‘സലഫികളെന്ന് പറയാന്‍ പേടിയാണ്’; തീവ്രമതചിന്തയുടെ സലഫിക്കോളനി ഇന്ന് ഇങ്ങനെയാണ് 

‘സലഫികളെന്ന് പറയാന്‍ പേടിയാണ്’; തീവ്രമതചിന്തയുടെ സലഫിക്കോളനി ഇന്ന് ഇങ്ങനെയാണ് 

'സലഫികളാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് പേടിയാണ്. ഇവിടെ ഇപ്പോള്‍ സാധാരണ സ്ഥലമായി മാറി. എല്ലാ താമസക്കാരും പള്ളി ഉപയോഗിക്കുന്നു. സുന്നി ആശയക്കാര്‍ നബി ദിനം ആഘോഷിക്കാറുണ്ട്. സലഫി ആശയക്കാര്‍ മാത്രമുണ്ടായിരുന്നിടത്ത് പല ആശയക്കാര്‍ വന്നു. പള്ളി സാദാ നമസ്‌കാര പള്ളിയായി’. സലഫി ഗ്രാമമെന്ന് പേര് ചാര്‍ത്തപ്പെട്ട അത്തിക്കോട്ടെ ഒരു താമസക്കാരന്റെ വാക്കുകളാണിത്. നിലമ്പൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചെത്താവുന്ന അത്തിക്കോടിന് നേരത്തേ മറ്റൊരു വിശേഷണമുണ്ടായിരുന്നു, ഐഎസ് ബന്ധമുള്ള സലഫികളുടെ ഗ്രാമം.

മുസ്ലിങ്ങളിലെ തീവ്ര ആശയക്കാര്‍ ഒരുമിച്ച് താമസിക്കാന്‍ തിരഞ്ഞെടുത്ത പ്രദേശം എന്ന നിലയിലാണ് നിലമ്പൂരിലെ അത്തിക്കോടും സലഫി ഗ്രാമവും വാര്‍ത്തകളില്‍ ഇടം നേടിയത്. ഐഎസ് ഭീകരരുടെ ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നും യമനിലേക്ക് പോയവരുടെ കൂട്ടത്തില്‍ അത്തിക്കോട്ടെ ചെറുപ്പക്കാരും ഉണ്ടായിരുന്നുവെന്ന് പോലീസും വെളിപ്പെടുത്തി. വിദേശ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അത്തിക്കോട്ടെത്തി വാര്‍ത്തെകളെഴുതി. പോലീസിന്റെ നിരീക്ഷണത്തിലായി ഇവിടെയുള്ളവര്‍.

കേരള നദ്വത്തുല്‍ മുജാഹിദീന്‍ പിളര്‍ന്നതിന് ശേഷമാണ് തീവ്ര ആശയക്കാര്‍ അത്തിക്കോട്ടേക്ക് എത്തുന്നത്. പത്ത് സെന്റ് വീതം വാങ്ങി കോളനി രൂപീകരിച്ചു. പള്ളി പണിതു. കുട്ടികള്‍ക്ക് മതപഠനത്തിനായി മദ്രസയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി നാല് വരെയുള്ള ക്ലാസ്സുകളും സ്ഥാപിച്ചു. വനത്തോട് ചേര്‍ന്ന പ്രദേശത്ത് റോഡും ഫ്ളാറ്റും നിര്‍മ്മിച്ചു. സ്ഥലവില കുത്തനെ ഉയര്‍ന്നു.

‘മതപരമായ വ്യത്യസ്ത കാഴ്ചപ്പാടുള്ള വിവിധ ഗ്രൂപ്പുകളുണ്ട് മുസ്ലിം സമുദായത്തില്‍. അതെല്ലാം ഒഴിവാക്കി മുസ്ലിം എന്ന ഒറ്റ വീക്ഷണത്തില്‍ കാണാനും ജീവിക്കാനുമാണ് അത്തിക്കോട് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചത്. ഉദ്ദേശങ്ങള്‍ നല്ലതായിരുന്നു. നിലമ്പൂര്‍ ഭാഗങ്ങളില്‍ ബിസിനസും ജോലിയും ചെയ്യുന്നവരായിരുന്നു മിക്കവരും. കുറഞ്ഞ പൈസക്ക് നല്ല സ്ഥലം കിട്ടിയത് കൊണ്ടാണ് ഉള്‍ഭാഗം തിരഞ്ഞെടുത്തത്. മുസ്ലിങ്ങള്‍ എവിടെ താമസമാക്കിയാലും അവിടെ ഒരു പള്ളി ഉണ്ടാക്കുമല്ലോ. മുസ്ലിം ഐക്യം എന്നതായിരുന്നു ലക്ഷ്യം. വേദങ്ങള്‍ വ്യാഖ്യാനിക്കുമ്പോഴാണ് ഭിന്നിപ്പുണ്ടാകുന്നത്. എന്നാല്‍ ഫസ്ററ് ഓഡിയന്‍സ് എങ്ങനെയാണോ കേട്ടത് അതുപോലെ ജീവിക്കുക എന്നതാണ് സലഫി ചിന്താധാര. ഇന്ന് സലഫികള്‍ എന്ന പേരില്‍ ടെററിസ്റ്റ് ഗ്രൂപ്പുകളുണ്ട്. അതുകണ്ട് സലഫികളാണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് പേടിയാണ്. സുന്നി, മുജാഹിദ് എന്നത് പോലെ സലഫികളാണെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് ഉദ്ദേശിച്ചത് അള്ളാഹുവിനെ മാത്രം ആരാധിക്കുകയെന്നതാണ്’

യാസിര്‍ അമാനി,താമസക്കാരന്‍ 

അറബി അധ്യാപകനും മതപണ്ഡതനുമായ സുബൈര്‍ മങ്കടയുടെ നേതൃത്വത്തിലാണ് സലഫി ഗ്രാമം രൂപീകരിച്ചത്. വിദേശത്ത് നിന്നുള്ളവരുള്‍പ്പെടെ മതപഠന ക്ലാസ്സുകളെടുത്തു. എന്നാല്‍ പൊതു സമൂഹം ഈ കൂട്ടായ്മയെ സംശയത്തോടെയാണ് നോക്കിയതെന്ന് താമസക്കാര്‍ പറയുന്നു.

’പരമ്പരാഗതമായി മുസ്ലിങ്ങള്‍ ജീവിച്ച രീതികളില്‍ ചെറിയ മാറ്റം ഇവിടെ ഉണ്ടായിരുന്നു. ഉദാഹരണത്തിന് സ്ത്രീകള്‍ പലതരം വസ്ത്രം ധരിക്കുന്നുണ്ടല്ലോ. ഇവിടെ അതിന് പകരം മുഖംമറയ്ക്കുന്ന വസ്ത്രമാണ് സ്ത്രീകള്‍ ധരിച്ചത്. അതുപോലെ ചില മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ മറ്റ് മുസ്ലിങ്ങള്‍ക്ക് ഞങ്ങളോട് അകല്‍ച്ചയുണ്ടായി. അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ടായി. മതപരമായ കാര്യങ്ങള്‍ കുറച്ച് കര്‍ക്കശമായി. അത് മറ്റാരും അടിച്ചേല്‍പ്പിച്ചതല്ല. അത് തീവ്രവാദവുമായി ബന്ധമില്ല. ഒരു സൊസൈറ്റിക്ക് അങ്ങനെ കൃത്രിമമായി ആകാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ഇതിന്റെ അവസ്ഥ’

2006 ല്‍ തുടങ്ങിയ കൂട്ടായ്മയില്‍ 2013 ആകുമ്പോഴേക്കും പ്രശ്നങ്ങള്‍ ഉടലെടുത്തു. പല സ്ഥലങ്ങളില്‍ നിന്നായി ക്ലാസെടുക്കാന്‍ വന്നവരില്‍ അന്തേവാസികള്‍ക്ക് സംശയം ഉടലെടുത്തതായി ഇവര്‍ പറയുന്നു.

'2013 വരെ നല്ല രീതിയില്‍ പോയി. പിന്നെ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ക്ലാസ്സ് വെക്കുമ്പോള്‍ ആരാണെന്ന് മനസ്സിലാക്കാന്‍ പറ്റാതായി,പല സ്ഥലങ്ങളില്‍ നിന്നും പലരും വന്നു. അവര്‍ ഇവിടെയുള്ള ചിലരുമായി കൂട്ടായി. അവരുടെ താടിയും തൊപ്പിയും വേഷവുമെല്ലാം ഞങ്ങള്‍ സംശയത്തോടെയാണ് നോക്കിയത്. അങ്ങനെ ജീവിക്കുന്ന പലരുമുണ്ടാകും. എന്നാല്‍ ഇതുപോലുള്ള കുറെ പേര്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയതാണ് സമൂഹത്തില്‍ നിന്ന് ഞങ്ങളെ അകറ്റിയത്. പത്ത് താടിക്കാരും മുഖം മറച്ച സ്ത്രീകളും ഒന്നിച്ച് വരുമ്പോള്‍ എല്ലാരും ശ്രദ്ധിക്കില്ലേ. മുസ്ലിങ്ങള്‍ക്കിടയിലും അമുസ്ലിങ്ങള്‍ക്കിടയിലും അത് പല സംശയങ്ങള്‍ക്കും ഇടയാക്കി. പോലീസില്‍ പരാതി പോയി. പോലീസിന്റെ നിരീക്ഷണത്തിലായി ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നിപ്പുണ്ടായി. മതപരമായ വിഷയം മാത്രമല്ല ബിസിനസ് തര്‍ക്കങ്ങളും ഇതിന് കാരണമായി. കേരളത്തില്‍ നിന്ന് കുറെ പേര്‍ യമനില്‍ പോയെന്ന വാര്‍ത്തയും ഈ സമയത്താണ് വരുന്നത്. ഇവിടെ നിന്ന് ആരും പോയിട്ടില്ല. എന്നാല്‍ ഇവിടെ വന്ന പലരും പോയി. അവരുമായി അത്തിക്കോടുള്ള പലരും ബന്ധം പുലര്‍ത്തി. മതപരമായ കാര്യങ്ങളിലെ തര്‍ക്കത്തിനും ഈ ബന്ധം കാരണമായി. തര്‍ക്കം രൂക്ഷമായപ്പോള്‍ 2013 ഓടെ പള്ളിയും മദ്രസയും സ്‌കൂളും അടച്ചു'. ഭിന്നിപ്പിനെത്തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോയവര്‍ പതുക്കെ വീടും ഫ്ളാറ്റുമെല്ലാം വാടകയ്ക്ക് നല്‍കി. അതില്‍ തീവ്ര ആശയക്കാരും ഉണ്ടായിരുന്നതായി യാസിര്‍ പറയുന്നു.

'പലരും ഒഴിഞ്ഞ് പോയപ്പോള്‍ ആ വീടുകളില്‍ പല പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കാനെത്തി. ഒരു വീട്ടില്‍ രണ്ടും മൂന്നും കുടുംബങ്ങള്‍. ഇവര്‍ പഴയ താമസക്കാരുമായി അടുപ്പത്തിനൊന്നും വന്നില്ല. അവരുടെ തീവ്ര നിലപാടുകളില്‍ സംശയമായി. ഇവിടുത്തെ ജീവിതത്തില്‍ അവര്‍ കര്‍ശന നിബന്ധനകള്‍ വെച്ചു. ചെറിയ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടപഴകി കളിക്കരുതെന്നും റോഡിലൂടെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നും പറഞ്ഞതോടെ തര്‍ക്കമായി. ജീന്‍സിട്ട പെണ്‍കുട്ടികള്‍ നടന്നു പോയെന്നും പറഞ്ഞ് ഇവിടേക്കുള്ള വഴി അടച്ചു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നപ്പോള്‍ എസ്പിക്ക് നേരിട്ട് പരാതി നല്‍കി. ഏത് ആശയക്കാരാണ് എന്ന് അറിയാത്തവര്‍ വന്ന് താമസിക്കുമ്പോള്‍ ഞങ്ങളും പ്രശ്നത്തിലാകുമല്ലോ. ഒരു വര്‍ഷത്തിന് ശേഷം അയാളും കുടുംബവും യമനിലേക്ക് പോയെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്'.പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത താമസക്കാരന്‍ വിശദീകരിക്കുന്നു.

2006 ല്‍ എത്തിയ നാല് കുടുംബങ്ങളാണ് അവശേഷിക്കുന്നത്. ബാക്കിയുള്ളവര്‍ വിറ്റൊഴിഞ്ഞു. ചിലര്‍ വാടകയ്ക്ക് പോലും നല്‍കാതെ ഉപേക്ഷിച്ചു.'മൂന്ന് മാസത്തോളം പള്ളി അടഞ്ഞു കിടന്നു. ഇപ്പോള്‍ പള്ളി തുറക്കുന്നുണ്ട്. ഇവിടെ സ്ഥലം വാങ്ങിയ ഭൂരിപക്ഷം ആളുകളും ഒഴിഞ്ഞു പോയി. അന്ന് സ്ഥലം വാങ്ങിയതിലെ നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇപ്പോള്‍ സാധാരണക്കാരായ കുറച്ച് പേര്‍ ഇവിടേക്ക് വന്നിട്ടുണ്ട്. പഴയ ഉടമകള്‍ സ്ഥലം വിറ്റു. ഞങ്ങള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ബാങ്ക് കൊടുക്കും. മദ്രസ കെട്ടിട്ടം വെറുതെ കിടക്കുന്നു' എന്ന് യാസിര്‍ പറയുമ്പോള്‍ തുടക്കം മുതലുള്ള താമസക്കാരനായ അബ്ദുള്ള പറയുന്നു സലഫി ഗ്രാമം പഴയ ഗ്രാമമല്ലെന്ന്.

‘മത കാര്യങ്ങളില്‍ കുറച്ച് കൂടി സൂക്ഷ്മത പുലര്‍ത്താം എന്നത് കൊണ്ടാണ് ഇവിടേക്ക് വന്നത്. ഇസ്ലാമിനെ നല്ല രീതിയില്‍ വ്യാഖ്യാനിക്കാനായിരുന്നു ശ്രമം. അതില്‍ ആരെയെങ്കിലും കൊല്ലുക ലക്ഷ്യമല്ല. ഇസ്ലാം ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഇവിടെ വന്ന് താമസിച്ച ചിലരെ കുറിച്ച് സംശയം തോന്നിയിട്ടാണ് പോലീസില്‍ പരാതി കൊടുത്തത്. ഞങ്ങള്‍ നാട്ടുകാരായി. ഇവിടെയുള്ള എല്ലാവര്‍ക്കും ഞങ്ങളെ പരിചയമായി. മറ്റ് സ്ഥലങ്ങളില്‍ എല്ലാവരും എങ്ങനെ താമസിക്കുന്നുവോ അത് പോലെയാണ് ഞങ്ങളിവിടെ താമസിക്കുന്നത്. നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഞങ്ങള്‍’.

അബ്ദുള്ള, താമസക്കാരന്‍ 

Related Stories

No stories found.
logo
The Cue
www.thecue.in