തൊവരി മല ആദിവാസി സമരക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 

തൊവരി മല ആദിവാസി സമരക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് 

ആദിവാസികള്‍ക്ക് ഭൂമി ആവശ്യപ്പെട്ട് വയനാട് കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ തൊവരിമല സമരസമിതി തീരുമാനിച്ചു. ജൂലൈ പതിനെട്ടിന് തൊവരിമല മിച്ചഭൂമിയിലേക്ക് മാര്‍ച്ച് നടത്തി വീണ്ടും കുടില്‍ കെട്ടും. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ആദിവാസി സമര സമിതി ആവശ്യപ്പെട്ടു. ജയില്‍ മോചിതനായ എം പി കുഞ്ഞിക്കണ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോഴിക്കോട് യോഗം ചേര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 21നാണ് തൊവരിമലയിലെ മിച്ചഭൂമി ആദിവാസികളുടെ നേതൃത്വത്തില്‍ കൈയ്യേറി കുടില്‍കെട്ടിയത്. ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭൂമിയില്‍ നിന്നും ഒഴിപ്പിച്ചു. എന്നാല്‍ സമരക്കാര്‍ വയനാട് കലക്ട്രേറ്റിന് മുന്നിലേക്ക സമരം മാറ്റി.

ഒരുമാസമായി കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തുന്നുണ്ടെങ്കിലും പരിഹാരമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ(എം എല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്‍ പറഞ്ഞു.

സമരത്തോടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ള സംഘടനകളുമായി കൂടിയാലോചിച്ചതിന് ശേഷം സെക്രട്ടറിയേറ്റിന് മുന്നിലെ സമരം എന്ന് തുടങ്ങുമെന്ന്തീരുമാനിക്കും. രണ്ട് തവണ കലക്ട്രറുമായി ചര്‍ച്ച നടത്തിയിട്ടും പരിഹാരമായിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.

വയനാട്ടിലെ ആദിവാസികള്‍ക്ക് വീട് വെയ്ക്കാന്‍ ഭൂമി നല്‍കുന്നത് സംബന്ധിച്ച റവന്യൂ സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് സമരസമിതിയെ കലക്ടര്‍ അറിയിച്ചിരുന്നത്. കൂടാതെ ആദിവാസികള്‍ക്ക് നല്‍കാന്‍ ഭൂമിയില്ല, വനംവകുപ്പിന്റെ കൈവശമുള്ള ഭൂമി വിട്ടു തരണം, അല്ലെങ്കില്‍ ഭൂമി വില കൊടുത്ത് വാങ്ങേണ്ടി വരുമെന്നും കലക്ടര്‍ വ്യക്തമാക്കി.

എന്നാല്‍ രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പാക്കുകയാണ് ആദിവാസി ഭൂമി പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമെന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. വയനാട് തൃശ്ശൂര്‍, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട,. കൊല്ലം ജില്ലകളിലെ അഞ്ചേകാല്‍ ലക്ഷം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ആയിരത്തോളം വരുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ തൊവരിമലയിലെ മിച്ചഭൂമി കൈയ്യേറി കുടില്‍ കെട്ടിയത്. വനഭൂമിയിലാണ് കുടില്‍ കെട്ടിയിരിക്കുന്നതെന്നും ഒഴിഞ്ഞു പോകണമെന്നും വനംവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തുടര്‍ന്നു. വനംവകുപ്പ് സമരക്കാരെ ഒഴിപ്പിച്ചു. ചിതറിയോടിയ സമരക്കാര്‍ സംഘടിച്ച് കലക്ട്രേറ്റിന് മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു. സമരസമിതി നേതാക്കളായ എം പി കുഞ്ഞിക്കണ്ണന്‍, രാജേഷ് അപ്പാട്ട്, കെ ജി മനോഹരന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ റിലേ നിരാഹാര സമരത്തിലേക്ക് മാറി. മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും പരാതി നല്‍കിയിട്ടും പ്രതികരണമുണ്ടായില്ലെന്നും സമരസമിതി ആരോപിച്ചിരുന്നു. കുഞ്ഞിക്കണ്ണന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരം കിടന്നിരുന്നു. സിപിഐ(എംഎല്‍) റെഡ്സ്റ്റാറിന് പുറമേ ഓള്‍ ഇന്ത്യാ ക്രാന്തികാരി കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നിവരും സമരത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in