കെ.എസ്.ആർ.ടി.സി കൺസഷൻ പരിധി നിശ്ചയിക്കുന്നതിനെതിരെ വിദ്യാർത്ഥി സംഘടനകൾ

കെ.എസ്.ആർ.ടി.സി കൺസഷൻ പരിധി നിശ്ചയിക്കുന്നതിനെതിരെ 
വിദ്യാർത്ഥി സംഘടനകൾ
Summary

സ്വാശ്രയ കോളേജുകളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ കൺസഷൻ പരിധിക്കു പുറത്താകാൻ സാധ്യതയുണ്ട്. സമരങ്ങളിലൂടെ നേടിയെടുത്തതാണ് വിദ്യാർത്ഥി കൺസഷൻ. ഈ കള്ളക്കളിക്കു കൂട്ടുനിൽക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് കഴിയില്ല. കൺസഷൻ പരിധിക്കെതിരെ വിദ്യാർത്ഥി നേതാക്കൾ

സ്വകാര്യ ബസുകളിലെ വിദ്യാർത്ഥികളുടെ കൺസഷൻ മിക്കപ്പോഴും കേരളത്തിൽ ചർച്ചകൾക്ക് വഴി തുറക്കാറുള്ളതാണ്. എന്നാലിപ്പോൾ കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നൽകിവരുന്ന കൺസഷനുകൾ പരിമിതപ്പെടുത്തി പുതിയ ഉത്തരവ് വന്നിരിക്കുകയാണ്.

25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കിയാണ് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം, പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. ഈ തീരുമാനത്തെ പിന്തുണച്ച്, ഗതാഗത മന്ത്രി ആന്റണി രാജു അർഹരായവർക്ക്‌ മാത്രമേ കൺസഷൻ ലഭ്യമാകൂ എന്ന് പറഞ്ഞിരുന്നു. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസില്‍ പഠിക്കുന്നവരും കണ്‍സഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ. എസ്. ആർ. ടി. സിയുടെ ഈ ഉത്തരവ് ശക്തമായി എതിർത്തുകൊണ്ട് വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്. സമരം ചെയ്തു നേടിയ അവകാശങ്ങളുടെ കടയ്ക്കൽ കത്തി വെയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്ന സമീപനമാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നതെന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഇതൊരു കള്ളക്കളിയാണെന്ന് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസയും പറയുന്നു. കെ.എസ്.ആർ.ടി.സി നഷ്ടത്തിലാവുന്നതിന്റെ കാരണം വിദ്യാർത്ഥികളുടെ തലയിൽ വെയ്ക്കുന്നത് ഒരുതരം രക്ഷപെടലാണ് എന്ന് മുൻ എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും അഭിപ്രായപ്പെട്ടു.

ഈ തീരുമാനം അംഗീകരിക്കാനാവില്ല: എസ് എഫ് ഐ

നിരവധി സമരങ്ങളുടെ ഉല്പന്നമാണ് വിദ്യാർത്ഥികളുടെ കൺസഷൻ. മറ്റു സംസ്ഥാനങ്ങളിൽ നിലവിൽ വിദ്യാർത്ഥി കൺസഷൻ ഇല്ലാത്തതിനാൽ, അതാവശ്യപ്പെട്ടുകൊണ്ട് സമരങ്ങൾ ആരംഭിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാൽ ഇവിടെ വർഷങ്ങളായി സമരം ചെയ്ത് നമ്മൾ നേടിയെടുത്ത വിദ്യാർത്ഥി കൺസഷൻ എന്ന അവകാശത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു.

നിലവിൽ വിദ്യാർത്ഥികളുടെ കൺസഷനുകളുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ ഉത്തരവിൽ വിദ്യാർത്ഥികളുടെ പ്രായപരിധിയും, സാമ്പത്തിക പരിധിയും മാനദണ്ഡമാക്കുമ്പോൾ സ്വാഭാവികമായും സ്വാശ്രയ കോളേജുകളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ കൺസഷൻ പരിധിക്കു പുറത്താകാൻ സാധ്യതയുണ്ട്. ഇപ്പോൾ പ്രായപരിധി ഇല്ലാത്ത ധാരാളം കോഴ്‌സുകളിൽ നമ്മുടെ നാട്ടിലെ 25 വയസ്സിനു മുകളിൽ പ്രായമുള്ള ഒരുപാട് വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. എന്നാൽ ഈ വിദ്യാർത്ഥികളെയെല്ലാം കൺസഷനു വേണ്ടി പരിഗണിക്കാത്ത ഒരു തീരുമാനം ആണിപ്പോൾ വന്നിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. അതിനാൽ ഈ ഉത്തരവ് തിരുത്തി, അത് പിൻവലിക്കണമെന്ന ആവശ്യം എസ്.എഫ്.ഐ മുന്നോട്ട് വെച്ചിട്ടുണ്ട്. സമീപകാലങ്ങളിൽ വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് നമ്മൾ ഉയർത്തിയ ആശങ്കകൾ ആ നിലയിൽ തന്നെ പരിഗണിക്കുന്നതിന് സർക്കാർ തയ്യാറായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിലും വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്ത്, അഭിപ്രായങ്ങൾ കേട്ട്, വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഗണിച്ച് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഇതിനു വിപരീതമായി, തീരുമാനം തുടർന്ന് കൊണ്ട് പോകുകയാണെങ്കിൽ എസ്.എഫ്.ഐ സമരങ്ങളിലേക്ക് കടക്കും. കഴിഞ്ഞ ദിവസം, അർഹരായവർക്ക്‌ മാത്രമേ കൺസഷൻ ആനുകൂല്യം ലഭിക്കു എന്ന് ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥത്തിൽ എല്ലാ വിദ്യാർത്ഥികളും കൺസഷന് അർഹരാണ്. അവിടെ ഒരു വേർതിരിവിന്റെ ആവശ്യം ഉണ്ടാവുന്നില്ല എന്നും ആർഷോ ദി ക്യൂവിനോട് പറഞ്ഞു.

പി എം ആർഷോ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി
പി എം ആർഷോ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി

കൺസഷൻ വെട്ടിക്കുറയ്ക്കുന്നത് വിദ്യാർത്ഥി വിരുദ്ധം: കെ എസ് യു

കൺസഷൻ വിദ്യാർത്ഥികളുടെ അവകാശമാണ്. KSRTC എം ഡി യുടെയോ സർക്കാരിന്റെയോ ഔദാര്യമല്ല. അതിനാൽ കെ.എസ്.ആർ.ടി.സി യിലെ വിദ്യാർത്ഥികളുടെ കൺസഷൻ ആട്ടിമറിക്കാനുള്ള നീക്കത്തിൽ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന് കെ എസ് യു നേതൃത്വം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറയുന്നു. കെ.എസ്.ആർ.ടി.സിയുടെ കെടുകാര്യസ്ഥതയിൽ വിദ്യാർത്ഥികളുടെ മെക്കിട്ട് കയറേണ്ടതില്ല. സമരങ്ങളിലൂടെ നേടിയെടുത്തതാണ് വിദ്യാർത്ഥി കൺസഷൻ. അത് അട്ടിമറിക്കാനുള്ള KSRTC യുടെ നീക്കത്തെ ശക്തമായി പ്രതിരോധിക്കും. അൺഎയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മറ്റു സ്ഥാപനങ്ങളിലേതു പോലെ തന്നെ കൺസഷൻ അവകാശമുള്ളവരാണ്. അവരെ കൺസഷൻ നേടുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല. 25 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകില്ല എന്നുള്ള നിലപാട് വിദ്യാർത്ഥി വിരുദ്ധമാണ്. വിദ്യാർത്ഥികളെ സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കുന്ന സമീപനമാണ് സർക്കാർ എ.പി.എൽ ,ബി.പി.എൽ എന്ന നിലയിൽ വിദ്യാർത്ഥി കൺസഷൻ വേർതിരിക്കുന്നതിലൂടെ സൃഷ്ടിക്കുന്നതെന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.

അലോഷ്യസ് സേവ്യർ,  കെ എസ് യു സംസ്ഥാന പ്രസിഡന്റ്
അലോഷ്യസ് സേവ്യർ, കെ എസ് യു സംസ്ഥാന പ്രസിഡന്റ്

ഈ കള്ളക്കളിക്കു കൂട്ടുനിൽക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് കഴിയില്ല: എം എസ് എഫ്

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെയായിരിക്കും ഇപ്പോൾ വന്ന ഈ തീരുമാനം ഏറ്റവുമധികം ബാധിക്കാൻ പോകുന്നത്. അവരുടെ യാത്ര സൗകര്യത്തിനെയും വിദ്യാഭ്യാസ സൗകര്യത്തിനെയും ചോദ്യം ചെയ്യുന്ന തീരുമാനമാണിത്. ഇനി കൺസഷൻ ഒഴിവാക്കിയെങ്കിൽ കൂടിയും കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായിരിക്കുന്ന നഷ്ട്ടങ്ങൾ ഇതുവഴി നികത്താൻ സാധിക്കില്ല എന്ന അഭിപ്രായമാണ് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ പങ്കുവെയ്ക്കുന്നത്. കൺസഷനുമായി ബന്ധപ്പെട്ട ചർച്ചകൾ പരിശോധിച്ചാൽ കേരളത്തിൽ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ കുറവാണ്. അതായത് ഒരേ റൂട്ടിലോടുന്ന കെഎസ്ആർടിസിയെക്കാൾ സ്വകാര്യബസിനെയാണ് കുട്ടികൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. ആ സാഹചര്യത്തിൽ ഒരു കള്ളക്കളിയുടെ സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. അതായത്, ഇപ്പോൾ കെഎസ്ആർടിസി ഇങ്ങനെയൊരു ആവശ്യമുന്നയിക്കുകയും അത് അംഗീകരിക്കുകയും ചെയ്‌താൽ സ്വകാര്യ ബസുകളും സമാന ആവശ്യവുമായി മുന്നോട്ട് വരും. തുടർന്ന് കോടതിയിലും മറ്റും ചെല്ലുന്ന കേസ് അവസാനം കൺസഷൻ എന്ന സമ്പ്രദായം പോലും സർക്കാർ ഇല്ലാതാക്കുന്ന ഘട്ടത്തിലേക്ക് നീങ്ങും. അതുകൊണ്ടു തന്നെ ഈ കള്ളക്കളിക്കു കൂട്ടുനിൽക്കാൻ വിദ്യാർത്ഥി സംഘടനകൾക്ക് കഴിയില്ല. അതിനാൽ ഉടനടി ഈ ഉത്തരവ് പിൻവലിക്കണ്ടത് അത്യാവശ്യമാണ് എന്നും റുമൈസ ദി ക്യൂവിനോട് പറഞ്ഞു.

റുമൈസ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി
റുമൈസ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി

കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിന്റെ കാരണം വിദ്യാർത്ഥികളുടെ തലയിൽ വെയ്ക്കുന്നത് ഒരുതരം രക്ഷപെടലാണ്: നജ്മ തബ്ഷീറ

അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവരെല്ലാം പണമുള്ളവരാണെന്ന ധാരണ തന്നെയാണ് ഒന്നാമത്തെ പ്രശ്നമെന്നാണ് മുൻ എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ചൂണ്ടിക്കാട്ടുന്നത്. യാത്ര ചെയ്യുന്ന വിദ്യാർത്ഥിയുടെ സാമ്പത്തിക ചുറ്റുപാടും, അവർ പഠിക്കുന്ന സ്ഥാപനത്തിന്റെ ചുറ്റുപാടും പരിഗണിച്ച് വിദ്യാർത്ഥികളുടെ കൺസഷൻ തീരുമാനിക്കുന്നത് തീർത്തും തെറ്റായ പ്രവണതയാണ്. വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായമായി അനുവദിച്ചു നൽകേണ്ടതല്ല യാത്രാ സൗജന്യം. പണമുള്ളവന്, പണമില്ലാത്തവന് എന്ന അടിസ്ഥാനത്തിൽ വേർതിരിച്ചു നൽകേണ്ടതുമല്ല അത്. പഠിക്കുക എന്നത് മൗലികാവകാശമാവുന്ന നാട്ടിൽ, പഠിക്കാനുള്ള സാഹചര്യമൊരുക്കി കൊടുക്കുക എന്നത് സർക്കാരുകളുടെ നിർബന്ധിത ഉത്തരവാദിത്തമാണ്. അവകാശം എന്ന വാക്കിന്റെ അർത്ഥത്തെ അവഗണിച്ചുകൊണ്ടുള്ള നയങ്ങളും നിലപാടുകളുമാണ് സർക്കാർ പൊതുവിൽ സ്വീകരിക്കുന്നത്. അതിനുദാഹരണമാണ് സവർണ സംവരണം. അതിന്റെ തുടർച്ചയെന്നോണമായി മാത്രമേ ഈ വിഷയത്തെയും കാണാൻ കഴിയുന്നുള്ളൂ. സാമൂഹിക നീതി ഉറപ്പുവരുത്താൻ അധികാരികൾ നിർബന്ധമായും കൈക്കൊള്ളേണ്ടുന്ന ഉത്തരവാദിത്തമാണ്. ഈ കൺസഷനെയും അതേ പ്രാധാന്യത്തോടെ വേണം കാണാൻ. കെ.എസ്.ആർ.ടി.സി നഷ്ടത്തിലാവുന്നതിന്റെ കാരണം വിദ്യാർത്ഥികളുടെ തലയിൽ വെയ്ക്കുന്നത് ഒരുതരം രക്ഷപെടലാണ്. കാരണം, നടത്തിപ്പിലെ പിടിപ്പുകേട് കൊണ്ട് മാത്രമാണ് ഇത്തരത്തിൽ നഷ്ടത്തിലോടേണ്ടി വരുന്നത്. അത് വിദ്യാർത്ഥികളുടെ കൺസഷൻ കാരണമാണെന്ന് പറയുന്നത് വെറും മുടന്തൻ ന്യായം മാത്രമാണ്. ഇതിനു പിന്നാലെ സ്വകാര്യ ബസുകൾക്കും ഇതേ തീരുമാനം ബാധകമാക്കണമെന്നാവശ്യപ്പെട്ട ചർച്ചകൾ വിദ്യാർത്ഥികളുടെ ഭാവി അനശ്ചിതത്വത്തിലാക്കുന്ന കാര്യമാണെന്ന് നജ്മ ഓർമ്മപ്പെടുത്തുന്നു.

നജ്മ തബ്ഷീറ, മുൻ എം.എസ്.എഫ്  ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി
നജ്മ തബ്ഷീറ, മുൻ എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി

നഷ്ടത്തിലായ കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാൻ സർക്കാർ കണ്ടുപിടിച്ച പുതിയ നയങ്ങൾക്കെതിരെ ഭരണ-പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഒന്നടങ്കം വിയോജിപ്പ് രേഖപ്പെടുത്തുകയാണ്. പൊരുതി നേടിയ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ അതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് അവർ. രണ്ടു രൂപ കൺസഷൻ വിദ്യാർത്ഥികൾക്ക് പോലും നാണക്കേടാണെന്ന് ഗതാഗത മന്ത്രി പറഞ്ഞ് ഏകദേശം ഒരു വർഷം ആവുന്ന വേളയിലാണ് ഇത്തരത്തിൽ വീണ്ടുമൊരു വിവാദം ഉയർന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in