ശവം മറവ് ചെയ്യാതെ എത്രനാള്‍  മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴിയും, ദളിത് ക്രൈസ്തവര്‍ ചോദിക്കുന്നു 

ശവം മറവ് ചെയ്യാതെ എത്രനാള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴിയും, ദളിത് ക്രൈസ്തവര്‍ ചോദിക്കുന്നു 

മൃതദേഹം മറവ് ചെയ്യാതെ മോര്‍ച്ചറിയില്‍ 

കൊല്ലം ജില്ലയിലെ തുരുത്തിക്കരയില്‍ ദളിത് ക്രിസ്ത്യാനിയായ അന്നമ്മ മരിച്ചിട്ട് എട്ട് ദിവസമായി. അടക്കാന്‍ സ്ഥലം കിട്ടാതെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ നെടിയവിള തുരുത്തിക്കര ജറുസലേം ഇടവകയിലെ അംഗമായിരുന്നു അന്നമ്മ. പ്രദേശവാസികളായ കത്തോലിക്ക വിശ്വാസികളുടെയും ബിജെപിയുടെയും പ്രതിേഷത്തെത്തുടര്‍ന്നാണ് സെമിത്തേരിയില്‍ സംസ്‌കാരിക്കാന്‍ കഴിയാത്തത്. പ്രദേശത്തെ ജലാശയങ്ങള്‍ മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തര്‍ക്കം.

എന്നാല്‍ അന്നമ്മയുടെ അന്ത്യാഭിലാഷമായിരുന്നു ഇടവക പള്ളി സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യുകയെന്നതെന്ന് കൊച്ചുമകന്‍ രാഹുല്‍ പറയുന്നു.

ഞങ്ങളുടെ കുടുംബം വിശ്വാസികളാണ്. പള്ളിയില്‍ പോകുന്നവരാണ്. വിശ്വാസികളുടെ മൃതദേഹം പള്ളിയില്‍ തന്നെ അടക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമല്ലേ. ബിജെപി പ്രവര്‍ത്തകനായ രാജേഷാണ് എതിര്‍ക്കുന്നത്. വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ഇത്ര ദിവസമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഇടപെടലുണ്ടായില്ല   

രാഹുല്‍ 

നേരത്തെയും ദളിതരുടെ മൃതദേഹം അടക്കുന്നതിനെതിരെ പ്രതിഷേധമുണ്ടായിരുന്നു. കുന്നത്തൂര്‍ പഞ്ചായത്ത് പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും നടപടിയുണ്ടായില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പുണ്ടായി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്ഥലം സന്ദര്‍ശിച്ച ആരോഗ്യവകുപ്പ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സെമിത്തേരിയില്‍ അടക്കുന്നത് ജലാശയങ്ങളെ ബാധിക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ചുറ്റുമതില്‍ നിര്‍മ്മിക്കാനും അതുവരെ ഇമ്മാനുവല്‍ മാര്‍ത്തോമ്മ പള്ളിയില്‍ അടക്കാനായിരുന്നു ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ദളിത് ക്രിസ്താനികളുടെ മൃതദേഹം അടക്കാന്‍ സെമിത്തേരിയുടെ അതിര്‍ത്തിയിലെ കാട് പിടിച്ച പ്രദേശം നല്‍കുന്നതായി ആരോപണമുണ്ടായി.

മൃതദേഹം ഒഴിഞ്ഞ മൂലയിലാണ് അടക്കിയത്. കാട് കയറി കിടക്കുന്ന പ്രദേശമായതിനാല്‍ പിന്നീട് ബന്ധുക്കള്‍ക്ക് അവിടെ പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. ദളിത് ശവശരീരം ആയതു കൊണ്ടാണ് സഹോദര ഇടവകയും ഈ രീതിയില്‍ ഇവരോട് പെരുമാറുന്നത്. 

സിബി പീറ്റര്‍ ,ആക്ടിവിസ്റ്റ് 

സംഘപരിവാറും സവര്‍ണ്ണ ക്രൈസ്തവരും ഞങ്ങള്‍ക്കെതിരാണ്

മര്‍ത്തോ, സിഎസ്‌ഐ, കത്തോലിക്ക സഭകളില്‍ രൂക്ഷമായ ജാതി വിവേചനം നിലനില്‍ക്കുന്നു. ദളിതര്‍ക്കും സുറിയാനി ക്രിസ്ത്യാനികള്‍ക്കും വെവ്വേറെ സഭകളാണ് ഉള്ളത്. ദളിത്തര്‍ക്കും സെമിത്തേരിയും വേറെയുണ്ട്. തുരുത്തിക്കരയിലെ രണ്ട് പള്ളിക്കുമായി ഒരു അച്ചനാണുള്ളത്. 25 ദളിതര്‍ക്കായി ഒരു പള്ളി, 140 സിറിയന്‍ ക്രിസ്ത്യന്‍സിനെ വേറെ പള്ളി. ജറുസലേം പള്ളി സെമിത്തേരിയിലാണ് വര്‍ഷങ്ങളായി ദളിതര്‍ സംസ്‌കരിച്ചിരുന്നത്.

എന്നാല്‍ നാല് വര്‍ഷം മുമ്പാണ് പ്രശ്‌നം തുടങ്ങിയത്. ശാസ്താംകോട്ടക്കാരനായ ബിജെപി പ്രവര്‍ത്തകനാണ് പ്രശ്‌നം ഉയര്‍ത്തിയത്. അടുത്തുള്ള ജലാശയത്തിന് പ്രശ്‌നമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി. കോടതിയെ സമീപിച്ചു. സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ മറവ് ചെയ്യാന്‍ സ്‌റ്റേയില്ല. ആ ഉത്തരവിനെ തുടര്‍ന്ന് ചുറ്റുമതില്‍ കെട്ടാന്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ പ്രശ്‌നമുണ്ടാക്കി. പള്ളി വികാരിയെ വെട്ടാന്‍ വരെ ശ്രമമുണ്ടായെന്നും ഇവര്‍ ആരോപിക്കുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാവരുതെന്നതിനാല്‍ സിറിയന്‍ ക്രിസ്ത്യാനികളുടെ ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ അടക്കാന്‍ തീരുമാനിച്ചു. പഞ്ചായത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കാനും കോണ്‍ക്രീറ്റ് അറകളില്‍ അടക്കാനും തീരുമാനമെടുത്തു. 45 ദിവസത്തെ സാവകാശം പള്ളിക്കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് രജിസ്ട്രറില്‍ രേഖപ്പെടുത്തിയ തീരുമാനത്തില്‍ സെക്രട്ടറി ഒപ്പിട്ടതാണ്. ജില്ല കലക്ടര്‍ക്ക് പഞ്ചായത്ത് ഇത് അയച്ചു നല്‍കേണ്ടതാണ്. എന്നാല്‍ വീണ്ടും പ്രശ്‌നമായപ്പോള്‍ മാത്രമാണ് പഞ്ചായത്ത ഈ കരാര്‍ ജില്ലാ കലക്ടര്‍ക്ക് അയച്ചില്ലെന്ന് വ്യക്തമായത്. നിയമപരമായോ പാരിസ്ഥിതികമായോ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായിട്ടും മൃതദേഹം മറവു ചെയ്യാന്‍ തടസ്സം നില്‍ക്കുന്നത് ദലിതരോടുള്ള പ്രശ്‌നം മാത്രമാണ്. അന്നമ്മ മരിച്ചപ്പോള്‍ അടക്കുന്നതിനായി ഇമ്മാനുവല്‍ പള്ളിയെ സമീപിച്ചപ്പോള്‍ മൂത്രപുരയുടെ അടുത്തുള്ള സ്ഥലമാണ് നല്‍കിയത്. അധിക്ഷേപിക്കുന്നതിന് തുല്യമായതിനാലാണ് അവിടെ അടക്കാതിരുന്നത്. സ്വന്തം മതത്തില്‍ നിന്നും പുറത്തുള്ളവരില്‍ നിന്നും ഒരേ പോലെ അവഗണനയും അധിക്ഷേപവും നേരിടുകയാണ് ദളിത് ക്രിസ്ത്യാനികള്‍.

നാട്ടുകാര്‍ സിറിയന്‍ ക്രിസ്ത്യാനികളാണ്. അവരും ദളിതരെ എതിര്‍ക്കുകയാണ്. ചുറ്റുമതില്‍ നിര്‍മ്മിക്കാനോ രാഷ്ട്രീയമായി പരിഹരിക്കാനോ മര്‍ത്തോമ സഭയ്ക്ക് വളരെ നിസ്സാരമായ കാര്യമാണ്. എന്നാല്‍ നാല് വര്‍ഷമായിട്ട് പരിഹരിക്കാത്ത പ്രശ്‌നം മാധ്യമങ്ങളില്‍ വന്നപ്പോളാണ് മെത്രോപൊലീത്ത സന്ദര്‍ശിക്കാന്‍ തയ്യാറായത്. 

സിബി പീറ്റര്‍, ആക്ടിവിസ്റ്റ്  

Related Stories

No stories found.
logo
The Cue
www.thecue.in