ലൈം​ഗികാതിക്രമം ചെറിയ പ്രശ്നമല്ല; ഇഫ്ലുവിലെ വിദ്യാർഥി സമരം തുടരുന്നു

ലൈം​ഗികാതിക്രമം ചെറിയ പ്രശ്നമല്ല; ഇഫ്ലുവിലെ വിദ്യാർഥി സമരം തുടരുന്നു

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറീൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തിൽ നടപടി വൈകുന്നതിനെതിരെയായി വിദ്യാർത്ഥികൾ നടത്തുന്ന സമരം പതിനാറ് ദിവസം പിന്നിട്ടു. ഒക്‌ടോബർ 19 ന് തുടങ്ങിയ സമരം മാധ്യമശ്രദ്ധ നേടാൻ തുടങ്ങിയപ്പോൾ നടക്കാതെ പോയ എം എസ് എഫ് ന്റെ പലസ്തീൻ അനുബന്ധ പരിപാടിയുമായി കൂട്ടികലർത്താൻ ശ്രമിച്ചുകൊണ്ട് പ്രശ്നത്തെ വർഗീയവത്കരിക്കാനാണ് ക്യാമ്പസ് അധികൃതർ ശ്രമിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. പ്രതിഷേധം നടത്തിയ 11 വിദ്യാർത്ഥികൾക്കെതിരെ തെലങ്കാന പോലീസ് കലാപാഹ്വാനത്തിന് FIR ഫയൽ ചെയ്തുവെന്നും അതേസമയം കേരളത്തിലായിരുന്ന വിദ്യാർത്ഥിക്കെതിരെയും FIR ഫയൽ ചെയ്തത് സമരം അടിച്ചമർത്താനുള്ള ബോധപൂർവമായ നീക്കമായാണ് കാണാൻ കഴിയുന്നതെന്നും വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.

ആദ്യം മറച്ചുപിടിക്കാനും പിന്നീട് ചെറിയ പ്രശ്നമെന്ന നിലയിൽ നിസാരവത്കരിക്കാനും ശ്രമിച്ച അധികൃതർക്കെതിരെ വിദ്യാർഥികൾ സമരത്തിലാണ്

ഒക്ടോബർ 18 ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും നടപടികളിൽ പുരോഗതിയിലെന്നാണ് പരാതി. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്ഐആർ പിൻവലിക്കുക, പ്രവർത്തന രഹിതമായ SPARSH (Sensitization, Prevention and Redressal of Sexual Harassment) കമ്മിറ്റി പുനഃസ്ഥാപിക്കുക, കാലാവധി കഴിഞ്ഞിട്ടും തുടരുന്ന വി.സിയെ നീക്കം ചെയ്യുക തുടങ്ങിയ ആറോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികളുടെ സമരം.

ഒക്ടോബർ 18 ബുധനാഴ്ച രാത്രി 10 മണിക്കാണ് ക്യാമ്പസ്സിന്റെ മൂന്നാം ഗേറ്റിനടുത്ത് വെച്ച് വിദ്യാർത്ഥിനി ആക്രമിക്കപ്പെട്ടത്.

സർവ്വകലാശാലയിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുക, തടയുക, പരിഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചുള്ള സ്പാർഷ് കമ്മിറ്റി പ്രവർത്തനരഹിതമാണെന്നും ഇത് പുതുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം നടന്ന് ദിവസങ്ങൾക്കുളിലാണ് ക്യാമ്പസ്സിൽ വിദ്യാർത്ഥിനിക്ക് ഇത്തരത്തിൽ ഒരു ദുരനുഭവം നേരിടേണ്ടി വരുന്നത്. എന്നിട്ടും വിഷയം മറച്ചുവെക്കാനാണ് ആദ്യം അധികൃതർ ശ്രമിച്ചതെന്ന് ഇഫ്ലു സ്റ്റുഡന്റ്സ് കമ്മിറ്റിയം​ഗം ദ ക്യുവിനോട് പറഞ്ഞു.

ഹെൽത്‌സെന്ററിൽ നിന്ന് വളരെ മോശമായ അനുഭവമാണ്ണ് വിദ്യാർഥിനിക്ക് നേരിടേണ്ടി വന്നത്. വിക്‌ടിം ബ്ലെയ്‌മിങ് ആണ് അവിടെ നടന്നത് , എന്തിനാണ് രാത്രി ഇത്രയും വൈകി അവിടെയൊക്കെ പോയതെന്നും, ആരോടും ഇതേപ്പറ്റി പറയേണ്ട എന്നുമാണ് ആദ്യം പറഞ്ഞിരുന്നത്. അവിടെ നിന്ന് ആ കുട്ടി നേരിട്ട വിക്‌ടിം ബ്ലെയ്‌മിങ്നെ ചോദ്യം ചെയ്ത്കൊണ്ടുകൂടിയാണ് സമരം ആരംഭിച്ചത്.

ഇഫ്ലു സ്റ്റുഡന്റസ് കളക്റ്റീവ് അംഗം

പ്രതിഷേധം മാധ്യമശ്രദ്ധ നേടിയപ്പോൾ ക്യാമ്പസിൽ നടക്കാതെ പോയ എം എസ് എഫ് ന്റെ പലസ്തീൻ അനുബന്ധ പരിപാടിയുമായി കൂട്ടികലർത്തി വർ​ഗീയവത്കരിക്കാനാണ് അധികൃതർ ശ്രമിച്ചതെന്ന് പേര് വെളിപ്പെടുത്താതെ വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.. തൽസമയം കേരളത്തിലായിരുന്ന വിദ്യാർത്ഥിക്കെതിരെയും FIR ഫയൽ ചെയ്തത് സമരം അടിച്ചമർത്താനുള്ള ബോധപൂർവമായ നീക്കമായാണ് കാണാൻ കഴിയുന്നത്. ആക്രമിക്കപ്പെട്ട വിദ്യാർത്ഥിക്കൊപ്പം നിലകൊണ്ട, പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് വനിതാ പ്രൊഫസർമാർക്കെതിരെയും പ്രോക്ടർ പരാതി കൊടുത്തത് വൈരാഗ്യബുദ്ധിയായി മാത്രമേ കാണാൻ കഴിയുള്ളുവെന്നും വിദ്യാർഥികൾ പറയുന്നു.

അഡ്മിനിസ്ട്രേഷനുമായുള്ള മീറ്റിംഗിന് ഉണ്ടായിരുന്നവർക്കെതിരെ എഫ് ഐ ആർ വരുന്നത് ഇപ്പോൾ സാധാരണമായി തുടങ്ങിയിട്ടുണ്ടെന്ന് എഫ്ഐആറിൽ പേരുള്ള മലയാളി വിദ്യാർഥി ദ ക്യുവിനോട് പറഞ്ഞു. എഫ് ഐ ആർ രജിസ്റ്റർ ചെയുന്ന സമയത്ത് തൻ കേരളത്തിലായിരുന്നുവെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കൈയ്യിലുണ്ടെന്നും വിദ്യാർഥികളെ ഭയപ്പെടുത്തി വരുതിക്കാക്കി പ്രശ്നത്തെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും വിദ്യാർഥി പറയുന്നു.

അതിജീവിത നേരിടേണ്ടി വന്ന വിക്‌ടിം ബ്ലെയിമിങ്ങും ,വാര്ഡന് ഉൾപ്പടെയുള്ളവർ ആക്രമണത്തെ പറ്റി പുറത്തു പറയേണ്ട എന്ന് പറഞ്ഞതും , ഇഫ്ലു അഡ്മിനിസ്‌ട്രേഷന്റെ രജിസ്ട്രാർ നാലായിരത്തോളം കുട്ടികൾക്ക് മുന്നിൽ വെച്ചും സർവൈവറിന്റെ ഐഡന്റിറ്റി എന്താണെന്ന് ചോദിച്ചതുമൊക്കെ മനസ്സിലാക്കി തരുന്നത് ഈ കേസ് മാനേജ് ചെയുന്ന എല്ലാ പ്രധാനപ്പെട്ട ആൾക്കാരും പ്രോബ്ളമാറ്റിക് ആണെന്നാണ് , ഈ കേസ് ഹാൻഡിൽ ചെയ്യാനുള്ള കോംപ്ടൻസ് അവർക്കില്ല .പ്രോക്ടർ പോലും ഇതിനെ ഒരു Small incident എന്നാണ് അഭിസംബോധന ചെയ്തത്

എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ട വിദ്യാർത്ഥി

വിഷയത്തെ പറ്റി വിദ്യാർത്ഥികളോട് ഔദ്യോഗികമായി അഭിസംബോധന ചെയ്ത് സംസാരിക്കാൻ പോലും വൈസ് ചാൻസലർ തയാറായില്ല എന്ന് മാത്രമല്ല വളരെ നിസാരവത്കരിച്ചാണ് പ്രോക്ടർ ഉൾപ്പടെയുള്ളവർ ഇതിനെതിരെ പ്രതികരിച്ചതെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർക്കുന്നു. പ്രതിഷേധ പ്രകടനങ്ങളുടെ തീവ്രത കുറയ്ക്കാനായി ഒക്‌ടോബർ 29 വരെ ക്ലാസ്സുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു . സംഭവത്തെ പറ്റി ഒന്നും സംസാരിച്ചില്ലെന്ന് മാത്രമല്ല അവധിദിവസങ്ങൾ ആഘോഷിച്ച് വരൂ എന്ന തരത്തിൽ പ്രോക്ടർ പ്രശ്നത്തെ നിസാരവത്കരിക്കുകകൂടിയായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. ക്ലാസ് നിർത്തിവെച്ചതിന് ശേഷം സമരം അവസാനിക്കുമെന്ന് വിചാരിച്ചുവെങ്കിലും അവധിക്ക് ശേഷം കാമ്പസ് തുറന്നപ്പോൾ വിദ്യാർഥികൾ സമരം തുടരുകയായിരുന്നു.

വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ

*ലൈംഗികാതിക്രമം നടത്തിയവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

*. പ്രോക്‌ടോറിയൽ ബോർഡിനെയും പ്രോക്ടറെയും നീക്കം ചെയ്യണം

* കാലാവധി കഴിഞ്ഞിട്ടും തുടരുന്ന വി സി യെ നീക്കം ചെയ്യണം .

* പ്രവർത്തന രഹിതമായ SPARSH (Sensitization, Prevention and Redressal of Sexual Harassement) കമ്മിറ്റി പുനഃസ്ഥാപിക്കണം .സ്വയംഭരണാധികാരമുള്ള, വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന സ്പർഷ് കമ്മിറ്റി ഉടനടി നടപ്പിലാക്കണം .

* 11 വിദ്യാർത്ഥികൾക്ക്മേൽ കെട്ടിചമച്ച FIR ഉടൻ പിൻവലിക്കണം .

* ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനവും, രാഷ്ട്രീയം തുറന്നുപറയുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കുകയും ചെയ്യുന്ന നിയമവിരുദ്ധമായ ANNEXURE 5 റദ്ദാക്കണം .

പ്രശ്നത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കാതെ, പ്രതികളെ കണ്ടെത്താനും കുട്ടികൾക്ക് എതിരെയുള്ള FIR പിൻവലിക്കാനും ശ്രമിക്കണമെന്നാവശ്യപ്പെട്ട് ഇഫ്ലു അദ്ധ്യാപിക കൂട്ടായ്മ രം​ഗത്തെത്തിയിട്ടുണ്ട്. സാഹചര്യത്തിന് വർഗീയ നിറം നൽകി വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഇരകളാക്കി ആക്രമണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ സർവ്വകലാശാലയെയും അതിന്റെ പൊതു പ്രതിച്ഛായയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും, പ്രശ്നപരിഹാരം നടത്തി എത്രയും പെട്ടെന്ന് പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു .

ഒക്ടോബർ 19 ന് ആരംഭിച്ച സമരം വിദ്യാർത്ഥികൾ ഇപ്പോഴും തുടരുകയാണ് , കുറ്റവാളികളെ കണ്ടെത്താൻ ഉള്ള താമസവും പ്രോക്ടറൽ ബോർഡിൻറെ അനാസ്ഥയും എല്ലാം വിദ്യാർത്ഥികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട് . കുറ്റവാളികളെ കണ്ടെത്തുന്നിടം വരെയും ആവശ്യങ്ങൾ നേടിയെടുക്കും വരെയും സമരം തുടരുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in