തൊവരിമല: കളക്ടറേറ്റിലേക്ക് ആദിവാസി മാര്‍ച്ച്;  അനിശ്ചിതകാല സമരത്തിന് തുടക്കം 

തൊവരിമല: കളക്ടറേറ്റിലേക്ക് ആദിവാസി മാര്‍ച്ച്; അനിശ്ചിതകാല സമരത്തിന് തുടക്കം 

വയനാട് തൊവരിമലയില്‍ കുടില്‍ കെട്ടി സമരം നടത്തിയ ആദിവാസികളെ വനംവകുപ്പ് ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കല്പറ്റ കളക്ട്രേറ്റിന് മുന്നില്‍ ആദിവാസികള്‍ അനിശ്ചിതകാല സമരം തുടങ്ങി. കളക്ടറേറ്റിലേക്ക് ആദിവാസികള്‍ മാര്‍ച്ച് നടത്തി. സമരഭൂമിയില്‍ ഉണ്ടായിരുന്നവരും ഒഴിപ്പിക്കപ്പെട്ടവരുമാണ് കല്പറ്റ കളക്ട്രേറ്റിന് മുന്നിലേക്ക് എത്തിയത്.തൊവരിമല സമരസമിതി കളക്ടറേറ്റിന് മുന്നില്‍ അനിശ്ചിത കാല സമരത്തിന് ആഹ്വാനം ചെയ്തതതോടെ ഊരിലേക്ക് മടങ്ങിയവരും ഒഴിപ്പിക്കപ്പെട്ടവരും കളക്ടറേറ്റിന് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഊരുകളിലേക്ക് പോയവരും സമരത്തില്‍ പങ്കെടുക്കും. കൃഷിഭൂമിയും താമസിക്കാനുള്ള ഭൂമിയും ലഭിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറൂവെന്നും തൊവരിമലയിലെ ആദിവാസികള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഹാരിസണിന് തിരിച്ചുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണമാണ് തൊവരിമലയിലെ സമരസമിതി ഉയര്‍ത്തുന്നത്. ഹാരിസണിന് വേണ്ടിയാണ് വനംവകുപ്പ് സമരഭൂമിയില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിച്ചതെന്നാണ് ആരോപണം.

വയനാട് ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളില്‍ നിന്നുള്ള ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെയാണ് തെവരിമലയില്‍ കുടില്‍ കെട്ടിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിരക്കിനിടയിലെ അധികൃതരുടെ ശ്രദ്ധയില്‍ പെടാതെയായിരുന്നു ഭൂമി കൈയ്യേറി കുടില്‍ കെട്ടിയത്. സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍ കേന്ദ്രകമ്മിറ്റിയംഗവും സമര സമിതി കണ്‍വീനറുമായ എം പി കുഞ്ഞിക്കണാരന്റെ നേതൃത്വത്തിലായിരുന്നു സമരം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലെ ആദിവാസി ഭൂമി പ്രശ്‌നം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടു വരിക കൂടിയായിരുന്നു സമരത്തിന് ഈ സമയം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് സമരസമിതി നേതൃത്വം പറയുന്നു.

നെന്‍മേനി പഞ്ചായത്തിലെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. ഈ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. സിപിഐഎംഎല്‍ റെഡ്സ്റ്റാറിന് കീഴിലുള്ള അഖിലേന്ത്യ വിപ്ലവ കിസാന്‍ സഭ, ആദിവാസി ഭാരത് മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. രാജമണിക്യം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ തന്നെ നിയമനിര്‍മ്മാണത്തിലൂടെ ഭൂമി ഏറ്റെടുക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in