എല്ലാ തീരുമാനവും മൂന്ന് പേരിലേക്ക് ചുരുങ്ങുന്നത് അംഗീകരിക്കാനാകില്ല, അമ്മ യോഗത്തില്‍ വിയോജിപ്പുമായി രേവതിയും പാര്‍വതിയും

എല്ലാ തീരുമാനവും മൂന്ന് പേരിലേക്ക് ചുരുങ്ങുന്നത് അംഗീകരിക്കാനാകില്ല, അമ്മ യോഗത്തില്‍ വിയോജിപ്പുമായി രേവതിയും പാര്‍വതിയും

വനിതാ വൈസ് പ്രസിഡന്റില്‍ പരിഹാരക്രിയ ആകില്ല 

ഭരണാഘടനാ ഭേദഗതി മുഖ്യചര്‍ച്ചയാകുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ സ്ത്രീപ്രാതിനിധ്യമടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്്ക്ക് രേവതിയും പാര്‍വതിയും. പുതിയ ഭേദഗതി പ്രകാരം സംഘടനയിലെ അധികാരങ്ങള്‍ പൂര്‍ണമായും നിര്‍വാഹകസമിതിയുടെ നിയന്ത്രണത്തിലാകുന്നതില്‍ ഉള്‍പ്പെടെ രേവതിയും പാര്‍വതിയും പദ്മപ്രിയയും ഉള്‍പ്പെടെ ജനറല്‍ ബോഡിയില്‍ എതിര്‍പ്പ് അറിയിക്കും. പുതിയ ഭേദഗതി പ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് പേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്ന് പാര്‍വതിയും രേവതിയും പദ്മപ്രിയയും ജനറല്‍ ബോഡിയെ അറിയിക്കും. ഇക്കാര്യത്തിലാണ് രേവതിയും പാര്‍വതിയും ഉള്‍പ്പെടുന്ന അംഗങ്ങള്‍ക്ക് പ്രധാന വിയോജിപ്പ്. സംഘടനയെ പരസ്യമായി വിമര്‍ശിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്ന ഭേദഗതിയിലും ഇവര്‍ എതിര്‍പ്പ് ഉയര്‍ത്തും. അമ്മ ബൈലോ ഭേദഗതിക്കായി ഒരു സബ്കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ യോഗത്തില്‍ അമ്മ അറിയിച്ചിരുന്നു. എന്നാല്‍ ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്ന വ്യക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടും.

 ശനിയാഴ്ച നടന്ന അമ്മ നിര്‍വാഹക സമിതി യോഗം 
ശനിയാഴ്ച നടന്ന അമ്മ നിര്‍വാഹക സമിതി യോഗം 

ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘടനയോട് പല ഘട്ടങ്ങളിലായി വിയോജിപ്പ് പരസ്യപ്പെടുത്തിയ അംഗങ്ങള്‍ കൂടിയാണ് രേവതിയും പാര്‍വതിയും. വൈസ് പ്രസിഡന്റായി ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ വനിതാ പ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിച്ചും ഭരണഘടനാ ഭേദഗതിക്ക് ഒരുങ്ങുന്ന നേതൃത്വത്തിന് മുന്നില്‍ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചും പുതിയ ഭേഗഗതിയിലെ ചില വ്യവസ്ഥകളിലെ ആശങ്കകള്‍ സംബന്ധിച്ചും രേവതിയും പാര്‍വതിയും വിയോജിപ്പ് പരസ്യപ്പെടുത്തുമെന്നറിയുന്നു.

സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതികളും സ്ത്രീകളുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ അമ്മയില്‍ സ്ഥിരം സംവിധാനം വേണമെന്നും ഭരണനേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം പുരുഷ പ്രാതിനിധ്യത്തോളം വേണമെന്നും വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ ഭാഗമായ അമ്മ അംഗങ്ങള്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. അമ്മ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി കോടതി മാര്‍ഗനിര്‍ദേശം അനുശാസിക്കുന്നതാണോ എന്ന് ഹൈക്കോടതി സംഘടനയോട് ആരാഞ്ഞിരുന്നു. ഡബ്ല്യു.സി.സി നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഇടപെടലുണ്ടായത്. അമ്മ രൂപീകരിച്ച കമ്മറ്റി നിയമപ്രകാരമുള്ളതല്ലെന്നാണ് ഡബ്ല്യു.സി.സി കോടതിയെ അറിയിച്ചത്. പുറത്ത് നിന്നുള്ള അംഗത്തെ ഉള്‍പ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡബ്ല്യു.സി.സിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അമ്മ അംഗങ്ങളായിരുന്ന പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവര്‍ സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെട്ട് നേരത്തെ കത്ത് നല്‍കുകയും ചെയ്തിരുന്നു.

കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് ജനറല്‍ ബോഡി നടക്കുന്നത്. ഭരണഘടനാ ഭേദഗതി ജനറല്‍ ബോഡിക്ക് മുന്നില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നതിന് മുന്നോടിയായി ശനിയാഴ്ച നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നു. അമ്മയില്‍ അമ്പത് ശതമാനത്തോളം വനിതാ അംഗങ്ങളാണെന്നിരിക്കെ പേരിന് പ്രാതിനിധ്യം എന്ന ഭേദഗതിയില്‍ പാര്‍വതിയും രേവതിയും വിയോജിപ്പ് അറിയിക്കുമെന്നാണ് സൂചന. ബൈലോ ഭേദഗതിയിലെ വിയോജിപ്പുകള്‍ നടി പദ്മപ്രിയ ഇ മെയില്‍ മുഖേന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുന്ന കാര്യത്തിലെ നിര്‍ദേശങ്ങളും ഇവരില്‍ നിന്നുണ്ടാകും.

സംഘടനയില്‍ നിന്ന രാജി വച്ചവരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയാണ് ഭരണഘടനാ ഭേദഗതി. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റിമാ കല്ലിങ്കലും രമ്യാ നമ്പീശനും ഗീതുമോഹന്‍ദാസും സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. കുറ്റാരോപിതനായ ദിലീപിനെ സംരക്ഷിക്കുന്നുവെന്ന് കാട്ടി ആക്രമിക്കപ്പെട്ട നടിയും രാജി വയ്ക്കുകയുണ്ടായി. പുതിയ ഭേദഗതി പ്രകാരം ഇവര്‍ക്ക് സംഘടനയിലേക്ക് തിരിച്ചുവരണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം. ഈ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തിരിച്ചെടുക്കണോ എന്ന് സംഘടന പിന്നീട് തീരുമാനിക്കും. നേരത്തെ രാജി വച്ചവര്‍ മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ തുടക്കം മുതല്‍ പിന്തുണച്ച താരസംഘടനയുടെ നിലപാട് വ്യാപക വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ദിലീപിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചതിന് ശേഷം തിടുക്കത്തില്‍ തിരിച്ചെടുക്കാനുള്ള തിരിച്ചെടുക്കാനുള്ള തീരുമാനവും വിമര്‍ശിക്കപ്പെട്ടിരുന്നു. ഈ തീരുമാനത്തിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ രാജി വച്ചത്. വനിതാ അംഗങ്ങളുടെ കൂട്ടരാജിക്ക് പിന്നാലെയാണ് ദിലീപിനെ പുറത്താക്കിയതായി പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചത്. ദിലീപ് വിഷയത്തിലുണ്ടായ പ്രതിഛായാ തകര്‍ച്ചയെ മറികടക്കാന്‍ കൂടിയാണ് ഭരണഘടനാ ഭേദഗതിയിലൂടെ അമ്മ ഉദ്ദേശിക്കുന്നത്.

രാജിക്കത്ത് നല്‍കിയവരെ അംഗങ്ങളായി പരിഗണിക്കേണ്ടെന്നും, പരസ്യപ്രതികരണം കര്‍ശനമായി വിലക്കണമെന്നും നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ പുതിയ ഭേദഗതിയിലുണ്ട്. കലൂര്‍ ദേശാഭിമാനിക്ക് സമീപം അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം വാങ്ങിയിരുന്നു. ഇതില്‍ ഒരു നില ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവയ്ക്കുമെന്ന് സംഘടന ജനറല്‍ ബോഡി യോഗത്തിന് വേണ്ടി തയ്യാറാക്കിയ അജണ്ടയില്‍ പറയുന്നുണ്ട്. സംഘടനയുടെ നിര്‍വാഹക സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന രീതിയിലാണ് ഭരണഘടനാ ഭേദഗതി. സംഘടനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും, അംഗങ്ങള്‍ക്കെതിരായ പരാതിയിലും, പെരുമാറ്റ ദൂഷ്യത്തിലും ശിക്ഷാ നടപടി സ്വീകരിക്കാനും, സസ്‌പെന്‍ഡ് ചെയ്യാനും എകസിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. സംഘടനയിലെ അംഗങ്ങള്‍ക്കെതിരെയോ, നിര്‍വാഹക സമിതിക്കെതിരെയോ, പരസ്യവിമര്‍ശനങ്ങളും പ്രസ്താവനകളും വിലക്കുന്നതുമാണ് ഭേദഗതി. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമായി കണ്ട് നടപടിയുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in