കേരളത്തിന് എപ്പോള്‍ മാസ്‌ക് മാറ്റാം

കേരളത്തിന് എപ്പോള്‍ മാസ്‌ക് മാറ്റാം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുമ്പോള്‍ മാസ്‌ക് എപ്പോള്‍ മാറ്റാനാകുമെന്നാണ് ഉയരുന്ന ചോദ്യം. ഒമിക്രോണ്‍ തരംഗം സംസ്ഥാനത്ത് നിയന്ത്രണവിധേയമാണെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ ഡെല്‍റ്റ- ഒമിക്രോണ്‍ വകഭേദം ഉണ്ടാകുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ ഗൗരവത്തോടെ തന്നെ കണ്ട് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധസമിതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്നാണ് നിര്‍ദേശം. ടി.പി.ആര്‍ ഒരു ശതമാനത്തില്‍ താഴെയായാല്‍ മാത്രമേ മാസ്‌ക് ഒഴിവാക്കാനാകൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രായമായവരും ജീവിത ശൈലീരോഗങ്ങള്‍ ബാധിച്ചവരും കൂടുതലുള്ളതിനാല്‍ മാസ്‌ക് ഒഴിവാക്കാനാകില്ലെന്ന വാദവുമുണ്ട്.

പുതിയ വകഭേദങ്ങളുണ്ടായാലും ഭയപ്പെടേണ്ടതില്ല; മാസ്‌ക് എടുത്ത് മാറ്റുന്നത് സൂക്ഷിച്ച് വേണം

ഡോക്ടര്‍ ബി.ഇക്ബാല്‍, വിദഗ്ധ സമിതി അധ്യക്ഷന്‍

കോവിഡ് സമൂഹത്തിലുണ്ടാകും. എന്നാല്‍ ഇനിയതൊരു വലിയ പ്രശ്‌നമാകുമെന്ന് ഞാന്‍ കരുതുന്നില്ല. കോവിഡ് പുതിയ വകഭേദമുണ്ടായാലും ജലദോഷ പനി പോലെ വന്ന് പോയേക്കാം. മൂന്നാം തരംഗത്തിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ കുറവായിരുന്നു. രോഗത്തെയും രോഗം പകരുന്നതിനെയും രണ്ടായി കാണണം. എച്ച്.വണ്‍.എന്‍.വണ്‍ രോഗം പോലെയൊക്കെ കോവിഡും റിപ്പോര്‍ട്ട് ചെയ്‌തേക്കാം. കോവിഡ് വാക്‌സിന്‍ തുടരേണ്ടി വരും. ആദ്യത്തെ വൈറസിനെതിരായ വാക്‌സിനാണ് എല്ലാവരും എടുത്തിരിക്കുന്നത്. വകഭേദങ്ങള്‍ക്ക് പുതിയ വാക്‌സിന്‍ വരും. വാക്‌സിന്‍ പ്രതിരോധം എങ്ങനെ വേണമെന്നതൊക്കെ പഠനത്തിലൂടെ മാത്രമേ നിശ്ചയിക്കാനാകുകയുള്ളു. അതുവരെ മാസ്‌ക് ധരിക്കുന്നതും കൈ കഴുകുന്നതുമെല്ലാം തുടരുന്നതായിരിക്കും നല്ലത്.

ഡോക്ടര്‍ ബി.ഇക്ബാല്‍

ഡോക്ടര്‍ ബി.ഇക്ബാല്‍

കേരളത്തില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റുന്നത് വളരെ സൂക്ഷിച്ച് വേണം. കോവിഡില്‍ റിസ്‌ക് ഫാക്ടര്‍ നമുക്ക് കൂടുതലാണ്. ഉയര്‍ന്ന ജനസാന്ദ്രതയാണിവിടെ. നഗര ഗ്രാമ വ്യത്യാസം വലിയ തോതിലില്ല. ആളുകള്‍ യാത്ര ചെയ്യുന്നത് കൂടുതലാണ്. കോവിഡിന്റെ പുതിയ വകഭേദമുണ്ടായാല്‍ കേരളത്തില്‍ എത്താനുള്ള സാധ്യത അതുകൊണ്ട് വളരെ അധികമാണ്. ആള്‍ക്കൂട്ടം കൂടുതലുള്ള പരിപാടികളും രോഗവ്യാപന സാധ്യതയുണ്ടാക്കുന്നു. പ്രായം കൂടിയവരുടെ എണ്ണവും ചില വികസന രാജ്യങ്ങള്‍ക്കൊപ്പമാണ്. ജീവിത ശൈലീ രോഗങ്ങള്‍ പിടിപെട്ടവരുടെ എണ്ണവും ഇവിടെ കൂടുതലാണ്. ശ്വാസകോശ രോഗങ്ങളും രക്താര്‍ബുദവും കൂടുതലാണ്. ഇത്തരം രോഗികള്‍ക്ക് കോവിഡ് പിടിപെട്ടാല്‍ ഗുരുതരമാകും. അതുകൊണ്ട് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് ഘട്ടംഘട്ടമായി മാത്രമേ പറ്റുകയുള്ളു.

മാസ്‌കിനെ പോക്കറ്റ് വാക്‌സിന്‍ എന്ന് വിളിക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയാലും റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് തുടരുന്നതാണ് നല്ലതെന്നാണ് വ്യക്തിപരമായ അഭിപ്രായം.

ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവര്‍ എന്നിവരെല്ലാം പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. രോഗം പടരാന്‍ സാധ്യത കൂടുതലുള്ള ആശുപത്രി, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കുന്നത് തുടരണം. പൊതുജനാരോഗ്യ രീതികള്‍ എങ്ങനെയെല്ലാമെന്ന് കോവിഡ് കാലം നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. കൈ കഴുകേണ്ടതെങ്ങനെയെന്ന് മനസിലാക്കിയത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ്. അതുകൊണ്ട് നിയന്ത്രണങ്ങള്‍ പെട്ടെന്ന് നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. എത്രത്തോളം സാംശീകരിക്കാമെന്ന് നോക്കണം.

ആ ആലോചന ടി.പി.ആര്‍ ഒന്നില്‍ താഴെ എത്തിയാല്‍ മാത്രം

ഡോക്ടര്‍ അരുണ്‍ എന്‍.എം, പൊതുജനാരോഗ്യ വിദഗ്ധന്‍

ടി.പി.ആര്‍ അടിസ്ഥാനമാക്കി മാത്രമേ മാസ്‌ക് ഉപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനത്തിലെത്താന്‍ കഴിയുകയുള്ളു. ടി.പി.ആര്‍ ഒരു ശതമാനത്തില്‍ താഴെ എത്തിയാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാം. ടി.പി.ആര്‍ കുറഞ്ഞാലും സിനിമ തിയേറ്റര്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ആറുമാസം വരെയെല്ലാം തുടരാം.

ഡോക്ടര്‍ അരുണ്‍ എന്‍.എം

ഡോക്ടര്‍ അരുണ്‍ എന്‍.എം

കോവിഡ് പരിശോധനയുടെ എണ്ണം കുറഞ്ഞതാണ് ടി.പി.ആര്‍ കണക്കാക്കുന്നതിലെ വെല്ലുവിളി. വിദേശയാത്ര പോലുള്ള ആവശ്യങ്ങളുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് പരിശോധന നടത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരില്‍ കോവിഡ് പരിശോധന നടത്താവുന്നതാണ്. സാമൂഹ്യവ്യാപന തോത് മനസിലാക്കാന്‍ ഇതിലൂടെ കഴിയും. അതിലെ ടി.പി.ആര്‍ ഒരു ശതമാനത്തില്‍ താഴയെത്തിയാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കാം. പകര്‍ച്ചവ്യാധികളുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതിയുണ്ട്. ആശുപത്രികളില്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കേണ്ടതില്ല.

സാഹചര്യങ്ങള്‍ നിരീക്ഷിച്ച് മാത്രം ഇളവുകള്‍ മതി

ഡോക്ടര്‍ ഷമീര്‍ വി.കെ, കോഴിക്കോട് മെഡിക്കല്‍ കോളേജ്

കേരളത്തിലെ കണക്കുകള്‍ വെച്ച് മാത്രം മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കാന്‍ കഴിയില്ല. കോവിഡിലെ എല്ലാ വകഭേദങ്ങളും ഉണ്ടായത് വിദേശ രാജ്യങ്ങളില്‍ നിന്നായിരുന്നു. വകഭേദം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് തരംഗമുണ്ടായതിന്റെ അവസാന കാലത്താണ് കേരളത്തില്‍ കേസുകളുണ്ടായിട്ടുള്ളത്. ഒമിക്രോണ്‍ വകഭേദത്തെ നമ്മള്‍ മറികടന്നു എന്ന് പറയാം. കിടത്തി ചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറവായിരുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറവ് ഐ.സി.യു രോഗികളാണ് ഇപ്പോഴുള്ളത്. ഡെല്‍റ്റ- ഒമിക്രോണ്‍ വകഭേദമുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നു. യു.കെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കേസുകള്‍ കൂടുന്നതായും റിപ്പോര്‍ട്ടുകള്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചതിന് ശേഷം മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പാടുള്ളു. ഏതെങ്കിലും രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കരുത്. ഇളവ് നല്‍കിയതിന് ശേഷം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടായിരിക്കും.

ഡോക്ടര്‍ ഷമീര്‍ വി.കെ

ഡോക്ടര്‍ ഷമീര്‍ വി.കെ

'മാസ്‌കി'ല്‍ അയഞ്ഞ് ലോക രാജ്യങ്ങള്‍

ചില യൂറോപ്യന്‍ രാജ്യങ്ങളും സൗദി അറേബ്യയുമെല്ലാം മാസ്‌ക് ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെങ്കിലും അടഞ്ഞ ഇടങ്ങളില്‍ തുടരണം. സാമൂഹിക അകലവും എടുത്തു കളഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 2020 ഏപ്രില്‍ 30നാണ് സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത്. കോവിഡ് കേസ് ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. പ്രതിദിന കേസുകളുടെ എണ്ണം ഇപ്പോള്‍ 2000ത്തില്‍ താഴെയാണെങ്കിലും ടി.പി.ആര്‍ അഞ്ചിന് മുകളിലാണ്.

കേരളത്തില്‍ രോഗം പടര്‍ന്ന് തുടങ്ങിയ ഘട്ടത്തില്‍ തന്നെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിക്കാനും 200 രൂപ പിഴ ചുമത്താനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയായിരുന്നു പിഴ. പുറത്തിറങ്ങുമ്പോള്‍ തുണികൊണ്ടുള്ള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവ ഉപയോഗിക്കാമെന്നായിരുന്നു ആദ്യഘട്ടത്തില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ ഇരട്ട മാസ്‌കും എന്‍ 95 ഉം നിര്‍ബന്ധമാക്കി. തുണി മാസ്‌ക് രോഗവ്യാപനം തടയില്ലെന്നും കണ്ടെത്തലുണ്ടായി.

മാസ്‌ക് കോവിഡ് വ്യാപനത്തെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകാരോഗ്യ സംഘടന, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി എന്നിവയെല്ലാം മാസ്‌ക് കോവിഡ് പ്രതിരോധത്തില്‍ പ്രധാനമാണെന്ന് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in