'ഒരു കാന്താരിത്തൈ വെക്കാന്‍ ഭൂമി വേണ്ടേ?' സര്‍ക്കാര്‍ രേഖയില്‍ ഒരേക്കര്‍ ഭൂമിയുടെ അവകാശിയായ ആദിവാസി ചോദിക്കുന്നു

'ഒരു കാന്താരിത്തൈ വെക്കാന്‍ ഭൂമി വേണ്ടേ?' സര്‍ക്കാര്‍ രേഖയില്‍ ഒരേക്കര്‍ ഭൂമിയുടെ അവകാശിയായ ആദിവാസി ചോദിക്കുന്നു
86 വയസ്സായി. ഇതുവരെ ഭൂമിയേയില്ല. ഭൂമി കിട്ടീന്ന്‌ പറയുന്ന എല്ലാ കടലാസും എന്റെ കൈയ്യിലുണ്ട്. മേലെ നിന്നുള്ള നാല് കത്തുണ്ട്.

വയനാട് നെന്‍മേനി കുളിപ്പുര കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട കൊറുമ്പിക്ക് പത്ത് വര്‍ഷം മുമ്പ് ലഭിച്ച ഒരേക്കര്‍ ഭൂമി എവിടെയാണെന്ന് കണ്ടെത്താന്‍ 86കാരനായ ഭര്‍ത്താവ് ഒണ്ടന്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. സമരവും ചെയ്തു. ഇപ്പോഴും ഭൂമി ലഭിച്ചിട്ടില്ല.

2014 സെപ്റ്റംബര്‍ 13ന് കൊറുമ്പി മരിച്ചു. അവകാശപ്പെട്ട ഭൂമിക്കായുള്ള പോരാട്ടത്തിലാണ് കുളിപ്പുര കോളനിയിലെ ഒണ്ടനും രണ്ട് പെണ്‍മക്കളും. കൊറുമ്പിയുടെ മരണശേഷം ഒണ്ടനാണ് ഭൂമിയുടെ അവകാശി. മുഖ്യമന്ത്രി, ഗവര്‍ണര്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കി. ഭൂമി കണ്ടെത്തി നല്‍കാമെന്ന് ജില്ലാ കളക്ടറായിരുന്ന അഥീല അബ്ദുള്ള ഒണ്ടന് ഉറപ്പ് നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലഭിക്കുന്നത് ഭൂമി കണ്ടെത്തി നല്‍കുമെന്ന ഉറപ്പ് മാത്രമാണ്.

വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ ബ്ലോക്ക് 27ല്‍ റീസര്‍വെ നമ്പര്‍ 111/1 ല്‍ പ്പെട്ട 0.0607 ഹെക്ടര്‍, റീസര്‍വെ 111/ 2ല്‍ ഉള്‍പ്പെട്ട 0.3440 ഹെക്ടര്‍ എന്ന ഭൂമിയാണ് കൊറുമ്പിക്ക് ലഭിച്ചത്. 2011 സെപ്തംബര്‍ 15നായിരുന്നു സര്‍ക്കാര്‍ ഭൂമി നല്‍കിയത്. കൈവശരേഖയും സ്‌കെച്ചും നല്‍കി.1999 ലെ കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമ പ്രകാരം ലഭിച്ച ഭൂമി. ജില്ലാ കളക്ടര്‍, ഡി.എഫ്.ഒ, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ആര്‍.ഡി.ഒ എന്നിവര്‍ കൈവശ രേഖയില്‍ ഒപ്പിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇവരുടെ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ഒണ്ടന്‍.

ഭൂമിയില്ലാത്ത ആദിവാസികളുടെ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നതിനായി അവരുടെ പ്രതിനിധിയായി ഒണ്ടന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പട്ടിക വര്‍ഗ്ഗസംവരണ മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. തൊവരിമല ഭൂസമരത്തിന്റെ നേതൃത്തിലും ഒണ്ടനുണ്ടായിരുന്നു.

ഓരോ ഓഫീസിലും ചെന്ന് പരാതി പറയുമ്പോള്‍ വൈകിയാലും ഭൂമി കിട്ടുമെന്ന ഉറപ്പാണ് ലഭിക്കുന്നതെന്ന് ഒണ്ടന്‍ പറയുന്നു. രണ്ട് പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളുമായി സര്‍ക്കാര്‍ പുറമ്പോക്കില്‍ താമസിക്കുകയാണ് ഒണ്ടന്‍. ഒരേക്കര്‍ ഭൂമി കിട്ടിയാല്‍ മക്കള്‍ക്കെങ്കിലും അവിടെ പോയി താമസിക്കാലോയെന്നാണ് ഒണ്ടന്‍ ചോദിക്കുന്നത്.

പതിനൊന്ന് വര്‍ഷമായി ഇതിന് പിന്നാലെ ഓടി നടക്കുന്നു. ഓരോരുത്തരും ഭൂമി തരാന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. ഒരുതുണ്ട് ഭൂമിയില്ല എനിക്ക്. പുറമ്പോക്കിലെ പത്ത് സെന്റില്‍ നാലഞ്ച് വീടുകളുണ്ട്. തിരിയാനും മറിയാനും സ്ഥലമില്ല. ഡെപ്യൂട്ടി കളക്ടര്‍ വന്ന് എല്ലാം കണ്ടിട്ട് പോയതാണ്. ഭയങ്കര ബുദ്ധിമുട്ടായിട്ടാണ് ജീവിതം. ഭൂമിയുണ്ടെങ്കിലല്ലേ എന്തെങ്കിലും ചെയ്യാന്‍ പറ്റുക. എവിടെയാണ് കൃഷി ചെയ്യുക. ഒരു കാന്താരി മുളകിന്റെ തൈ വെക്കാന്‍ ഭൂമി വേണ്ടേ. അതിനുള്ള സൗകര്യം പോലുമില്ല.
ഒണ്ടന്‍

2011ല്‍ കൈവശരേഖ ലഭിച്ച ഭൂമി എവിടെയാണെന്ന് പോലും അറിയാത്തത് കൊറുമ്പിയുടെ കുടുംബത്തിന് മാത്രമല്ല. 722 ആദിവാസി കുടുംബങ്ങളുണ്ട് ഇതേ കാലത്ത് സര്‍ക്കാര്‍ കണക്കില്‍ ഭൂമി ലഭിച്ചിട്ടും ഭൂമി ഇല്ലാത്തവരായി ജീവിക്കുന്നവര്‍. 2011ല്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയവരുടെ പട്ടികയില്‍ കൈവശ രേഖ ലഭിച്ചവരുടെ പേരും സ്ഥലപ്പേരും മാത്രമേയുള്ളു. ഏത് കോളനിയിലാണെന്ന് പോലും രേഖപ്പെടുത്തിയിട്ടില്ല.

ഭൂമി കാണിച്ചു കൊടുക്കുന്നതിനായി കല്‍പ്പറ്റ സ്‌പെഷല്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), സുല്‍ത്താന്‍ ബത്തേരി ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍) എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് 2020 മാര്‍ച്ച് 20ന് ജില്ലാ കളക്ടര്‍ ഒണ്ടനെ രേഖാമൂലം അറിയിച്ചു.

ഭൂമി ആരുടെ കൈവശമാണെന്നറിയാന്‍ ഒണ്ടന്‍ നല്‍കിയ പരാതിയില്‍ 2020 ഏപ്രില് 17ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ മറുപടി ഇങ്ങനെയാണ്

വയനാട് എസ്.എം.എസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പരാതിയില്‍ അന്വേഷണം നടത്തി. വൈത്തിരി തഹസില്‍ദാരോട് ഭൂമിയുടെ രേഖകള്‍ സംബന്ധിച്ച് അന്വേഷിച്ചു. അതില്‍ കോട്ടപ്പടി വില്ലേജ് ഓഫീസര്‍ നല്‍കിയ മറുപടി പ്രകാരം കൊറുമ്പിയുടെ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്നും ഇപ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നോക്കവിഭാഗത്തില്‍പ്പെട്ടവര്‍ കൈവശം വെച്ചു വരുന്നതുമാണ്. ഭൂമി ഏതെണെന്ന് തിരിച്ചറിയുന്നതിനും ഗ്രൂപ്പ് സ്‌കെച്ച് ലഭ്യമാക്കുന്നതിനും വേണ്ടി വൈത്തിരി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ്.

കൊറുമ്പിക്ക് ലഭിച്ച ഭൂമി കാണിച്ചു നല്‍കുന്നതിനും ഭൂമി കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നോട്ടീസ് നല്‍കി ഒഴിപ്പിക്കുന്നതിനും കല്‍പ്പറ്റ സെപ്ഷ്യല്‍ ഡെപ്യൂട്ടി കളക്ടറെ (എല്‍.എ) നിയോഗിച്ചിട്ടുണ്ടെന്ന് 2020 ഒക്ടോബര്‍ 19ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒണ്ടനെ രേഖാമൂലം അറിയിച്ചു. ഏറ്റവും ഒടുവില്‍ സംഭവിച്ചത് ഇതാണെന്ന് ഒണ്ടന്‍ പറയുന്നു.

ഓണത്തിന് മേപ്പാടി റെയ്ഞ്ച് ഓഫീസില്‍ നിന്ന് മൂന്ന് സാറന്‍മാര് വന്നിരുന്നു. വനഭൂമിയാണെന്നും പറഞ്ഞാണ് അവര് വന്നത്. ഭൂമി തരാന്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നും അവര് പറഞ്ഞു. വില്ലേജ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമാണ് ചെയ്ത് തരണ്ടതെന്നും പറഞ്ഞു. വേറെ ഭൂമി ലഭിക്കാന്‍ അപേക്ഷ കൊടുക്കാനാണ് പറയുന്നത്.

ഒരേക്കര്‍ ഭൂമിയുടെ അവകാശികളായിട്ടും തങ്ങളുടെ ഇപ്പോഴത്തെ ജീവിതം അധികൃതര്‍ കാണണമെന്ന് ഒണ്ടന്റെയും കൊറുമ്പിയുടെയും മകള്‍ തങ്കമ്മ ആവശ്യപ്പെടുന്നു.

ഇവിടെ വന്ന് കാണണം എല്ലാവരും. ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് കാണട്ടെ. ഭയങ്കര കഷ്ടപ്പാടാണ്. കഞ്ഞിവെക്കാനും കുടിക്കാനും കൂടി സ്ഥലമില്ല. പൊളിഞ്ഞ പൊരയാണ്. ആ ഭൂമിക്ക് വേണ്ടി കൊറേ നടന്നു. ഒന്നും കിട്ടിയില്ല
തങ്കമ്മ

കടലാസില്‍ മാത്രം ഭൂമി നല്‍കി ആദിവാസികള്‍ കബളിപ്പിക്കപ്പെടുന്നുവെന്ന ആരോപണത്തിന്റെ നേര്‍സാക്ഷ്യമാകുകയാണ് ഒണ്ടനുള്‍പ്പെടെയുള്ളവര്‍. ഭൂമി ലഭിച്ച ആദിവാസികള്‍ സര്‍ക്കാറുകള്‍ക്ക് പാലിക്കപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയിലെ ഒരിനം മാത്രമാകരുതെന്നാണ് പുറംമ്പോക്കിലെ ഇത്തിരി ഭൂമിയില്‍ കഴിയുന്ന ഈ ജീവിതങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്. ഭൂമിക്ക് വേണ്ടി 86ാം വയസ്സിലും സമരം ചെയ്യണോയെന്ന ഒണ്ടന്റെ ചോദ്യം അധികൃതര്‍ കേട്ടില്ലെന്ന് നടിക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in