‘അവരെന്റെ വസ്ത്രമുരിഞ്ഞു, വായില്‍ മൂത്രമൊഴിച്ചു’; യുപിയില്‍ റെയില്‍വെ പൊലീസ് തല്ലിച്ചതച്ച മാധ്യമപ്രവര്‍ത്തകന്‍

‘അവരെന്റെ വസ്ത്രമുരിഞ്ഞു, വായില്‍ മൂത്രമൊഴിച്ചു’; യുപിയില്‍ റെയില്‍വെ പൊലീസ് തല്ലിച്ചതച്ച മാധ്യമപ്രവര്‍ത്തകന്‍

ഉത്തര്‍പ്രദേശിലെ ശംലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയതിന്റെ ദൃശ്യം പകര്‍ത്താന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകനെ റെയില്‍വേ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ അമിത് ശര്‍മ്മ കാലുപിടിച്ച് ഉപദ്രവിക്കരുതെന്ന് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുമുണ്ട്. മുറിയില്‍ അടച്ചതിന് ശേഷം തന്റെ വസ്ത്രമുരിഞ്ഞ് വായില്‍ മൂത്രമൊഴിച്ചെന്നും ക്രൂര മര്‍ദ്ദനത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു.

ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകന്റെ ക്യാമറ താഴെയെറിയികുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പാളം തെറ്റിയ ട്രെയിനിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് ഇടയിലാണ് ക്യാമറയും ഫോണും തട്ടിപ്പറിച്ചത്.

അവര്‍ യൂണിഫോമിലല്ലായിരുന്നു, സാധാരണ വേഷത്തിലായിരുന്നു. ഒരാള്‍ എന്റെ ക്യാമറയിലടിച്ചു. ക്യാമറ താഴെ വീണപ്പോള്‍ എടുക്കുന്നതിന് ഇടയിലാണ് മര്‍ദ്ദിച്ചതും തെറിവിളിച്ചതും. എന്നെ ഒരു മുറിയിലടച്ചിട്ടു വസ്ത്രമുരിഞ്ഞു. വായില്‍ മൂത്രമൊഴിക്കുക കൂടി ചെയ്തു.

അമിത് ശര്‍മ്മ

ടിവി ചാനലായ ന്യൂസ് 24ന്റെ സ്ട്രിങ്ങറാണ് അമിത് ശര്‍മ്മ. അമിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതോടെയാണ് അമിത് ശര്‍മ്മയെ ഇന്ന് പുറത്തുവിട്ടത്. പ്രതിഷേധം ശക്തമായതോടെ റെയില്‍വെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറേയും ഒരു കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചെന്ന പേരില്‍ അഞ്ചോളം മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in