ആറളം ഫാമിൽ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ തീരുമാനം; 8 വർഷത്തിനിടെ കാട്ടാന കൊന്നത് 13 പേരെ

ആറളം ഫാമിൽ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ തീരുമാനം; 8 വർഷത്തിനിടെ കാട്ടാന കൊന്നത് 13 പേരെ

കണ്ണൂർ ആറളം ഫാമിൽ കാട്ടാനശല്യം തടയാൻ ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണ്ണമായി പ്രതിരോധിക്കാനുള്ള മികച്ച മാർഗ്ഗമെന്ന പ്രദേശവാസികളുടെ ആവശ്യം പരി​ഗണിച്ചാണ് തീരുമാനം. നിലവിൽ മതിലുള്ള ഭാഗത്തുകൂടി ആനകൾ ഫാമിൽ പ്രവേശിക്കുന്നില്ലെന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് സ്ഥലവാസികൾ ഈ ആവശ്യം ഉന്നയിച്ചത്.

ആന മതിൽ നിർമ്മിച്ചാൽ ആന മറ്റൊരു ഭാഗത്തേക്ക് മാറുകയാണെങ്കിൽ നേരത്തെ വിദഗ്ധസമിതി നിർദേശിച്ച കരുതൽ നടപടികൾ അവിടെ സ്വീകരിക്കുമെന്നാണ് ഉന്നതതല യോ​ഗത്തിലെ തീരുമാനം. ആറളത്ത് കാട്ടാന ആക്രമണത്തിൽ മരണ ഭീതിയിൽ കഴിയുന്ന ആദിവാസി കുടുംബങ്ങളെ പറ്റി ജൂലൈ 31ന് ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദ ക്യു കാട്ടാന പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആറളത്ത് പോയപ്പോൾ കണ്ടത്

ആറളം ഫാം

കഴിഞ്ഞ 8 വര്‍ഷത്തിനിടെ ആറളത്ത് കാട്ടാന കുത്തിക്കൊന്നത് 13 പേരെയാണ്. കാട്ടാന ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ആറളത്തെ ആദിവാസി കുടുംബങ്ങളുടെ അവസ്ഥ റിപ്പോർട്ട് ചെയ്യാൻ ജൂലൈ 31ന് ഫാമിൽ പോയപ്പോൾ ഞങ്ങൾ കണ്ട കാഴ്ചകൾ അതി ദയനീയമായിരുന്നു. ഫാമിലേക്ക് ആന കടക്കാതിരിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചത് എന്ന് പറയപ്പെടുന്ന ആനമതിലിന്റെ സ്ഥാനത്ത് പേരിന് പോലും സിമന്റോ കമ്പിയോ ഉപയോ​ഗിക്കാതെ അടുക്കി വെച്ച കുറേ കല്ലുകൾ ആന തട്ടിയിട്ട കാഴ്ചയായിരുന്നു അവിടെ കണ്ടത്.

ഇങ്ങനെ പണിയുന്ന മതിലുകൾ ദിവസങ്ങൾക്കുള്ളിൽ ആന വീണ്ടും തട്ടിത്തകർക്കും. ഓരോ തവണ ആന മതില്‍ തകര്‍ക്കുമ്പോഴും ഇവിടുത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി വീണ്ടും പഴയപടി തന്നെ പുനര്‍നിര്‍മ്മിക്കും. ഇങ്ങനെ ചെലവാക്കുന്ന പണം ഉപയോഗിച്ച് കൃത്യമായ രീതിയില്‍ ആനമതില്‍ പണിയാൻ അധികാരികൾ തയാറാകുന്നില്ല എന്നായിരുന്നു ആറളം നിവാസികളുടെ പരാതി. ഓരോ തവണയും കാട്ടാനയുടെ കുത്തേറ്റ് ആളുകൾ കൊല്ലപ്പെടുമ്പോൾ മാത്രം ഫാമിലേക്കെത്തുന്ന അധികാരികൾ ഒരിക്കൽ പോലും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ല എന്നായിരുന്നു ഫാമിലെ ജനങ്ങൾ പറഞ്ഞത്.

ആറളം വന്യജീവി സങ്കേതത്തിന് മറുവശത്ത് ജനറല്‍ വിഭാഗത്തില്‍ പെട്ട ആളുകളാണ് താമസിക്കുന്നത്. അവിടെ പണിത മതില്‍ വര്‍ഷങ്ങളായിട്ടും ആന തകര്‍ത്തിട്ടില്ലെന്നും, അതുപോലെ സിമന്റും കമ്പിയും ഉപയോഗിച്ചുള്ള മതിലാണ് തങ്ങള്‍ക്ക് വേണ്ടതെന്നുമാണ് ആറളം നിവാസികൾ ഞങ്ങളോട് പറഞ്ഞത്.

വീടുകള്‍ക്ക് മുന്നില്‍ ഭീതി വിതച്ച് ആനകളും പന്നികളും

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആറളത്തെ വീടുകള്‍ക്ക് മുന്നില്‍ ആനകളും പന്നികളുമെത്തും. മരങ്ങൾ മറിച്ചിട്ടും വീടുകളുടെ ഭിത്തി തകർത്തും ഭീതി പരത്തും. പലപ്പോഴും രാത്രി വിശ്വസിച്ച് പുറത്തിറങ്ങാൻ കഴിയില്ല. ഇരുട്ടിൽ പലപ്പോഴും ആന അടുത്ത് നിൽക്കുന്നത് മനസിലാകില്ല. ആനക്കാട് എന്ന് വിളിക്കുന്ന വലിയ പൊന്തക്കാടുകളിൽ പകൽ പോലും ആനകൾ ഉണ്ടാകുമെന്നാണ് പ്രദേശവാസിയായ ശ്യാമ ഞങ്ങളോട് പറഞ്ഞത്.

വൈകുന്നേരങ്ങളിൽ ആരും പുറത്തിറങ്ങാറില്ല

ആറളം ഫാമിൽ ആരും വൈകുന്നേരങ്ങളിൽ വീടിന് പുറത്തിറങ്ങാറില്ല. നാല് മണി കഴിഞ്ഞാൽ എല്ലാവരും വീട്ടിൽ കയറും. പണിക്ക് പോകുന്നവരും സ്കൂളിൽ പോകുന്ന കുട്ടികളും ആ സമയമാകുമ്പോഴേക്കും വീട്ടിലെത്തും. ഇല്ലെങ്കിൽ ജീവനോടെ വീടെത്തുമോ എന്ന് ഇവിടുത്തെ മനുഷ്യർക്ക് ഉറപ്പില്ല. നേരം വൈകിയാൽ തിരിച്ചു വരാൻ കഴിയാത്തതിനാൽ ഫാമിലുള്ളവർക്ക് പുറത്ത് പണിക്ക് പോകാനും കഴിയില്ല. ഫാമിലെ പണിക്ക് പോയാൽ കൃത്യമായി ശമ്പളവും കിട്ടില്ല. പ്രദേശവാസിയായ ബിബീഷ് ഞങ്ങളോട് പറഞ്ഞതനുസരിച്ച് മൂന്ന് മാസത്തിലധികമായി ഫാമിൽ പണിയെടുക്കുന്നവരുടെ ശമ്പളം കുടിശ്ശികയായിരുന്നു.

സുരക്ഷ ഒരുക്കേണ്ട റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ദുരവസ്ഥ

ആറളം ഫാമിൽ‌ എവിടെ ആന ഇറങ്ങിയാലും ആളുകൾ സഹായത്തിന് വിളിക്കുന്നത് ഫാമിലെ റാപ്പിട് റെസ്പോൺസ് ടീമിനെയാണ്. പലപ്പോഴും ആനയിറങ്ങി അപകടമുണ്ടാകുമ്പോൾ സഹായത്തിന് ആർ.ആർ.ടി സേന എത്താറില്ലെന്നതാണ് ഫാമിലെ ജനങ്ങളുടെ പരാതി. എന്നാൽ ആർ.ആർ.ടി ഓഫീസിൽ എത്തിയ ഞങ്ങൾ കണ്ട കാഴ്ചകൾ പരിതാപകരമായിരുന്നു. ഓഫാസർമാരും ജോലിക്കാരും അടക്കം ഏകദേശം ഇരുപതോളം പേർ താമസിക്കുന്നത് വളരെ ചെറിയ ഒരു ഓഫീസ് മുറിയിലാണ്.

ഫാമിനുള്ളിൽ എവിടെ ആന ഇറങ്ങിയാലും ഓടിയെത്തേണ്ടത് ഇവരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ സമയം ആന ഇറങ്ങാറുണ്ട്. എന്നാൽ എല്ലായിടത്തേക്കും ഓടിയെത്താൻ ആർ.ആർ.ടി സേനയുടെ കയ്യിലുള്ള വാഹനം ഒരേയൊരു പിക്കപ്പ് ആയിരുന്നു. ഫാമിൽ റെയ്ഞ്ചിന്റെ പ്രശ്നമുള്ളതിനാൽ പലപ്പോഴും ആർ.ആർ.ടി അം​ഗങ്ങളെ ഫാം നിവാസികൾ വിളിച്ചാലും കിട്ടില്ല.

ആറളത്തെ മനുഷ്യരുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല. കൃത്യമായ വൈദ്യുതി ലഭിക്കാത്തതും ഫോണിന് റെയ്ഞ്ച് ഇല്ലാത്തതും ആശുപത്രികളിലേക്ക് പോകാൻ വാഹന സൗകര്യം ഇല്ലാത്തതും അടക്കം നിരവധി പ്രശ്നങ്ങൾ ഫാമിലുള്ളവർ അനുഭവിക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം മൂലകാരണമായ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ പുതിയതായി വരുന്ന ആനമതിൽ കൊണ്ട് കഴിയുമെന്ന് കരുതാം.

Related Stories

No stories found.
logo
The Cue
www.thecue.in