'സൂചിയില്‍ നിന്നും വരുന്നത് പോലെയാണ് മൂത്രം പോകുന്നത്'; അഞ്ചാമത്തെ സര്‍ജറിക്ക് സഹായം തേടി ട്രാന്‍സ്‌ജെന്‍ഡര്‍ തൃപ്തി ഷെട്ടി

'സൂചിയില്‍ നിന്നും വരുന്നത് പോലെയാണ് മൂത്രം പോകുന്നത്'; അഞ്ചാമത്തെ സര്‍ജറിക്ക് സഹായം തേടി ട്രാന്‍സ്‌ജെന്‍ഡര്‍ തൃപ്തി ഷെട്ടി

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തിട്ട് പത്ത് വര്‍ഷമാകാറായിട്ടും ദുരിതം വിട്ടുമാറാതെ ട്രാന്‍സ്‌ജെന്‍ഡര്‍ തൃപ്തി ഷെട്ടി. സര്‍ജറിയിലുണ്ടായ പിഴവ് മൂലം മൂത്രമൊഴിക്കുമ്പോള്‍ കടുത്ത വേദന സഹിക്കേണ്ടി വരുന്നു.നാല് തവണ സര്‍ജറിക്ക് വിധേയായി. ഇപ്പോള്‍ വീണ്ടും സര്‍ജറി നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍.

ബാംഗ്ലൂരില്‍ വെച്ച് 2012ലായിരുന്നു തൃപ്തിയുടെ ലിംഗമാറ്റ ശസ്ത്രക്രിയ. 18000 രൂപയായിരുന്നു അന്ന് ശസ്ത്രക്രിയക്ക് ചെലവായതെന്ന് തൃപ്തി പറയുന്നു. സര്‍ജറി കഴിഞ്ഞ് 41 ദിവസമാകുമ്പോഴേക്കും മൂത്ര തടസ്സം നേരിട്ടു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടി. മൂത്ര തടസ്സം മാറ്റാന്‍ ഹോളുണ്ടാക്കി ട്യൂബിട്ടു. 2014ല്‍ ഇതേ അവസ്ഥ. വീണ്ടും ശസ്ത്രക്രിയ. കുറച്ച് നാളുകള്‍ക്ക് ശേഷം ബുദ്ധിമുട്ട് തുടങ്ങിയെങ്കിലും പുറത്ത് പറയാന്‍ മടിയായെന്ന് തൃപ്തി പറയുന്നു. ഇപ്പോള്‍ വേദന സഹിക്കാനാവുന്നതിലും അപ്പുറമാണ്.

ബുദ്ധിമുട്ട് കൂടിയപ്പോള്‍ വൈദ്യസഹായം തേടി. സര്‍ജറി നടത്തണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. മൂത്രമൊഴിക്കുമ്പോള്‍ ഉള്ളിലുള്ള ഞരമ്പുകളെല്ലാം വലിഞ്ഞ് സഹിക്കാനാവാത്ത വേദനയുണ്ടാകും. സൂചിയില്‍ നിന്നും വരുന്നത് പോലെയാണ് മൂത്രം പോകുന്നത്. ദ്വാരം അടഞ്ഞു പോയെന്ന് ഡോക്ടര്‍ പറഞ്ഞു. അള്‍ട്ര സൗണ്ട് സ്‌കാനിംഗ് ഉള്‍പ്പെടെ എല്ലാ പരിശോധനകളും നടത്തി. വെള്ളം കുടിക്കുന്നതിന് അനുസരിച്ച് മൂത്രമൊഴിക്കാന്‍ തോന്നും. എന്നാല്‍ അത് ഒഴിച്ച് കളയാന്‍ പറ്റുന്നില്ല. അഞ്ച് പത്ത് മിനിട്ട് ഇരുന്നാലേ മെല്ലെ മെല്ലെ മൂത്രം പോകുകയുള്ളു. അത്ര നേരം വേദന സഹിച്ച് ഇരിക്കണമെന്ന് തൃപ്തി പറയുന്നു.

'ജസ്റ്റൊന്ന് കീറി സ്റ്റിച്ചിട്ടിട്ട് കാര്യമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഉള്ളിലെ ഞരമ്പുകള്‍ മാറിയിരിക്കുകയാണ്. ഓപ്പണ്‍ സര്‍ജറി ചെയ്ത് അത് ശരിയാക്കണം. ഈ മാസം 27നാണ് സര്‍ജറി. മൂത്രമൊഴിക്കാന്‍ ഇരിക്കാന്‍ പറ്റില്ല'.

ഇന്ത്യന്‍ ക്ലോസറ്റില്‍ തീരെ പറ്റില്ല. ചിലപ്പോള്‍ നിന്നാണ് മൂത്രമൊഴിക്കുക. സഹിക്കാനാവില്ല. വേദന കൂടുമ്പോള്‍ വെപ്രാളപ്പെട്ട് പകുതി യൂറിന്‍ ഒഴിച്ച് വേഗം പോരും. മൂത്രമൊഴിക്കുമ്പോള്‍ സര്‍ജറി ചെയ്ത ഭാഗങ്ങളിലെല്ലാം ജീവന്‍ പോകുന്ന വേദനയാണ്. ഇത്രയും വര്‍ഷം മുക്കി മൂത്രമൊഴിക്കുമായിരുന്നു. ഇപ്പോള്‍ അതും പറ്റാതായി.
തൃപ്തി

ബ്രെസ്റ്റ് സര്‍ജറിയും പരാജയപ്പെട്ടുവെന്ന് തൃപ്തി പറയുന്നു. അതും സര്‍ജറി ചെയ്ത് എടുത്ത് മാറ്റണം. എറണാകുളത്തെ കോസ്‌മെറ്റിക് ക്ലിനിക്കില്‍ നിന്നായിരുന്നു സര്‍ജറി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ക്ലിനിക്ക് അടച്ചു പൂട്ടി.

അവിടെ ഒരിക്കലും സര്‍ജറി ചെയ്യാന്‍ പാടില്ലായിരുന്നു. അബദ്ധമായി പോയി. ജെല്ലാണ് ഉപയോഗിച്ചത്. പൈസ കുറവാണെന്ന് പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത്. സിലിക്കണ്‍ ആണ് നല്ലത്. ജെല്ല് വെറുതെ ശരീരത്തില്‍ നിര്‍ത്തേണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. അതും എടുത്ത് മാറ്റണം. പക്ഷേ സാമ്പത്തിക പ്രതിസന്ധിയുള്ളത് കൊണ്ട് ബ്രെസ്റ്റ് സര്‍ജറി ഇപ്പോള്‍ ചെയ്യുന്നില്ല. ഒരു ലക്ഷം രൂപയെങ്കിലും അതിന് വേണ്ടി വരും. മൂത്ര തടസ്സം സഹിക്കാനാവാത്തത് കൊണ്ട് ആ സര്‍ജറി ആദ്യം ചെയ്യണം.

തുടര്‍ച്ചയായി സര്‍ജറിക്ക് വിധേയമാകുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് തൃപ്തി പറയുന്നു.സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ജറിക്കുള്ള പണം കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് തൃപ്തിയും കുടുംബവും. ആഭരണ ഡിസൈനിങ്ങിലൂടെയായിരുന്നു തൃപ്തി വരുമാനം കണ്ടെത്തിയിരുന്നത്. കോവിഡ് അടച്ചിടലിന് ശേഷം ബിസിനസിലൂടെ കാര്യമായി വരുമാനമില്ല. ഇപ്പോള്‍ ജീവിക്കാന്‍ തന്നെ പ്രയാസപ്പെടുകയാണെന്ന് തൃപ്തി പറയുന്നു.സര്‍ജറി കഴിഞ്ഞ് ബില്ല് കൊടുത്താല്‍ ചികിത്സയ്ക്ക് ചിലവായ പണം സര്‍ക്കാരില്‍ നിന്നും ലഭിക്കും. എന്നാല്‍ ആശുപത്രിയില്‍ ആദ്യം നല്‍കേണ്ട പണം കണ്ടെത്തുന്നതിനായി സഹായം തേടുകയാണ് ഇപ്പോള്‍ തൃപ്തി.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കല്യാണ സഹായമായി 30000 രൂപ ലഭിക്കും. എന്നാല്‍ തൃപ്തിക്കും പങ്കാളിക്കും ഇത്ര വര്‍ഷമായിട്ടും അത് കിട്ടിയിട്ടില്ല. ഓഫീസുകള്‍ കയറി ഇറങ്ങിയെങ്കിലും നിരാശയാണ് ഫലമെന്ന് തൃപ്തി പറയുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സഹായം ലഭിക്കുന്നത് വൈകിക്കുകയാണെന്നാണ് ഇവരുടെ പരാതി. സര്‍ജറി സമയത്ത് അത് കിട്ടിയാല്‍ വലിയ സഹായമാകുമായിരുന്നു.

കല്യാണം കഴിച്ചതിന് തെളിവായി അമ്പലത്തിലെ വിവാഹം രേഖകള്‍ മാത്രം പോരെന്ന് പറഞ്ഞു. പിന്നീട് രജിസ്റ്റര്‍ ചെയ്തതിന് ശേഷം രേഖകള്‍ അയച്ചു. അപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ മാപ്പ് അപേക്ഷ ആവശ്യപ്പെട്ടു. അതും നല്‍കി. ഇപ്പോള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പറയുന്നത് സര്‍ക്കാര്‍ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നാണ്. മന്ത്രി ആര്‍. ബിന്ദുവിനെ നേരിട്ട് വിളിച്ച് ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. വീണ്ടും പരാതി അയച്ചിട്ടുണ്ട്.
തൃപ്തി

ശസ്ത്രക്രിയ ചെയ്ത് എത്രയും പെട്ടെന്ന് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തൃപ്തി ഷെട്ടി.

സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി

Thripthi Shetty

11320100268290

IFSC: FDRL0001132

Federal bank Aluva

Related Stories

No stories found.
logo
The Cue
www.thecue.in