ഇവിടെ ബ്രാഹ്‌മണന്‍ പൂജിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് പൂട്ടിയിട്ട് മര്‍ദ്ദിച്ചത്; ജാതീയ ആക്രമണമെന്ന് ദളിത് പൂജാരി

ഇവിടെ ബ്രാഹ്‌മണന്‍ പൂജിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് പൂട്ടിയിട്ട് മര്‍ദ്ദിച്ചത്; ജാതീയ ആക്രമണമെന്ന് ദളിത് പൂജാരി

'പറയനും പുലയനും ഇവിടെ പൂജിക്കാന്‍ അര്‍ഹതയില്ല, ബ്രാഹ്‌മണന്‍ പൂജിച്ചാല്‍ മതി' തിരുവനന്തപുരത്ത് ഒറ്റശേഖരമംഗലം വാഴിച്ചാല്‍ അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിയായ രഞ്ജിത്തിനോട് ക്ഷേത്ര ഉപദേശക സമിതിയുടെ ആഹ്വാനമായിരുന്നു ഇത്. രാവിലെ അഞ്ചരമണിക്ക് ക്ഷേത്രത്തിലെത്തിയ രഞ്ജിത്തിനെ ഉപദേശക കമ്മിറ്റി സെക്രട്ടറി ശിവലാലും, ഉപദേശക കമ്മിറ്റി അംഗമായ അനിയും മറ്റ് രണ്ട് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

തനിക്ക് കൊടിയ മര്‍ദ്ദനവും അപമാനവുമാണ് ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയവരുടെ മുന്നില്‍വെച്ച് നേരിടേണ്ടി വന്നതെന്ന് രഞ്ജിത്ത് ദ ക്യുവിനോട് പറഞ്ഞു. ദളിത് ശാന്തി നിയമനം ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം നടക്കുന്ന ഏറ്റവും വിപ്ലവകരമായ പരിവര്‍ത്തനമാണ് എന്ന് അവകാശപ്പെട്ട അതേ കേരളത്തിലാണ് ദളിത് ശാന്തിയെ ഉപദേശകമ്മിറ്റി അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

''രാവിലെ അഞ്ചരയ്ക്ക് നട തുറക്കുന്നതുകൊണ്ട് അഞ്ച് മണിക്ക് ഞാന്‍ ക്ഷേത്രത്തില്‍ എത്തും. നേരത്തെ ആറുമണിക്കാണ് നട തുറന്നുകൊണ്ടിരുന്നത്. ഓഫീസര്‍മാരുടെ തീരുമാന പ്രകാരമാണ് സമയം അഞ്ച് മണിയാക്കിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ സമയത്താണ് ഉപദേശക കമ്മിറ്റി സെക്രട്ടറിയായ ശിവലാലിന്റെയും കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നീ ഇവിടെ പൂജ ചെയ്യണ്ട എന്ന് പറഞ്ഞ് എന്നെ മര്‍ദ്ദിക്കുന്നത്. പൂട്ടിയിട്ടതിന് ശേഷം നീ പൊലീസിനെയോ പട്ടാളത്തെയോ ആരെ വേണമെങ്കിലും വിളിക്ക് എന്നാണ് പറഞ്ഞത്,'' രഞ്ജിത്ത് പറഞ്ഞു.

പൊലീസ് എത്തിയതിന് ശേഷമാണ് രഞ്ജിത്തിനെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. കടുത്ത ജാതി വിവേചനം മാത്രമല്ല തൊഴില്‍ പ്രശ്‌നം കൂടി കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ രഞ്ജിത്ത് നേരിടുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരു നേരം ശാന്തി ചെയ്യുന്ന അമ്പലത്തിലാണ് രഞ്ജിത്ത് ജോലി ചെയ്യുന്നത്. ക്ഷേത്ര കമ്മിറ്റി ഇടപെട്ട് രഞ്ജിത്തിനെ രണ്ട് നേരം ശാന്തി ചെയ്യിപ്പിക്കുമെങ്കിലും നാല് മാസത്തെ ശമ്പളം മാത്രമാണ് കമ്മിറ്റി നല്‍കിയതെന്ന് രഞ്ജിത്ത് പറയുന്നു. ഏഴു മണിക്ക് അമ്പലം തുറന്നാല്‍ മതിയെന്നാണ് ഉത്തരവെങ്കിലും പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ നടതുറക്കണമെന്ന് തന്നോട് ആവശ്യപ്പെടുമെന്നും രഞ്ജിത്ത് പറയുന്നു. നേരത്തെ ക്ഷേത്രം തുറന്നില്ല എന്നും പറഞ്ഞും രഞ്ജിത്തിനെ ക്ഷേത്ര ഉപദേശക സമിതിയിലുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു.

അവര്‍ണ വിഭാഗത്തില്‍പ്പെട്ടവരെ ശാന്തിക്കാരായി അംഗീകരിക്കാന്‍ മാനസികമായി ഇപ്പോഴും ദേവസ്വം ബോര്‍ഡിനെ നിയന്ത്രിക്കുന്ന ക്ഷേത്രക്ഷേമ സമിതികള്‍ തയ്യാറല്ല. ക്ഷേത്രക്ഷേമ സമിതികള്‍ എന്ന പേരില്‍ ജാതി മേധാവിത്വത്തെ നിലനിര്‍ത്താന്‍ നടക്കുന്ന അത്തരം ആളുകളെ നിയന്ത്രിക്കണം. അതാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. അമല്‍ സി. രാജന്‍ ദ ക്യുവിനോട് പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി ആറ് ദളിതര്‍ക്കടക്കം 36 അബ്രാഹ്‌മണ ശാന്തിമാരെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത് 2017 ഒക്ടോബര്‍ അഞ്ചിനാണ്. പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരുന്നു പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ഇറക്കിയത്.

പൂജാരിയായി നിയമനം ലഭിച്ച അബ്രാഹ്‌മണര്‍ ജാതി അധിക്ഷേപവും അപമാനവും നേരിടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. 2017 ഒക്‌ടോബര്‍ 29ന് തന്നെ മറ്റൊരു ദളിത് യുവാവിന്റെ പൂജാരി നിയമനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം ലഭിച്ച യദുകൃഷ്ണനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

യദുകൃഷ്ണന്‍ പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൂജ മുടക്കിയെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ ഒക്ടോബര്‍ 26ന് ലീവ് എഴുതികൊടുത്തിരുന്നുവെന്നും പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നുവെന്ന് യദുകൃഷ്ണന്‍ പറഞ്ഞിരുന്നു.

അബ്രാഹ്‌മണരെ ശാന്തിയായി നിയമിച്ച സര്‍ക്കാരിന് അവര്‍ക്ക് വിവേചനം നേരിടാതെ ജോലി ചെയ്യാന്‍ കഴിയുന്നു എന്നുറപ്പാക്കാന്‍ സാധിക്കണമെന്ന് അമല്‍ സി.രാജന്‍ പറയുന്നു.

ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ മാനസികാവാസ്ഥയുമായി വരുന്നവരാണ് ക്ഷേത്ര ക്ഷേമ സമിതിയില്‍ വരുന്നത്, അവര്‍ ഏത് പാര്‍ട്ടിയില്‍പ്പെട്ടവരായാലും. അവരെയാണ് ആദ്യമായി ഭരണഘടനമൂല്യങ്ങളും നിയമവും പഠിപ്പിക്കേണ്ടത്. ക്ഷേത്രങ്ങളെ നിയന്ത്രിക്കുകയോ, സഹായിക്കുകയോ ചെയ്യുന്നു എന്ന രീതിയില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ആളുകളുടെ ഇടയില്‍ ഇതുമായി ബന്ധപ്പെട്ട നിയമപരമായ അവബോധം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കണം. അതല്ലെങ്കില്‍ ഓരോ ദളിത് വിഭാഗത്തില്‍പ്പെട്ട ശാന്തിയും ഇതു പോലെ മാനസിക പീഡനത്തിന് ഇരയാകും. ക്ഷേത്രവുമായി ചുറ്റിപറ്റി നില്‍ക്കുന്നയാളുകളാണ് ഇവരെ പീഡിപ്പിക്കുന്നത്. അല്ലാതെ പുറത്തു നിന്ന് ആരും വന്ന് പീഡിപ്പിക്കുന്നതല്ല. അടിയന്തരമായി അവരെയാണ് ജനാധിപത്യവത്കരിക്കേണ്ടത്.

ഭരണഘടനാ മൂല്യങ്ങള്‍ അവരെയാണ് പഠിപ്പിക്കേണ്ടത്. ഈ കുറ്റക്കാരായ ആളുകള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുന്നില്ല. ഇത്തരത്തില്‍ ശാന്തിക്കാരെ അപമാനിക്കുകയും അവരെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ആളുകളെ തുടര്‍ന്ന് ക്ഷേത്ര ക്ഷേമ സമിതികളില്‍ അംഗങ്ങള്‍ ആകുന്നതിനോ ഭാരവാഹിത്വം വഹിക്കുന്നതിനോ വിലക്കുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണങ്ങളുണ്ടാക്കണം,'' ഡോ. അമല്‍ സി.രാജന്‍ പറഞ്ഞു.

താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് രഞ്ജിത്ത് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. നിരന്തരമായ ജാതി അധിക്ഷേപത്തെ തുടര്‍ന്ന ജോലി ഉപേക്ഷിച്ച് പോകാന്‍ പലവട്ടം തോന്നിയെങ്കിലും തനിക്ക് പിന്നിലുള്ളവരെ ഓര്‍ത്താണ് അത് ചെയ്യാത്തതെന്ന് രഞ്ജിത്ത് പറയുന്നു. പൊലീസിന് നല്‍കിയ പരാതിയില്‍ രഞ്ജിത്ത് എഴുതിയ വാക്കുകള്‍ കേരളത്തോട് നിരവധി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.

''ഞാന്‍ നേരിട്ട അധിക്ഷേപങ്ങളെ കുറിച്ചെല്ലാം എന്റെ മേലധികാരികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേവസ്വം അധികാരികള്‍ ശിവലാലിന്റെ സ്വാധീനം കൊണ്ട് എന്റെ പരാതികള്‍ക്കൊന്നും ചെവികൊടുത്തിട്ടില്ല. എനിക്കുമേല്‍ അധികാരികളുടെ ശകാരം മാത്രം മിച്ചം. ജാതീയമായി ഒറ്റപ്പെട്ട് എന്റെ മനോബലം തന്നെ നഷ്ടപ്പെടുന്നു. എന്റെ കുടുംബത്തിലെ ഏക വരുമാന മാര്‍ഗമാണ് എന്റെ ശാന്തി ജോലി. എന്റെ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുവാന്‍ തക്കവിധത്തില്‍ എന്നെ മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയും ജോലിക്ക് തടസം നില്‍ക്കുകയും ചെയ്യുന്നു. ഈ പരാതിക്കുമേല്‍ വകുപ്പു തല നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. നവോത്ഥാനത്തിന് ശേഷവും വിശുദ്ധി-അശുദ്ധി സങ്കല്‍പങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് വിളിച്ചോതുന്നതാണ് ഇത്തരം സംഭവങ്ങള്‍. ജാതീയമായ ശ്രേണിക്രമങ്ങളും അതുണ്ടാക്കിയ അധീശത്വവ്യവസ്ഥയും ശക്തമായി തന്നെ തുടരുന്നുവെന്നാണ് രഞ്ജിത്ത് കേരളത്തോട് പറയുന്നത്.

താന്ത്രിക വിധി പ്രകാരം പൂജ പഠിച്ചയാളുകളെ ജാതി പരിഗണിക്കാതെ ശാന്തിക്കാരക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് അന്ന് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. അത്തരത്തില്‍ നിയമനം ലഭിച്ചവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം കൂടിയുണ്ടാകാന്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

The Cue
www.thecue.in