സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക പീഡന പരാതി, നീതി തേടി വിദ്യാര്‍ത്ഥികളുടെ സമരം

സ്‌കൂള്‍ ഓഫ് ഡ്രാമ അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനിയുടെ ലൈംഗിക പീഡന പരാതി, നീതി തേടി വിദ്യാര്‍ത്ഥികളുടെ സമരം

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗിക പീഢനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നീതി തേടി സഹപാഠികള്‍ സമരത്തില്‍. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഫാക്കല്‍ട്ടി അധ്യാപകന്‍ ഡോ.എസ് സുനില്‍കുമാറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതി. അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടക്കത്തില്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. ഡോ സുനില്‍ കുമാറിനെതിരെ കേസെടുക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് പരാതിക്കാരിയുടെ അഭിഭാഷക അഡ്വക്കേറ്റ് ആശ ഉണ്ണിത്താന്‍ ദ ക്യു'വിനോട് പറഞ്ഞു. ഇന്നലെ വരെ പരാതി കൊടുത്തിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല, കേസ് നില്‍ക്കാന്‍ പോകുന്നില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്. എല്ലാവരും ഇടപെട്ട് കാര്യങ്ങള്‍ കൈവിട്ടു എന്ന് മനസിലായപ്പോഴാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.

ക്രൂരമായ ലൈംഗിക അതിക്രമം, മാനസിക പീഢനം

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വീട്ടില്‍ പോകാന്‍ സാധിക്കാതിരുന്നപ്പോള്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ ആയ ഡോ.സുനില്‍കുമാറിന്റെയും പങ്കാളിയുടെയും വീട്ടില്‍ വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നു. ജനുവരി 21ന് പങ്കാളി വീട്ടില്‍ ഇല്ലാത്ത സമയത്ത് ഡോ.സുനില്‍കുമാര്‍ ബലംപ്രയോഗിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പരാതിക്കാരി. പേടി മൂലം ഇക്കാര്യം സുഹൃത്തുക്കളോട് പറയാന്‍ സാധിച്ചില്ല. നേരത്തെയും സുനില്‍കുമാര്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നു.

നിലവില്‍ ഡോ.സുനില്‍കുമാറിനെതിരെ രണ്ട് കേസുകളാണുള്ളത്. രാജാവാര്യര്‍ എന്ന ഗസ്റ്റ് ലക്ചറര്‍ മോശമായി പെണ്‍കുട്ടിയോട് പെരുമാറിയതില്‍ ഒരു പരാതിയുണ്ടായിരുന്നു. ആ കേസില്‍ രണ്ടാം പ്രതി സുനിലായിരുന്നു. അത് കഴിഞ്ഞ് സുനിലിനെതിരെയുള്ള പരാതി പ്രത്യേകം കൊടുക്കാന്‍ ചെന്നപ്പോള്‍ മറ്റേ കേസില്‍ സുനിലിനെ പ്രതിയാക്കിയിട്ടുണ്ട് അത് മതിയെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ അത് പറ്റില്ലെന്ന് പെണ്‍കുട്ടി സ്ട്രോങ്ങായിട്ട് പറഞ്ഞു. തുടര്‍ന്നാണ് പരാതി സ്വീകരിച്ചത്. എന്നാല്‍ ലൈംഗിക പീഡന കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആര്‍ ഇടാതെ രസീത് കൊടുത്ത് വിടുക മാത്രമാണ് പൊലീസ് ചെയ്തത്.

അഡ്വ ആശ ഉണ്ണിത്താന്‍

<div class="paragraphs"><p>ഡോ.എസ് സുനില്‍കുമാര്‍</p></div>

ഡോ.എസ് സുനില്‍കുമാര്‍

ലൈംഗിക പീഡനത്തിന് പിന്നാലെ ഡോ.സുനില്‍കുമാര്‍ എന്ന അധ്യാപകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ഫെബ്രുവരി 13ന് അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നടന്ന കാര്യങ്ങളെല്ലാം പുറത്ത് പറയരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അധ്യാപകന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഇത്രയും കാലം നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പുറത്ത് പറയാതിരുന്നതെന്നും അതിജീവിത പരാതിയില്‍ പറയുന്നു. ഒരു മുന്നറിയിപ്പും കൂടാതെ വിദ്യാര്‍ഥിനിയെ മറ്റ് അധ്യാപകരടങ്ങുന്ന സംഘം മീറ്റിങ്ങിന് വിളിച്ചിരുന്നു. അവിടെവച്ച് നേരിടേണ്ടിവന്ന മോശം അനുഭവത്തെത്തുടര്‍ന്നാണ് തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിദ്യാര്‍ഥിനി തുറന്നുപറയാന്‍ തയാറായത്

മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിലായ ഘട്ടത്തില്‍ സുനില്‍ കുമാര്‍ സന്ദര്‍ശിച്ചത് അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും സഹപാഠികള്‍. മാനസിക സ്ഥിരതയില്ലാതെ വിദ്യാര്‍ത്ഥിനി ആരോപണം ഉന്നയിച്ചെന്നാണ് സുനില്‍കുമാര്‍ സഹപാഠികളോട് പറഞ്ഞത്.

വനിതാ മജിസ്ട്രേറ്റുമാരുടെ അഭാവത്തില്‍ പുരുഷ ഉദ്യോഗസ്ഥരുടെ മുന്നില്‍ മൊഴി കൊടുക്കാനും പെണ്‍കുട്ടിയെ പൊലീസ് നിര്‍ബന്ധിച്ചുവെന്നും അഭിഭാഷക പറയുന്നു. പുരുഷന്മാര്‍ക്ക് മുന്നില്‍ പെണ്‍കുട്ടി കംഫര്‍ട്ടബിള്‍ അല്ലെന്ന് അറിയിച്ചിരുന്നു. രണ്ട് വനിതാ മജിസ്ട്രേറ്റുമാര്‍ ലീവിലാണ്, തുടര്‍ന്നാണ് 164 പ്രകാരമുള്ള മൊഴി പുരുഷന്മാരായ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതെന്നും ആശ ദ ക്യൂവിനോട് പറഞ്ഞു. ഇനി രണ്ട് ദിവസത്തിന് ശേഷം വനിതാ മജിസ്ട്രേറ്റിന് മുന്നിലായിരിക്കും മൊഴി രേഖപ്പെടുത്തുക. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ജാമ്യാപേക്ഷ അടക്കം മുന്നോട്ട് കൊണ്ട് പോകാന്‍ പൊലീസ് സമയം കൊടുക്കുകയാണെന്നാണ് ആരോപണം. ഡോ സുനിലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ സമരം ആരംഭിച്ചുകഴിഞ്ഞു.

കുറ്റാരോപിതനായ അധ്യാപകന്‍ ഡോ.സുനില്‍കുമാര്‍ നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയിരുന്നതായും ലൈംഗികചുവയോടെ സംസാരിച്ചിരുന്നതായും സ്‌കൂള്‍ ഓഫ് ഡ്രാമ അധികൃതര്‍ അദ്ദേഹത്തെ പിന്തുണക്കുകയാണെന്നും സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. ലൈംഗിക അതിക്രമം നടത്തിയ ഡോ.സുനില്‍കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സഹപാഠികള്‍ നടത്തുന്ന സമരം മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. ഈ വിഷയത്തില്‍ ഇനിയും നടപടി സ്വീകരിക്കാത്ത പക്ഷം തുറന്ന സമരത്തിലേക്ക് നീങ്ങാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കുറ്റാരോപിതനായ അധ്യാപകനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍.

ലിംഗവിവേചനം, മോറല്‍ പൊലീസിംഗ്

ബാലചന്ദ്രന്‍ എം.എല്‍.എയെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിനെയും നേരിട്ട് കണ്ട് പരാതികള്‍ ബോധിപ്പിച്ചിട്ടുണ്ട്. പൊലീസില്‍ രണ്ടാമതും പരാതി കൊടുക്കാന്‍ പോയപ്പോള്‍ വളരെ മോശം പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ ഇക്കാര്യത്തില്‍ അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥി വൈശാഖ്.

അതിഭീകരമായ മോറല്‍ പോലീസിങ് നടക്കുന്ന ഒരു സ്ഥലമാണ് ഇപ്പോള്‍ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ. ദുരനുഭവം നേരിടേണ്ടി വന്ന പെണ്‍കുട്ടിക്കൊപ്പം നില്‍ക്കാതെ മാനേജ്‌മെന്റ് അധ്യാപകനൊപ്പം നില്‍ക്കുന്ന സാഹചര്യവും നിലവിലുണ്ട്. അതുകൊണ്ടുതന്നെ, ഇനി ക്യാമ്പസിലെ ഓരോ ക്ലാസിലും പോയി പ്രകടനം നടത്തി ഈ അധ്യാപകനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരാനാണ് തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in