കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി- കെ.ടി ജലീല്‍ രഹസ്യ കൂടിക്കാഴ്ച;അഴിമതി ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥന

കുറ്റിപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി- കെ.ടി ജലീല്‍ രഹസ്യ കൂടിക്കാഴ്ച;അഴിമതി ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥന

അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച കെ.ടി ജലീലുമായി പി.കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി. കള്ളപ്പണ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങള്‍. തന്നെയും കുടുംബത്തെയും ഉപദ്രവിക്കരുതെന്നും കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു. കുറ്റിപ്പുറത്തെ വ്യവസായിയുടെ വീട്ടിലെത്തിയായിരുന്നു കെ.ടി ജലീലുമായുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ത്ഥന കേട്ട് നിന്ന കെ.ടി ജലീല്‍ മറുപടി നല്‍കിയില്ല. കുറ്റിപ്പുറത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് വെച്ചും ഇരുവരും ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

എ. ആര്‍. നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി 300 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇടപാടുകാരറിയാതെ കോടികളുടെ നിക്ഷേപം ബാങ്കില്‍ വന്നതിന്റെ രേഖകളും പുറത്തുവിട്ടിരുന്നു. കള്ളപ്പണ ഇടപാട് ഇ.ഡി അന്വേഷിക്കണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും പിന്തുണച്ചില്ല.

ആരോപണങ്ങളുമായി കെ.ടി ജലീല്‍ മുന്നോട്ട് പോകുന്നത് രാഷ്ട്രീയ പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് പി.കെ കുഞ്ഞാലിക്കുട്ടി. അനുനയിപ്പിക്കാന്‍ നേരത്തെയും ശ്രമിച്ചിരുന്നുവെങ്കിലും കെ.ടി ജലീല്‍ വഴങ്ങിയിരുന്നില്ല. ഇരുവരുടെയും സുഹൃത്തുക്കളായ വ്യവസായികളുടെ ശ്രമത്തിനൊടുവിലാണ് കെ.ടി ജലീല്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ സമ്മതിച്ചത്.

സ്വന്തം കാറിലായിരുന്നില്ല പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായിയുടെ വീട്ടിലെത്തിയത്. കെ.ടി ജലീല്‍ നേരത്തെ തന്നെ വീട്ടിലെത്തിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. മുസ്ലിം ലീഗില്‍ നിന്നും കെ.ടി ജലീലിനെ പുറത്താക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തമാക്കി. വ്യക്തി വിരോധവുമില്ല. ആരോപണങ്ങളുമായി ജലീല്‍ മുന്നോട്ട് പോകുന്നത് പ്രതിസന്ധിയിലാക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി തുറന്ന് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in