പ്രതിഷേധിച്ചവര്‍ പുറത്ത്, സിലബസ് പോലും നല്‍കുന്നില്ല; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

പ്രതിഷേധിച്ചവര്‍ പുറത്ത്, സിലബസ് പോലും നല്‍കുന്നില്ല; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

വാടക കെട്ടിടത്തില്‍ പഠനം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചവരെ പിരിച്ചുവിട്ട അധികൃതരുടെ നടപടിക്കെതിരെ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ദ ക്യുവിനോട് പറഞ്ഞു. 31 പേരുള്ള ബാച്ചില്‍ നാല് പേരാണ് വാടക കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റിയതില്‍ പ്രതിഷേധിച്ചത്. ഈ നാലുപേരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്താണ് മറ്റ് വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സമരം ചെയ്യുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ സി.എഫ്.എല്‍.ടി.സിയാക്കിയിരുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകിയതിനാലാണ് മറ്റൊരു ബദല്‍ സംവിധാനം ഒരുക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബദല്‍ സംവിധാനത്തില്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന യാതൊരു സൗകര്യവുമില്ലെന്നും സെമിസ്റ്റര്‍ പൂര്‍ത്തീകരിക്കാന്‍ സമയം കൂടുതല്‍ ചെലവഴിക്കേണ്ടിവരുമെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. ഇതിനെ ചോദ്യം ചെയ്തതിനാണ് നാല് വിദ്യാര്‍ഥികളെ പുറത്താക്കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതുകൂടാതെ, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സിലബസ് പോലും ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും പരാതികള്‍ ഉയരുന്നു.

കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ശ്രീദേവ് ദ ക്യുവിനോട് പറഞ്ഞത്:

ഞങ്ങളുടെ ക്ലാസ് തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോഴാണ് ലോക് ഡൗണ്‍ വന്നത്. ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ ആദ്യത്തെ സി.എഫ്.എല്‍.ടി.സിയായി എടുക്കുകയും ചെയ്തു. ഹോസ്റ്റല്‍ മാത്രമാണ് സി.എഫ്.എല്‍.ടിസിയാക്കിയത്. അതുകൊണ്ടുതന്നെ ലോക് ഡൗണ്‍ അവസാനിച്ചപ്പോള്‍ പ്രാക്ടികല്‍സിനായി ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നിരുന്നു. പ്രാക്ടിക്കല്‍ തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ഞങ്ങള്‍ക്ക് തിരിച്ചുപോകേണ്ടിയും വന്നു.

പിന്നീട്, സര്‍ക്കാര്‍ കോളേജുകളിലെ പിജി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് പുനരാരംഭിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ് വന്നു. അതിനടുത്ത ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഞങ്ങള്‍ക്കൊരു മെയില്‍ വന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയിലാണെന്നും അതുകൊണ്ട് പ്രാക്ടിക്കല്‍സ് പാലായിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നുമായിരുന്നു മെയിലില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ നാല് വിദ്യാര്‍ഥികള്‍ അതിന് വിസമ്മതിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ അതിനുള്ള സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യാതൊരു മുന്നറിയിപ്പും കൂടാതെ പ്രതിഷേധിച്ച നാല് വിദ്യാര്‍ഥികളെയും പുറത്താക്കി എന്ന വിവരമാണ് ഞങ്ങള്‍ അറിയുന്നത്.

അവരെ തിരിച്ചെടുക്കാതെ ആരും ക്ലാസില്‍ കയറില്ലെന്ന തീരുമാനത്തിലുറച്ച് സമരത്തിലാണ്. അത് മാത്രമല്ല, മൂന്ന് വര്‍ഷ കോഴ്‌സിന്റെ സിലബസ് ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. ഈ സിലബസ് നല്‍കണം, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ പഴയതുപോലെയാകണം, നീക്കം ചെയ്ത നാല് പേരെയും തിരിച്ചെടുക്കണം എന്ന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന സമരം ആവശ്യങ്ങള്‍ അംഗീകരിക്കാതെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in