പട്ടാഭിഷേകത്തിന് മുന്‍പ് അംഗരക്ഷകയെ വിവാഹം ചെയ്ത് തായ്ലാന്‍ഡ് രാജാവ്
ഔദ്യോഗിക കിരീടധാരണത്തിന് ദിവസങ്ങള്‍ ശേഷിക്കെ തന്റെ ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ് രാജാവ്. മഹാ വാജിറലോങ്കോണാണ് സുതിദ തിഡ്ജെയ് എന്ന അംഗരക്ഷകയെ വിവാഹം ചെയ്തത്..രാജ്യത്തെ അത്ഭുതപ്പെടുത്തിയ ഈ പ്രഖ്യാപനം റോയല്‍ ഗസറ്റിലൂടെയാണ് ഭരണകൂടം പുറത്തുവിടുകയായിരുന്നു.
ബുധനാഴ്ച നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ റോയല്‍ ന്യൂസ് സെഗ്മെന്റിലൂടെ എല്ലാ തായ് ടെലിവിഷനുകളിലും പ്രക്ഷേപണം ചെയ്തു.കിംഗ് രാമ പത്താമന്‍ എന്ന് സ്ഥാനനാമം ഉള്ള 66 വയസ്സുള്ള വാജിറലോങ്കോണ്‍ തന്റെ പിതാവായ കിംഗ് ഭൂമിഭോല്‍ അദുല്യദേജിന്റെ മരണ ശേഷം 2016 ഒക്ടോബര്‍ മുതല്‍ ഏകാധിപതിയായി രാജ്യം ഭരിക്കുകയായിരുന്നു.
വമ്പിച്ച ആഘോഷങ്ങളോടെ ബ്രാഹ്മിണ്‍ ബുദ്ധിസ്റ്റ് രീതിയില്‍ ഇദ്ദേഹത്തിന്റെ ഔദ്യോഗിക കിരീടധാരണം ശനിയാഴ്ച നടക്കാനിരിക്കുകയാണ്. 2014ല്‍ വാജിറലോങ്കോണ്‍ തായ് എയര്‍വേയ്സിലെ ഫ്ളൈറ്റ് അറ്റന്റന്റ് ആയിരുന്ന സുതിദയെ തന്റെ സുരക്ഷാ ചുമതലയുടെ ഡെപ്യൂട്ടി ചീഫ് ആയി നിയമിച്ചു.
തുടര്‍ന്ന് 2017ല്‍ സുതിദയെ തായ് റോയല്‍ ആര്‍മിയുടെ ജനറല്‍ ആയി ഉദ്യോഗക്കയറ്റം നല്‍കി. പിന്നീട് രാജാവിന്റെ പേഴ്സണല്‍ ഗാര്‍ഡിന്റെ കമാണ്ടര്‍ ആയും സുതിദയ്ക്ക് നിയമനം നല്‍കി. സുതിദയ്ക്ക് പ്രതിഭാധനരായ വനിതകള്‍ക്കുള്ള അംഗീകാരമായ തന്പുയിംഗ് പദവിയും ലഭിച്ചിട്ടുണ്ട്.
മുന്‍പ് മൂന്നു തവണ വിവാഹമോചനം നേടിയ വാജിറലോങ്കോണിന് ആകെ എഴ് മക്കളുണ്ട്. സേനാവിഭാഗങ്ങളുടെ തലവന്മാരും രാജകുടുംബത്തിലെ പ്രധാന അംഗങ്ങളും വിവാഹത്തില്‍ സന്നിഹിതരായിരുന്നു.