പോത്തിറച്ചി മ്ലാവിന്റേതെന്ന പേരിലാണ് 39 ദിവസം ജയിലിൽ കിടന്നത്, തൊഴിൽ നഷ്ടപ്പെട്ടു, കുടുംബം തകർന്നു, എനിക്ക് നീതി കിട്ടുമോ?

പോത്തിറച്ചി മ്ലാവിന്റേതെന്ന പേരിലാണ് 39 ദിവസം ജയിലിൽ കിടന്നത്, തൊഴിൽ നഷ്ടപ്പെട്ടു, കുടുംബം തകർന്നു, എനിക്ക് നീതി കിട്ടുമോ?
Published on

വീട്ടിൽ നിന്ന് പിടികൂടിയ മാംസം മ്ലാവിന്റേതെന്ന പേരിലാണ് വനവകുപ്പ് കേസിൽ ചാലക്കുടി സ്വദേശി സുജേഷ് കണ്ണൻ 39 ദിവസം ജയിലില്‍ കിടന്നത്. ശാസ്ത്രീയ പരിശോധനയില്‍ മാംസം പോത്തിന്റേതെന്ന് കണ്ടെത്തി. കുടുംബം തകർന്നു, തൊഴിൽ നഷ്ടപ്പെട്ടു, മാനസികാരോഗ്യം പ്രതിസന്ധിയിൽ. നഷ്ടങ്ങളുടെ കണക്ക് നിരത്തി സുജേഷ് നീതിക്ക് വേണ്ടി ചോദ്യമുയർത്തുന്നു.

2024 സെപ്തംബറിലാണ് ഡാൻസാഫ് സംഘം ചാലക്കുടി സ്വദേശി ജോബിയുടെ വീട്ടിൽ നിന്ന് മാംസം പിടികൂടുന്നത്. സംശയം തോന്നിയതോടെ വനംവകുപ്പിന് കൈമാറി. വനംവകുപ്പ് ജോബിയെയും മാംസം എത്തിച്ച് നൽകിയ സുജേഷിനെയും കസ്റ്റഡിയിലെടുത്തു. രാത്രി രണ്ടു മണിക്ക് വീട്ടിൽ വന്ന വനംവകുപ്പ് ഉദ്യോഗസ്ഥരോട് കാലത്ത് ഓഫീസിൽ ഹാജരാകാമെന്ന് പറഞ്ഞെങ്കിലും കൂടെ വരണമെന്നും അല്ലാത്തപക്ഷം അച്ഛനെ കസ്റ്റഡിയിൽ എടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി സുജേഷ് പറയുന്നു. മ്ലാവ് ഇറച്ചിയല്ലെന്നും പോത്തിന്റെതാണെന്നും ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ കേൾക്കാൻ തയ്യാറായില്ല.

ഒരു പാത്രത്തിൽ ചൂട് വെള്ളമെടുക്കുയും അതിൽ ഈ മാംസം ഇട്ട ശേഷം ആവി ശ്വസിച്ച് ഇത് കാട്ടിറച്ചി തന്നെയാണ്, റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിക്കോ എന്നാണ് ഉദ്യോഗസ്‌ഥർ പരസ്പരം പറഞ്ഞത്. ഇരിങ്ങാലക്കുട സബ് ജയിലിൽ 39 ദിവസമാണ് സുജേഷ് ജയിൽവാസമനുഭവിച്ചത്. ജയിലിൽ പോയതോടെ സിഐടിയു യൂണിയന് കീഴിലെ ചുമട് തൊഴിൽ നഷ്ടപ്പെട്ടു. കേസിൽ പ്രതിയായതോടെ യൂണിയനിൽ നിന്ന് പുറത്തായിരുന്നു.

സുരേഷ് കെ എസ്, പിതാവ്
സുരേഷ് കെ എസ്, പിതാവ്

അറസ്റ്റോടെ ഭാര്യവീട്ടുകാരുമായും പ്രശ്നങ്ങൾ തുടങ്ങി. കേസിൽപ്പെട്ട, ജയിലിൽപോയ ആളുമായി ബന്ധം തുടരാനില്ലെന്ന് പറഞ്ഞ് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഔദ്യോഗികമായിത്തന്നെ ബന്ധം വേർപ്പെടുത്തേണ്ടിവന്നു. നാട്ടിലും പരിസരത്തും ഒരു കുറ്റവാളിയെപോലെയാണ് എല്ലാവരും കാണുന്നത്. ജയിലിൽ നിന്ന് ഇറങ്ങി മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണല്ലോ ഫലം വരുന്നത്. അതുവരെ ഞാൻ എന്റെ പക്ഷം പറയുമ്പോൾ കേൾക്കാൻ ആളില്ലായിരുന്നു.

ശാരീരികമായും മാനസികമായും ഞാൻ തളർന്നു. എന്റെ രണ്ട് മക്കളെ ഓർത്ത് മാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്. ഒരു രാത്രിയിൽ മാനസികനില തെറ്റി ആത്മഹത്യ ചെയ്യാനായി കുറിപ്പെഴുതിവെക്കുകപോലുമുണ്ടായി. മാസങ്ങളായി ഡിപ്രഷന് മരുന്ന് കുടിക്കുന്നു. രാത്രി ഓട്ടോ ഓടിയാണ് ഇപ്പോൾ കുടുംബം നോക്കുന്നത്. എന്റെ ആത്മാഭിമാനം, ജയിലിൽ കിടന്ന 39 ദിവസം, എന്റെ കുടുംബം എന്നിങ്ങനെ എന്റെ നഷ്ടങ്ങൾക്ക് ആരാണ് സമാധാനം പറയുക. എനിക്ക് നീതി ലഭിക്കുമോ എന്ന സുജേഷ് ചോദിക്കുന്നത്.

നമ്മളെ എല്ലാവരും പുച്ഛിക്കുകയല്ലേ.. എന്തിനാണ് മകനെ ജയിലിൽ പിടിച്ചിട്ടത് എന്ന് ഇപ്പോഴും അറിയില്ല. എല്ലാവരുടെയും മുന്നിൽ മകനെ കുറ്റവാളിയാക്കി. അവൻ ചുമടെടുത്തിട്ടാണ് ഈ കുടുംബം കഴിയുന്നത്. ഞങ്ങൾ ഏത് വാതിലിൽ മുട്ടണമെന്നാണ് ഇനി പറയുന്നതെന്ന് സുജേഷിന്റെ പിതാവ് സുരേഷ് കെ എസ് ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in