‘വെള്ളം വേണം’; നിലപാട് മാറ്റി തമിഴ്നാട്; ‘മുല്ലപ്പെരിയാറില്‍ സംഭരിച്ച് നിര്‍ത്താമോ?’ 

‘വെള്ളം വേണം’; നിലപാട് മാറ്റി തമിഴ്നാട്; ‘മുല്ലപ്പെരിയാറില്‍ സംഭരിച്ച് നിര്‍ത്താമോ?’ 

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളമാണ് കേരളം തമിഴ്‌നാടിന് നല്‍കുക. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് കേരളത്തിന്റെ സഹായ വാഗ്ദാനം സ്വീകരിക്കാന്‍ തീരുമാനിച്ചത്. വെള്ളം ആവശ്യമില്ലെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം കേരളത്തെ അറിയിച്ചത്.

കേരളത്തിന്റെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു. ഒരു ദിവസം മില്യണ്‍ ലിറ്റര്‍ വെള്ളം തരാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്.

സഹായവാഗ്ദാനം സ്വീകരിച്ചതിനൊപ്പം മുല്ലപ്പെരിയാറില്‍ വെള്ളം സംഭരിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ പിന്തുണ തമിഴ്‌നാട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓരോ തുള്ളിവെള്ളവും തമിഴ്‌നാടിന് പ്രധാനപ്പെട്ടതാണ്.

തിരുവനന്തുപുരത്ത് നിന്ന് ചെനൈയിലേക്ക് ട്രയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം അറിയിച്ചത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇത് നിരസിച്ചു. കേരളത്തിന്റെ വാഗ്ദാനം സ്വീകരിക്കാതിരിക്കുന്നത് അപലപനീയമാണെന്ന് ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. വലയുന്ന ജനങ്ങള്‍ക്ക് കേരളത്തിന്റെ സഹായത്തോടെ വെള്ളമെത്തിക്കാന്‍ എടപ്പാടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചത്.

നദികള്‍ വറ്റി വരളുകയും കുടിവെള്ളം കിട്ടാക്കനിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായ വാഗ്ദാനം. ട്രെയിന്‍ മാര്‍ഗം വെള്ളം എത്തിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. .

Related Stories

No stories found.
logo
The Cue
www.thecue.in