ഞങ്ങളെ തല്ലിയാലും കൊന്നാലും ആരും ചോദിക്കില്ലെന്ന ഉറപ്പാണ് അവർക്ക്

ഞങ്ങളെ തല്ലിയാലും കൊന്നാലും ആരും ചോദിക്കില്ലെന്ന ഉറപ്പാണ് അവർക്ക്
Summary

അവൻ തൂങ്ങിനിന്ന സ്ഥലത്ത് വെള്ളിയാഴ്ച ഞങ്ങളും പൊലീസും തെരഞ്ഞതാണ്. അന്ന് ആരും കാണാത്ത ബോഡി ശനിയാഴ്ച എങ്ങനെയാണ് മരത്തിൽ തൂങ്ങുന്നത്. ഞങ്ങളെ തല്ലിയാലും കൊന്നാലും ആരും ചോദിക്കില്ല എന്ന ധാരണയാണ് എല്ലാവർക്കും. ഞങ്ങൾ പണിയർ വിഭാ​ഗത്തിൽ പെട്ട ആൾക്കാരാണ്. ഞങ്ങള് പറയുന്ന ഭാഷ കേക്കുമ്പോ തന്നെ ഞങ്ങളെ അവര് വിലയിരുത്തും. എസ്.സി.എസ്.ടിക്കാരെ ആക്രമിച്ചാൽ ചോദിക്കാനൊന്നും ആരുമില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി കുടുംബം. വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്ത് തലേദിവസം തങ്ങളും പൊലീസും തിരച്ചിൽ നടത്തിയിരുന്നുവെന്നും അന്ന് അവിടെ ഇല്ലാതിരുന്ന ബോഡിയാണ് പിറ്റേന്ന് മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നും കുടുംബം ദ ക്യുവിനോട് പറഞ്ഞു.

അവൻ മോഷ്ടിക്കുന്ന ആളല്ല. ഞങ്ങളെ എന്ത് പറഞ്ഞാലും എന്ത് ചെയ്താലും ആരും ചോദിക്കില്ലെന്ന ധാരണയാണ് ഇവർക്കൊക്കെ. ഞങ്ങൾക്ക് പണവും സ്വാധീനവും ഒന്നുമില്ല. പൊലീസിന്റെ ഭാ​ഗത്ത് വലിയ വീഴ്ച സംഭവിച്ചു. ഞങ്ങൾക്ക് നീതി കിട്ടണം. വിശ്വനാഥന്റെ സഹോദരൻ വിനോദ് ദ ക്യുവിനോട് പറഞ്ഞു.

വിശ്വനാഥന്റെ സഹോദരൻ ക്യുവിനോട് പറഞ്ഞത്

സെക്യൂരിറ്റിക്കാരും ആളുകളും അവനെ കള്ളനെന്ന് വിളിച്ചെന്നും അവൻ മോഷ്ടിച്ചെന്ന് പറഞ്ഞ് ഉപദ്രവിച്ചതായും കാണാതാകുന്നതിന് മുമ്പ് ഭാര്യയുടെ അമ്മയോട് വിശ്വനാഥൻ പറഞ്ഞിരുന്നു. ഫോണും സ്വർണ്ണവും മോഷ്ടിച്ചാണ് അവൻ ഭക്ഷണം വാങ്ങുന്നത് എന്ന് പറഞ്ഞ് പരിഹസിച്ചു എന്നാണ് പറഞ്ഞത്. സെക്യൂരിറ്റിക്കാരാണോ നാട്ടുകാരാണോ അവനെ മർദ്ദിച്ചതെന്ന് അറിയില്ല. അവൻ മോഷ്ടിക്കുന്ന ആളല്ല. അങ്ങനെയല്ല ഞങ്ങളെ വളർത്തിയത്.

അവനെ കാണാതായ അന്ന് ഞങ്ങൾ പ്രദേശത്തൊക്കെ തിരഞ്ഞിരുന്നു. കാണാതായെന്ന പരാതി കൊടുത്ത ശേഷം പൊലീസും പിന്നീട് അതേ പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു. അവിടുത്തെ മരങ്ങളും ചരിഞ്ഞ പ്രദേശവും ഒക്കെ ഞങ്ങൾ തിരഞ്ഞതാണ്. അന്ന് അവിടെ ഇല്ലാതിരുന്ന ബോഡി പിറ്റേന്ന് ശനിയാഴ്ച എങ്ങനെയാണ് മരത്തിന് മുകളിൽ‌ തൂങ്ങിയത്. ഞങ്ങളൊക്കെ പോയി നോക്കിയ മരത്തിലാണ് പിറ്റേന്ന് ബോഡി പൊലീസ് കണ്ടെത്തുന്നത്. വെള്ളിയാഴ്ച അവിടെ ഇല്ലാതിരുന്ന ബോഡി ശനിയാഴ്ച അവിടെ തൂങ്ങിയെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് പറ്റില്ല.

അവനെ തല്ലി ഓടിച്ചിട്ടായിരിക്കും അവൻ ആശുപത്രിയിൽ‌ നിന്ന് ഓടിപ്പോയത്. അല്ലാതെ വെറുതെ ഓടിപ്പോകില്ലല്ലോ. ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോൾ അവന്റെ ഭാര്യയും കുഞ്ഞും ആശുപത്രിയിലുണ്ട്. അവരിതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു.

ഞങ്ങൾ ഏഴ് മക്കളാണ്. വിശ്വനാഥൻ അടക്കം രണ്ട് പേർ മരിച്ചുപോയി. ഞങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്തും പട്ടിണി അറിഞ്ഞുമാണ് വളർന്നത്. ഇന്നോളം ആരെയും പറ്റിച്ച് ഒന്നും ഉണ്ടാക്കിയിട്ടില്ല. ആരാന്റെ ഒന്നും കട്ടെടുക്കരുതെന്ന് പഠിപ്പിച്ചാണ് ഞങ്ങളെ വളർത്തിയത്. എന്നിട്ട് അവനെ അത്രയും അധിക്ഷേപിച്ച് അപമാനിച്ച് എല്ലാരും കൂടി കൊന്നു. പരാതി കൊടുക്കാൻ പോയപ്പോൾ മെഡിക്കൽ കോളേജ് പൊലീസ് അമ്മയെ അധിക്ഷേപിച്ചിട്ടാണ് പരാതി മേടിച്ചത്. വയനാട്ടിൽ നിന്ന് ഞാൻ കോഴിക്കോട് എത്താൻ രണ്ട് മണിക്കൂർ വേണം. ഞങ്ങൾക്ക് വണ്ടിയൊന്നുമില്ല, ബസ് കേറി വേണം എത്താൻ. കാണാതായെന്ന് ഉച്ചക്ക് ഞാൻ പരാതി കൊടുക്കാൻ പോയിട്ട് വൈകിട്ടാണ് പരാതി രെജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്.

പരാതി മേടിച്ച സി.ഐ അത്രയും മോശമായ രീതിയിലാണ് സംസാരിച്ചത്. വയനാട്ടിൽ നിന്ന് കള്ളും കുടിച്ച് വന്നിട്ട് അലമ്പുണ്ടാക്കി പൈസയും കൊണ്ട് പോകാനാണെന്ന് പറഞ്ഞ് എന്റെ പരാതി വലിച്ചെറിഞ്ഞു. ഇതേ പൊലീസല്ലേ ഇപ്പോ ആത്മഹത്യയാണെന്ന് പറഞ്ഞ് പോസ്റ്റുമോർട്ടം റിപ്പോർട്ട് കൊണ്ടുവരുന്നത്. അവര് പൊലീസുകാരെ സഹായിക്കുന്നതാണ്. മെഡിക്കൽ കോളേജ് പൊലീസ് വലിയ തെറ്റാണ് ചെയ്തത്.

എസ്.സി.എസ്.ടി ആൾക്കാരെ എന്ത് ചെയ്താലും തല്ലിയാലും കൊന്നാലും ആരും ചോദിക്കില്ലെന്ന ധാരണ അവർക്കുണ്ട്. സർക്കാരിന്റെ തുഛമായ പൈസക്ക് നിൽക്കുന്ന വക്കീലായിരിക്കും കേസ് നോക്കുന്നത്. അവർക്കും ഇത്രയൊക്കെ മതി എന്ന തോന്നലായിരിക്കും. ഇതൊന്നും ചോദ്യം ചെയ്യാനുള്ള സാമ്പത്തികവും ഞങ്ങൾക്കില്ല. ഞങ്ങൾക്ക് നീതി കിട്ടണം. അവനെ കൊന്നത് ആരാണെന്ന് അറിയണം.

Related Stories

No stories found.
logo
The Cue
www.thecue.in