കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ച് എസ്.എഫ്.ഐ; തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം

കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ച് എസ്.എഫ്.ഐ; തിരുവനന്തപുരം ലോ കോളേജില്‍ സംഘര്‍ഷം

തിരുവനന്തപുരം ലോ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്‌നയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചു.

സഫ്‌നയെ നിലത്തിട്ട് വലിക്കുന്നതിന്റെയും കയ്യേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ കെ.എസ്.യു പുറത്തുവിട്ടു. യൂണിയന്‍ ഉദ്ഘാടനത്തിന്റെ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഘര്‍ഷം.

തിരുവനന്തപുരം ലോ കോളേജ് തെരഞ്ഞെടുപ്പില്‍ കെ.എസ്.യു ഒരു ജനറല്‍ സീറ്റിലും മൂന്ന് റപ്രസന്റേറ്റീവ് സീറ്റിലും വിജയിച്ചിരുന്നു. ഈ പ്രതികാരമാണ് ആക്രമണത്തിലേക്ക് നയിച്ചിരിക്കുന്നത് എന്നാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കോളേജിനകത്തെ സംഘര്‍ഷത്തിന് പുറമെ കെ.എസ്.യു പ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടില്‍ കയറിയും എസ്.എഫ്. ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് പരാതി.

സംഭവത്തില്‍ എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐയുടെ പരാതിയില്‍ കെ.എസ്.യുവിനെതിരെയും കേസെടുത്തു.

കോളേജിനുള്ളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ വലിച്ചിഴച്ചുവെന്നും മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനമേറ്റ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന പറഞ്ഞു.

സഫ്‌നയുടെ വാക്കുകള്‍

രാത്രി എട്ടരയോട് അടുപ്പിച്ച് കോളേജിന് പുറത്തേക്ക് പോകുന്ന സമയത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

എന്നെയും ആഷിഖിനെയും മിഥിനെയുമാണ് കോളേജിനുള്ളില്‍ ആക്രമിച്ചത്. അതിന് ശേഷം ദേവനാരായണനെയും അവന്റെ കൂടെയുണ്ടായിരുന്ന പത്ത് പേരെയും വീട്ടിനകത്ത് കയറി തല്ലുകയും തേപ്പ് പെട്ടി അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന എല്ലാ സാധനങ്ങളും നശിപ്പിച്ച് കളഞ്ഞു. കോളേജിനുള്ളില്‍ എന്നെ വലിച്ചിഴയ്ക്കുകയാണ് ഉണ്ടായത്. ഇതിന് മുമ്പും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഞങ്ങളെ ആക്രമിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.

ഞങ്ങള്‍ക്ക് നീതി ലഭിക്കണം. ഇനിയൊരു വിദ്യാര്‍ത്ഥിക്കും ഇതുപോലെയൊരു അവസ്ഥയുണ്ടാകാന്‍ പാടില്ല. ഇത് വളരെ നീചവും ക്രൂരവുമായിട്ടുള്ള കാര്യമാണ്.

പ്രത്യേകിച്ച് ഞങ്ങളെ പോലെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടി വരുന്നത്. വ്യത്യസ്തമായ രാഷ്ട്രീയ ആശയങ്ങള്‍ ഉണ്ടെന്ന് കരുതി ഞങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുക എന്ന് പറയുന്നത് ഒരിക്കലും നീതികരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ വൈരാഗ്യമാകാം അക്രമത്തിലേക്ക് നയിച്ചത്.

ഇനി നീ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചാല്‍ ഈ കോളേജില്‍ പഠിക്കില്ലെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്ന് മര്‍ദ്ദനമേറ്റ ആണ്‍കുട്ടി പറഞ്ഞു. ഇപ്പോഴത്തെ എസ്.എഫ്.ഐയുടെ യൂണിറ്റ് പ്രസിഡന്റ് സാബിത്ത് മുന്‍ യൂണിറ്റ് പ്രസിഡന്റ് അഭിനന്ദ് എന്നിവരടക്കമാണ് മര്‍ദ്ദിച്ചതെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.

എസ്.എഫ്.ഐയുടെ ഭീകര നൃത്തമായിരുന്നു ചൊവ്വാഴ്ച തിരുവനന്തപുരം ലോ കോളേജില്‍ കണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ നവോര്‍ത്ഥാനവം സ്ത്രീപക്ഷ സ്‌നേഹവും സ്ത്രീപക്ഷ കേരളവും എന്താണെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ ഇവര്‍ ഇന്നലെ കൈകാര്യം ചെയ്തതിലൂടെ നമ്മള്‍ കണ്ടതാണ്.

ഒരു പെണ്‍കുട്ടിയെ പത്തൊമ്പത് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നിലത്തിട്ട് വലിച്ചിഴക്കുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് ചൊവ്വാഴ്ച പുറത്ത് വന്നതെന്നും ഷാഫി പറമ്പില്‍.

ഷാഫി പറമ്പില്‍ പറഞ്ഞത്

മദ്യപിച്ചെത്തിയ ഏതാനും ഗുണ്ടകളുടെ നിര്‍ദേശത്തില്‍ ഇപ്പോള്‍ അവിടെ പഠിക്കുന്നവരും പഠിക്കാത്തവരുമായിട്ടുള്ള ഒരു സംഘം ആക്രമികള്‍ പെണ്‍കുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ടിഴച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും വീടുകളും തെരഞ്ഞുപിടിച്ച്, ഡി.വൈ.എഫ്.ഐയുടെ ചില ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിക്കാന്‍ മുന്‍കൂട്ടി തീരുമാനമെടുത്ത് വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. ആളെക്കൂട്ടി വന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടുപകരണങ്ങളെല്ലാം നശിപ്പിച്ച് അതിന്റെ കഷ്ണങ്ങളെടുത്ത് കുട്ടികളുടെ കാല് തല്ലി പൊളിച്ചു.

കണ്ണിനു കഴുത്തിനുമെല്ലാം പരിക്കേല്‍പ്പിക്കുന്ന ഭീകരനൃത്തമായിരുന്നു ഇന്നലെ അവര്‍ ആടിയത്. ഇവരുടെ നവോര്‍ത്ഥനവം സ്ത്രീപക്ഷ സ്‌നേഹവും സ്ത്രീപക്ഷ കേരളവും എന്താണെന്ന് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റിനെ ഇവര്‍ ഇന്നലെ കൈകാര്യം ചെയ്തതിലൂടെ നമ്മള്‍ കണ്ടതാണ്. ഒരു പെണ്‍കുട്ടിയെ പത്തൊമ്പത് ആണ്‍കുട്ടികള്‍ ചേര്‍ന്ന് നിലത്തിട്ട് വലിച്ചിഴക്കുന്ന ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ദൃശ്യങ്ങളാണ് നിങ്ങള്‍ ഇന്നലെ കണ്ടത്.

അതേസമയം നേരത്തെ പലതവണ സംഘര്‍ഷമുണ്ടാക്കി നടപടി നേരിട്ടവരാണ് ഈ ആളുകള്‍. യൂണിയന്‍ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരിലാണ് ഇത്തരത്തിലൊരു ബഹളമുണ്ടായതെന്നാണ് എസ്.എഫ്.ഐ വിശദീകരണം. വനിതാ നേതാവിനെ ആക്രമിച്ചിട്ടില്ല എന്നാണ് എസ്.എഫ്.ഐ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in