കേരളത്തില്‍ ആര്‍എസ്എസിന് ദീര്‍ഘകാല പദ്ധതിയുണ്ട്; സഹകരണത്തിലൂടെ വലയെറിയുന്ന സംഘപരിവാര്‍

കേരളത്തില്‍ ആര്‍എസ്എസിന് ദീര്‍ഘകാല പദ്ധതിയുണ്ട്; സഹകരണത്തിലൂടെ വലയെറിയുന്ന സംഘപരിവാര്‍

വനിതാ സഹകരണസംഘങ്ങളിലൂടെയും സഹകരണ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലൂടെയും കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്വാധീനശക്തിയുറപ്പിക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. ആര്‍.എസ്.എസിന്റെ പരിവാര്‍ സംഘടനയായ സഹകാര്‍ ഭാരതിയാണ് സംരംഭക ഗ്രൂപ്പുകളും കുടുംബശ്രീ മോഡലില്‍ വനിതാ സ്വയംസഹായ സംഘങ്ങളും രൂപീകരിച്ച് സഹകരണ മേഖലയിലൂടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതിക്ക് പിന്നില്‍. ആര്‍.എസ്.എസുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിപ്പെടുത്താതെയാണ് പലയിടങ്ങളിലും സഹകാര്‍ ഭാരതിയുടെ കീഴില്‍ അക്ഷയശ്രീയും, സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

ഭൂപരിഷ്‌കരണത്തിന് ശേഷം കേരളത്തില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയ സഹകരണ മേഖലയെ വരുതിയിലാക്കി കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് വിളനിലമൊരുക്കാനുള്ള വിശാലപദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

സംസ്ഥാനത്ത് സഹകരണ മേഖലകള്‍ സജീവമല്ലാത്ത ഗ്രാമങ്ങളും ഹിന്ദു കുടുംബങ്ങളും കേന്ദ്രീകരിച്ചരാണ് സഹകാര്‍ ഭാരതി പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതെന്ന് 'ദ ക്യു' അന്വേഷണത്തില്‍ കണ്ടെത്തി. തീരദേശ മേഖലകളിലും സഹകാര്‍ ഭാരതിയിലൂടെ ഹിന്ദുത്വ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

ഉത്തരേന്ത്യന്‍ മാതൃക കേരളത്തിലേക്ക്

നൂറ് രൂപ അംഗത്വഫീസില്‍ ആളുകളെ സംഘടിപ്പിക്കാനാണ് സഹകാര്‍ ഭാരതി ശ്രമിക്കുന്നത്. ഹിന്ദു കുടുംബങ്ങളുടെ ഏകോപനവും സംഘടനാ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നു. 2001ല്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സഹകാര്‍ ഭാരതി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വരവോട് കൂടി കേന്ദ്രഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ ഹിന്ദുത്വ വേരുകള്‍ സൃഷ്ടിക്കുകയാണ്. കുടുംബ ശ്രീ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയശ്രീ യൂണിറ്റുകളിലൂടെയാണ് സഹകാര്‍ ഭാരതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നത്.

പരിവാര്‍ സംഘടനയായ സഹകാര്‍ ഭാരതിയിലൂടെ കേരളത്തില്‍ സഹകരണ മേഖലയെ വിപുലീകരിക്കുക യാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് സഹകാര്‍ ഭാരതി പ്രസിഡന്റ് പി.സുധാകരന്‍ ദ ക്യുവിനോട് പറഞ്ഞു.

വന്‍ മൂലധനം സഹകാര്‍ ഭാരതിക്ക് കേരളത്തിലുണ്ട്. തിരുവനന്തപുരത്ത് സഹകാര്‍ ഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അനന്തപുരം കോപ്പറേറ്റീവ് സൊസൈറ്റിക്ക് 650 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പി.സുധാകരന്റെ വാദം. കേരളത്തില്‍ നിര്‍ജീവമായിരുന്ന സഹകാര്‍ ഭാരതി ചുരുങ്ങിയ കാലംകൊണ്ട് സംസ്ഥാനത്ത് എത്രത്തോളം വ്യാപിച്ചു എന്നതിന്റെ കൃത്യമായ സൂചനകളാണ് ഈ കണക്കുകള്‍ നല്‍കുന്നത്.

ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന കോപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കികൊണ്ടാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സഹകാര്‍ ഭാരതി കേരളത്തില്‍ അടിത്തറ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.

ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കഴിയുന്ന കോപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് രൂപം നല്‍കികൊണ്ടാണ് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സഹകാര്‍ ഭാരതി കേരളത്തില്‍ അടിത്തറ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. സഹകാര്‍ ഭാരതിയുടെ കീഴില്‍ സ്വാശ്രയ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്ഷയശ്രീ അതില്‍പ്പെട്ടതാണ്. അക്ഷയശ്രീയുടെ 7400 ഓളം യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പി. സുധാകരന്‍ പറയുന്നത്. അതില്‍ 90 ശതമാനവും സ്ത്രീകളുടെ യൂണിറ്റുകളാണ്.

ഒരു അക്ഷയശ്രീ യൂണിറ്റില്‍ പതിനഞ്ച് മുതല്‍ 20 പേരാണ് അംഗങ്ങളായിട്ടുള്ളത്. അവര്‍ ആഴ്ചയില്‍ ഒരു ദിവസം ഒരുമിച്ച് കൂടുകയും വരിസംഖ്യ അടക്കുകയും ചെയ്യും. ഈ പൈസ അവര്‍ക്ക് വായ്പയായി കൊടുക്കുകയും അതിന്റെ ലാഭവിഹിതം വീതിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.

അച്ചാര്‍ നിര്‍മ്മാണം, ബേക്കറി നിര്‍മ്മാണം, ജൈവ പച്ചക്കറി നിര്‍മ്മാണം തുടങ്ങിയ പ്രോജക്ടുകളും ഇവര്‍ ഏറ്റെടുത്ത് ചെയ്ത് സഹകാര്‍ ഭാരതിക്ക് കീഴില്‍ അംഗങ്ങളെ അണിനിരത്തുന്നു. സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഹിന്ദുത്വരാഷ്ട്രീയ പ്രചരണങ്ങള്‍കൂടി ഇവിടെ നടക്കുന്നുണ്ടെന്നാണ് ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു യൂണിറ്റില്‍ ഒരംഗത്തിന് അമ്പതിനായിരം രൂപ വായ്പയായി ലഭിക്കുമെന്നത് അക്ഷയശ്രീ അംഗത്വമെടുക്കാന്‍ ആളുകള്‍ക്ക് പ്രേരണയാകുന്നു. ഇരുപത് പേരുള്ള ഒരു യൂണിറ്റില്‍ പത്ത് ലക്ഷം രൂപ ധനലക്ഷ്മി ബാങ്ക് വായ്പയായി നല്‍കുമെന്നാണ് അക്ഷയശ്രീ മുന്‍ പ്രസിഡന്റ് മുരളീധരന്‍ പറയുന്നത്.

അക്ഷയശ്രീ, ബാംകോ, സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ തുടങ്ങിയവയിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ് തങ്ങളെന്ന് സഹകാര്‍ ഭാരതിയുടെ നേതൃസ്ഥാനത്തുള്ളവര്‍ പറയുന്നു. അക്ഷയശ്രീ പോലുള്ള സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളിലൂടെ സ്ത്രീ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സഹകാര്‍ ഭാരതി ഉന്നമിടുന്നത്. കേരളത്തില്‍ സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് രാഷ്ട്രീയ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി ദശാബ്ദങ്ങളായി ശ്രമിക്കുന്നുണ്ടെന്ന് പബ്ലിക് പോളിസി റിസേര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ഡി ധനുരാജ് ദ ക്യുവിനോട് പറഞ്ഞു. കുടുംബ പ്രാര്‍ത്ഥന, ശ്രീകൃഷ്ണ ജയന്തി ആഘോഷം തുടങ്ങിയ പരിപാടികളിലൂടെയാണ് അവര്‍ അത് നടപ്പിലാക്കുന്നത്. തീരദേശ മേഖലകളിലും ഇത്തരത്തിലാണ് സ്വാധീനമുറപ്പിക്കുന്നതെന്നും ഡി ധനുരാജ്.

കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ സാബു എം.ജേക്കബ് ട്വന്റി ട്വന്റി കാര്‍ഡുകള്‍ വിതരണം ചെയ്തത് സ്ത്രീകളുടെ പേരിലായിരുന്നു. ട്വന്റിയോട് ഉപമിക്കാന്‍ കഴിയാത്തവിധത്തിലുള്ള വന്‍കിട രാഷ്ട്രീയ പദ്ധതികളാണ് വലിയ മൂലധനം ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ സംഘപരിവാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തന്നെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നുണ്ട്.

നേരത്തെ 2020 മേയ്, 7,8,9 തീയതികളിലായി കേരളത്തില്‍ നാഷണല്‍ കോപ്പറേറ്റീവ് മീറ്റ് സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം ഇത് മാറ്റിവെക്കുകയായിരുന്നു. ഇതിനോടകം സഹകാര്‍ ഭാരതിയുടെ കീഴില്‍ തന്നെ മഹിളാ സെല്‍ രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ പതിനാല് ജില്ലകളിലും മഹിളാ സെല്ലിന് ജില്ലാ കമ്മിറ്റിയും താലൂക്ക് കമ്മിറ്റിയുമുണ്ട്. പഞ്ചായത്തുകളില്‍ കമ്മിറ്റി രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന നേതൃത്വം തന്നെ വ്യക്തമാക്കുന്നുണ്ട്. എല്ലാ പഞ്ചായത്തിലും ഒരു വനിതാ സഹകരണ സംഘങ്ങള്‍ തുടങ്ങുക, അതിലൂടെ ഒരു ഡെപ്പോസിറ്റ് മൊബിലൈസേഷന്‍ നടത്തുക എന്നതാണ് ലക്ഷ്യമെന്നും പി.സുധാകരന്‍.

കാര്‍ഷിക സംരംഭങ്ങളുമായി ബാംകോ

സെന്‍ട്രല്‍ രജിസ്റ്റാറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ബാംകോ. ബാംകോയിലൂടെ കേരളത്തിലെ കര്‍ഷകരെ സംഘടിപ്പിക്കാനും സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് ആര്‍.എസ്.എസ് പദ്ധതി. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാംകോ 2003ലാണ് രൂപീകൃതമാകുന്നത്. 2005 ഓട് കൂടി ബാംകോയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയെങ്കിലും 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സഹകാര്‍ ഭാരതിയുടെ എറണാകുളം ജില്ലാ ടീം അത് ഏറ്റെടുത്ത് പുതുക്കിയെടുത്തു.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി നടത്താനുള്ള അവകാശം ബാംകോയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ സഹകാര്‍ ഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാംകോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിച്ചുവെന്നും സഹകാര്‍ ഭാരതിയുടെ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ്.ബി ജയരാജ് പറഞ്ഞു. ദീര്‍ഘകാലടിസ്ഥാനത്തിലാണ് സംഘപരിവാര്‍ തങ്ങളുടെ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നത് എന്ന വാദങ്ങള്‍ ശരിവെക്കുന്നതാണ് എസ്.ബി ജയരാജിന്റെ വാക്കുകള്‍.

''കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയുടെ കീഴില്‍ വരുന്ന നാഫെഡ് എന്ന കേന്ദ്ര ഏജന്‍സിയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിക്കാന്‍ അനുവാദം തന്നിരിക്കുന്നത്. നാഫെഡ് ബാംകോയെ സി.ബി.ബി.ഒയായി ( ക്ലസ്റ്റര്‍ ബേസ്ഡ് ബിസിനസ് ഓര്‍ഗനൈസേഷന്‍) അംഗീകരിച്ചിരിക്കുകയാണ്. ബാംകോയുടെ കീഴില്‍ നിലവില്‍ 25 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപീകരിക്കാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. ഇതിന് വേണ്ട ചെലവുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നാഫെഡാണ് വഹിക്കുന്നത്. ഒരു ബ്ലോക്കില്‍ ഒരു ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി രൂപീകരിച്ച് ഒരോ മേഖല തിരിച്ചുള്ള കര്‍ഷകരുടെ ഉത്പന്നങ്ങള്‍ കണ്ടെത്തി അവ സംഭരിച്ച് അതിനെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കി കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉണ്ടാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം'' ജയരാജ് പറഞ്ഞു.

കേരളത്തില്‍ 100 ഓളം ബ്ലോക്കുകളില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യുസേഴ്‌സ് കമ്പനി രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടന്നു കൊണ്ടിരിക്കുകയാണ്. ഏഴോളം കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മൂവാറ്റുപുഴ കേന്ദ്രീകരിച്ച് റാക്കാഡ്, മലനാട് തുടങ്ങി വിവിധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയില്‍ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബാംകോ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

സഹകരണ മേഖലയുടെ ഫെഡല്‍ സ്വഭാവം തകര്‍ക്കുക ലക്ഷ്യം

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്ന സഹകരണ മേഖലയിലേക്ക് കടന്നുകയറി ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ കിസാന്‍സഭയുടെ ട്രഷറര്‍ പി.കൃഷ്ണപ്രസാദ് ദ ക്യുവിനോട് പറഞ്ഞു. കര്‍ഷകരുടെ താത്പര്യങ്ങളല്ല കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നതെന്ന് പി.കൃഷ്ണ പ്രസാദ്.

1978 ല്‍ വാകില്‍ സാഹേബ് എന്നറിയപ്പെട്ടിരുന്ന ലക്ഷ്മണറാവോ ഇനാംദാറാണ് സഹകാര്‍ ഭാരതി സ്ഥാപിക്കുന്നത്. നരേന്ദ്ര മോദിയുടെ പൊളിറ്റിക്കല്‍ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഇനാംദാര്‍.

ബാംകോ പോലുള്ള സൊസൈറ്റിക്ക് കേന്ദ്ര സര്‍ക്കാരിന് പൈസ കൊടുക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഫണ്ടിങ്ങ് പോലുള്ള കാര്യങ്ങളൊക്കെ അവിടെ നിന്ന് റൂട്ട് ചെയ്യാന്‍ വേണ്ടിയാണ് സഹകരണ മന്ത്രാലയം ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ വരുന്നതാണ് ഇന്‍ഡസ്ട്രിയും കോര്‍പ്പറേറ്റുമൊക്കെ.

ഫെഡറല്‍ ക്യാരക്ടറിനെ ഇല്ലാതാക്കികൊണ്ട് ഏത് സംസ്ഥാനത്ത് പോയും ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അധികാരം കൊടുക്കുന്ന രീതിയിലാണ് നിയമ നിര്‍മ്മാണങ്ങളെല്ലാം നടപ്പിലാക്കിയിരിക്കുന്നത്. അതിനാവശ്യമായ സംഘടനകള്‍ കൂടി ഉണ്ടാക്കിയെടുക്കുകയാണ് ബി.ജെ.പി. അവിടെ ഒരിക്കലും കര്‍ഷകരുടെ താത്പര്യങ്ങളല്ല സംരക്ഷിക്കപ്പെടുന്നത്. മറിച്ച് കോര്‍പ്പറേറ്റുകളുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്.

അവിടെയാണ് താങ്ങുവില നിയമത്തില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ പറയുന്നത്. കാര്‍ഷിക മേഖലയുടെ വികാസത്തിന് മൂലധനമാണ് ആവശ്യം.

മൂലധനം കൊടുക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകളുടെയും ബാങ്കുകളുടെയും പിന്തുണയോടെയായിരിക്കും. സാധാരണ കര്‍ഷകന് അത് ലഭിക്കില്ല. ഇടനിലക്കാര്‍ (ഇന്റര്‍മീഡിയറീസ്) ഒഴിവാകുമ്പോള്‍, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ലഭിക്കും. അപ്പോള്‍ കര്‍ഷകര്‍ ഇത് നല്ലതാണെന്ന് കരുതും. പക്ഷേ ആ ഗുണം സ്ഥിരമായി നില്‍ക്കില്ല.

എന്നാല്‍ ആത്യന്തികമായി ഇത് രണ്ട് ക്ലാസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിട്ടാണ് വരികയെന്ന് പി.കൃഷ്ണപ്രസാദ് ദ ക്യുവിനോട് പറഞ്ഞു. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സിസ്റ്റം വര്‍ക്ക് ചെയ്യുന്നതെങ്കില്‍ കര്‍ഷകര്‍ അത് അനുകൂലിക്കില്ല. മറിച്ച് ആര്‍.എസ്.എസ് ഇത് കൊണ്ടുവരുന്നത് തന്നെ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നത് വ്യക്തമാണ്.

കോര്‍പ്പറേറ്റുകളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി നില്‍ക്കുന്ന ഒന്ന് ഒരിക്കലും കര്‍ഷകരുടെ താത്പര്യത്തിന് വേണ്ടി നില്‍ക്കില്ല. തുടക്കത്തില്‍ ഇതെല്ലാം കര്‍ഷകര്‍ക്ക് അനൂകൂലമായിട്ടാണ് എന്ന പ്രചരണങ്ങളുണ്ടാകും. കര്‍ഷകര്‍ക്ക് ചില നേട്ടങ്ങള്‍ ഉണ്ടായി എന്ന് വരും. ആ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കുറേ പേര്‍ അവരോടൊപ്പം നില്‍ക്കുമായിരിക്കും. മറുഭാഗത്ത് കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ സാധിക്കണമെങ്കില്‍ മിഡില്‍മാനെ ഒഴിവാക്കി കൊണ്ട് തന്നെ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഇന്‍ഡസ്ട്രിയല്‍ പ്രൊസസിംഗ് നടക്കണം. ഉത്പാദന ശേഖരണം നടക്കണം, ട്രേഡ് നടക്കണം. അതിലൂടെ ലഭിക്കുന്ന വരുമാനം അത് കര്‍ഷകര്‍ക്ക് കൈമാറി കൊടുക്കാന്‍ കഴിയുന്ന നിയമനിര്‍മ്മാണമാണ് നടക്കേണ്ടത്.

ഹലാല്‍ വിവാദവും സംഘപരിവാര്‍ പദ്ധതികളും

സഹകാര്‍ ഭാരതിയുടെ അഞ്ചാം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഒക്ടോബര്‍ 30, 31 തീയതികളിലാണ് നടന്നത്. ശുദ്ധി, വൃദ്ധി, സമൃദ്ധി എന്നീ മുദ്രാവാക്യമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവന്‍ ജോഷി മുന്നോട്ട് വെച്ചത്. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ നേതൃത്വം നല്‍കിയ വ്യാജപ്രചരണം വിദ്വേഷ കാമ്പയിനായി രൂപാന്തരം പ്രാപിച്ച ഘട്ടത്തിലാണ് ഇത്തരമൊരു മുദ്രാവാക്യവുമായി പരിവാര്‍ സംഘടനയുടെ സമ്മേളനം.

കേരളത്തില്‍ ഒരു ഹിന്ദുത്വ വ്യവസായ അജണ്ട നടപ്പിലാക്കാനുള്ള പദ്ധതികള്‍ സംഘപരിവാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്. ഹലാല്‍ ഭക്ഷണത്തെ വ്യാജ പ്രചരണങ്ങളിലൂടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആക്രമിച്ചത്. കേരളത്തിലെ വ്യാപാരികള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിച്ച് ഉത്തരേന്ത്യയില്‍ നടപ്പാക്കിയ മോഡല്‍ മുസ്ലിം വിരുദ്ധ അജണ്ട വോട്ടാക്കി മാറ്റുകയാണ് ഹിന്ദുത്വ ഗ്രൂപ്പുകളുടെ ലക്ഷ്യമെന്ന് കരുതേണ്ടിവരും.

ഹിന്ദു സ്വയംസഹായ ഗ്രൂപ്പുകളില്‍ നിന്ന് ഹിന്ദു ബാങ്കിലേക്ക്

അടുത്ത അഞ്ച് വര്‍ഷത്തില്‍ 1500 സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളത്തില്‍ തുടങ്ങാനാണ് ആര്‍.എസ്.എസ് പദ്ധതിയിടുന്നതെന്ന് ദ സിഗ്‌നല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരത്തില്‍ നടക്കുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാകാന്‍ സമൃദ്ധിക്ക് കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രോസറി സ്റ്റോര്‍ ശൃംഖലയായ റിലയന്‍സിന് 2020ലെ കണക്കനുസരിച്ച് 797 സൂപ്പര്‍മാര്‍ക്കറ്റുകളാണ് കേരളത്തിലുള്ളത്. ബിഗ് ബസാറിന് 1388 സ്ഥാപനങ്ങളാണ് 2020 ലെ കണക്ക് പ്രകാരം കേരളത്തില്‍ ഉള്ളത്.

ബാംകോയ്ക്ക് വിവിധ ഇടങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനുള്ള ഉദ്ദേശമുണ്ടെന്ന് സഹകാര്‍ ഭാരതിയുടെ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ്.ബി ജയരാജ് പറയുന്നു. ബാംകോ വഴിയും അക്ഷയശ്രീ വഴിയും ഉത്പന്നങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിക്കും. നിലവില്‍ 38 സമൃദ്ധി സ്റ്റോറുകള്‍ സഹകാര്‍ ഭാരതിയുടെ നേതൃത്വത്തില്‍ കേരളത്തിലുള്ളത്. സമൃദ്ധി സ്റ്റോറുകള്‍ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പുകളും നടന്നു കൊണ്ടിരിക്കുന്നു.

ഏത് മേഖലയില്‍ ആര്‍.എസ്.എസ് സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങുന്നു എന്നുള്ളതും അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസി റിസേര്‍ച്ച് ചെയര്‍മാന്‍ ഡി. ധനുരാജ്. സഹകരണ മേഖല നിയമം അനുസരിച്ച് ഏത് രംഗത്തും പ്രവര്‍ത്തിക്കാം. സഹകാര്‍ ഭാരതിക്ക് കേരളത്തില്‍ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളുണ്ട്. ഇന്നത്തെകാലത്ത് ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോകുന്നത് ആരു നടത്തുന്നു എന്നൊന്നും നോക്കിയിട്ടില്ല. എവിടെയാണ് നല്ല സാധനങ്ങള്‍ അഫോര്‍ഡബിള്‍ ആയിട്ട് കിട്ടുന്നത് അവിടെപോയാണ് ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നത്. അതുകൊണ്ടാണല്ലോ സാബു എം ജേക്കബ് ട്വന്റി 20 തുടങ്ങിയപ്പോള്‍ വിജയിച്ചത്. എന്ത് മേഖലയില്‍ ആര്‍.എസ്.എസ് സഹകരണ സംഘം തുടങ്ങുന്നു എന്നുള്ളതും അതുവഴി എത്രത്തോളം ആള്‍ക്കാരുമായി നേരിട്ട് ബന്ധം ഉണ്ടാക്കുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് എന്നു പറയുമ്പോള്‍ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ആളുകളെ കൊണ്ടുവരാന്‍ സാധിക്കും. ഡി. ധനുരാജ് പറയുന്നു.

എന്തുകൊണ്ട് സഹകരണ മേഖല

സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലയിലും വ്യാപിച്ചിട്ടുള്ള ഒരു സാമൂഹിക സാമ്പത്തിക ശക്തിയാണ് സഹകരണ മേഖല. സഹകരണ മേഖല കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രകടമായി തന്നെ ഗുണം ചെയ്തിട്ടുണ്ട് എന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ ഏറ്റവും ആകര്‍ഷകമായതും സാധ്യതയുള്ളതുമായ സഹകരണ പ്രസ്ഥാനങ്ങളിലൊന്ന് എന്ന് പ്ലാനിങ്ങ് ബോര്‍ഡ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വായ്പാ സഹകരണ സംഘങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും സഹകാര്‍ ഭാരതി വിപുലപ്പെടുത്തുന്നുണ്ട്.

കേരളത്തില്‍ വായ്പാ സഹകരണ സംഘങ്ങള്‍, ഉപഭോക്തൃ സംഘങ്ങള്‍, സഹകരണ മേഖലയിലെ നിക്ഷേപ സമാഹരണ പരിപാടി എന്നിവയ്ക്ക് വലിയ രാഷ്ട്രീയ സ്വാധീനവും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിരുന്നു.

ഈ മാതൃക അതേപടി അനുകരിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കേരളസര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം 1998ല്‍ ആരംഭിച്ച നീതി സ്റ്റോറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ ലഭിച്ചത്.

നീതി സ്റ്റോറുകള്‍ വഴി ആയിരത്തില്‍പ്പരം പ്രാഥമിക കാര്‍ഷിക സഹകരണ സൊസൈറ്റികള്‍ വഴി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് കൊടുക്കുന്നുണ്ട്.ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും.

2019ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 184 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളാണ് പ്രവൃത്തിക്കുന്നത്. നിലവില്‍ നീതി, ത്രിവേണി മാതൃകയില്‍ തന്നെയാണ് സഹകാര്‍ ഭാരതിയുടെ സമൃദ്ധിയും കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ക്ക് വലിയ പ്രാധാന്യമാണ് സംഘപരിവാര്‍ നല്‍കുന്നത്.

സഹകരണ മേഖല പിടിച്ചെടുത്ത ഗുജറാത്ത് മോഡല്‍

ഗുജറാത്തില്‍ ബി.ജെ.പിയുടെ അപ്രമാദിത്വത്തിനുള്ള സുപ്രധാന കാരണം അമിത് ഷാ ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സഹകരണ മേഖലയില്‍ നടത്താന്‍ തുടങ്ങിയ അദൃശ്യമായ സംഘപരിവാര്‍വല്‍ക്കരണമായിരുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും പങ്കാളിത്തത്തിലും സഹകരണമേഖലക്കുള്ള പ്രാധാന്യം മനസിലാക്കി ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ പയറ്റുകയാണ് സംഘപരിവാര്‍.

സഹകരണ ബാങ്ക് വഴിയുള്ള വായ്പകളിലൂടെയും പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും 65 ശതമാനം കോണ്‍ഗ്രസ് വോട്ടര്‍മാരുണ്ടായിരുന്ന ബൂത്തുകളില്‍പോലും പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്ന് സൗരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറഞ്ഞിരുന്നതായി ദ ക്യുവില്‍ എഴുതിയ ലേഖനത്തില്‍ സുധാ മേനോന്‍ പറയുന്നുണ്ട്.

സമാനമായ രീതിയില്‍ വന്‍കിട ലോണുകളിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സഹകാര്‍ ഭാരതിയുടെ അക്ഷയശ്രീ പോലുള്ള പ്രോജക്ടുകളിലൂടെ സംഘപരിവാര്‍ ഒരുങ്ങുന്നത്. നിലവില്‍ ധനലക്ഷ്മി ബാങ്കുമായി ചേര്‍ന്ന് 200 കോടി രൂപയുടെ വായ്പയാണ് ലക്ഷ്യംവെക്കുന്നത് എന്നാണ് അക്ഷയശ്രീയുടെ മുന്‍ പ്രസിഡന്റ് പറയുന്നത്.

സഹകരണ മേഖലയ്ക്ക് പ്രത്യേകമായൊരു മന്ത്രാലയം വേണമെന്ന ആവശ്യം സഹകാര്‍ ഭാരതിയെന്ന ആര്‍.എസ്.എസ് പരിവാര സംഘടനയാണ് ആദ്യമായി ദേശീയ തലത്തില്‍ ഉയര്‍ത്തുന്നത്. ഒട്ടും വൈകാതെ കേന്ദ്രമന്ത്രി സഭ പുനഃസംഘടിപ്പിച്ചപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചു. ഇതിന് പിന്നാലെ സഹകാര്‍ ഭാരതിയുടെ സ്ഥാപക അംഗങ്ങളും ആര്‍.ബി.ഐ പാര്‍ട്ട് ടൈം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സതീഷ് കാശിനാഥ് മറാത്തെ, തങ്ങളാണ് ഇത്തരമൊരു ആവശ്യം ആദ്യമായി മുന്നോട്ട് വെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.

പുതിയ സഹകരണ മന്ത്രാലയം കൂടി വന്നതോടെ കേരളത്തില്‍ സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു കഴിഞ്ഞുവെന്നാണ് സംഘടനയുടെ കേരള ഘടകം പറയുന്നത്.

1978 ല്‍ വാകില്‍ സാഹേബ് എന്നറിയപ്പെട്ടിരുന്ന ലക്ഷ്മണറാവോ ഇനാംദാറാണ് സഹകാര്‍ ഭാരതി സ്ഥാപിക്കുന്നത്. നരേന്ദ്ര മോദിയുടെ പൊളിറ്റിക്കല്‍ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് ഇനാംദാര്‍. ആര്‍.എസ്.എസിലേക്ക് ബാല്‍സ്വയംസേവകായി മോദിയെ ചേര്‍ക്കുന്നത് ഇനാംദാറാണ്. സഹകാര്‍ ഭാരതിയുടെ രക്ഷാധികാരിയായ ജ്യോതീന്ദ്ര ഭായ് മെഹ്ത്ത ഇപ്പോള്‍ ഗുജറാത്ത് അര്‍ബന്‍ കോപ്പറേറ്റീവ് ഫെഡറേഷന്റെ ചെയര്‍മാന്‍ കൂടിയാണ്.

ഗുജറാത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന് സഹകാര്‍ഭാരതി വഹിച്ച പങ്ക് ചെറുതല്ല. ഗുജറാത്തിലെ മൂന്നിലൊന്ന് ഭാഗം ജനങ്ങളും സഹകരണ മേഖലയുമായി ബന്ധമുള്ളവരാണ്.

ഗുജറാത്തില്‍ പട്ടേല്‍ സമരത്തിന്റെ സമയത്ത് കടുത്ത തോല്‍വിയെ ബി.ജെ.പി പിടിച്ചു നിര്‍ത്തിയത് ഗ്രാമീണ സഹകരണ സംഘങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാകര്‍തൃരാഷ്ട്രീയത്തിലൂടെയായിരുന്നുവെന്ന് സുധാ മേനോന്‍ പറയുന്നു. അതേ ഉത്തരേന്ത്യന്‍ മാതൃക സഹകരണ മേഖലയുമായി അടുത്ത ബന്ധമുള്ള, കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് സംഘപരിവാര്‍ പദ്ധതിയിടുന്നത്. അതിന് സംഘപരിവാര്‍ ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞും പറയാതെയുമാണ് ആളുകളെ സംഘടിപ്പിക്കുന്നത്.

ഹലാല്‍ വിരുദ്ധ പ്രചരണവും 'തുപ്പല്‍ ഭക്ഷണ'മെന്ന വ്യാജ നരേറ്റീവിലേക്ക് മുസ്ലിം വ്യാപാരസ്ഥാപനങ്ങളെ പട്ടിക ചേര്‍ക്കുന്നതുമെല്ലാം സംഘപരിവാറിന്റെ ധ്രുവീകരണ അജണ്ടയുടെ ഭാഗമായുള്ള ദീര്‍ഘകാല പദ്ധതിയായി വേണം കരുതാന്‍

Related Stories

No stories found.
logo
The Cue
www.thecue.in