ടിക് ടോക് നിരോധനം പിന്‍വലിച്ചപ്പോള്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്‌ 

ടിക് ടോക് നിരോധനം പിന്‍വലിച്ചപ്പോള്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്‌ 

ഏപ്രില്‍ 16 മുതല്‍ 24 വരെയുള്ള ദിനങ്ങളിലാണ് ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്.

മദ്രാസ് ഹൈക്കോടതി ടിക് ടോകിന് നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രതിഷേധമാണുയര്‍ന്നത്. ഒടുവില്‍, ഉപയോക്താക്കള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള ആശ്വാസവാര്‍ത്തയെത്തി. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് നീക്കിയ നടപടി കോടതി പിന്‍വലിച്ചു. അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്യരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ അശ്ലീലവീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഏപ്രില്‍ 16 മുതല്‍ 24 വരെയുള്ള ദിനങ്ങളിലാണ് ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. നിരോധനം പിന്‍വലിച്ച കോടതി വിധിയുണ്ടായതുമുതല്‍ ആളുകള്‍ വിശദാംശങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞു. Tik Tok Ban Lifted എന്നായിരുന്നു കോടതി വിധി. ഇംഗ്ലീഷ് മാധ്യമങ്ങളിലെ തലക്കെട്ടും ഇങ്ങനെയായിരുന്നു. ഇതോടെ നിരവധി പേരാണ് ലിഫ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ഗൂഗിളില്‍ തിരഞ്ഞത്.

ഇനിമേല്‍ ടിക് ടോക് മൊബൈലില്‍ ഉള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റാത്ത വിധം നിരോധനം ഏര്‍പ്പെടുത്തുമോയെന്ന ആശങ്ക ഉപയോക്താക്കളിലുണ്ടായിരുന്നു. ഈ ആകാംക്ഷയെ തുടര്‍ന്നാണ് വിധിയുടെ വിശദാംശങ്ങളും ലിഫ്റ്റ് ചെയ്യുകയെന്നാല്‍ എന്താണെന്നും കൂടുതല്‍ പേര്‍ തിരഞ്ഞത്. tik tok ban Lift (ടിക് ടോക് ബാന്‍ പിന്‍വലിച്ചു ) Lifts ban meaning (ലിഫ്റ്റ് എന്നതിന്റെ അര്‍ത്ഥം ) lifts meaning in hindi (ലിഫ്റ്റ് എന്നതിന്റെ ഹിന്ദി അര്‍ത്ഥം ) എന്നിങ്ങനെ പോകുന്നു തിരച്ചിലുകള്‍.

പ്ലേസ്റ്റോര്‍, ആപ്പ്‌സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് നീക്കിക്കൊണ്ടുള്ള വിധിയുണ്ടായപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റെന്താണ് വഴിയെന്നായിരുന്നു ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. ടിക് ടോകിന്റെ എപികെ (apk) ഫയലുകള്‍ ഗുഗിളില്‍ തിരഞ്ഞ് ഡൗണ്‍ലോഡ് ചെയ്യാമായിരുന്നു. അതിനാല്‍ എപികെ ഫയലുകള്‍ കൂടുതലായി തിരഞ്ഞിട്ടുണ്ട്.

Tik Tok Video, Tik Tok apk Pure, Tik Tok Stand, Supreme court Judgement on tiktok, tik tok star apk എന്നിങ്ങനെയായിരുന്നു തിരച്ചിലുകള്‍.

ടിക് ടോക്ക് നിരോധനത്തില്‍ തങ്ങള്‍ക്ക് മൂന്നരക്കോടിയിലേറെ രൂപയുടെ പ്രതിദിന നഷ്ടമുണ്ടാകുന്നുവെന്നായിരുന്നു മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്. നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ 250 പേര്‍ക്ക് തൊഴില്‍നഷ്ടമുണ്ടാകുമെന്നും കമ്പനി വാദിച്ചിരുന്നു. ടിക് ടോകിന് നിരോധനമേര്‍പ്പെടുത്തണമെന്ന് ഏപ്രില്‍ 3 ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ്‌ ഉത്തരവിട്ടത്. ജസ്റ്റിസ് എന്‍ കൃപാകരന്‍, എസ് എസ് സുന്ദര്‍ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു നടപടി.

തുടര്‍ന്ന് കമ്പനി കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 16 ന് കേസ് പരിഗണിച്ച കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതോടെ അന്നേദിവസം വൈകീട്ടോടെ ആപ്പ് സ്റ്റോറില്‍ നിന്നും പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ നീക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതിയും നേരത്തേ വിസമ്മതിച്ചിരുന്നു. കോടതി വിധിക്ക് പുറമെ കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഇടപെടലുമാണ് ടിക് ടോക്കിന്റെ നീക്കം ചെയ്യലില്‍ കലാശിച്ചത്.

ഫോണിലുള്ളവര്‍ക്ക് ആപ്പ് ഉപയോഗിക്കുന്നതിന് തടസമില്ലാത്ത വിധം തുടര്‍ന്നുള്ള ഡൗണ്‍ലോഡിനാണ് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ റിവിഷന്‍ ഹര്‍ജിയില്‍ കോടതി ടിക് ടോകിന് അനുകൂലമായി മുന്‍പത്തെ വിധി പിന്‍വലിക്കുകയായിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍, കുട്ടികളെ ഉള്‍പ്പെടുത്തിയുള്ള പോണോഗ്രാഫി,ലഹരിയെ ആദര്‍ശവല്‍ക്കരിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ആപ്പ് പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നതാണ് ടിക് ടോക്കിനെതിരെ ഉയര്‍ന്ന വാദം. സാമൂഹിക പ്രവര്‍ത്തകനും മുതിര്‍ന്ന അഭിഭാഷകനുമായ മുത്തുകുമാറാണ് ടിക് ടോകിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

അശ്ലീല ഉള്ളടക്കങ്ങളുടെ ആധിക്യം കൗമാരക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകളിലൂടെ ചെറിയ വീഡിയോകള്‍ പങ്കുവെച്ച് തങ്ങളുടെ പ്രകടനങ്ങളടക്കം ഉള്‍പ്പെടുത്താവുന്ന തരത്തിലാണ് ടിക് ടോക്ക് പ്രവര്‍ത്തിച്ചിരുന്നത്. ഇന്റര്‍നെറ്റിലെ ചൈനീസ് ഭീമനായ ബൈറ്റ്ഡാന്‍സ് മ്യൂസിക്കലിയെ ഏറ്റെടുത്തശേഷം ടിക് ടോക്ക് എന്ന പേരില്‍ പുറത്തിറക്കുകയായിരുന്നു.

കുറഞ്ഞ കാലയളവിനുള്ളില്‍ ലക്ഷക്കണക്കിനാളുകളിലേക്ക് വ്യാപിക്കാന്‍ ടിക് ടോകിനായി. കേരളത്തില്‍ മാത്രം 30 ലക്ഷത്തോളം ഉപയോക്താക്കളുണ്ടെന്നാണ് വിവരം. നിലവില്‍ ചൈനയിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് ബൈറ്റ്ഡാന്‍സ്. 800 ദശലക്ഷം മില്ല്യണ്‍ ഉപയോക്താക്കളാണ് ബൈറ്റ്ഡാന്‍സിന് പല പ്ലാറ്റ്ഫോമുകളിലായുള്ളത്. ഏകദേശം എഴുപത്തഞ്ച് ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ ആസ്തി.

Related Stories

No stories found.
logo
The Cue
www.thecue.in