വാരിയെല്ലില്‍ പിടിച്ച് ശ്വാസം മുട്ടിച്ചു, വധഭീഷണി; ഐ.ഡി ചോദിച്ച് പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്ന് വര്‍ത്തമാനം എഡിറ്റര്‍

വാരിയെല്ലില്‍ പിടിച്ച് ശ്വാസം മുട്ടിച്ചു, വധഭീഷണി;  ഐ.ഡി ചോദിച്ച് പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്ന് വര്‍ത്തമാനം എഡിറ്റര്‍

തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചില്ലെന്ന് കാട്ടി റെയില്‍വേ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് വര്‍ത്തമാനം ദിനപത്രം എഡിറ്റര്‍ ആസഫലി വി.കെ. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനിലെത്തിച്ചും എസ്.ഐയുടെ നേതൃത്വത്തില്‍ നാലോളം പൊലീസുകാര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് ആസഫലി ദ ക്യു'വിനോട് പ്രതികരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആസഫലി പരാതി നല്‍കി.

കൊല്ലത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയാണ് ഐ.ഡി കാര്‍ഡ് കാണിച്ചില്ലെന്ന് പറഞ്ഞ് സിവില്‍ പൊലീസ് ഓഫീസര്‍ വിശാഖ് വി.ജി കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ച് കൊണ്ടു പോകുകയും സ്റ്റേഷന്‍ എസ്.ഐ രഞ്ജു ആര്‍.എസിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതെന്ന് ആസഫലി പറഞ്ഞു. മെയ് 10നാണ് സംഭവം.

12.15ന്റെ ട്രെയിന്‍ കയറാന്‍ ധൃതിയില്‍ ലഗേജുകളുമായി നടക്കുന്ന സമയത്ത് വളരെ അപമര്യാദയില്‍ പൊലീസുകാരന്‍ ഐ.ഡി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോള്‍ തന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍''എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട് ഇവിടെ നില്‍ക്കുന്നതെന്ന്'' പറഞ്ഞ്

മറ്റു യാത്രക്കാരുടെ മുന്നില്‍ വെച്ച് അപമാനിച്ചു. അതിനു ശേഷം തന്നെ ബലമായി റയില്‍വേ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയെന്നും ആസഫലി പരാതിപ്പെട്ടു.

രഞ്ജു ആര്‍.എസ് എന്ന സബ് ഇന്‍സ്പെക്ടര്‍ കോളറില്‍ കയറിപ്പിടിച്ച് ഒരു കുറ്റവാളിയെ എന്നവണ്ണം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തില്‍ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി.

വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിച്ചു. ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്‌പെക്റ്ററും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തിയെന്നും വധഭീഷണി മുഴക്കിയെന്നും ആസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതെല്ലാം തനിക്ക് മറ്റേതോ രാജ്യത്ത് നടക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നിയെന്നും ആസഫ്.

ആസഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ നിന്ന്

''ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്പെക്റ്ററും കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തി. മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ച് കൈ പിടിച്ച് ഞെരിച്ച് ഫോണ്‍ നിലത്തെറിഞ്ഞു പൊട്ടിച്ചു. ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന ഐഡി ബാഗില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇത് നീ എവിടുന്നു സംഘടിപ്പിച്ചു എന്ന് ചോദിച്ചായി തെറിവിളീകള്‍. കേരളാ ഗവണ്‍മെന്റ് നല്‍കിയ ഐഡിയാണെന്നും

ഈ കാണിക്കുന്ന അട്രോസിറ്റി ഞാന്‍ കംപ്ലയിന്റ് ചെയ്യുമെന്നും പറഞ്ഞപ്പോള്‍ എന്നെ നാലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി.

പരാതി കൊടുത്താല്‍ നിന്നെ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് വധഭീഷണി മുഴക്കി. എനിക്ക് ട്രെയിന്‍ മിസ്സാവുമെന്ന് പറഞ്ഞപ്പോള്‍ താന്‍ ബോംബ് വെക്കാന്‍ പോകുന്നയാളാണോ എന്നൊക്കെ പരിശോധിച്ചിട്ട് വിടാം എന്ന് പറഞ്ഞ് ബാഗൊക്കെ തുറന്നു നോക്കി.

എന്‍ട്രി ഇടാതെ വിടരുതെന്ന് കംപ്യുട്ടറിനു മുമ്പില്‍ ഇരുന്ന ഉദ്യോഗസ്ഥനോട് രഞ്ജു ആര്‍.എസ് എന്ന സബ് ഇസ്പെക്ടര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ ബലമായി പിടിച്ചു വെച്ചതു കാരണം എനിക്ക് നല്ല കഴുത്തു വേദനയും ശ്വാസതടസവും അനുഭവപ്പടുന്നുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എക്സറേ എടുക്കുകയും , ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുകയും ചെയ്തു.

ജോലിയുടെ ഭാഗമായുള്ള എന്റെ യാത്ര മുടങ്ങി. നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നില്‍ വെച്ച് ഞാന്‍ അപമാനിതനായി. രഞ്ജു ആര്‍ എസ് എന്ന സബ് ഇസ്‌പെക്ടര്‍ വിശാഖ് വി.ജി എന്ന പോലീസുകാരന്‍ പറഞ്ഞതു പ്രകാരം സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് എന്നെ ദേഹോപദ്രവം ഏല്പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും അധികാര ദുര്‍വിനിയോഗം നടത്തി എന്റെ ആത്മാഭിമാനത്തെ കളങ്കപെടുത്തുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുകയും ചെയ്തിരിക്കുന്നു.

പോലീസെന്ന അധികാരം ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും അസഭ്യവര്‍ഷം നടത്തുകയും എന്റെ തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി എന്നെ തടഞ്ഞു വെക്കുകയും ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ രഞ്ജു , വിശാഖ് വി.ജി എന്ന പോലീസുകാര്‍ക്കും അവരോടൊപ്പം എന്നെ തെറിവിളിച്ച് തടഞ്ഞു നിര്‍ത്തിയ സ്റ്റേഷനില്‍ യൂണിഫോമിലും അല്ലാതെയും നിന്ന പോലീസുകാര്‍ക്കും എതിരെ നടപടി എടുക്കണമെന്നും എനിക്ക് നീതി ലഭ്യമാക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.