വിജയിക്കുമെന്ന പ്രവചനങ്ങളെ പരിഹസിച്ചവരേറെ; ഒടുവില്‍ ഉണ്ണിത്താന്റെ അട്ടിമറി 

വിജയിക്കുമെന്ന പ്രവചനങ്ങളെ പരിഹസിച്ചവരേറെ; ഒടുവില്‍ ഉണ്ണിത്താന്റെ അട്ടിമറി 

സിപിഎമ്മിന്റെ ഉറച്ചകോട്ടയായ കാസര്‍കോട്ട് പാര്‍ട്ടിയെ അങ്കലാപ്പിലാക്കിക്കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം. 1957ല്‍ മണ്ഡലരൂപീകരണത്തിന് ശേഷം മുന്‍പ് മൂന്ന തവണ മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. 1971ലും1977ലും രാമചന്ദ്രന്‍ കടന്നപ്പള്ളിയും 1984 ല്‍ ഐ.രാമറൈയുമായിരുന്നു യുഡിഎഫ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയത്. തുടര്‍ന്നിങ്ങോട്ട് 35 വര്‍ഷമായി മണ്ഡലം സിപിഎമ്മിന്റെ കയ്യില്‍ ഭദ്രമായിരുന്നു. മുന്‍ എംഎല്‍എയും ജനകീയനുമായ സതീശ് ചന്ദ്രനെ ഇറക്കി മണ്ഡലം ഇക്കുറിയും നിലനിര്‍ത്താനാകുമെന്നായിരുന്നു സിപിഎം പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി കൊല്ലത്തുനിന്ന് കാസര്‍കോട്ട് വന്നിറങ്ങിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മണ്ഡലം പിടിച്ചു. 1971 ല്‍ കെ എസ് യു പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി കരുത്തനായ നായനാരെ അട്ടിമറിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. സമാന രീതിയില്‍ അമ്പരപ്പിക്കുന്ന അട്ടിമറി വിജയമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റേത്.

ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ പ്രതിനിധിയായി എ.കെ ഗോപാലനാണ് വിജയിച്ചുകയറിയത്. അദ്ദേഹം ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവുമായി. 1962ലും 1967ലും എ.കെ.ജി വിജയിച്ചു. കമ്യൂണിസ്ററ് പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം നടന്ന 1967ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായാണ് എ.കെ.ജി മത്സരിച്ചത്. എകെജിയെപ്പോലൊരു നേതാവ് പ്രതിനിധീകരിച്ച മണ്ഡലമെന്ന വൈകാരികത സിപിഎം അണികള്‍ സൂക്ഷിക്കുന്നുണ്ട്. എന്നാല്‍ കാസര്‍കോട്ട് സിപിഎമ്മിന്റെ കുത്തകയ്ക്ക് ഇളക്കം തട്ടുന്നുവെന്ന സൂചനകള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ പ്രകടമായിരുന്നു. 2004 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരന് 2014ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 6921 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ആ തവണ കരുണാകരന് നേടാനായത്. 2009 ലെ 64427 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് 6921 ലേക്ക് പി കരുണാകരന്‍ കൂപ്പുകുത്തിയത്.

ആഞ്ഞുപിടിച്ചാല്‍ കാസര്‍കോട് നേടാമെന്ന യുഡിഎഫ് കണക്കുകൂട്ടലിന്റെ ആധാരം ഈ കണക്കായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പെരിയയില്‍ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായത്. പ്രാദേശിക സിപിഎം നേതാക്കളായിരുന്നു പ്രതിസ്ഥാനത്ത്. ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. കൊലപാതക രാഷ്ട്രീയത്തിനെതിരെ വന്‍ ജനരോഷമുയര്‍ന്നു. പൊതുവില്‍ രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായിരുന്നു. ഏതുവിധേനയും മണ്ഡലം പിടിച്ചെടുക്കണമെന്ന കോണ്‍ഗ്രസ് ചിന്തയ്‌ക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് നറുക്കുവീണു. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം. പ്രാഥമിക പട്ടികകളിലൊന്നും പേരുള്‍പ്പെടാതെ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പോലെ ട്വിസ്റ്റായിരുന്നു ആ പ്രഖ്യാപനം. നാട്ടുകാരനല്ലെങ്കിലും ഉണ്ണിത്താന് മുഖവുരയുടെ ആവശ്യമുണ്ടായിരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന പരിവേഷവും അദ്ദേഹത്തിനുണ്ട്.

ആദ്യ ഘട്ടത്തില്‍ പ്രാദേശിക എതിര്‍പ്പ് ഉണ്ണിത്താന് തിരിച്ചടിയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ കെപിസിസി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കി. പിന്നീട് മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചരണമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റേത്. സിപിഎം കോട്ടകളിലടക്കം ശക്തമായ പ്രചരണം നടത്താന്‍ ഉണ്ണിത്താനായി. ശബരിമല വിഷയത്തിലെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഇടപെടലുകള്‍ മണ്ഡലത്തിലെ ഹിന്ദു സമൂഹത്തിനിടയില്‍ അദ്ദേഹത്തെ സ്വീകാര്യനാക്കി. ന്യൂനപക്ഷവോട്ടുകള്‍ നേടാന്‍ മുസ്ലിം മേഖലകളില്‍ ശ്രദ്ധയൂന്നിയുള്ള പ്രവര്‍ത്തനവും നടന്നു. പള്ളികളിലടക്കം പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ടു. വാക്കുകള്‍കൊണ്ട് എതിരാളികളെ അടിച്ചിരുത്തുന്ന പ്രസംഗശൈലി പ്രചരണ വേദികളിലും പിന്‍തുടര്‍ന്ന് അണികളില്‍ ആവേശം വിതയ്ക്കാന്‍ ഉണ്ണിത്താന് സാധിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം മുസ്ലിം ലീഗുകാരും കൈ മെയ് മറന്നിറങ്ങി. വിദേശങ്ങളിലുള്ളവരെയടക്കം വോട്ടുചെയ്യാന്‍ എത്തിച്ച് യുഡിഎഫ് ക്യാംപ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ശക്തമായ പ്രചരണം പോളിങ് ഉയരാനും ഇടയാക്കി. വിശേഷിച്ച് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നകറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകൃതമാകണമെന്ന ജനവികാരം സംസ്ഥാനത്ത് ശക്തമാവുകയും ചെയ്തത് ഉണ്ണിത്താന്റെ വിജയത്തില്‍ കലാശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in