര്‍ജിത നടപടി.

ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കമാന്‍ഡ് സെന്റര്‍ ഒരുക്കിയാണ് പ്രവര്‍ത്തനങ്ങള്‍. ഐജി, കമ്മീഷണര്‍, ഡിഎംഒ, ഉന്നത ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സമിതിയാണ് കമാന്‍ഡ് സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ മേഖലകളില്‍ സുരക്ഷയൊരുക്കണം, നിരീക്ഷണം ശക്തമാക്കണം, മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നൊക്കെ എന്‍എസ്ജി നിര്‍ദ്ദേശിക്കും.

രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായതിനാലാണ് കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കുന്നത്. റിഫൈനറി, നാവികസേനാ കേന്ദ്രം, വിമാനത്താവളം, വ്യവസായ കേന്ദ്രങ്ങള്‍,ഐടി സ്ഥാപനങ്ങള്‍ അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എറണാകുളം ജില്ലയിലുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്നുവെന്ന സവിശേഷതയും പലഭാഗങ്ങളില്‍ നിന്ന് ആളുകളെത്തുന്ന തിരക്കേറിയ നഗരമെന്നതും പരിഗണിച്ചാണ് നടപടി. ആക്രമണ സാധ്യതകള്‍ ഇല്ലാതാക്കാനും അഥവാ സംഭവിച്ചാല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ സുരക്ഷാ ഏജന്‍സികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നും ഫയര്‍ഫോഴ്‌സ് അടക്കമുള്ള അപകട രക്ഷാസംവിധാനങ്ങളെ അണിനിരത്തിയുമാണ് പ്രവര്‍ത്തനങ്ങള്‍.

ഇതിന്റെ ഭാഗമായി ഏതുസാഹചര്യവും നേരിടാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഷ്വാലിറ്റികള്‍ സര്‍വ്വസജ്ജമായിരിക്കണമെന്നും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിളിപ്പുറത്തുണ്ടാകണമെന്നും നിര്‍ദേശമുണ്ട്. എങ്ങിനെയാണ് മാളുകളില്‍ ജാഗ്രത പാലിക്കേണ്ടതെന്ന് നടത്തിപ്പുകാര്‍ക്ക് നിര്‍ദേശം നല്‍കിവരികയാണ്. സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ മാളുകള്‍, ഹോട്ടലുകള്‍,ഹോംസ്‌റ്റേകള്‍ തുടങ്ങിയവയ്ക്ക് നിര്‍ദേശമുണ്ട്.

ഫോര്‍ട്ട് കൊച്ചി മേഖലകളിലെ താമസകേന്ദ്രങ്ങളില്‍ നിന്ന് വിവരശേഖരണം ഊര്‍ജിതമാക്കിയിട്ടുമുണ്ട്. പുറത്തുനിന്നുള്ളവര്‍ ഏറെയെത്തുന്ന പ്രദേശമായതിനാലാണിത്. മറ്റിടങ്ങളിലെയും ഹോട്ടലുകളിലും ഹോംസ്‌റ്റേകളിലുമെത്തുന്നവരുടെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്നുണ്ട്. വലിയ നിലകളുള്ള കെട്ടിടങ്ങളില്‍ നിന്ന് എങ്ങനെ ആളുകളെ ഒഴിപ്പിക്കണമെന്ന് ബന്ധപ്പെട്ടവരെ ധരിപ്പിക്കും. എയര്‍പോര്‍ട്ടില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ കൃത്യനിര്‍വ്വഹണം സാധ്യമാക്കാന്‍ ജീവനക്കാര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും.

ഗതാഗത സംവിധാനങ്ങള്‍ സുഗമമാക്കാനുള്ള നിര്‍ദേശങ്ങള്‍, ആംബുലന്‍സുകള്‍ക്ക് തടസങ്ങളില്ലാതെ കടന്നുപോകാനുളള നടപടികള്‍, തുടങ്ങി സമഗ്രമായ ഇടപെടലാണ് സ്വീകരിച്ചുവരുന്നത്. ഏതെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ട്രാഫിക് സിഗ്നലുകള്‍ ഓഫ് ചെയ്യേണ്ടതെങ്ങനെയെന്നും അതിന്റെ പ്രത്യാഘാതം എങ്ങിനെ നേരിടാമെന്നും നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ വലിയ കെട്ടിടങ്ങള്‍, കൂടുതല്‍ ആളുകളെത്തുന്ന മേഖലകള്‍ ഗ്യാസ് ഗോഡൗണുകള്‍ തുടങ്ങിയവയെല്ലാം സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങള്‍ പ്രത്യേകം വിലയിരുത്തി സുരക്ഷാക്രമീകരണങ്ങളൊരുക്കും.

മാളുകള്‍, ഹോട്ടലുകള്‍, വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പുകാരെ വിളിച്ച് പ്രതികൂല സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പരിശീലനം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പതിവ് സുരക്ഷാക്രമീകരണങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നതെന്നും കൊച്ചി പൊലീസ് അറിയിക്കുന്നു. എന്തും നേരിടാന്‍ എല്ലാ സംവിധാനങ്ങളും സദാ സജ്ജമായിരിക്കേണ്ടതിന്റ ആവശ്യകത മുന്‍നിര്‍ത്തിയുള്ള നടപടികള്‍ മാത്രമായി കണ്ടാല്‍മതിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in