കൊവിഡ് മരണം കൂടാതിരിക്കാന്‍ കേരളം എന്ത് ചെയ്യണം, ആരോഗ്യവിദഗ്ധര്‍ക്ക് പറയാനുള്ളത്

കൊവിഡ് മരണം കൂടാതിരിക്കാന്‍ കേരളം എന്ത് ചെയ്യണം, ആരോഗ്യവിദഗ്ധര്‍ക്ക് പറയാനുള്ളത്

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയരുമെന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. റിവേഴ്‌സ് ക്വാറന്റൈന്‍ ഉള്‍പ്പെടെ ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ധരുടെ പക്ഷം. അല്ലാത്ത പക്ഷം പ്രായമായ രോഗികളുടെ എണ്ണം കൂടുതലുള്ള കേരളത്തില്‍ മരണനിരക്ക് ഉയരാന്‍ ഇടയാക്കും. 63 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനയുണ്ടായ ജൂലൈ മാസത്തിലാണ് മരണനിരക്കും കൂടിയത്. മരിച്ചവരില്‍ കൂടുതലും 60 വയസ്സിന് മുകളിലുള്ളവരുമാണ്.

70 വയസ്സിന് മുകളില്‍ പ്രായമുള്ള 12 പേരാണ് ജൂലൈയില്‍ മരിച്ചത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 9 പേരും , 50 നും 60 നും ഇടയില്‍ പ്രായമുള്ള 5 പേരും, 40നും 50 നും ഇടയിലുള്ള 6 പേരും, 40 വയസ്സിന് താഴെയുള്ള 8 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാളാണ് ജൂലൈ മാസത്തില്‍ കേരളത്തില്‍ മരിച്ചത്. കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം ജില്ലയില്‍ ആറ് പേരാണ് ജൂലൈ മാസത്തില്‍ മരിച്ചത്. എറണാകുളത്ത് 5 ഉം തൃശൂരിലും കോഴിക്കോട്ടും നാലും മരണമുണ്ടായി. കാസര്‍ഗോഡ്, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ മൂന്ന് വീതം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്ത് രണ്ടും പാലക്കാട്, മലപ്പുറം,കോട്ടയം ജില്ലകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാരകരോഗമുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ വേണം

ബി ഇക്ബാല്‍, ജനകീയാരോഗ്യവിദഗ്ധന്‍, കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍

കേരളത്തില്‍ മരണനിരക്ക് ഇതുവരെ ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി വരുന്നുണ്ട്. അതുകൊണ്ട് റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തമാക്കണം. പുറത്ത് പോയി വരുന്നവര്‍ ലക്ഷണങ്ങളില്ലാത്തതിനാല്‍ കരുതലില്ലാതെയാണ് പ്രായമായവരുമായി ഇടപെടുന്നത്. ഇത് അപകടമാണ്. വീടിനകത്തും മാസ്‌ക് ധരിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ സാഹചര്യമുണ്ടാക്കും. പകര്‍ച്ചവ്യാധികളില്‍ നിസാരമായ രോഗമാണ് കൊവിഡ്. 80 പേര്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കാതെ വന്ന് പോകും. അഞ്ച് ശതമാനം ആളുകളിലാണ് ഗുരുതരമാകുന്നത്. രണ്ട് ശതമാനത്തിനാണ് അതീവഗുരുതരമാകുക. മറ്റ് രോഗങ്ങളുള്ള പ്രായമായവരിലാണ് ഗുരുതരമാകുന്നത്. അത്തരം രോഗികളിലേക്ക് കൊവിഡ് വൈറസ് എത്തുന്നത് കൂടിയാല്‍ മരണനിരക്ക് ഉയരും. ഐസിയുവും വെന്റിലേറ്ററും ഉപയോഗിച്ച് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ പറ്റും. ഇന്ത്യയില്‍ മരണനിരക്ക് കുറവാണ്. ഇറ്റലിയില്‍ കൂടുതല്‍ മരണമുണ്ടായതാണ് ആഗോളതലത്തില്‍ മരണനിരക്ക് ഉയരാന്‍ ഇടയാക്കിയത്. ഇറ്റലിയില്‍ പ്രായമായവരുടെ എണ്ണം കൂടുതലായിരുന്നു.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ കൂടുതലാണെന്നത് കേരളത്തിന് വെല്ലുവിളിയാണ്.ഏഴ് മില്യണോളം വരും ഈ പ്രായത്തിലുള്ളവര്‍. ഇതില്‍ തന്നെ കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവരുണ്ട്.

പ്രമേഹം 20 ശതമാനവും രക്തസമ്മര്‍ദ്ദം 33 ശതമാനവും ആണ്. പ്രീഡയബറ്റിക് 66 ശതമാനത്തോളം വരും. അത്രത്തോളം മോശമാണ് അവസ്ഥ. പ്രായമായവര്‍ കേരളത്തിലെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളില്‍ സജീവമായി ഇടപെടുന്നുണ്ട്. വീട്ടിലിരിക്കാന്‍ അവര് സന്നദ്ധരാവണമെന്നില്ല. പ്രായമായ ആരോഗ്യപ്രവര്‍ത്തകരും സജീവമാണ്. ജനസാന്ദ്രത കൂടിയതും റിസ്‌ക് കൂട്ടുന്നുണ്ട്. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ നല്ല അകലമുണ്ട്. ഇവിടെ അതില്ല. രോഗം പടരാനുള്ള സാധ്യത കൂട്ടും ഇത്. പുതിയ രോഗമായതിനാല്‍ ഓരോ കാര്യവും മനസിലാക്കി വരികയാണ്. രോഗം ഇല്ലാത്ത ആളും രോഗിയായിരിക്കാം. ഇവര്‍ ഏത് സമയത്തും ഗുരുതരാവസ്ഥയിലെത്തിയേക്കാം. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയാം. ഗുരുതരാവസ്ഥയിലേക്ക് പെട്ടെന്ന് മാറാം. ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള ഉപകരണം(portable pulse oximeter)ഉപയോഗിച്ച് ഈ അവസ്ഥ തടയാന്‍ പറ്റും. ജാഗ്രതയോടെ അത് ചെയ്തില്ലെങ്കില്‍ കുറെ ജീവനുകള്‍ അങ്ങനെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇതാണ് കേരളത്തിന്റെ അവസ്ഥ.

കൊവിഡ് മരണം കൂടാതിരിക്കാന്‍ കേരളം എന്ത് ചെയ്യണം, ആരോഗ്യവിദഗ്ധര്‍ക്ക് പറയാനുള്ളത്
കുത്തിത്തിരുപ്പ് ഉണ്ടാക്കരുത്; മൃതശരീരം തുമ്മില്ല ചുമക്കില്ല...

വീടിനകത്തും വേണം മാസ്‌ക്

ഡോക്ടര്‍ കെ പി അരവിന്ദന്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്

റിവേഴ്‌സ് ക്വാറന്റീന്‍ കൂടുതല്‍ ശക്തമാക്കണം. പ്രായമായവരും രോഗികളും ഈ സമയത്ത് പുറത്തിറങ്ങുന്നില്ലെങ്കിലും മറ്റുള്ളവരില്‍ നിന്ന് രോഗം പടാരാനുള്ള സാഹചര്യം കൂടിയിട്ടുണ്ട്. പുറത്ത് പോയി വരുന്നവര്‍ വീട്ടിലെത്തുമ്പോള്‍ പ്രായമായവരില്‍ നിന്നും മറ്റ് അസുഖങ്ങളുള്ളവരില്‍ നിന്നും മാറി നില്‍ക്കണം. അത് പാലിക്കപ്പെടുന്നില്ല. പുറത്ത് പോകുന്നവര്‍ രോഗവുമായി തിരിച്ചെത്താനുള്ള സാധ്യത കൂടിവരികയാണ്. പുറത്തു പോയി വരുന്നവരും വീടിനകത്ത് മാസ്‌ക് ധരിക്കണം. അകലം പാലിക്കാനും ശ്രദ്ധിക്കണം. പ്രായമായവര്‍ പുറത്തിറങ്ങുന്നുണ്ട്. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുള്ളവരാണ് കൊവിഡ് ബാധിക്കുമ്പോള്‍ മരിക്കുന്നത്. അവരെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്.

മറ്റ് രോഗങ്ങള്‍ക്ക് ചികിത്സിക്കുന്ന ഭാഗങ്ങളില്‍ നിന്നും കൊവിഡ് പകരുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോസിറ്റീവാകുന്നത് കൊവിഡേതര ചികിത്സാ വിഭാഗങ്ങളില്‍ നിന്നാണ്.

ആശുപത്രികളിലും കൂടുതല്‍ ജാഗ്രത വേണം. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കേന്ദ്രങ്ങളില്‍ മാത്രം സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ശരിയായി ഉപയോഗിച്ചാല്‍ മതിയാകില്ല. ശരിയായ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ വൈറസ് ബാധയേല്‍ക്കില്ല. അതില്ലാത്തതാണ് രോഗം വരാന്‍ ഇടയാക്കുന്നത്. താഴെ തട്ട് മുതല്‍ നിരീക്ഷണം ശക്തമാക്കണം. പനിയുള്ള രോഗികളെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കണം. ക്ലസ്റ്റര്‍ രൂപപ്പെടുന്നതിന് മുമ്പ് തന്നെ കണ്ടെത്തി നിയന്ത്രണത്തിലാക്കാന്‍ കഴിയണം. ഇപ്പോള്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതിന് ശേഷമാണ് മാപ്പ് ചെയ്യുന്നത്. ക്ലസ്റ്റര്‍ ഉണ്ടാകാതിരിക്കാനാണ് കൂടുതല്‍ പണം ചിലവഴിക്കേണ്ടത്.

കൊവിഡ് മരണം കൂടാതിരിക്കാന്‍ കേരളം എന്ത് ചെയ്യണം, ആരോഗ്യവിദഗ്ധര്‍ക്ക് പറയാനുള്ളത്
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല, അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം

റിവേഴ്സ് ക്വാറന്റൈന്‍ തന്നെ പ്രതിരോധം

ഡോക്ടര്‍ ജോസഫ് ചാക്കോ, കെജിഎംഒഎ

65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതലായി മരിക്കുന്നത്. റിവേഴ്‌സ് ക്വാറന്‍ൈന്‍ നടപ്പാക്കിയാല്‍ മാത്രമേ മരണനിരക്ക് കുറയ്ക്കാന്‍ കഴിയുകയുള്ളു. കൃത്യമായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കിയാല്‍ കുറെക്കൂടി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. പ്രായമായവര്‍ക്ക് പോസ്റ്റിവാകുന്നതാണ് ബുദ്ധിമുട്ട് കൂട്ടുന്നു.

ടെസ്റ്റുകളുടെ എണ്ണം കൂട്ടണം

ഡോക്ടര്‍ ഗോപികുമാര്‍, ഐഎംഎ

കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയതിന് ആനുപാതികമായ മരണനിരക്കാണ് ഇപ്പോള്‍ ഉള്ളത്. ദിവസേന 1000ത്തിലധികം കേസുകള്‍ ഉണ്ട്. നേരത്തെ 100നും 200നും ഇടയിലായിരുന്നപ്പോള്‍ മരണനിരക്ക് കുറവായിരുന്നു. കൂടുതല്‍ ആളുകളിലേക്ക് വൈറസ് എത്തുമ്പോള്‍ സങ്കീര്‍ണ്ണമാകുന്നുവെന്ന് വേണം കാണാന്‍. നിരീക്ഷണം ശക്തമാക്കണം. അതിനുള്ള നിര്‍ദേശങ്ങളും ഐഎംഎ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

ക്ലസ്റ്റര്‍ ഗ്രൂപ്പുകളിലുള്ള എല്ലാവരെയും ടെസ്‌ററ് ചെയ്യണം. പോസ്റ്റീവാകുന്നവരെ അവിടെ നിന്നും മാറ്റണം. അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയണം. ഡല്‍ഹി, ചെന്നൈ, ധാരാവി എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ടെസ്റ്റ് ചെയ്തിരുന്നു. ധാരാവി മൊത്തത്തില്‍ അടയ്ക്കുന്നതിന് പകരം ക്ലസ്റ്ററുകളില്‍ നിയന്ത്രണം കൊണ്ട് വന്നു. സ്വകാര്യ ക്ലിനിക്കുകളുടെ സഹായത്തോടെ വീടുകള്‍ കയറി ടെസ്റ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ചവരെ ഉടനെ അവിടെ നിന്നും മാറ്റി. ഒരാളില്‍ നിന്നും പത്ത് പതിനഞ്ച് പേരിലേക്ക് രോഗം പകരുന്ന അവസ്ഥയാണുണ്ടാകുക. കാര്യമായ ലക്ഷണങ്ങളില്ലാതെ തന്നെ രോഗം വന്ന് പോയേക്കാം. ആന്റിജന്‍ ടെസ്റ്റ് ചെയ്താല്‍ മതിയാകും. പെട്ടെന്ന് ഫലം അറിയാനുള്ള മാര്‍ഗ്ഗം ഇതാണ്.

ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് പോസിറ്റീവായവരെ കണ്ടെത്തണം. അവരെ നിരീക്ഷണത്തിലാക്കണം. രോഗം വ്യാപിക്കുന്നതും മരണനിരക്ക് ഉയരുന്നതും തടയാന്‍ ഇതാണ് വഴി.

പ്രോട്ടോക്കോള്‍ ലംഘനം സംഭവിക്കരുത്

ഡോക്ടര്‍ ദീപു സദാശിവന്‍, ഇന്‍ഫോക്ലിനിക്ക്

ലോകമെമ്പാടും കൊവിഡ് പടര്‍ന്ന പശ്ചാത്തലം പരിശോധിച്ചാല്‍ തുടക്കത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞ ഘട്ടത്തില്‍ മരണനിരക്ക് കുറവായിരിക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുമ്പോള്‍ ആരോഗ്യസംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിലാകും. താങ്ങാന്‍ പറ്റാവുന്നതിന് അപ്പുറമുള്ള രോഗികള്‍ വന്ന് ചേരുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന ശ്രദ്ധയും ആരോഗ്യപരിപാലനത്തിന്റെ നിലവാരവും കുറയും. മരണസാധ്യത കൂടുതലുള്ളവര്‍ മരിക്കുന്നതാണ് ഇറ്റലിയിലൊക്കെ കണ്ടത്. പ്രതിസന്ധി കൂടിയപ്പോള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളവരെ മാത്രം ചികിത്സിക്കുകയും അല്ലാത്തവരെ മരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. രോഗ വ്യാപനത്തിന്റെ സാധ്യത കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. അങ്ങനെയെങ്കില്‍ മാത്രമേ ആരോഗ്യസംവിധാനങ്ങള്‍ക്ക് ശരിയായി ചികിത്സിക്കാന്‍ പറ്റുകയുള്ളു. രോഗം എന്ന നിലയില്‍ കൊവിഡില്‍ മരണനിരക്ക് വളരെ കുറവാണ്. ഓരോ വ്യക്തിയും കരുതലെടുക്കുക എന്നതാണ് ചെയ്യേണ്ടത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ക്ലസ്റ്ററുകള്‍ പരിശോധിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം, വീടുതാമസം, തുടങ്ങിയ ചടങ്ങുകള്‍ നടത്തിയ സ്ഥലങ്ങളിലാണ് രോഗം പടര്‍ന്ന് പിടിച്ചിട്ടുള്ളത്. അതുപോലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

പ്രമേഹം, രക്തസമ്മര്‍ദ്ദം, വൃക്കരോഗം, കാന്‍സര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവരൊക്കെ കൊവിഡ് വന്നാല്‍ മരണസാധ്യതയുള്ളവരാണ്. ഇവര്‍ വീടിന് പുറത്തിറങ്ങാതെ സുരക്ഷിതമായ ഇരിക്കാന്‍ പ്രേരിപ്പിക്കണം. അവരിലേക്ക് രോഗാണു എത്തുന്നത് തടയാനായാല്‍ മരണനിരക്ക് കുറയ്ക്കാന്‍ കഴിയും.

പ്രമേഹം, പ്രഷര്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ അത് നിയന്ത്രിച്ച് നിര്‍ത്താന്‍ മരുന്ന് കൃത്യമായി കഴിക്കണം. മറ്റ് അസുഖങ്ങള്‍ വന്ന് ആശുപത്രിയില്‍ പോകുന്നത് കൊവിഡ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ മറ്റ് രോഗങ്ങളെ പ്രതിരോധിക്കാവുള്ള ജാഗ്രത ഓരോ വ്യക്തിയും കാണിക്കണം. കൊതുക് നിയന്ത്രണം പോലുളള കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. സമീകൃത ആഹാരം കഴിക്കുക, വ്യായാമം ചെയ്യുക, മദ്യം,പുകവലി എന്നിവ ഒഴിവാക്കുക, മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കാതിരിക്കുക ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ മരണനിരക്ക് ഉയരുന്നത് തടയാന്‍ വ്യക്തിക്കും സമൂഹത്തിനും കഴിയും.