സ്‌ഫോടനം നടത്തിയ ഒന്‍പത് പേരിലൊരാള്‍ വനിത;ഭീകരാക്രമണത്തില്‍ ഞെട്ടല്‍ മാറാതെ ലങ്ക 

സ്‌ഫോടനം നടത്തിയ ഒന്‍പത് പേരിലൊരാള്‍ വനിത;ഭീകരാക്രമണത്തില്‍ ഞെട്ടല്‍ മാറാതെ ലങ്ക 

മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ 8 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേസി പിഎസ് റസീന(61) ആണ് കൊല്ലപ്പെട്ട മലയാളി.

ശ്രീലങ്കയില്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും സ്‌ഫോടനം നടത്തിയ 9 പേരില്‍ ഒരാള്‍ വനിത. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജേവര്‍ദ്ദനെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈസ്റ്റര്‍ ദിനത്തില്‍ 3 ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനം. 359 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ 8 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി പിഎസ് റസീന(61) ആണ് കൊല്ലപ്പെട്ട മലയാളി.

സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകം 60 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ പുരോഗമിക്കവെയാണ് പള്ളികളില്‍ ചാവേറാക്രമണമുണ്ടായത്. ഇസ്ലാമിക് സറ്റേറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്. രണ്ട് പ്രാദേശിക ഭീകര ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിറിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും തമ്മിലുള്ള രൂക്ഷമായ അഭിപ്രായവ്യത്യാസം സുരക്ഷാ കാര്യങ്ങളില്‍ നിഴലിച്ചതിന്റെ ദൃഷ്ടാന്തമാണ് ഭീകരാക്രമണത്തിലൂടെ വ്യക്തമായതെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഏപ്രില്‍ 4 ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ശ്രീലങ്കന്‍ സുരക്ഷാസേന ഗൗരവകരമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ഭരണനേതൃത്വത്തില്‍ നിന്നുതന്നെ ആരോപണം ശക്തമായിട്ടുണ്ട്. ഇതേതുടര്‍ന്ന് ഭരണനേതൃത്വവും സുരക്ഷാ സേനയും രണ്ടുതട്ടിലായി. അതേസമയം ന്യൂസിലാന്‍ഡ് ഭീകരാക്രണത്തിനുള്ള പകരം വീട്ടലാണ് ശ്രീലങ്കയിലുണ്ടായ ആക്രമണമെന്ന് ശ്രീലങ്കന്‍ ആഭ്യന്തരമന്ത്രി ജെസി അലവത്തുവാല പറഞ്ഞു.

ന്യൂസിലാന്‍ഡ് ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പട്ടിരുന്നു. മുസ്ലിം പള്ളിയിലായിരുന്നു ആക്രമണം. ഇതിന് പകരമായി ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ടാണ് ലങ്കയിലെ ആക്രമണമെന്നാണ് നിരീക്ഷണങ്ങള്‍. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രധാന ദിനമായ ഈസ്റ്റര്‍ദിവസം ഇതിനായി തെരഞ്ഞെടുത്തതാണെന്നുമാണ് വിലയിരുത്തല്‍.

Related Stories

No stories found.
logo
The Cue
www.thecue.in