സമരം പൊളിക്കാനുറച്ച് സർക്കാർ, ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ

സമരം പൊളിക്കാനുറച്ച് സർക്കാർ, ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ

ജാതി വിവേചനവും സംവരണ അട്ടിമറിയും തുടരുന്ന കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയ സാഹര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടും ഹോസ്റ്റലും അടച്ചിടാൻ സർക്കാർ. ഡയറക്ടറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം 25ാം ദിവസത്തിലേക്ക് കടക്കുന്നതിന്റെ ഭാ​ഗമായി റിലേ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സമരം നടത്തുന്ന വിദ്യാർത്ഥികൾ പ്രഖ്യാപിച്ചിരുന്നു. ക്രിസ്മസ് ദിനത്തിൽ നടക്കുന്ന നിരാഹാര സമരവും കാമ്പസിന് മുന്നിലെ സമരവും പൊളിക്കാനുള്ള നീക്കമെന്ന നിലയിലാണ് ജനുവരി 8വരെ ഹോസ്റ്റലും ഇൻസ്റ്റിറ്റ്യൂട്ടും അടച്ചിടാൻ ജില്ലാ കലക്ടറുടെ ഉത്തരവ് വന്നിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയും വിദ്യാർത്ഥി സംഘടന എസ്.എഫ്.ഐയും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രം​ഗത്ത് വന്നെങ്കിലും വിദ്യാർത്ഥികളുടെ ആവശ്യത്തോട് അനുകൂല സമീപനമല്ല സർക്കാരിൽ നിന്നുണ്ടാകുന്നത്. സമരം നടക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടും ഹോസ്റ്റലും അടച്ചിടാനുള്ള

കളക്ടറുടെ ഉത്തരവിലൂടെ സമാധാനപരമായി പോകുന്ന സമരത്തെ ഇല്ലാതാക്കാൻ നോക്കുകയാണെന്ന് വിദ്യാർത്ഥി കൂട്ടായ്മ. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ ദ ക്യുവിനോട് പ്രതികരിച്ചു.

സർക്കാർ ഒരു തരത്തിലും ഈ സമരത്തിൽ ഇടപെടുന്നില്ല. കുറെ കുട്ടികൾ ഒരു സ്ഥലത്തിരുന്ന് സമരം ചെയ്യുന്നു. സർക്കാർ വെറുതെ നോക്കി നിൽക്കുന്നു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉറപ്പ് നൽകാനെങ്കിലും ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ? സമരം ചെയ്യുന്നവരെ ഭയക്കുന്ന പീറ ഭരണകൂടമാണോ നമ്മുടേത്? കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്, അതിന്റെ സത്യാവസ്ഥ എന്താണെന്നെല്ലാം സർക്കാരിനറിയാം. സംവരണമെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന് പറയുന്നത് ഒരു ക്രിമിനൽ കുറ്റമാണ്.

ജിയോ ബേബി

പഠിക്കാൻ വീണ്ടും കമ്മീഷൻ

സമരം തുടരുന്ന വിദ്യാർത്ഥികൾ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയ വൻ പ്രതിഷേധം നടത്തുകയും ചലച്ചിത്ര മേഖലയില‍് നിന്ന് നിരവധി പേർ പിന്തുണയുമായി എത്തുകയും ചെയ്തതിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച കമ്മിറ്റി അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ രണ്ട് അഡീഷണൽ സെക്രട്ടറിമാരുൾപ്പെട്ട കമ്മിറ്റി സമരം നടത്തുന്ന വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. ഇതിന് പിന്നാലയാണ് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പുതിയ ഉന്നത തല കമ്മീഷനെ കഴിഞ്ഞ ദിവസം നിയോ​ഗിച്ചത്. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയും ഐ എം ജി ഡയറക്ടറുമായ ശ്രീ. കെ ജയകുമാർ ഐഎഎസ് (റിട്ട.), ന്യൂവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ ഡോ. എൻ കെ ജയകുമാർ എന്നിവരാണ് കമ്മീഷൻ. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം നൽകണമെന്നാണ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിൽ രണ്ടാഴ്ചത്തേക്ക് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കും നിർദ്ദേശം നൽകിയതായും കഴിഞ്ഞ ദിവസം സർക്കാർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

വിജയം വരെ പിന്തുണയെന്ന് എസ്.എഫ്.ഐ, ജാതിവെറിയൻമാരെ നീക്കണമെന്ന് ഡിവൈഎഫ്ഐ

ഐഎഫ്എഫ്കെ വേദിയിൽ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെത്തി പ്രതിഷേധിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആവശ്യത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ രം​ഗത്ത് വന്നിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർച്ചയായുണ്ടാകുന്ന വിദ്യാർഥിവിരുദ്ധ സമീപനം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഭൗതിക സാഹചര്യവും അക്കാദമിക് അന്തരീക്ഷവും ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മാസങ്ങൾക്കുമുമ്പ്‌ ഉദ്ഘാടനംചെയ്ത മിക്സിങ് സ്റ്റുഡിയോയിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നില്ല. സിലബസ് രൂപീകരണമടക്കമുള്ള കാര്യങ്ങളിൽ സുതാര്യമായ സംവിധാനമില്ല. അക്കാദമിക് ഭരണസമിതികളിൽ വിദ്യാർഥി പ്രാതിനിധ്യമോ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പങ്കാളിത്തമോ ഇല്ല.

എത്രയും പെട്ടന്ന് ഇതിനൊരു തീരുമാനമുണ്ടാക്കണം. ഡയറക്ടറെ മാറ്റണം എന്നത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. മന്ത്രി കൃത്യമായി ഇടപെടുകയും നടപടി സ്വീകരിക്കുകയും ചെയ്യണം. ഈ സ്ഥാപനം ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന് കീഴിലുള്ളതാണ്, അക്കാഡമിയുടെയോ, കെ.എസ്.എഫ്.ഡി.സി യുടെ കീഴിലുമല്ല. അതുകൊണ്ടു തന്നെ മന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ഇത് ഈ വിഷയങ്ങളെല്ലാം ശ്രദ്ധിക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും വലിയ പ്രശ്നമായി തോന്നുന്നത്. മറ്റുള്ളവർക്ക് ഇത് വലിയ പ്രശ്‌നമായൊന്നും തോന്നുന്നുണ്ടാകില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ വിദ്യാർത്ഥി യുവജന സംഘടനകൾ ഇടപെടാത്തതെന്ന് തോന്നുന്നു. ഇതിൽ ഇടപെട്ടതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നവർ കരുതുന്നുണ്ടാകും.

മഹേഷ് നാരായണൻ

അടൂർ ​ഗോപാലകൃഷ്ണനും ശങ്കർ മോഹനും
അടൂർ ​ഗോപാലകൃഷ്ണനും ശങ്കർ മോഹനും

ജാതിവെറിയന്മാരെ സ്ഥാനത്തുനിന്ന് നീക്കി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ഉണ്ടായിരുന്നു. സമരം വിജയിക്കുന്നതുവരെ വിദ്യാർഥികൾക്കൊപ്പം നിൽക്കുമെന്ന്‌ എസ്‌എഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്‌. എസ്എഫ്ഐ സംസ്ഥാന നേതാക്കൾ കോട്ടയം കെ ആർ നാരായണൻ കാമ്പസിലെത്തിയ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഡ്യമറിയിച്ചിരുന്നു.

കുറെ ദിവസത്തേക്ക് അവരെ അവിടെ നിന്ന് മാറ്റി നിർത്തിയാൽ അവർ സ്വയം ഒഴിഞ്ഞു പൊയ്ക്കോളും എന്ന തോന്നലിൽ നിന്നായിരിക്കും ഇത്തരം ഉത്തരവുകൾ വരുന്നത്. ബോംബെറിയുന്നതും, ആളുകളുടെ കാലും കയ്യും തല്ലിയൊടിക്കുന്നതുമായ സമരങ്ങൾ കാണുമ്പോൾ ആർക്കും ഇങ്ങനെ തോന്നാറില്ലല്ലോ. കേരളത്തിൽ ഇത് നടക്കില്ല എന്ന് പറഞ്ഞ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ പ്രശ്നം തീരുമായിരുന്നു.

സജിത മഠത്തിൽ

Related Stories

No stories found.
logo
The Cue
www.thecue.in