കാട്ടാനയിലും കാട്ടുപന്നിയിലും പൊറുതിമുട്ടുന്ന കര്‍ഷകര്‍

കാട്ടാനയിലും കാട്ടുപന്നിയിലും പൊറുതിമുട്ടുന്ന കര്‍ഷകര്‍

വന്യമൃഗങ്ങളുടെ അക്രമണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 88 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് പാലക്കാട് ജില്ലയിലാണ്. 27 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. തൃശൂര്‍- 15, മലപ്പുറം-10, കണ്ണൂരും ഇടുക്കിയും ഏഴ് പേര്‍ വീതം, തിരുവനന്തപുരം 5, കൊല്ലം-4, ആലപ്പുഴ-3, എറണാകുളം 3, കാസര്‍കോടും കോഴിക്കോടും 2 പേര്‍ വീതം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ ഓരോരുത്തരും വന്യമൃഗ അക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 20 വരെയുള്ള കണക്കുകളാണിത്.

ഫെബ്രുവരി മാസത്തില്‍ സംസ്ഥാനത്ത് ആറ് പേര്‍ കൊല്ലപ്പെട്ടുവെന്നും 32 പേര്‍ക്ക് പരിക്കേറ്റുവെന്നും കേരളാ ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേര്‍സ് അസോസിയേഷന്‍(കിഫ) പുറത്തുവിട്ട കണക്കില്‍ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 16 പേരാണ് കൊല്ലപ്പെട്ടത്. 54 പേര്‍ക്ക് പരിക്കേറ്റു. ഫെബ്രുവരിയിലെ നാല് മരണം കാട്ടാനയുടെയും രണ്ട് മരണം കാട്ടുപന്നിയുടെയും അക്രമണത്തിലാണ്. കാട്ടുപന്നിയുടെ അക്രമണത്തില്‍ 17 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ആനയുടെ അക്രമണത്തില്‍ 12 പേര്‍ക്കും പരിക്കേറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് കാട്ടാനയുടെ ആക്രമണങ്ങളിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 107 പേരാണ് കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആന ശല്യം രൂക്ഷമായിട്ടുള്ളത് പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ്.

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 23685000 രൂപ നഷ്ടപരിഹാരം നല്‍കിയെന്നാണ് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. കൃഷിനാശം സംഭവിച്ചതില്‍ 2,84,98,234 രൂപ നഷ്ടപരിഹാരമായി നല്‍കി.

ആദിവാസി വിഭാഗങ്ങളും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരകളാവുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള 89 പേര്‍ക്ക് വന്യമൃഗ അക്രമണങ്ങനഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. 2019 മുതല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴില്‍ ആറും പേരും ആദിവാസികളാണ്.

2016 മുതല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍

2016-17 - 9

2017-18- 5

2018-19- 11

2019-20 - 38

2020-21- 26

എവിടെയും എപ്പോഴുമെത്തുന്ന കാട്ടുപന്നി

റോഡിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോയുമെല്ലാം കാട്ടുപന്നിയുടെ ഇടിയേറ്റ് മറിഞ്ഞു വീഴുന്നു. അപകടത്തില്‍ ആളുകള്‍ മരിക്കുന്നു. ഗുരുതര പരിക്കേല്‍ക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളില്‍ ഈ വാര്‍ത്തകളുണ്ട് മിക്ക ദിവസങ്ങളിലും. കാട്ടുപന്നിയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാട്ടുപന്നികളുടെ അക്രമണത്തിന് കര്‍ഷകരും പൊതുജനങ്ങളും ഇരകളായപ്പോഴാണ് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കാട്ടുപന്നികള്‍ പെരുകുന്നത് കാടിന്റെ ജൈവവൈവിധ്യത്തെയും സാരമായി ബാധിക്കും.

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം കഴിഞ്ഞ ദിവസം തള്ളി. സംസ്ഥാനത്തെ 406 വില്ലേജുകള്‍ രൂക്ഷമായ കാട്ടുപന്നി ശല്യം നേടിരുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. രൂക്ഷമായ ശല്യം നേരിടുന്ന പ്രദേശങ്ങള്‍ പോലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ സ്ഥിരമായി കാട്ടുപന്നിയെത്തുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഈ പ്രദേശത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കര്‍ഷകനായ പോള്‍ മാത്യു കുറ്റപ്പെടുത്തുന്നു. പകല്‍ പോലും നഗരത്തില്‍ കാട്ടുപന്നിയുടെ അക്രമണം നേരിടേണ്ടി വരുന്നു. നിലത്ത് കൃഷി ചെയ്യാന്‍ പറ്റുന്നില്ല. കമ്പി വേലിയും നെറ്റും മറികടന്ന് കാട്ടുപന്നികള്‍ കൃഷിയിടത്തിലെത്തുന്നുവെന്നും പോള്‍ മാത്യു.

കാട്ടുപന്നികളെ വന്യമൃഗ സംരക്ഷണ നിയമത്തിലെ 62ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. നേരത്തെയും ഇതേ ആവശ്യവുമായി സമീപിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കാട്ടുപന്നിയെ ആര്‍ക്കും കൊല്ലാന്‍ കഴിയും. മാത്രമല്ല ബോഡി എന്ത് ചെയ്യണമെന്ന് കര്‍ഷകന് തീരുമാനിക്കാന്‍ കഴിയും.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ആള്‍ക്കോ കര്‍ഷകന് അനുമതി നല്‍കാന്‍ കഴിയുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11(1) വകുപ്പു പ്രകാരം നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. അപേക്ഷ നല്‍കുന്നവര്‍ക്ക് മാത്രം കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാന്‍ അനുമതി ലഭിക്കും.

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ കര്‍ഷകര്‍ അപേക്ഷ നല്‍കി അനുമതി വാങ്ങുകയാണിപ്പോള്‍. ഇങ്ങനെ സംസ്ഥാനത്ത് 80 ഓളം കര്‍ഷകര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാന്‍ എല്ലാവര്‍ക്കും അനുമതി നല്‍കണമെന്നാണ് കിഫ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വനംവകുപ്പിന് അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ താല്‍ക്കാലിക അനുമതി ലഭിക്കും. ഇങ്ങനെ സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക അനുമതിയില്‍ നിബന്ധനകളുണ്ട്. കാടിന്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ കാട്ടുപന്നിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കരുത്, വിഷമോ വൈദ്യുതിയോ പടക്കമോ പാടില്ല. അത് കൊണ്ട് കാര്യമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രതിരോധം എങ്ങനെ

വന്യജീവികളുടെ അക്രമണം തടയുന്നതിനായി വനാതിര്‍ത്തികളില്‍ സൗരോര്‍ജ്ജ വേലി, കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ്ഗാര്‍ഡ് റോപ്പ് ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ് എന്നിവയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ പറയുന്നു. 2400 കിലോമീറ്ററില്‍ സൗരോര്‍ജ്ജ വേലിയും 500 കിലോമീറ്ററില്‍ കിടങ്ങുകളുമുണ്ട്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം മുന്‍കൂറായി ജനങ്ങളെ അറിയിക്കുന്നതിനായുള്ള സംവിധാനവും പല മേഖലകളിലും നടപ്പിലാക്കുന്നു. പ്രശ്‌നമുണ്ടാക്കുന്ന ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന മേഖലകള്‍ നിരീക്ഷിക്കുകയും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. കാട്ടാനകളെ തുരത്താന്‍ കുങ്കി സ്‌ക്വാഡുകളുമുണ്ട്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടിക്കുന്ന മൃഗങ്ങളെ ഉള്‍വനത്തില്‍ പുനരധിവസിപ്പിക്കുന്നു.

വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനായി അവയുടെ ആവാസവ്യവസ്ഥയിലെ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തികളും ചെക്ക് ഡാം നിര്‍മ്മാണങ്ങളും ഭക്ഷണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

എന്നാല്‍ ഇത് കൊണ്ടൊന്നും വന്യമൃഗങ്ങളുടെ ശല്യത്തിന് കുറവില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്യമൃഗശല്യം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ കാര്യക്ഷമമല്ലെന്ന് സുല്‍ത്താന്‍ ബത്തേരി വടക്കനാട്ടെ കര്‍ഷകനായ ഡെനില്‍ മാത്യു ജോണ്‍ ആരോപിക്കുന്നു. ഫണ്ട് തട്ടിയെടുക്കാനുള്ള മാര്‍ഗം മാത്രമായാണ് ഇതിനെ അധികൃതര്‍ കാണുന്നത്. മതിലും കിടങ്ങുമൊക്കെ നിര്‍മ്മിച്ചുവെന്ന് അധികൃതര്‍ പറയുമ്പോഴും ആനയും കടുവയും കരടിയുമെല്ലാം കൃഷിയിടത്തില്‍ എത്തുന്നുണ്ട്. കടുവ പശുക്കളെ അക്രമിക്കുന്നു. വിളകള്‍ വന്യമൃഗങ്ങള്‍ നശിപ്പിച്ചാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് ഡെനില്‍ മാത്യു ജോണ്‍ പറയുന്നു.

രാത്രി ആന വന്ന് കൃഷി നശിപ്പിക്കുന്നത് പതിവാണ്. കവുങ്ങ്, തെങ്ങ്, കാപ്പി പോലുള്ള കൃഷികള്‍ വര്‍ഷങ്ങളോളം കര്‍ഷകന് വരുമാനം നല്‍കുന്നതാണ്. വന്യമൃഗം ഈ കൃഷി നശിപ്പിച്ചാല്‍ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. ഒരുനേരത്തെ ഭക്ഷണത്തിന് പോലും ഈ തുക തികയില്ല.
ഡെനില്‍ മാത്യു ജോണ്‍

1972 നിലവില്‍ വന്ന കേന്ദ്ര വന്യജീവി നിയമം സമഗ്രമായി ഭേദഗതി ചെയ്തുകൊണ്ട് വനാതിര്‍ത്തിയില്‍ ജീവിക്കുന്ന കര്‍ഷകരുടെയും ആദിവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന പുതിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂവെന്ന് കിഫ് ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ഈ വിഷയത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി നടക്കുന്ന ഈ സമയത്ത് പോലും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയില്‍ യാതൊരു ഭേദഗതിയും കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടില്ല എന്നുള്ളത് തികച്ചും നിരാശാജനകമാണ്.
അലക്‌സ് ഒഴുകയില്‍, ചെയര്‍മാന്‍, കിഫ

വേനല്‍ക്കാലമായതോടെ ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗ ആക്രമണം രൂക്ഷമാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കൃഷി നശിപ്പിക്കുന്നതില്‍ നിന്നും ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് കാട്ടുപന്നികളും മാറിയിരിക്കുന്നു. വയനാട് ജില്ലയിലെ വിവിധ മേഖലകള്‍ സ്ഥിരമായി കടുവയുടെയും പുലിയുടെയും അക്രമണം നേരിടുമെന്ന ഭീതിയിലാണ് കഴിയുന്നത്. കാടിനടുത്ത് താമസിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും അതിജീവനമാണ് പ്രതിസന്ധിയിലാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in