ബുര്‍ഖയും ഹിജാബും ഉള്‍പ്പടെ മുഖാവരണം നിരോധിച്ച് ശ്രീലങ്ക, ആശങ്കയില്‍ മുസ്ലിം മേഖല 

ബുര്‍ഖയും ഹിജാബും ഉള്‍പ്പടെ മുഖാവരണം നിരോധിച്ച് ശ്രീലങ്ക, ആശങ്കയില്‍ മുസ്ലിം മേഖല 

സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് നടപടി 

പൊതുസ്ഥലത്ത് ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഞായറാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മുഖം മറയ്ക്കുന്ന രീതിയിലുള്ള ബുര്‍ഖകള്‍ ധരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു, രാജ്യരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബുര്‍ഖ നിരോധിക്കണമെന്ന സ്വകാര്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. എം പിയായ ആഷു മരസിംഗയാണ് പാര്‍ലമെന്റില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

മുസ്ലിം പണ്ഡിതന്‍മാരുടെ സംഘടനയായ ആള്‍ സിലോണ്‍ ജമാഅത്തുല്‍ ഉലമയും ബുര്‍ഖയും പര്‍ദ്ദയും ധരിക്കരുതെന്ന് സ്ത്രീകളോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 21ന് നടന്ന സ്‌ഫോടന പരമ്പരകളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടന പരമ്പരകളും അറസ്റ്റും ശ്രീലങ്കയിലെ മുസ്ലിം വിഭാഗങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പകല്‍ സമയത്ത് പോലും ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഭയം കാരണം മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നില്ലെന്നും കുട്ടികളെ കളിക്കാന്‍ പുറത്ത് വിടുന്നില്ലെന്നും ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുമോയെന്ന ഭീതിയിലാണ് മുസ്ലിങ്ങളെന്നും കുടുംബത്തോടെ പലായനം ചെയ്യുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും വീടുകളില്‍ വെച്ച് പ്രാര്‍ത്ഥന നടത്തിയാല്‍ മതിയെന്നും മുസ്ലിം സംഘടനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് 140 ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിക്കുന്ന പേരുണ്ടെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞത്. ഇതില്‍ 70 പേരെ അറസ്റ്റു ചെയ്തു. അവശേ,ിക്കുന്നവരെ കൂടി പെട്ടെന്ന് അറസ്റ്റ് ചെയ്ത് ഭീകരവാദത്തിന് അറുതി വരുത്തുമെന്നും അദ്ദേഹം രാജ്യത്തിന് ഉറപ്പ് കൊടുത്തിരുന്നു.

അതോടൊപ്പം തന്നെ ശ്രീലങ്കയിലെ മുസ്ലിങ്ങളെ തീവ്രവാദികളായി കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒമ്പത് ശതമാനം മുസ്ലിങ്ങളാണ് ശ്രീലങ്കയിലുള്ളത്.

പള്ളികളിലെ സ്‌ഫോടന പരമ്പരകള്‍ക്ക് ശേഷം കത്തോലിക്ക സഭയും ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊളംമ്പോയിയെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെയാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in