'ഡല്‍ഹി മോഡല്‍' പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആളെത്തിയെന്ന് ആം ആദ്മി പാര്‍ട്ടി ; ഇവിടെ നിന്ന് ആരെയും അയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി

'ഡല്‍ഹി മോഡല്‍' പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആളെത്തിയെന്ന് ആം ആദ്മി പാര്‍ട്ടി ; ഇവിടെ നിന്ന് ആരെയും അയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി

ഡല്‍ഹിയിലെ വിദ്യാഭ്യാസ മോഡല്‍ കണ്ട് പഠിച്ച് കേരളത്തില്‍ നടപ്പിലാക്കുവാന്‍ വേണ്ടി കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചുവെന്ന ആം ആദ്മി പാര്‍ട്ടിയുടെ വാദം തെറ്റാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിന്ന് ആരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്നും ആപ്പിന് ആരോ ആപ്പ് വച്ചതാണെന്ന് തോന്നുന്നെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍ 23നാണ് ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ നിന്ന് ഡല്‍ഹി മോഡല്‍ പഠിച്ച് മനസിലാക്കാനായി ഉദ്യോഗസ്ഥരെത്തിയെന്ന് ട്വീറ്റ് ചെയ്തത്. കെജ്രിവാള്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടിഷ്ടപ്പെട്ട ഉദ്യോഗസ്ഥര്‍ അത് കേരളത്തില്‍ നടപ്പിലാക്കാന്‍ താത്പര്യം അറിയിച്ചെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റില്‍ പറഞ്ഞിരുന്നു. പാര്‍ട്ടി എംഎല്‍എ അതിഷിയും ഇതേ വാദം ഉന്നയിച്ച് ട്വീറ്റ് ചെയ്തു.

ഇതിന് മറുപടിയായാണ് മന്ത്രി വി ശിവന്‍കുട്ടി കേരള സര്‍ക്കാര്‍ ആരെയും അയച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. അത് മാത്രമല്ല കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടെന്നും ആം ആദ്മി എം.എല്‍.എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും വി ശിവന്‍കുട്ടി ട്വീറ്റ് ചെയ്തു.

ശിവന്‍കുട്ടിയുടെ ട്വീറ്റിന് പിന്നാലെ സന്ദര്‍ശനം നടത്തിയത് കേരളത്തിലെ സിബിഎസ്ഇ അസോസിയേഷന്‍ ഉന്നത പ്രതിനിധികളാണെന്ന് ആം ആദ്മി എംഎല്‍എ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in