40വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും ക്രൂരവും മൃഗീയവുമായ അറസ്റ്റ്, പി. സായ്‌നാഥ് മുഖ്യമന്ത്രിക്കയച്ച കത്ത്

40വര്‍ഷത്തിനിടെ ഞാന്‍ കണ്ട ഏറ്റവും ക്രൂരവും മൃഗീയവുമായ അറസ്റ്റ്, പി. സായ്‌നാഥ് മുഖ്യമന്ത്രിക്കയച്ച കത്ത്

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.സായ്‌നാഥ്. നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ മാധ്യമ പ്രവര്‍ത്തന ജീവിതത്തിനിടെ കണ്ട ഏറ്റവും അപലപിക്കപ്പെടേണ്ടതും ക്രൂരവും നിന്ദ്യവും മൃഗീയവുമായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് ഇതായിരുന്നുവെന്നും പി.സായ്‌നാഥ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

കത്ത് കിട്ടിയ ഉടന്‍ വിഷയത്തില്‍ ഇടപെടുമെന്നും കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചു കൊണ്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉടന്‍ കത്തെഴുതുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് തന്നെ അറിയിച്ചതായി സായ്നാഥ് അറിയിച്ചു.

പി.സായ്‌നാഥ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്

പ്രിയമുള്ള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍,

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി അന്യായമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായി ഇടപെടണം എന്ന് ഞാന്‍ അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.

താങ്കള്‍ക്ക് അറിയാവുന്നത് പോലെ കാപ്പന്‍ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലാകുന്നത് രണ്ടായിരത്തി ഇരുപത് ഒക്ടോബര്‍ അഞ്ചിനാണ്. ഹത്രാസില്‍ നടന്ന അനഭിലഷണീയമായ സംഭവ വികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് അദ്ദേഹം അവിടെ പോയത്. അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം കഴിഞ്ഞു നവംബര്‍ രണ്ടിന് മാത്രമാണ് കാപ്പന് സ്വന്തം കുടുംബത്തിന് ഒന്ന് ഫോണ്‍ ചെയ്യാന്‍ പോലും അനുവാദം കിട്ടിയത്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നിയോഗിച്ച അദ്ദേഹത്തിന്റെ വക്കീലിന് കാപ്പനുമായി ബന്ധപ്പെടാനും ആഴ്ചകള്‍ കാത്തിരിക്കേണ്ടി വന്നു. പ്രമുഖ മലയാളം പോര്‍ട്ടലുകളിലും മാസികകളിലും എഴുതിയിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ കാപ്പനെ യുഎപിഎ ചുമത്തി ദേശദ്രോഹത്തിനും സാമൂഹിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് അറസ്റ്റ് ചെയ്തത് എന്നതും താങ്കള്‍ക്ക് അറിവുള്ളതാണ്.

മേല്പറഞ്ഞ കുറ്റാരോപണങ്ങളില്‍ ഒരംശം പോലും സത്യമില്ല. എന്നാല്‍ കഴിഞ്ഞ കുറെ വര്ഷങ്ങളായി രാജ്യത്ത് നടക്കുന്ന ചിലതരം അറസ്റ്റുകളുടെ സ്വഭാവം ഇത് വെളിവാക്കുന്നുണ്ട്. പൊലീസിന് ആരുടെ മേലും ഗൂഢാലോചന കുറ്റം ആരോപിച്ച് അറസ്റ്റ് നടത്താം. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ആണോ എന്ന് പോലും പോലീസ് നോക്കാറില്ല. കോടതികളുടെ തീരുമാനം വരാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നതാണ് ഇത്തരം കേസുകള്‍ എടുക്കുന്ന പോലീസുകാരുടെ സൗകര്യം. എല്ലാ പൗരാവകാശങ്ങളും നിഹനിക്കുന്ന അറസ്റ്റുകളും കരുതല്‍ തടങ്കലുകളും തുറുങ്കില്‍ അടയ്ക്കലുകളും നിര്‍ബാധം തുടരുകയാണ്. തുടര്‍ച്ചയായ കാരാഗ്രഹ വാസവും സ്വഭാവഹത്യയും വഴി പോലീസും അധികാരികളും വ്യക്തിയുടെ അവശേഷിക്കുന്ന ആത്മബലം കൂടി ഇല്ലാതാക്കും. ഇത്തരം സംഭവങ്ങള്‍ ആയിരക്കണക്കിന് രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് ഭീതിതമായ ഒരു സന്ദേശമാണ്.

നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ മാധ്യമ പ്രവര്‍ത്തകനാണ്. ഈ വര്‍ഷങ്ങളില്‍ ഞാന്‍ കണ്ട ഏറ്റവും അപലപിക്കപ്പെടേണ്ടതും ക്രൂരവും നിന്ദ്യവും മൃഗീയവുമായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് ഇതായിരുന്നു എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. കാപ്പനെ മോചിപ്പിക്കാനും നീതിയുറപ്പാക്കാനും കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണ്. കേരള സര്‍ക്കാര്‍ ഇനിയും വൈകിക്കാതെ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഞാന്‍ അങ്ങയോട് വിനയപുരസ്സരം അപേക്ഷിക്കുന്നു. ഉത്തരപ്രദേശ് സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തു പരിഹാരമുണ്ടാക്കാനും അദ്ദേഹത്തെ കാരാഗൃഹത്തില്‍ നിന്നും മോചിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഇനിയും വിമുഖത കാട്ടരുത്.

അങ്ങനെ താങ്കളും താങ്കളുടെ സര്‍ക്കാരും ചെയ്യുന്നു എങ്കില്‍ അത് സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി മാധ്യമപ്രവര്ത്തകന് വേണ്ടി മാത്രമല്ല രാജ്യത്തെങ്ങും ഭീഷണിയും ഭരണകൂട ഭീകരതയും പോലീസ് അതിക്രമങ്ങളും നേരിടുന്ന മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള വലിയ ഇടപെടലായിരിക്കും. ലോകത്തെ മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം അനുനിമിഷം താഴുകയാണ്.

താങ്കളുടെ വിശ്വസ്തന്‍

പി സായ്നാഥ്

പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in